Saturday, March 22, 2014

പാർക്കിലെ ബെഞ്ച് നാം എങ്ങിനെ അളക്കും

പ്രമുഖ കവി 'ഡി.വിനയ ചന്ദ്രന്റെ' ഓർമ്മകൾക്ക് പ്രണാമം. അദ്ദേഹത്തിന്റെ ഒരു കവിതയാണ് 'പാർക്കിലെ ബെഞ്ച്  '. ഒരു പാർക്കിൽ താൻ കണ്ട  ബെഞ്ച് അളക്കാനുള്ള പലതരം വഴികളെക്കുറിച്ചാണ്   കവി ആലോചിക്കുന്നത്... വായനകളുടെ കാര്യത്തിലും ഈ രീതിയിലുള്ള വൈവിധ്യങ്ങളുണ്ട് – ഒരേ അക്ഷരക്കൂട്ടുകൾ ഉൽപ്പാദിപ്പിക്കുന്ന പദസഞ്ചയങ്ങളും വാക്കുകളും പലരും പല വിധത്തിലാവും വായിക്കുക. വ്യക്തിയുടെ ജീവിതാവബോധവും കാഴ്ചപ്പാടുകളും അനുഭവങ്ങളും രാഷ്ട്രീയ നിലപാടുകളും ഭാഷാജ്ഞാനവും വായനയെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരേ രചനയെ അവലംബിച്ച് പലതരം വായനകൾ രൂപപ്പെടുന്നത് ഇതുകൊണ്ടാണ്. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം രചനകളെ വായിക്കുന്നവരുണ്ട്. ഭാഷാപരമായ സവിശേഷതകളുടെ മാത്രം മാനദണ്ഡം ഉപയോഗിച്ച് ചിലർ രചനകളെ അളക്കും. ചരിത്രപരമായ വീക്ഷണകോണിലൂടെയും മനശ്ശാസ്ത്രപരമായും നരവംശശാസ്ത്രപരമായ പരിപ്രേക്ഷ്യത്തിലൂടെയും സാഹിത്യവായന നടത്താം. മലയാള നിരൂപണശാഖയിൽ നരംവംശശാസ്ത്രപരമായ വീക്ഷണകോണിലൂടെ രചനകളെ സമീപിക്കുന്ന നിരൂപകർ ഇപ്പോഴും കുറവാണ്.  ആ ശാസ്ത്രശാഖയ്ക്ക് മലയാളിസമൂഹത്തിൽ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയതാവണം ഇതിനു കാരണം.

'റാംജി പട്ടേപ്പാടം'  എഴുതിയ 'സൂക്ഷ്മപ്പെരുപ്പ്...' എന്ന കഥ ഇത്തരത്തിൽ പലതരം വായനകളുടെ സാധ്യതകൾ തുറന്നു തരുന്നുണ്ട്. നരവംശശാസ്ത്രത്തിന്റെ വെളിച്ചത്തിൽ  കഥയെ നിരീക്ഷിച്ചാൽ ഒരു വ്യക്തി തന്നെത്തന്നെ ഏറ്റവും പ്രിമിറ്റീവ് ആയ ഒരു അവസ്ഥയിൽ കണ്ടെത്താൻ ശ്രമിക്കുന്ന ഈ കഥ 'പ്രിമിറ്റീവ് ജെൻഡർ കോൺഷ്യസ്' എന്ന  ആശയത്തെ ലളിതമായി അനാവരണം ചെയ്യുന്നുണ്ട്. ഗോത്രജീവിത അന്തരീക്ഷത്തിൽ നിന്നും മനുഷ്യന്റെ കൂട്ടായ്മകളും മതസ്വരൂപങ്ങളും സംസ്കാരവും ഉടലെടുത്തു എന്ന സമൂഹശാസ്ത്ര ആശയത്തെയും  ഈ കഥ അവതരിപ്പിക്കുന്നതായി കാണാം.

പി.ജി ടെൻസിംഗ് എന്ന സിക്കിം സ്വദേശിയായ  ഐ.എ.എസ് ഉദ്യോഗസ്ഥൻ പഠിച്ചത്
ഡൽഹിയിലും ജോലി ചെയ്തത് കേരളത്തിലും ആയിരുന്നു.  ചുരുങ്ങിയ കാലംകൊണ്ട് മലയാളം വശത്താക്കിയ അദ്ദേഹം മലയാളികളേക്കാൾ നന്നായി മലയാളത്തിൽ കുറിക്കുകൊള്ളുന്ന തമാശകൾ പറയുമായിരുന്നു. വളരെവേഗം അദ്ദേഹത്തിന് ബ്യൂറോക്രാറ്റിക് ജീവിതം മടുത്തു . ജോലി രാജിവെച്ച്   തിരുവനന്തപുരത്തുനിന്നുതന്നെ ഒരു മോട്ടോർസൈക്കിൾ വാങ്ങി അദ്ദേഹം ഇന്ത്യ മുഴുവൻ  യാത്ര ചെയ്തു. ആ യാത്രയുടെ അനുഭവങ്ങൾ  Don't ask any Old bloke for directions  എന്ന പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്  നല്ല  വായനാനുഭവമാണ്.

