Saturday, November 14, 2015

ഭീകരജീവിയായ പശുവും, കലാലയത്തിലെ ക്യാമറകഴുകനും!!.

സോഷ്യല്‍ മീഡിയകളെ നാം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ചും മലയാളികളായ നമ്മള്‍?.ആധുനിക  മനുഷ്യ ജീവിതത്തില്‍,പുരോഗതിയുടെ നിര്‍ണ്ണായക ഘടകമായി മാറുകയാണ് E ലോകം എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അത്രക്ക് സാമൂഹിക സാമ്പത്തിക വിപ്ലവത്തിനു നവമാധ്യമങ്ങള്‍ ചുക്കാന്‍ പിടിച്ചു കഴിഞ്ഞു.

 പരിശ്രമിക്കാനുള്ള മനസ്സും അല്‍പ്പം ക്ഷമയുമുണ്ടായാല്‍ ചെറുതായെങ്കിലും സാമ്പത്തിക വരുമാനംഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി ആര്‍ക്കും കഴിയും.  പലരും ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി കഴിഞ്ഞു.എന്നാല്‍ എല്ലാത്തിനും മുന്നില്‍ എന്ന് അവകാശപ്പെടുന്ന നാം കേരളീയര്‍ ഇത്തരം കാര്യങ്ങളില്‍ എത്രയോ പിറകിലാണ് എന്ന് ബിലാത്തിപട്ടണത്തില്‍ കൂടി മുരളീമുകുന്ദന്‍ അഭിപ്രായപ്പെടുന്നു. ബ്ലോഗുകളും സോഷ്യല്‍ മീഡികളും എങ്ങിനെ പണ സമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാമെന്നതാണ്  "സോഷ്യൽ മീഡിയാ = വിനോദം + വിവേകം + വിജ്ഞാനം + വരുമാനം"  എന്ന ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.


നിത്യജീവിതത്തില്‍ തത്വങ്ങള്‍ പറയാന്‍ എളുപ്പമാണ്, എന്നാല്‍പ്രാവര്‍ത്തികമാക്കി  കാണിച്ചു കൊടുക്കാന്‍ എത്രപേര്‍ക്ക് സാധിക്കുന്നു? ഗുരുശിഷ്യ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കാത്ത ഇന്നത്തെ ന്യൂജന്‍ ലോകത്ത്, സ്വന്തം വിശ്വാസങ്ങളെ മുറുകെപിടിക്കുകയും അന്യമതത്തെ ബഹുമാനിക്കുയും ആദരിക്കുകയും ചെയ്തുകൊണ്ട് വഴിതെറ്റിപോവുന്ന ശിഷ്യനെ സന്മാര്‍ഗ്ഗ പാതയിലേക്ക് കൊണ്ട് വന്ന അനുഭവം പങ്കുവെക്കുകയാണ്,"വഴിത്താരകളില്‍" ഹാബി സുധന്‍ എഴുതിയ പ്രബോധനം. എന്ന ലഘുകുറിപ്പിലൂടെ.
ഒരു പുഴക്ക് ഇരുകരകളിലുമായി രണ്ടു ഗ്രാമങ്ങള്‍. കണ്ണെത്തുന്ന ദൂരമെങ്കിലും ഇരു ഗ്രാമങ്ങളുടെയും സംസ്കാരങ്ങളും ഭാഷാ ശൈലിയുമെല്ലാം തികച്ചും വിഭിന്നം! ഇരു ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നത് കടത്ത് വഞ്ചി വഴിയാണ്.കാല്‍ നൂറ്റാണ്ടു മുമ്പുള്ള ഒരു നാടിന്റെ ഓര്‍മ്മകളിലൂടെയുള്ള നടത്തമാണ് ഉസ്മാന്‍ പള്ളിക്കരയുടെ  "കാരിച്ചാല്‍ കടവത്ത്. വികസനത്തിന്റെ മലവെള്ള പാച്ചിലില്‍ ഒലിച്ചു പോവുന്ന നാട്ടുനന്മയെ കുറിച്ചുള്ള ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു ഈ കുറിപ്പ്.


കാല്‍പ്പാടുകള്‍ ഒരു  പുതുമുഖ ബ്ലോഗല്ല, ബ്ലോഗിന്റെ പ്രതാപകാലം മുതല്‍ കഥകളും കവിതകളും അനുഭവകുറിപ്പുകളുമൊക്കെയായി  ശ്രീനി ബൂലോകത്തുണ്ട്. പല  പോസ്റ്റുകളും നിലവാരം പുലര്‍ത്തുന്നതുമാണ് എന്നാലും ഈ ബ്ലോഗിലേക്ക് വരുന്ന വായനക്കാര്‍ കുറവാണ് എന്ന് പോസ്റ്റിനു കിട്ടുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മതിയാവും.വരികളുടെ വായനക്കാര്‍ ഈ ബ്ലോഗു കൂടി ശ്രദ്ധിക്കുമല്ലോ!!.
  
