Thursday, October 24, 2013

വരികള്‍ക്കിടയില്‍.....



നാം കാണുന്ന, വായിക്കുന്ന വരികള്‍ക്കിടയില്‍ വായിക്കാതെ പോകുന്ന പലതുമുണ്ടാവും. അദൃശ്യമായ അര്‍ത്ഥതലങ്ങള്‍, അനിര്‍വചനീയമായ ഭാവാത്മകത...

ചിലതൊക്കെ, ആഴങ്ങളിലേയ്ക്ക് ഇറങ്ങിയിറങ്ങി ചെല്ലുമ്പോള്‍ വലുതായിവരുന്ന തുരങ്കങ്ങള്‍ പോലെയാണ്, ചിലയിടങ്ങളില്‍ കണ്ണീരുണങ്ങിയ പാടുകള്‍ കാണാം, മറ്റുചിലപ്പോള്‍ അകലെയെങ്ങോനിന്ന് ഒരു നേര്‍രേഖയില്‍ വെളിച്ചം സഞ്ചരിച്ചെത്തുന്നുണ്ടാവാം, ചിലപ്പോള്‍ മിന്നാമിന്നികള്‍ അവയ്ക്കിടയില്‍ തിളങ്ങുന്നുണ്ടാവാം...

നിയന്ത്രണങ്ങളില്ലാതെ പറക്കാന്‍ കഴിയണം മനസ്സിന്. അരയടി മാത്രം വീതിയുള്ള പാടവരമ്പത്തുകൂടി തെന്നിത്തെറിച്ച് ഓടിപ്പോകുന്ന കൊച്ചുകുട്ടികളെ കാണുമ്പോള്‍ ഇപ്പോള്‍ കാല്‍തെറ്റി വീഴുമെന്നുതോന്നും നമുക്ക്. എന്നാല്‍ മുതിര്‍ന്നവര്‍ നടക്കാന്‍കൂടി മടിക്കുന്നത്ര നേരിയ വരമ്പില്‍ക്കൂടി ഓടി അക്കരെയെത്താന്‍ അവര്‍ക്കൊരു മടിയുമില്ല. നമുക്കിടയില്‍ ഈ രണ്ടുകൂട്ടരുമുണ്ട്. പിന്നെ, വീഴുമെന്നു ഭയപ്പെടുത്തി കുട്ടികളെ ഓടാനനുവദിക്കാത്ത മറ്റുചിലരും.

മൂന്നാമതൊരു കണ്ണ് വരമായി കിട്ടിയപ്പോള്‍ അത് തലയുടെ പിന്നില്‍ വേണമെന്ന് ആവശ്യപ്പെടാതെ, ചൂണ്ടുവിരലിന്‍തുമ്പത്ത് മതിയെന്നുപറഞ്ഞ രസികനെ അനുസ്മരിച്ചുകൊണ്ട്, ബൂലോകത്ത് എന്നുമാത്രമല്ല, ഇ-ഇടങ്ങളില്‍ത്തന്നെ പരിചിതമായ എന്തിനെപ്പറ്റിയും എന്തും എഴുതാന്‍, ഏതിനെയും ഒരു മൂന്നാംകണ്ണിലൂടെ നോക്കിക്കാണാനാഗ്രഹിച്ച് ഒരു ബ്ലോഗ്‌ തുടങ്ങുകയാണ്. നിയതമായ രൂപരേഖകളില്ലാതെ, പരിധികളില്‍ ഒതുങ്ങാതെ, സമയവും നിഷ്ഠയുമില്ലാതെ, ജലോപരിതലത്തില്‍ വീണ വര്‍ണ്ണത്തുള്ളി കാറ്റിനോടൊപ്പം ചിത്രങ്ങള്‍ തീര്‍ക്കുന്നതുപോലെ, ബ്ലോഗുകളിലെ വരികള്‍ക്കിടയില്‍ വായിക്കാതെ വായിക്കുന്നത് വാക്കുകളില്‍ പകര്‍ത്തുവാനും അതുവഴി ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനുമുള്ള ഒരു എളിയ സംരംഭം.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ അതിപ്രസരം മൂലം ബൂലോകത്തെ പല നല്ല പോസ്റ്റുകള്‍ക്കും വേണ്ടത്ര വായനക്കാരെ കിട്ടാതെ പോവുന്നു.  പ്രിന്റ്‌ മീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയെ വെല്ലുന്ന ഒരുപിടി നല്ല രചനകള്‍ ഇപ്പോഴും ബൂലോകത്ത് പിറക്കുകയും അധികമാരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം പോസ്റ്റുകളെ കണ്ടെത്തുകയും അത് കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ ബ്ലോഗ്‌. ഒപ്പം ശ്രദ്ധേയമായി കണ്ടെത്തുന്ന ചര്‍ച്ചകളും ഇവിടെ പുനരാവിഷ്കരിക്കുന്നതാണ്. അറിയപ്പെടാത്ത  എഴുത്തുകാരെയും നമുക്ക് പ്രോത്സാഹിപ്പിക്കാം, അതുവഴി ഇ-വായനയുടെ വിശാലമായ വാതായനങ്ങള്‍ നമുക്ക് തുറന്നിടാം.

ബ്ലോഗിനെയും ബ്ലോഗര്‍മാരെയും സ്നേഹിക്കുന്ന, ഈയെഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരുടെയും പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്, വരികള്‍ക്കിടയിലൂടെ സഹൃദയര്‍ക്ക് മുന്നിലേയ്ക്ക്....