ഇതാ ഒരാൾ  പി.ജി ടെൻസിംഗിന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന വിധം ഒരു മോട്ടോർ സൈക്കിളിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ തന്റെ ബ്ളോഗിലൂടെ പങ്കുവെക്കുന്നു . ഖാദർ.സി.പി യുടെ പാന്ഥൻ/a traveler എന്ന ബ്ളോഗിൽ  'ഇന്ത്യയുടെ സിരകളിലൂടെ...'എന്ന ഒന്നാം അദ്ധ്യായം മുതൽ വായന ആരംഭിക്കാം.

അൽപ്പം മുമ്പ് നടന്ന ഒരു സംഭവമാണ് - കോഴിക്കോട്ടെ ഒരു പുസ്തകമേളയോടനുബന്ധിച്ചുള്ള സാഹിത്യചർച്ചയാണ് വേദി. വേദിയിൽ കഥ, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധമേഖലകളിൽ കഴിവുതെളിയിച്ച ഒരു സീനിയർ സാഹിത്യകാരനും, കഥ, നോവൽ മേഖലയിൽ പ്രശസ്തനും എന്നാൽ സീനിയർ സാഹിത്യകാരനേക്കാൾ പ്രായംകൊണ്ട് അൽപ്പം ജൂനിയറുമായ മറ്റൊരു സാഹിത്യകാരനുമുണ്ട്. കോഴിക്കോട് ജില്ലയിൽത്തന്നെ രണ്ടുപേരും ഒരേ ദേശക്കാരുമാണ്. വേദിയിൽ സീനിയറിനാണ് ആദ്യം സംസാരിക്കാൻ അവസരം ലഭിച്ചത്. അദ്ദേഹം വേദിയിലിരിക്കുന്നവരെ ഓരോരുത്തരെയായി പേരെടുത്തു പറഞ്ഞകൂട്ടത്തിൽ നമ്മുടെ ജൂനിയർ സാഹിത്യകാരന്റെ പേര് കിട്ടാതെ നിന്ന് പരുങ്ങുകയാണ്. എത്ര ഓർത്തിട്ടും അദ്ദേഹത്തിന് ജൂനിയറിന്റെ പേര് കിട്ടുന്നില്ല. 'ഇദ്ദേഹം മലയാളകഥയിലെ മഹാസംഭവമാണ്  എന്നിട്ടും എനിക്ക് ഇദ്ദേഹത്തിന്റെ പേര് ഓർത്തെടുക്കാനാവുന്നില്ലല്ലോ' എന്നൊക്കെ സീനിയർ വെച്ചു താങ്ങി. പിന്നീട് തന്റെ ഊഴം വന്നപ്പോൾ ജൂനിയർ അദ്ദേഹത്തിന് മുതലും പലിശയും ചേർത്ത് മറുപടിയും കൊടുത്തു.

സംസ്കാരത്തിന്റെ പ്രതിഫലനമാണ് സാഹിത്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ അതതുകാലത്തെ സാമൂഹികമായ എല്ലാ വിഴുപ്പലക്കലുകളും ഉപജാപങ്ങളും സാഹിത്യത്തിലും നടക്കുന്നുണ്ട്. അച്ചടി സാഹിത്യത്തിലും, ബ്ളോഗ് സാഹിത്യത്തിലുമൊക്കെ പലതരം ഉപജാപങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. ചില കോക്കസുകളിലും ക്ളിക്കുകളിലും അംഗത്വമുള്ളവരെ കെട്ടി ഉയർത്തുന്നതും, അങ്ങിനെ ചെയ്യാത്തവരെ കഴിവുണ്ടായിട്ടും ചവിട്ടിത്താഴ്ത്തുന്നതും സാഹിത്യത്തിന്റെ സർവ്വമേഖലകളിലും പതിവാണ്. പ്രതിഭകൊണ്ട് മാത്രം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ഒരാൾക്ക് തന്റെ കർമ്മമേഖലയിൽ തനതായ സ്ഥാനം അടയാളപ്പെടുത്താനാവില്ല. ഉയരാനും അംഗീകരിക്കപ്പെടാനും ചില ഉപജാപകസംഘങ്ങളോട് ഒത്തുതീർപ്പുകൾക്ക് അയാൾ തയ്യാറാവേണ്ടതുമുണ്ട് എന്ന സത്യം തനതായ ശൈലിയിൽ ഹാസ്യത്തിന്റെ മധുരം ചേർത്ത് എഴുതിയ രചനയാണ് കുമാരസംഭവം ബ്ളോഗിൽ വന്ന പ.ക.സ എന്ന കഥ. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ രചന നല്ലൊരു വായനയാണ്.

തിരക്കുപിടിച്ച ഈ കാലത്ത് പലരും വാരികകളിൽ വരുന്ന തുടർനോവലുകൾ വായിക്കാതെ പിന്നീട് പുസ്തകമായി ഇറങ്ങുമ്പോൾ വായിക്കാറുണ്ട്. വാരികകളുടെ ഏതെങ്കിലുമൊക്കെ ലക്കങ്ങൾ വിട്ടുപോവും എന്നതാണ് ഇതിന് കണ്ടെത്താറുള്ള ന്യായം. എന്നാൽ ബ്ളോഗുകളിൽ വരുന്ന തുടർനോവലുകൾക്ക് ഈ പ്രശ്നമില്ല. ഏതെങ്കിലും ലക്കം വിട്ടുപോയാലും ഒരു ക്ളിക്കിന്റെ ദൂരത്തിൽ ലിങ്ക് ഉള്ളതുകൊണ്ട് അദ്ധ്യായങ്ങൾ കൈമോശം വരുന്ന പ്രശ്നമില്ല.