വ്യത്യസ്തമായ ജീവിതം നയിച്ചു വരുന്ന രണ്ടു സ്ത്രീകളെ പരിചയപ്പെടുത്തുകയാണ് മിന്നാമിനുങ്ങില്‍, മുബാറക്ക് വാഴക്കാട്.പള്ളിത്താത്ത എന്ന ലേഖനത്തില്‍.ഒരു ജീവിതായുസ്സ് മുഴുവന്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മുസ്ലിം പള്ളിയുമായി ബന്ധം പുലര്‍ത്തുകയും,ജീവിതത്തിലെ പ്രതിസന്ധികളില്‍ പോലും ആ ബന്ധം കൈവിടാതിരിക്കുകയും ചെയ്ത  സൈനബയുടെയും ഖദീജയുടെയും അനുഭവങ്ങള്‍ കുറഞ്ഞ വരികളില്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം വേറിട്ട കാഴ്ച്ചകളെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ വായനക്കാര്‍ക്ക് താല്പര്യം കൂടും എന്നതിനാല്‍ കുറച്ചു കൂടി വിശദീകരിച്ച്  അവതരിപ്പിക്കുന്നതാവും ഉചിതം. 


സൂര്യ വിസ്മയത്തില്‍ വിസ്മയം തീര്‍ക്കുകയാണ് വിനോദ് കുട്ടത്ത്. മലമുകളിലെ നീര്‍ച്ചാലുകള്‍ എന്ന നീണ്ടകഥ അഞ്ചു ഭാഗങ്ങളിലായി തുടരുന്നു.ബ്ലോഗിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലായിരുന്നു ഈ കഥയെഴുതിയിരുന്നത് എങ്കില്‍ തീര്‍ച്ചയായും വിനോദ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വരുന്ന കഥകളോട് കിടപിടിക്കുന്ന ആഖ്യാനശൈലിയും പുതുമയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു ഈ അനുഭവ കഥ!.


പച്ചയായ ജീവിതങ്ങളെ ലളിതമായ ഭാഷയിലൂടെ കഥകളാക്കി വായനക്കാരുടെ മനംകവര്‍ന്ന എഴുത്തുകാരനാണ്‌ ആറങ്ങോട്ട്‌മുഹമ്മദ്.പ്രവാസ ജീവിതത്തിലെ കയ്പ്പും മധുരവുമായ അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ഇദ്ധേഹത്തിന്റെ ഓരോ കഥകളും .അറബിമലയാളം കഥകള്‍  യഥാര്‍ത്ഥ പ്രവാസത്തിന്റെ നേര്‍കാഴ്ച്ചക ളിലൂടെയുള്ള സഞ്ചാരമായതിനാല്‍ വായന ന്ഷ്ടമാവുകയില്ല. 

"അക്ഷരങ്ങളെ പൂജയ്ക്ക് വച്ചിരിക്കുകയാണ് എന്നാല്‍ ഈശ്വരന്‍റെ മുന്നില്‍ അവര്‍ രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു.തന്ത്രികള്‍ വരിഞ്ഞു മുറുക്കി ആഠ്യത്തത്തോടെ മുന്നിലിരിക്കുന്ന വിപഞ്ചിക അക്ഷരങ്ങളോട് കാരണം ആരാഞ്ഞപ്പോള്‍ അവര്‍ രണ്ടു കൂട്ടരും പറയുവാന്‍ തുടങ്ങി".മഞ്ചാടി മണികള്‍ ബ്ലോഗില്‍ അക്ഷരപൂജയെ കുറിച്ച് വേറിട്ടൊരു ചിന്ത നല്‍ക്കുന്നു ആതിര സന്ദീപ് .


സെല്‍ഫി ഒരു ആഘോഷവും ദുരന്തവുമൊക്കെയാവുന്നത്  ഇന്ന് സര്‍വ്വസാധാരണമാണ്. ഒരു "ന്യൂജന്‍" എഴുതിയത് കൊണ്ടാവും ഷിന്‍ഹബ്  എഴുതിയ സെല്‍ഫിക്കഥ കുറച്ചു ആകര്‍ഷകമായി തോന്നി.കഥാന്ത്യ ത്തില്‍ കൊണ്ട് വന്ന ട്വിസ്റ്റും ലളിതമായ  വിവരണവും കൊണ്ട്  സെല്‍ഫി ശ്രദ്ധിക്കപ്പെടുന്നു.