ആടുജീവിതം എന്ന നോവൽ മലയാള നോവൽ സാഹിത്യത്തിലും വായനാസംസ്കാരത്തിലും വലിയൊരു ഉണർവ് ഉണ്ടാക്കിയ സൃഷ്ടിയാണ്. മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുന്ന അറേബ്യൻ മരുഭൂമിയിലെ പ്രവാസജീവിതമായിരുന്നു ആ നോവലിന്റെ പ്രതിപാദ്യം. അതുകൊണ്ടാണ് ആ നോവൽ ഇത്രയേറെ പ്രകീർത്തിക്കപ്പെട്ടത്. മരൂഭൂമിയിലെ പ്രവാസജീവിതത്തെ ബന്യാമിന്റേതിൽനിന്ന് വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണുകയാണ് വി.കെ യുടെ ചിന്നുവിന്റെ നാട് എന്ന ബ്ളോഗിൽ തുടർലക്കങ്ങളായി വന്നുകൊണ്ടിരിക്കുന്ന മരുഭൂമി എന്ന നോവൽ. തുടർച്ചയായി വായിക്കുന്നവർ പുതിയ ലക്കങ്ങൾക്കായി കാത്തിരിക്കുന്നത്ര ആകർഷണീയമായി നോവൽ പുരോഗമിക്കുന്നു. വി.കെ യുടെ മരൂഭൂമി സമീപഭാവിയിൽ പുസ്തകമായി ഇറങ്ങിയേക്കാം. തീർച്ചയായും മലയാള സഹൃദയലോകത്ത് ഈ നോവൽ ചർച്ചചെയ്യപ്പെടും.

ഇന്നത്തെ സാമൂഹ്യജീവിതക്രമത്തിൽ സ്ത്രീക്ക് പലപ്പോഴും പുരുഷനുപിന്നീൽ രണ്ടാംസ്ഥാനമാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാറുള്ളതും, പൊതുസമൂഹത്തിനുനേരെ ചാട്ടുളിപോലെ പതിക്കുന്ന ചോദ്യങ്ങൾ ഉയർത്താറുള്ളതും സ്ത്രീകളായ എഴുത്തുകാർതന്നെയാണ്. ഇത്തരത്തിലുള്ള മൂന്ന് രചനകളിലേക്ക് ഞങ്ങൾ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

എച്ചുമുക്കുട്ടിയുടെ ബ്ളോഗിൽ വന്ന സൈബർ ഇടങ്ങളിലെ സ്ത്രീകൾ സൂക്ഷിക്കണം എന്ന ലേഖനത്തിന്റെ വരികൾക്കിടയിൽ നിന്ന് പലതും വായിച്ചെടുക്കാം. പുരുഷന് മുൻതൂക്കമുള്ള ഇന്നത്തെ ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ സ്ത്രീകൾ പിൻതള്ളപ്പെട്ടുപോവുന്നുണ്ട്. പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടി  മാറിനിൽക്കുന്ന എഴുത്തുകാരിയെ ഇവിടെ കാണാം.

അതിഭാവുകത്വം ലവലേശമില്ലാത്ത ഒരു മികച്ച സൃഷ്ടിയാണ് തുമ്പി ബ്ളോഗിൽ വന്ന പുക നിറഞ്ഞ രാത്രിയിൽ എന്ന കഥ. ലളിതമായ ഭാഷയിൽ സാഹിത്യഭംഗി നിലനിർത്തിക്കൊണ്ട് ഭംഗിയായി എഴുതാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതികൂലമായ സാഹചര്യങ്ങളെ ബുദ്ധിപൂർവ്വം നേരിട്ട് അനുകൂലമാക്കിത്തീർക്കുന്ന കഥാപാത്രം വലിയൊരു സന്ദേശമാണ് തരുന്നത്.

പഠനം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കുവാനായ ശേഷം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു സ്ത്രീക്ക് മാത്രമേ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹവ്യവസ്ഥിതിയിൽ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ ആഹ്ളാദകരമായി ജീവിക്കാനാവുകയുള്ളു. തനിക്ക് പരിചയമുള്ള ഹതഭാഗ്യയായ ഒരു പെൺകുട്ടിയുടെ അനുഭവം വിവരിച്ചുകൊണ്ട് കൊച്ചുമോൾ കൊട്ടാരക്കര തന്റെ ബ്ളോഗിൽ എഴുതിയ അവൾ സറീന എന്ന ലേഖനം  ഹതഭാഗ്യയായ ഒരു കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പാണ്.


അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ കലാലയത്തിലെത്തുന്ന വിദ്യാര്‍ത്ഥികളിൽ റാഗിങ്ങിന്റെ പേരിൽ നടത്തുന്ന ക്രൂരവിനോദങ്ങളെക്കുറിച്ച് മിക്കപ്പോഴും ചര്‍ച്ച ഉയരാറുണ്ട്. റാഗിങ്ങിന്റെ പിന്നാമ്പുറക്കഥകൾ വായനക്കാര്‍ക്ക് വേണ്ടി പങ്കു വെക്കുകയാണ് "PONNആണിക്കാരന്‍" ബ്ലോഗിലെ നിങ്ങളില്‍ ആത്മാഭിമാനമില്ലാത്തവര്‍ റാഗ് ചെയ്യട്ടെ എന്ന ലേഖനത്തില്‍.  വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടോപ്പം, റാഗിംഗിന് ഇരയായവര്‍ക്ക് സഹായകരമായ ചില വിവരങ്ങളും കൂടി ഉള്‍പ്പെടുത്തിയത്  ഉചിതമായി.

മരംകൊത്തി ബ്ലോഗ്‌  നല്ല വായനാനുഭവമാണ്. ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തന്നെയാവാം അതിനുള്ള കാരണം. ലോകത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുരൂഹമായ സംഭവങ്ങളെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളായി അവതരിപ്പിക്കുകയാണ് ബ്ലോഗര്‍ മനോജ്‌.  "ഇന്ത്യക്ക് പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍" എന്ന ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും പ്രധാനമായ ചില സ്ഥലങ്ങളിലെ പ്രേതബാധയുടെ കഥയെക്കുറിച്ച് വിവരിക്കുന്നു. പാശ്ചാത്യര്‍ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണെന്നത് മിഥ്യാധാരണയാണെന്ന് ലേഖകന്‍ അവകാശപ്പെടുന്നു.
  
വര്‍ണ്ണത്തൂലിക ബ്ലോഗില്‍ രാജേഷ് കുമാര്‍ തീര്‍ക്കുന്ന, വര വിസ്മയം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. ഈ ബ്ലോഗിലെ കാന്‍വാസ് പെയിന്റിങ്ങും പെന്‍സില്‍ സ്കെച്ചും ആരെയും വിസ്മയപ്പെടുത്തും. കൂടുതല്‍ പ്രോത്സാഹനം ഈ ബ്ലോഗര്‍ക്ക് കിട്ടിയാല്‍ അതൊരു നല്ല ചിത്രകാരന്‍റെ ഉദയത്തിനു കാരണമായേക്കാം.

രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളെ  പരിചയപ്പെടുത്തുന്ന യാത്രാക്കുറിപ്പാണ് അനില്‍ നമ്പൂതിരിയുടെ ബ്ലോഗിലെ പിങ്ക് സിറ്റിയിലെ ചിത്രങ്ങള്‍. കൊട്ടാരങ്ങള്‍ കൊണ്ട് സമ്പന്നമായ രാജസ്ഥാനിലെ ജയ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ കൂടിയുള്ള ഈ യാത്രാവിവരണം യാത്രാ സ്നേഹികള്‍ക്ക് ഇഷ്ടപ്പെടും.  കുറച്ചുകൂടി വിശദമായി എഴുതിയിരുന്നുവെങ്കില്‍ ഒന്നുകൂടി മനോഹരമാക്കാമായിരുന്നു ഈ വിവരണം.

തലസ്ഥാനനഗരിയിലെ  തിരക്ക് പിടിച്ച നഗരക്കാഴ്ച്ചകളില്‍ നിന്നും മനസ്സിനെ സ്വസ്ഥമായും ശാന്തമായും നിര്‍ത്താന്‍ പറ്റിയ ഒരിടത്തെയാണ് സീതായനത്തില്‍   വന്ന യാത്രാവിവരണമായ കഥ പറയുന്ന ശിലകള്‍   പരിചയപ്പെടുത്തുന്നത്. അവതരണത്തിലെ ഭംഗി ഈ  വിവരണത്തെ വേറിട്ട്‌ നിര്‍ത്തുന്നു.

തിരുനെല്ലി കാട്ടിലെ തീപിടുത്തത്തിന്റെ വാര്‍ത്തകൾ ആരെയും വേദനിപ്പിക്കുന്നതാണ്. പ്രകൃതിയോടുള്ള ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. റോസിലി ജോയി ദര്‍പ്പണത്തില്‍ ഈ തവണ കൈകാര്യം ചെയ്ത പ്രമേയം ഇതേ വിഷയത്തിലേക്കുള്ള ഒരു വിരല്‍ചൂണ്ടലാണ്. ഭൂമിയുടെ അവകാശികള്‍ പോലെയുള്ള ഇടപെടലുകള്‍ എഴുത്തുകാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്  അഭിനന്ദനമര്‍ഹിക്കുന്നു.

ബ്ളോഗ് എഴുത്ത് എവിടെ എത്തി നിൽക്കുന്നു എന്നതിന് ഏതാനും ഉദാഹരണങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ഞങ്ങൾ ഇവിടെ ചെയ്തത്. ഇവിടെ പരാമർശിച്ചതിലും മികച്ച രചനകൾ ബ്ളോഗുകളിൽ വന്നിട്ടുണ്ടാവാം. അത്തരം ബ്ളോഗുകളെക്കുറിച്ച് അറിയുന്ന വായനക്കാർ തങ്ങളുടെ വിലയിരുത്തൽ സഹിതം അവയുടെ ലിങ്കുകൾ കമന്റ് ബോക്സിൽ നൽകി ഈ ലേഖനം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

Friday, March 7, 2014

ബ്ലോഗ്‌ കൂട്ടായ്മകളില്‍ വളരുന്ന e-എഴുത്തുകള്‍.

ബ്ലോഗുകളില്‍ക്കൂടിയും സോഷ്യല്‍ മീഡിയകളില്‍ക്കൂടിയും മാത്രം പരിചയപ്പെടുന്നവരുടെ കൂട്ടായ്മകള്‍ ഇ-എഴുത്തിന് നല്‍കുന്ന ഉണര്‍വ്  ചെറുതല്ല. അത്തരം കൂട്ടായ്മകള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും, ബ്ലോഗെഴുത്തിനെയും ബ്ലോഗര്‍മാരെയും കൂടുതല്‍ അടുത്തറിയാനും, വായനയേയും എഴുത്തിനെയും കൂടുതല്‍ ഗൌരവമായി കാണാനും സഹായകമാവും എന്ന കാര്യത്തില്‍ സംശയമില്ല. സോഷ്യല്‍ മീഡിയകളിലും ബ്ലോഗിലുമൊക്കെയുള്ള  അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകളില്‍ എല്ലാം മറന്ന് ഒന്നിച്ചണിനിരക്കുന്നത് ബ്ലോഗ്‌ മീറ്റുകളില്‍ മാത്രം കാണാവുന്ന സവിശേഷതയാണ്. ഈ ഐക്യവും സാഹോദര്യവും എന്നും നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ ....

കഴിഞ്ഞ വാരം  തിരുവനന്തപുരം പ്രസ് ക്ളബ്ബ് ഹാളിൽ വെച്ചുനടന്ന ബ്ളോഗർ സംഗമവും, പുസ്തകപ്രകാശനങ്ങളും, ബൂലോകം അവാർഡ് ദാനവും സംഘാടനത്തിന്റെ മികവുകൊണ്ട് ശ്രദ്ധേയമായി. സാധാരണയായി മലബാർ ഭാഗങ്ങളാണ് ബ്ളോഗർ സംഗമത്തിന് വേദി
ആവാറുള്ളത്. തലസ്ഥാനനഗരിയിൽ നടന്ന ഇത്തവണത്തെ ബ്ളോഗർ സംഗമത്തിന് മുഖ്യധാരാമാധ്യമങ്ങളിൽ പ്രതീക്ഷിച്ച അത്ര പ്രാധാന്യം കിട്ടിയില്ല . ഈ മീറ്റിനെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ബ്ളോഗിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.  മീറ്റിനെക്കുറിച്ചുവന്ന എല്ലാ പോസ്റ്റുകളും ബ്ലോഗില്‍ കൊടുത്ത ലിങ്കുകളില്‍ക്കൂടി വായിക്കാവുന്നതാണ്, അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങൾ .

എഴുത്തും വായനയും പോലെതന്നെ പ്രധാനമാണ്  എഴുത്തുകാരുടെ സാമൂഹ്യ പ്രതിബദ്ധതയും. കേവലം വരികളില്‍ക്കൂടി മാത്രം സമൂഹനന്മയെക്കുറിച്ച് വാചാലമാകാതെ സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് അവര്‍ യഥാര്‍ത്ഥ മനുഷ്യസ്നേഹികളാവുന്നത്. ശ്രീജിത്ത് മൂത്തേടത്തിന്റെ സാഹിത്യസദസ്സ് എന്ന ബ്ളോഗിൽ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ പലതും അനീതിക്കെതിരായ   ജനകീയസമരങ്ങളോട് ലേഖകനുള്ള ഐക്യദാർഢ്യത്തിന്റെ അടയാളപ്പെടുത്തലുകളാണ്. ചുരുക്കം ചില വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം കൊണ്ട് പന്താടുന്ന അനീതികൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിരോധ ശബ്ദങ്ങൾ ഉയർന്നത് തൃശ്ശൂർ ജില്ലയിൽ നിന്നാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് ഗ്രാമത്തിലെ ജനങ്ങള്‍ അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തെക്കുറിച്ച്  എഴുതിയ മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ് എന്ന ലേഖനം ചുറ്റുമുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള ആർക്കും അവഗണിക്കാനാവില്ല.

 കഥകള്‍ കൊണ്ട് സമ്പന്നമായ  വായനാ ദിനങ്ങളായിരുന്നു കഴിഞ്ഞവാരം. ആദ്യത്തെ കുറച്ചുവരികളില്‍ത്തന്നെ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുക എന്നത് എഴുത്തുകാരന്റെ കഴിവാണ്. "മഴ പെയ്യുമെന്നറിഞ്ഞിട്ടും, കുട മന:പൂര്‍വ്വം വീട്ടില്‍ മറന്നുവെച്ച്  നാലുമണിയാവുമ്പോള്‍ ജയഹേ എന്നു മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ് ആര്‍ത്തു ചിരിച്ചും വെള്ളം തെറിപ്പിച്ചും പുസ്തകങ്ങള്‍ ഉടുപ്പിനടിയില്‍ വെച്ച് മഴയിലേക്ക് ഓടി ഇറങ്ങിയിരുന്ന ഒരു മഴക്കാലമുണ്ട് ഉള്ളില്‍." ആദ്യ പാരയിലെ ഈ വരികള്‍ വായിച്ചാല്‍ പിന്നെ അത് തീര്‍ത്തുവായിക്കാതിരിക്കാന്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് സാധിക്കില്ല. എഴുത്തില്‍ നല്ലൊരു ശൈലിയുണ്ട് ഈ ബ്ലോഗര്‍ക്ക്. സൈറാ മുഹമ്മദിന്റെ  ദിനോട്ട് ബുക്ക് ഓഫ് ലവ് എന്ന ബ്ലോഗ്‌ അതിലെ വിഭവം പോലെ തന്നെ മനോഹരമായ ടെമ്പ്ലേറ്റ് കൊണ്ടും വായനക്കാരെ ആകര്‍ഷിക്കുന്നു. കഥയ്ക്ക് നല്ലൊരു തലക്കെട്ട് കൊടുക്കാത്തത് ഒരു പോരായ്മയായി തോന്നി.