ന്യൂജന്‍ സെല്‍ഫിയെ വായനക്ക് വിട്ടു ഇനി അല്‍പ്പം ഫ്രീക്കാവാം. ഗൌരവമായ വിഷയങ്ങളെ  പ്രമേയമാക്കി കഥ രചിക്കുന്ന ബ്ലോഗാറാണ് ഗീതാഒമാനകുട്ടന്‍. പതിവ് ശൈലിയില്‍ നിന്നും ഒരല്‍പം നര്‍മ്മശൈലിയില്‍ അവതരിപ്പിച്ച ഫ്രീക്കന്‍മാര്‍ രേവതിയില്‍ വായിക്കാം. 


മനുഷ്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുക എന്നത് മുമ്പെങ്ങും ഇല്ലാത്തവിധം അതിക്രമിച്ചിരിക്കുന്നു.ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍ കഴിയാത്ത വിധം നാം ചുറ്റുപാടുകളുടെ നിരീക്ഷണ വളയത്തിലാണിന്ന്.സ്വന്തം നിഴലിനെ പോലും വിശ്വാസം ഇല്ലാത്തലോകം,അറിവ് പകര്‍ന്നു നല്‍കുന്ന കലാലയങ്ങളിലെ ക്ലാസ് മുറികള്‍പോലും ഇന്ന് ക്യാമറാനിരീക്ഷണത്തിലാണ്. പത്രി ബ്ലോഗിലെ ക്യാമറവെച്ച വിദ്യാഭ്യാസം എന്ന കവിത പങ്കുവെക്കുന്നതും ഈ ആശങ്കയാണ് !


അപ്രതീക്ഷിതമായി വീട്ടിലെത്തിയ ചില അതിഥികളുമായി ഉണ്ടാക്കിയെടുത്ത സ്നേഹബന്ധത്തെ കുറിച്ച് പറയുന്നു അല്ജു ശശിധരന്‍ എന്റെ സ്വപ്നതീരങ്ങളില്‍.പലപ്പോഴായി വീട്ടില്‍ ക്ഷണിക്കാതെയെത്തിയ പക്ഷികളുമായി നടത്തുന്ന സ്നേഹ സല്ലാപങ്ങളും അനുഭവങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്. ചിത്രങ്ങളും ലളിതമായ വിവരണങ്ങളും കൊണ്ട് വായനക്കാരെ ഇഷ്ടപെടുത്തുന്നു ഈ പക്ഷികളും അണ്ണാറകണ്ണന്‍മാരും.


വളര്‍ത്തു മൃഗങ്ങളെക്കുറിച്ച്  വാതോരാതെ പറയുമ്പോഴും അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ പശുവിനെ കുറിച്ചും ചിലതൊക്കെ പറയാനുണ്ടാവില്ലേ?. സമകാലിക സംഭവവികാസങ്ങളില്‍ പശു ഒരു ഭീകര ജീവിയായി മാറുന്നുവോ? പ്രവീണ്‍ ശേഖറിന്റെ തോന്നലുകള്‍ വെറുമൊരു തോന്നലായി മാത്രം ഇന്നത്തെ സാഹചര്യത്തില്‍ തള്ളി കളയാന്‍ കഴിയില്ല.


സോഷ്യല്‍ മീഡിയകളെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നതിനെ കുറിച്ച് കൊണ്ടാണ് വരികള്‍ക്കിടയില്‍ തുടങ്ങിയത് എന്നാല്‍ .സോഷ്യല്‍ മീഡിയകളില്‍ ഇടപെടുമ്പോള്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളെ കുറിച്ച് ആധികാരികമായി നടത്തിയ പഠന ലേഖനമാണ് തൊന്തരവ് ബ്ലോഗിലെ ഷിബു മാത്യൂ വിന്റെ "സൈബർ പ്രെഡറ്റേഴ്സ് ഓൺലൈൻ/സൈബർ കഴുകന്മാർ" ഒരു മുന്നറിയിപ്പാണ്.E മീഡിയകളെ ഉപയോഗിക്കുന്നവരും സോഷ്യല്‍ മീഡിയകളിലേക്ക് കടന്നു വരുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം ഈ ലേഖനം.

ഒരു നീണ്ട ഇടവേളക്ക്  ശേഷമാണ് വരികള്‍ക്കിടയില്‍ വീണ്ടും എത്തുന്നത്. മലയാളം ബ്ലോഗുകളിലൂടെ നടത്തിയ ഒരോട്ടപ്രദക്ഷിണം മാത്രമാണ് മുകളില്‍. കൂടുതല്‍ മികച്ച പോസ്റ്റുകള്‍ ഒരു പക്ഷേ വായനക്കണ്ണില്‍നിന്നും മറഞ്ഞു പോയിരിക്കാം.അത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുത്തുമല്ലോ,
ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം :ഫൈസല്‍ ബാബു .
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ https://www.facebook.com/varikalkkidayil