നന്നായി ചിത്രം വരയ്ക്കുന്ന, ഈ രംഗത്തെ വളർന്നുവരുന്ന കുട്ടികൾക്കെല്ലാം നല്ല മാതൃകയാക്കാവുന്നവരായ സഹോദരിമാരാണ് ആരിഫയും, ജുമാനയും. ജുമാനയുടെ ബ്ളോഗ് കഴിഞ്ഞ ലക്കം വരികൾക്കിടയിൽ പരിചയപ്പെടുത്തിയത് ഓർക്കുമല്ലോ. ഇത്തവണ ആരിഫയുടെ ബ്ളോഗിലെ സെൽഫ് പോർട്രയിറ്റിലേക്ക് ഞങ്ങൾ ആസ്വാദകരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

"ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.." തലക്കെട്ടിലെ ആകര്‍ഷകത്വം പോലെ തന്നെ വായനയിലും മുഷിപ്പ് നല്‍കാത്ത ബാല്യകാല ഓര്‍മ്മകളാണ് സ്വപ്ന സാഗരത്തിലെ ഈ നര്‍മ്മാനുഭവം. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ സരസമായി ഇവിടെ വായിക്കാന്‍ കഴിയുന്നു. നാലുവര്‍ഷത്തോളമായി ബിജുതോമസ്‌ ബ്ലോഗില്‍ സജീവമാണ്. ചെറുതും വലുതുമായി നിരവധി രസകരമായ  പോസ്റ്റുകള്‍ ഈ താളുകളിൽ വായിക്കാം.

സ്പന്ദനം ബ്ലോഗില്‍ നൌഷാദ് തെക്കിനിയത്ത് എഴുതിയ മൗനം എന്ന മിനിക്കഥ ശ്രദ്ധിക്കപ്പെടുന്നതും അവതരണശൈലിയിലെ ഒതുക്കം കൊണ്ടാണ്. വിഷയം പ്രണയമാണ് എങ്കിലും കഥയെ ട്രീറ്റ് ചെയ്ത രീതി പ്രശംസനീയമാണ്. ഫോണ്ട് അല്‍പ്പം കൂടി വലുതാക്കിയാല്‍ കൂടുതല്‍ വായനാസുഖം കിട്ടുമായിരുന്നു എന്ന് തോന്നി.

അലി മുഹമ്മദിന്റെ  അക്കാകുക്ക ബ്ലോഗിലെ മീനമാസത്തിലെ ഫയല്‍  വായന
തീരുന്നത് അറിയാതെ പോവുന്ന നല്ല കഥയാണ്. കഥാവതരണത്തില്‍ പുലര്‍ത്തിയ ശ്രദ്ധയും,  കയ്യടക്കമുള്ള കഥ പറച്ചിലും ഈ കഥയെ മികവുറ്റതാക്കുന്നു. ചുവപ്പുനാടയിലെ കുരുക്ക് ഒഴിവാക്കാന്‍ വരുന്ന കഥാനായകനില്‍ തന്റെ മരണപ്പെട്ടു പോയ ഭര്‍ത്താവിനെ കാണുന്ന വനിതാ ഓഫീസറുടെ മനസ്സിനെ വരികളില്‍ക്കൂടി വായനക്കാര്‍ക്കായി വരച്ചിടാന്‍ കഥാകാരന് സാധിച്ചു.

മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ ഒരു കവിതാബ്ലോഗ്‌ വീണ്ടും വായനക്കാരിലേക്ക്. "നീ വലതുവശത്തിരിക്കുമ്പോള്‍ ഞാന്‍ കാറോടിക്കുന്നത് " എന്നകവിത വരികളിലെ ലാളിത്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും നല്ല കവിതകളുമായി   ദേവസേന   കൂടുതല്‍ സജീവമാകും എന്ന് പ്രതീക്ഷിക്കാം.

മൂന്നുവര്‍ഷത്തെ കടത്തിവെട്ടി ഏകദേശം പത്തുവർഷത്തിനു ശേഷം എഴുത്തിലും ഏഴുവർഷങ്ങൾക്കിപ്പുറം ബ്ലോഗിലും സജീവമാവുകയാണ്, സങ്കുചിതമനസ്കൻ എന്ന ബ്ലോഗ് നാമത്തില്‍ അറിയപെട്ടിരുന്ന കെ.വി മണികണ്ഠൻ (മണി-മിനു). മലയാളം വാരിക നടത്തിയ എം.പി. നാരായണപിള്ള സ്മാരക പുരസ്കാര  മത്സരത്തിൽ ആറാം സ്ഥാനത്ത് വരികയും, മാതൃഭൂമി ഫൈനൽ റൗണ്ട് എന്ന കഥാസമാഹാ‍രത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്ത ജലകന്യക എന്ന ചെറുകഥയാണ്‌ ഏറ്റവും പുതിയ കഥ. തിരിച്ചു വരവ് നടത്തിയ രണ്ടു ബ്ലോഗുകള്‍ക്കും വരികള്‍ക്കിടയില്‍ ടീമിന്റെ ആശംസകള്‍.

ഹര്‍ഷ മോഹന്‍ എഴുതിയ റൂത്തിന്റെ കഥായാമങ്ങള്‍ കഥയ്ക്കുള്ളിലെ കഥ പറയുന്ന ഒന്നാണ്. പ്രമേയം വിവിധ തലങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കാന്‍ അവസരം ഉണ്ടായിട്ടും പരിധികള്‍ ലംഘിക്കാതെ പറഞ്ഞവസാനിപ്പിച്ചത് കഥാകാരിയുടെ മിടുക്ക് തന്നെയാണ്. വഴിവിട്ട കുടുംബബന്ധങ്ങളെ റൂത്ത് എന്ന നഗരസുന്ദരിയിലൂടെ പകര്‍ന്നു നല്‍കുന്നതിനോടൊപ്പം തന്നെ ചില ചോദ്യങ്ങളും വായനക്കാരുടെ മനസ്സിലേക്കിട്ടുകൊണ്ടാണ്  കഥ അവസാനിക്കുന്നത്. നല്ല സന്ദേശങ്ങള്‍ അടങ്ങിയ ഇത്തരം കഥകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ.

ശക്തവും വ്യത്യസ്തവുമായ കാവ്യഭാവനകളുടെ മൊഴിയാട്ടമാണ് അനുരാജിന്റെ ഇരുൾ നിലാവ് എന്ന ബ്ളോഗിലെ രചനകൾ. പുതിയ രചനയായ പുഷ്പഫലത്തോട്ടത്തിൽ നിന്നും ഒരച്ഛന്‍ എന്ന രചന അതിന്റെ ശീർഷകം മുതൽ ശ്രദ്ധേയമാണ്. അനിവാര്യമായ ഒരു പ്രകൃതിനിയമം , നമ്മുടെ കാലത്തെ ഒരു പിതാവിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ ഓരോ വായനക്കാരിലേക്കും പടരുന്നു.

 സമകാലിക വിഷയങ്ങളോട് ശക്തമായ ഭാഷയിലൂടെയുള്ള  പ്രതികരണമാണ് പി.കെ.മുരളീകൃഷ്ണന്റെ തീരാമഴ എന്ന ബ്ലോഗ്‌. ലളിതമായ ഭാഷയില്‍, എന്നാല്‍ ശക്തമായ ആശയങ്ങള്‍ കൊണ്ട് രചിക്കുന്ന പോസ്റ്റുകള്‍ കവിതാ പ്രേമികള്‍ക്ക്  ഇഷ്ടമാവും. ഏറ്റവും അവസാനമായി എഴുതിയ പാഠം എന്ന ഈ കവിത ശ്രദ്ധിച്ചു നോക്കൂ.

വീണ്ടും കഥകളിലേക്ക് തിരിച്ചു വരാം.  വൈക്കത്തുകാരന്‍ ബ്ലോഗിലെ മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്.. എന്ന കഥ ഒരു ഗ്രാമത്തേയും അവിടുത്തെ പത്രവിതരണക്കാരായ രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ്. പല സംഭവവികാസങ്ങളിലൂടെ കഥയുടെ ചുരുള്‍ നിവരുമ്പോഴും, പ്രധാനപ്പെട്ട കഥാതന്തുവില്‍ നിന്ന് കഥ അകന്നുപോവാതെ സൂക്ഷിക്കാനും, വായനയുടെ ഏകാഗ്രത നഷ്ടമാവാതെ കഥയെ മുന്നോട്ട് നയിക്കാനും കഥാകൃത്തിന് സാധിച്ചിട്ടുണ്ട് . ചിരപരിചിതമായ ഗ്രാമീണജീവിതത്തെ ലളിതമായി പറഞ്ഞിരിക്കുന്നു  രൂപേഷ് ഇവിടെ.

ചേരുന്നിടം ബ്ലോഗിലെ ഞായറാഴ്ചരാവ് എന്ന പുതിയ കഥ ജെഫു ജൈലാഫിന്റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഥയുടെ ഗതിയെ രൂപകങ്ങൾകൊണ്ട് അലങ്കരിച്ചൊരുക്കുന്ന രചനാരീതിയാണ് ഈ കഥയിലെ ശ്രദ്ധേയമായ ഘടകം. തകർന്നടിഞ്ഞ പുരാതനമായ ഒരു തറവാട്ടിലെ അനന്തരാവകാശിയുടെ ജീനുകളിൽ അവശേഷിക്കുന്ന അനീതികളോടുള്ള രോഷവും, ചരാചരങ്ങളോടുപോലുമുള്ള അനുകമ്പയും, അനീതിക്കെതിരെ വിധി പ്രഖ്യാപിച്ച് നടപ്പിൽ വരുത്താനുള്ള ജന്മസഹജമായ ജൈവചേതനയും ഇവിടെ യുക്തിഭദ്രമായ ഭാഷയുടെ അകമ്പടിയോടെ, ഒട്ടും താളം തെറ്റാതെ പറഞ്ഞുവെക്കുന്നുണ്ട്. ഗ്രാമീണപശ്ചാത്തലത്തില്‍ ഒരുക്കിയ കഥാതന്തു മടുപ്പിക്കാത്ത വായന സമ്മാനിക്കുന്നു.


അമുതയുടെ അമ്മ എന്ന പേരിൽ ഇലഞ്ഞിപ്പൂക്കൾ ബ്ളോഗിൽ വന്ന പോസ്റ്റ് ഹ്രസ്വമെങ്കിലും ഏറെ ചിന്തിപ്പിക്കുന്നതാണ്. ഒരു ചെറുപുഞ്ചിരി കൊണ്ടെങ്കിലും സ്നേഹം ചൊരിയുന്ന നല്ല മനുഷ്യർ പിന്നീട് നമ്മുടെ ജീവിതത്തിൽ നിന്ന് എവിടെയൊക്കെയോ പോയി മറയുന്നു. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഇത്തരം സ്നേഹാനുഭവങ്ങളിലേക്ക് ഒരു പ്രവാസിയുടെ ആർദ്രമായ മനസ്സോടെ ഇറങ്ങിച്ചെല്ലുന്നു ഈ പോസ്റ്റ്.


മനുഷ്യന്റെ കൂട്ടായ്മകളുടെ അടയാളമാണ് ഉത്സവങ്ങൾ എന്നു പറയാറുണ്ട. ഗ്രാമീണ ഉത്സവങ്ങൾ ഇത്തരം കൂട്ടായ്മകളെ അരക്കിട്ട് ഉറപ്പിക്കാനുള്ള വേദികളാണ്. സർവ്വമതസാഹോദര്യത്തിന്റെ ആഘോഷങ്ങളാണ് മലയാളിയുടെ ഉത്സവങ്ങൾ. സ്വന്തം ഗ്രാമത്തിൽ നടക്കുന്ന ഉത്സവത്തിൽ നിന്ന് ആദ്യമായി വിട്ടുനിൽക്കേണ്ടി വരുന്ന ഒരാൾ ആ ഗ്രാമോത്സവത്തിന്റെ കെട്ടുകാഴ്ചകൾ അയവിറക്കുന്നു.  ചെട്ടികുളങ്ങര കുംഭഭരണിയെ കുറിച്ച് കാഴ്ച്ചക്കാരന്‍ ബ്ലോഗില്‍ സാജന്‍ എഴുതിയ ലേഖനം ഇത്തരത്തിലുള്ളതാണ്.

ചെറുതും വലുതുമായ കഥകളും കവിതകളുമായി ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന ബ്ലോഗറാണ് ഡോക്ടര്‍ പി.മാലങ്കോട്. കുറഞ്ഞ സമയം കൊണ്ട് ഇരുനൂറിനടുത്ത് പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ നിറഞ്ഞു. മനസ്സിലെ ചിന്തകള്‍ ഒരു ഡയറിക്കുറിപ്പ് പോലെ ഡോക്ടര്‍ ബ്ലോഗില്‍ കുറിച്ചിടുന്നു. ഏറ്റവും അവസാനമായി എഴുതിയ കവിത  ഭാരം  വിരഹത്തെ വ്യത്യസ്തമായ ഒരു ചിന്തയിലൂടെ നോക്കിക്കാണുന്നു.

" ബ്ലോഗ് മീറ്റ് ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാനോ എഴുതി ഫലിപ്പിക്കാനോ പ്രയാസമാണ്. ഹൃദയത്തെ ഹൃദയം തിരിച്ചറിയുന്ന നിമിഷങ്ങൾ. അവിടെ ദേഷ്യമില്ല, അസൂയയില്ല, അസഹിഷ്ണുതയില്ല, പകയില്ല, ചെറുപ്പ-വലിപ്പമില്ല, പ്രായ വ്യത്യാസമില്ല, സ്നേഹം..സ്നേഹം..എന്ന ഒറ്റ വികാരം മാത്രം. അതാണ് ബ്ലോഗ് മീറ്റിൽ നിന്നും ലഭിക്കുന്നത്. എന്നുമെന്നും നില നിൽക്കുന്നത്. പിരിയാൻ നേരം ഇനി എന്ന് കാണും എന്ന് തൊണ്ട ഇടറി നമ്മെക്കൊണ്ട് ചോദിപ്പിക്കുന്നത്" കഴിഞ്ഞ വാരം നടന്ന ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് ബ്ലോഗ്‌ മീറ്റുകളിലെ സജീവസാന്നിദ്ധ്യമാവാറുള്ള ശ്രീ ഷെരീഫ് കൊട്ടാരക്കരയുടെ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു നല്ല വായനാലോകത്തിനായി ഇത്തരം കൂടിച്ചേരലുകള്‍ ഇനിയും ഉണ്ടാവട്ടെ.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil