Sunday, November 24, 2013

ബ്ലോഗോ ഫേസ്‌ബുക്കോ ?


ഫേസ്‌ബുക്കിനും ബ്ലോഗിനും അതിന്റേതായ ചില പ്രാധാന്യങ്ങളുണ്ട്. ബ്ലോഗ്‌ വിശാലമായ വായനാസുഖം നല്‍കുന്ന ഒരിടമാണങ്കില്‍ ഫേസ്‌ബുക്ക് അല്‍പ്പായുസ്സുള്ള പോസ്റ്റുകളുടെ വിളനിലമാണെന്ന്  ഒറ്റ വാക്കില്‍ പറയാം. ഫേസ്‌ബുക്കിന്‍റെ വളര്‍ച്ചയില്‍ മൈക്രോബ്ലോഗിംഗിന് അതിവേഗം പ്രചാരം നേടിയെടുക്കാന്‍ കഴിഞ്ഞു. സ്വന്തം വീട്ടിലെ കല്യാണവിശേഷം മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ പ്രതിഷേധത്തിന്‍റെ സ്വരമായി വളര്‍ന്ന് ഒരു രാഷ്ട്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന വിപ്ലവങ്ങളാവുന്നതിനുവരെ സാക്ഷിയാവാന്‍ ഫേസ്‌ബുക്കിനു സാധിച്ചു. കഴിഞ്ഞ വാരം ഇതുപോലൊരു ഫേസ്‌ബുക്ക്  വിപ്ലവം സൃഷ്ടിച്ച ഒരു ബ്ലോഗറില്‍നിന്നും ഈ ലക്കം വരികള്‍ക്കിടയില്‍ വായിച്ചുതുടങ്ങുന്നു.

കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയും നന്മയും നിറഞ്ഞ അനുഭവം വിവരിക്കുന്ന ഒരു കുറിപ്പ്‌, ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം പതിനായിരത്തിലധികം  പേര്‍ വായിച്ച്  ലൈക് ചെയ്യുകയും നാലായിരത്തഞ്ഞൂറ് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഫേസ്‌ ബുക്കില്‍ ഒരു മലയാളിബ്ലോഗര്‍ക്ക് ഇത്രയും വലിയ ഒരു ഹിറ്റ്‌ കിട്ടുന്നത് ആദ്യമായിട്ടാവും. ആ ദിവസങ്ങളില്‍ ബ്ലോഗിലേയ്ക്കും ധാരാളം സന്ദര്‍ശകര്‍ എത്തുകയുണ്ടായി. ബ്ലോഗ്‌ മറന്ന് എഫ് ബി യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില എഴുത്തുകാര്‍, എന്തെങ്കിലുമൊക്കെ എഴുതുക, കുറെ ലൈക് വാങ്ങുക, അതില്‍ ആനന്ദം കണ്ടെത്തുക എന്നതിലുപരി, സാമൂഹിക
പ്രാധാന്യം നിറഞ്ഞ പോസ്റ്റുകള്‍ എഴുതുകയോ ഷെയര്‍ ചെയ്യുകയോ  ചെയ്യുന്നതില്‍ മടി കാണിക്കുന്നു. ഇവിടെയാണ്  വരിയും വരയും ബ്ലോഗില്‍ റിയാസ് ടി അലി എഴുതിയ "കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍" എന്ന കുറിപ്പിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. വൃക്ക തകരാറായ തന്റെ സഹപാഠിക്ക് വേണ്ടി സ്കൂളില്‍ നടത്തുന്ന ധനസഹായത്തിനായി ഉപ്പയെ സമീപിക്കുന്ന മകളുടെ മനസ്സിലെ നന്മയാണ് പോസ്റ്റിന്റെ ഉള്ളടക്കം. അവതരണരീതി കൊണ്ട് കൂടുതല്‍ ശ്രദ്ധേയമായ പോസ്റ്റ്‌ നിരവധി പേര്‍ വായിക്കുകയും അവരെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തിരിക്കുന്നു. സാമൂഹികപ്രവര്‍ത്തനം വരികളില്‍ ഒതുക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു ബ്ലോഗര്‍ നടത്തിയ ശ്രമം മറ്റുള്ളവര്‍ക്ക് കൂടി   പ്രചോദനമാവട്ടെ.

ഫേസ്‌ബുക്കില്‍ ഹിറ്റുകള്‍ വാരിക്കൂട്ടുന്ന മറ്റൊരു ബ്ലോഗറാണ്  അക്കാകുക്ക, ബ്ലോഗില്‍ വളരെ കുറഞ്ഞ സമയം ചിലവഴിച്ച് ഫേസ്‌ബുക്കില്‍ കുഞ്ഞു കുറിപ്പുകള്‍ സമ്മാനിക്കുന്ന അക്കാകുക്ക യുടെ ബ്ലോഗിലെ കഥയാണ് ബീവിത്തയും ജിന്നും. അനുഭവക്കുറിപ്പ് പോലെ വായിച്ചുപോകാവുന്ന
ഒരു കഥ, കാലമെത്ര പുരോഗമിച്ചാലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ല, ബീവിത്തയുടെ ശരീരത്തില്‍ കയറിക്കൂടിയ "ജിന്നിനെ" ഒഴിപ്പിക്കാന്‍ വരുന്ന മുസ്ലിയാരും അതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുമൊക്കെയാണ് കഥയുടെ ഉളളടക്കം. ഒതുക്കത്തോടെ പറഞ്ഞവസാനിപ്പിക്കുന്നതില്‍ വിജയിച്ച ഒരു കഥ. 

ചില മര്‍മ്മരങ്ങള്‍ എന്ന ബ്ലോഗില്‍ ശരീഫ മണ്ണിശ്ശേരി എഴുതിയ കഥയാണ്‌ മരണത്തിന്റെ കൂലി. തെരുവില്‍ ജീവിതം ഹോമിക്കപ്പെട്ട വൃദ്ധന്‍റെ ജീവിതമാണ് കഥാപ്രമേയം. തൊട്ടടുത്ത ഹോട്ടലില്‍നിന്നും വരുന്ന കൊതിയൂറുന്ന ഭക്ഷണത്തിന്റെ ഗന്ധം ആസ്വദിച്ച് ഉണക്കറൊട്ടി കഴിക്കുന്ന കഥാനായകനോട്  സ്വാദ് മണത്ത് ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിക്കുന്ന,
മനസാക്ഷി മരവിച്ച  പരിഷ്കൃത സമൂഹത്തിന്‍റെ നേര്‍ചിത്രം വരച്ചു കാണിക്കുന്നു  ഈ കഥയില്‍. ഒരു കഥ പറയുമ്പോള്‍ അത് ആരെക്കൊണ്ട് പറയിക്കണം എന്ന് തീര്‍ച്ചയില്ലാതെ പോകുന്നത് വായനാസുഖം കുറയ്ക്കും. ഇവിടെ മനോഹരമായി പറഞ്ഞുവന്ന കഥയുടെ അവസാനം വൃദ്ധന്‍ സ്വയം "ഞാന്‍" ആയി മാറിയ ഭാഗത്ത്‌  കഥയുടെ പൂര്‍വ്വഭംഗി നഷ്ടമായതുപോലെ തോന്നി.

ഇടക്കാലത്ത് നിന്നുപോയ ബ്ലോഗുകളെക്കുറിച്ചായിരുന്നുവല്ലോ കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ച. ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമായ ചില ബ്ലോഗുകള്‍ ശ്രദ്ധയില്‍ പെടുത്തുന്നു
ഈ ലക്കത്തില്‍. 2011ല്‍ ന:സ്റ്റാഫ് സ്വാതന്ത്രമര്‍ഹതി എന്ന കുഞ്ഞു കഥയുമായി ബൂലോകം വിട്ട കുറുമാന്‍ രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുന്നു, പുതിയ കഥയായ ഒരു പിറന്നാള്‍ ചിന്തയിലൂടെ.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന മറ്റൊരു ബ്ലോഗറാണ് കല്യാണി രവീന്ദ്രന്‍. കല്ലുവിന്റെ കല്ല്‌ വെയ്ക്കാത്ത  നുണകള്‍ എന്ന ബ്ലോഗിലെ ഏറ്റവും പുതിയ കഥയായ ഗൃഹാതുരത്വം, പേരുപോലെതന്നെ വായനക്കാരെ സുഖമുള്ള ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ കഥ എന്ന ലേബല്‍ ഈ പോസ്റ്റിന് അനുയോജ്യമാണോ എന്നത് സംശയമാണ്.
വളരെ കുറഞ്ഞ പദങ്ങള്‍ കൊണ്ട് ഒത്തിരി ചിന്തകള്‍ വായനക്കാരനിലേയ്ക്ക്  സന്നിവേശിപ്പിക്കാന്‍ കഴിയുന്ന  പദപ്രയോഗങ്ങളാണ് ഇവിടെ കണ്ടെത്തിയ പ്രത്യേകത. "ചെങ്കല്‍ മതില്‍ - എത്രയോ സാറ്റ് വെച്ചിരിക്കുന്നു, ഇന്ന് പന്നല്‍ ചെടി പുതച്ചു കിടക്കുന്നു." ഇങ്ങനെ പറഞ്ഞുതുടങ്ങുമ്പോള്‍ത്തന്നെ വായനക്കാരന്‍ തന്റെ പഴയകാല ഓര്‍മ്മകളിലേക്ക് അറിയാതെ സഞ്ചരിച്ചുപോകുന്നു. കൂടുതല്‍ മികവാര്‍ന്ന കഥകളുമായി  കല്ലുവെയ്ക്കാത്ത നുണകള്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

കൊച്ചുത്രേസ്യയുടെ ലോകം ഒരിടവേളക്ക് ശേഷം വീണ്ടും ബ്ലോഗിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ക്ഷണിക്കാതെ വന്ന അതിഥി എന്ന അനുഭവക്കുറിപ്പുമായാണ്  ഈ തവണ
കൊച്ചുത്രേസ്യ എത്തിയിരിക്കുന്നത്. സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും കൂടെ കൊണ്ടുനടക്കുകയും  മറവിമൂലം നഷ്ടപ്പെടുകയും ചെയ്ത ലാപ്ടോപ്പിന്‍റെ പിറകെ പോയ പൊല്ലാപ്പുകളാണ്  ക്ഷണിക്കാതെ വന്ന അതിഥി. ഒരിടവേളക്ക് ശേഷം തിരിച്ചുവന്ന കൊച്ചുത്രേസ്യയുടെ ലോകം പക്ഷെ പഴയ പോസ്റ്റുകളുടെ നിലവാരത്തിലേക്ക് എത്തിയോ എന്ന് സംശയം. ഒതുക്കി പറഞ്ഞിരുന്നു എങ്കില്‍ ഒന്നുകൂടെ നന്നാക്കാന്‍ കഴിയുമായിരുന്നു 'ക്ഷണിക്കാതെ വന്ന അതിഥി'.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചുവരവ്  ഗംഭീരമാക്കിയ ബ്ലോഗാണ്  കടലാസ്. മുഹമ്മദ് കുഞ്ഞി തേജസ്‌ ദിനപത്രത്തില്‍ എഴുതിയ പീഡനം നേരിടുന്ന നമ്മുടെ കുട്ടികള്‍ എന്ന
ലേഖനം ശിശുദിനത്തിലെ ചില വേറിട്ട ചിന്തകള്‍ പങ്കുവെക്കുന്നു. ശിശുദിനം എന്ന പേരില്‍ എല്ലാ വര്‍ഷവും നാം ആഘോഷിക്കുമ്പോഴും, കാണാതെപോകുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനവും ലൈംഗിക അതിക്രമവും നാള്‍ക്കുനാള്‍ പെരുകി വരുന്നു. ബാലവേലകള്‍ നിയമത്തിന്റെ കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. തെരുവുകുട്ടികള്‍ മാത്രമായിരുന്നു ഒരു കാലത്ത് ഇത്തരം പീഢനങ്ങള്‍ക്ക്  ഇരയായിരുന്നത് എങ്കില്‍ ഇന്നത്തെ അണുകുടുംബത്തിന്റെ അകത്തളത്തില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല. ഇത്തരം  ചിന്തകളിലൂടെ കടന്നു പോകുന്നു ഈ ലേഖനം.

കനപ്പെട്ട ലേഖനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ, ബാബു സി കെ എഴുതുന്ന മനുഷ്യചരിതങ്ങള്‍ അധികമാരും കാണാതെപോയ ഒരു ബ്ലോഗാണ്. പ്രതിപാദിക്കാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ ബ്ലോഗ്‌. ആനുകാലികവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചൂടേറിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പല ബ്ലോഗുകളും
കാരണമാവാറുണ്ട്. ഒരുപക്ഷേ ഈ ബ്ലോഗില്‍ അധികമാരും എത്തിപ്പെടാത്തതു കൊണ്ടാവാം ഇത്തരം ചര്‍ച്ചകള്‍ നടക്കാത്തത്. ഏറ്റവും അവസാന പോസ്റ്റായ മാനിഫെസ്റ്റോയിലെ പത്തു കല്‍പ്പനകള്‍ എന്ന ലേഖനം ചര്‍ച്ചകള്‍ ഒന്നുമില്ലാതെ, ആരും കാണാതെ പോയോ?

 മലയാളം ന്യൂസ് ദിനപ്പത്രത്തില്‍ ഈ വാരം പ്രസിദ്ധീകരിച്ച ചെറിയ ലേഖനമായിരുന്നു വട്ടൂസ് ബ്ലോഗില്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ എഴുതിയ പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍. നിതാഖാത്ത് നിയമം വന്നതു മൂലം പ്രവാസത്തിനു വിരാമമിട്ട് നാടുപിടിക്കേണ്ടി വന്ന പഴയ കൂട്ടുകാരുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു ഈ കുറിപ്പ്. നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍, ജീവിത സായാഹ്നത്തില്‍ എത്തിയിട്ടും പ്രാരാബ്ധങ്ങളില്‍ പ്രവാസത്തിന്റെ
കുപ്പായമണിയാന്‍ നിര്‍ബന്ധിതരായവരാണവര്‍. നിയമത്തിന്റെ കണ്ണില്‍ അനധികൃതരായി ജീവിക്കുന്ന, നിയമപാലകർ ഒരുക്കുന്ന വലകളിൽ കുടുങ്ങാതെ ഊടുവഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തിനു മേൽക്കൂര പണിയാൻ പാട് പെട്ട ഒരു കൂട്ടം പ്രവാസികള്‍ . പപ്പടക്കാരന്‍ കുഞ്ഞാക്കയും വാഹനം കഴുകുന്ന പോക്കുകാക്കയുമൊക്കെ ഇവരില്‍ ചിലര്‍ മാത്രം. അടുത്തിടെ വട്ടൂസ് ബ്ലോഗില്‍ വായിച്ച നല്ല പോസ്റ്റ്‌.

ബ്ലോഗുലോകത്ത് സന്തോഷം നല്‍കുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ദേഹാന്തരയാത്രകള്‍      (നോവല്‍  - വിഢിമാന്‍),    ആപ്പിള്‍ (കഥകള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍), കഥമരം പി.ഒ-13 (കഥാമല്‍സരവിജയികളുടെ സമാഹാരം) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും  കഥ-കൃതി സംയുക്തമത്സരവിജയികള്‍ക്കുള്ള പുരസ്കാരദാനവും.  എറണാകുളത്ത്  കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നവംബര്‍ 16നു വൈകിട്ട് 
കൃതി ബുക്സിന്റെ  ഡയറക്ടര്‍ ശ്രീ. യൂസഫ് കൊച്ചന്നൂരിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്നതും  പ്രശസ്തനിരൂപകനും വാഗ്മിയുമായ ശ്രീ.എം.കെ.ഹരികുമാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചതുമായ പ്രൌഢഗംഭീരമായ ചടങ്ങില്‍  വച്ച്, കഥാകൃത്ത് ശ്രീ.ബഷീര്‍ മേച്ചേരിയില്‍ നിന്നും പുരസ്കാര ജേതാക്കളായ ശ്രീ.നിധീഷ്.ജി, ശ്രീമതി.ഹര്‍ഷ മോഹന്‍ സജിന്‍, ശ്രീമതി. സോണി എന്നിവര്‍  അവാര്‍ഡ് ഏറ്റു വാങ്ങി. വിശദ വിവരങ്ങള്‍ ഇവിടെ.

എഴുത്തും വായനയും പുസ്തകങ്ങളുമായി വായനയുടെ ലോകം വിശാലമാവുകയാണ്. വായിക്കുകയും ആ വായനാനുഭവം പങ്കുവെക്കുകയും ചെയ്യുക എന്ന ധര്‍മ്മം കൂടി സോഷ്യല്‍ മീഡിയകളില്‍ക്കൂടി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ തിരിച്ചുകിട്ടുന്നത് അറിവിന്റെയും വായനയുടെയും  പൂക്കാലവും. ഇത്തരം സാധ്യതകള്‍ അവഗണിക്കാതെ അവയെയും കൂടെ നിര്‍ത്തുക എന്നതാവട്ടെ ഓരോ വായനാപ്രേമിയുടെയും ലക്‌ഷ്യം, അതിനായിരിക്കട്ടെ ഇനിയുള്ള ഓരോ ശ്രമവും. കൂടുതല്‍ നല്ല ബ്ലോഗുകള്‍ പരിചയപ്പെടാന്‍ അടുത്ത ലക്കത്തിനായി കാത്തിരിക്കുക. വായനയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് വായനക്കാര്‍ക്ക് തോന്നുന്ന ബ്ലോഗുകള്‍  വരികള്‍ക്കിടയിലേക്ക് കൂടി പകര്‍ന്നു നല്‍കുമല്ലോ.


----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil


Saturday, November 9, 2013

നിന്നവരും പോയവരും.!!



ദിവസവും നൂറു കണക്കിന് പുതിയ ബ്ലോഗുകള്‍ പിറക്കുന്നു, അതേ അളവില്‍ത്തന്നെ നിലവിലുള്ള പല ബ്ലോഗുകളും നിശ്ചലമാവുകയും ചെയ്യുന്നു. എഴുതുകയും വായിക്കുകയും ചെയ്യുക എന്നത്  അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് എന്നും ഹരമാണ്. അതുകൊണ്ടുതന്നെ ഇ-എഴുത്തിന്റെ പ്രസക്തിയും വര്‍ദ്ധിച്ചുവരുന്നു. 'വായന മരിക്കുന്നു' എന്നത് ഒരു കാലത്ത് പരക്കെ കേട്ട നിലവിളിയായിരുന്നു. ബ്ലോഗുകളും ഫേസ്‌ബുക്കും കൂടുതല്‍ സജീവമായതോടെ  അങ്ങനെയൊരു ആരോപണം എവിടെയോ പോയ്മറഞ്ഞു എന്ന് വേണം കരുതാന്‍ . ചില തിരിച്ചുവരവുകള്‍ നടത്തിയ ബ്ലോഗുകളിലൂടെ 'വരികള്‍ക്കിടയില്‍' വായിച്ചു തുടങ്ങുന്നു.  ഇത്തരുണത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട്, ബ്ലോഗുകളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായും, ബ്ലോഗിംഗിലേക്ക് കടന്നുവരുന്നവര്‍ക്ക് കൂടുതല്‍ സജീവമാകാന്‍ ഊര്‍ജ്ജം പകരുന്നതുമായ ഒരു നല്ല ലേഖനമായ,  മജീദ്‌ നാദാപുരത്തിന്‍റെ കഴിഞ്ഞവാരം ഇറങ്ങിയ "പ്രവാസ ലോകവും മലയാളം ബ്ലോഗേര്‍സും" എന്ന പോസ്റ്റിന് പ്രസക്തിയേറുന്നു.

ആദ്യാക്ഷരം കുറിച്ച് അറിവിന്റെ മഹാസാഗരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നവരാണ് അധ്യാപകര്‍. മാതാവിനെയും പിതാവിനെയും ഗുരുക്കന്മാരേയും ദൈവതുല്യമായി  കാണണമെന്നുമാണ്. ജീവിതവഴികളില്‍ നാം മറക്കാത്ത മുഖങ്ങളില്‍ അതുകൊണ്ടുതന്നെയാണ് മനസ്സിനെ സ്വാധീനിച്ചവരായി നമ്മുടെ അധ്യാപകര്‍ മാറുന്നത്. ഒരിടവേളയ്ക്ക് ശേഷം വായനാ ലോകത്തേക്ക് മടങ്ങിയെത്തിയ ബ്ലോഗാണ്  "തങ്ങള്‍സ്". സ്കൂള്‍ജീവിതത്തില്‍ ഏറെ ആദരവോടെ കണ്ടിരുന്ന അധ്യാപകനെക്കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയാണ് കാസിം തങ്ങള്‍ തന്റെ രണ്ടാം വരവ് അറിയിച്ചത്. കര്‍ക്കശക്കാരനായ അധ്യാപകന് അന്നത്തെ സഹപാഠികള്‍ നല്‍കിയ വിളിപ്പേരായിരുന്നു "കണ്ണുരുട്ടി മാഷ്‌". അധ്യാപനമികവുകൊണ്ട് മാത്രമായിരുന്നില്ല മാഷ്‌ ശ്രദ്ധിക്ക
പെട്ടിരുന്നത് , രാഷ്ട്രീയ ചേരിതിരിവുകള്‍ മൂലം കലാപകലുഷിതമായ കലാലയത്തില്‍ സമാധാനത്തിന്‍റെ സമവായം കൊണ്ടുവരുന്നതില്‍ എന്നും മുന്‍നിരയിലായിരുന്നു എന്നത് കൊണ്ട് കൂടിയായിരുന്നു.ഒരംഗീകാരവും തേടിയെത്താത്ത ഈ  മാതൃകാധ്യാപകന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍. ഇത്തരം അനുഭവങ്ങള്‍ കോറിയിട്ട ഒരു പോസ്റ്റ്‌ അതേ മാഷ്‌  വായിക്കുകയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ ഒരു തുടര്‍ച്ചയെന്നോണം അതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ്‌ ഒരു മാസത്തിനു ശേഷം വന്ന ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങള്‍ എന്ന പോസ്റ്റില്‍ തങ്ങള്‍. പ്രശസ്തിക്കു പിന്നാലെ പോവാതെ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ ഒതുങ്ങിനിന്ന "കണ്ണുരുട്ടി മാഷിന്", വളര്‍ച്ചയുടെ പടവുകളിലും വന്നവഴി മറക്കാത്ത ഒരു ശിഷ്യന്റെ ഗുരുദക്ഷിണ.

ഗുരുസ്നേഹം പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ആദ്യം പറഞ്ഞത്  ഒരു അനുഭവക്കുറിപ്പായിരുന്നു എങ്കില്‍ ഇനി പരിചയപ്പെടുത്തുന്നത്  ഒരു ഗുരുസ്നേഹത്തിന്‍റെ കഥയാണ്‌, ഉദയപ്രഭന്‍  എന്ന ബ്ലോഗിലെ  "നിഴലുകള്‍" എന്ന കഥ. വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്ന കഥാനായകന്‍ , ആദ്യാക്ഷരങ്ങള്‍ കുറിച്ചുതന്ന് കൈവിരല്‍ പിടിച്ച് പളളിക്കൂടത്തിലേക്ക് നടത്തിയ പത്മിനി ടീച്ചറെ തേടിപ്പോകുന്ന യാത്രയാണ് പ്രമേയം. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ കഥ ശരാശരി നിലവാരത്തിലുള്ള ഒന്നാണ് എന്നുപറയാം. പ്രമേയം ഇഷ്ടമായി എങ്കിലും ഒന്ന് കൂടി ഹോംവര്‍ക്ക് ചെയ്‌താല്‍ ഇത് കൂടുതല്‍ മനോഹരമാക്കാമായിരുന്നു എന്ന് തോന്നുന്നു. വാക്കുകള്‍ തമ്മില്‍ അകന്നുനില്‍ക്കുന്നതും
അക്ഷരത്തെറ്റുകളും കഥയുടെ ശോഭ കെടുത്തുന്നുണ്ട്. പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് പലയാവര്‍ത്തി വായിച്ചിരുന്നുവെങ്കില്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.  ഉദയപ്രഭന്‍ ഒരു വര്‍ഷത്തോളമായി ബ്ലോഗ്‌ രംഗത്തുണ്ട് എങ്കിലും അധികമാരും ഈ ബ്ലോഗ്‌ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഈ കഥയേക്കാള്‍ വായനയില്‍ ഇഷ്ടമായ മറ്റൊരു  പോസ്റ്റ്‌ ഇതിനു തൊട്ടുമുമ്പ് എഴുതിയ ശാന്തി എന്ന അനുഭവക്കുറിപ്പാണ്. മരണം തൊട്ടുമുന്നില്‍ കാണുമ്പോഴും നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെടുന്നവരാണ് ലോക്കോ പൈലറ്റുമാര്‍. ഒരു ട്രയിന്‍ ബ്രേക്ക് ചെയ്‌താല്‍ ഏറ്റവും ചുരുങ്ങിയത് നാനൂറുമീറ്റര്‍ എങ്കിലും കഴിഞ്ഞേ അത് നില്‍ക്കൂ, അപ്പോഴേക്കും ട്രയിന്‍ തട്ടിയവരെ മരണം കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാവും. തൊട്ടു മുന്നില്‍ ഇങ്ങിനെയൊരു ദുരന്തം നടക്കുമ്പോള്‍ ഒരു ലോക്കോ പൈലറ്റിന്റെ മാനസികാവസ്ഥയെന്താവും? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഉദയന്‍ ഈ കുറിപ്പില്‍ക്കൂടി. 


ഇനി അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ നല്‍കുന്ന ഒരു മാഷിന്റെ നേട്ടത്തെക്കുറിച്ച് പറയാം. ചെറുതും വലുതുമായ അറുനൂറിലധികം പോസ്റ്റുകള്‍  ബൂലോകത്തിന് സമ്മാനിച്ച, ബ്ലോഗുകള്‍ ജനകീയമാക്കുന്നതില്‍ ഒരു കാലത്ത് ചെറുതല്ലാത്ത പങ്കുവഹിച്ച അരീക്കോടന്‍ മാഷിനെത്തേടി വന്ന ഒരു വലിയ അംഗീകാരമാണ്, ഇന്ത്യയിലെ ഏറ്റവും നല്ല പത്ത് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരില്‍ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒരവാര്‍ഡായ 

ഇന്ദിരാ ഗാന്ധി NSS അവാര്‍ഡ് ശ്രീ. ആബിദ് അരീക്കോടിനും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിനും ലഭിക്കും. നവംബര്‍ 19 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി അവാര്‍ഡ് ദാനം
നിര്‍വ്വഹിക്കുന്നു. സമൂഹനന്മ വാക്കുകളില്‍ മാത്രം ഒതുക്കാതെ ജീവിതത്തിലും ആത്മാര്‍ത്മായി കൊണ്ടുനടക്കുന്ന അരീക്കോടന്‍ മാഷിന് വരികള്‍ക്കിടയില്‍  കൂടി വാക്കുകളിലൊതുങ്ങാത്ത അഭിനന്ദനങ്ങള്‍.

കഴിഞ്ഞ പോസ്റ്റില്‍ വന്ന ഒരഭിപ്രായമായിരുന്നു "ബ്ലോഗിന്‍റെ കാലം ഏകദേശം അവസാനിക്കാറായിരിക്കുന്നു" എന്നത്. ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ വരുന്നില്ല എന്നോ, നല്ല പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നോ ഒക്കെയുള്ള  പരിഭവത്തില്‍, ബ്ലോഗിനെയും എഴുത്തിനെയും ഏറെ സ്നേഹിക്കുന്നവരുടെ ആശങ്കയായി അതിനെ വരികള്‍ക്കിടയില്‍ നിരീക്ഷിക്കുന്നു.  ഇവിടെ ഈ ബ്ലോഗ്‌ ശ്രദ്ധിക്കുമല്ലോ, ഒരു മാസത്തില്‍ 28 പോസ്റ്റുകള്‍, ഒരു വര്‍ഷത്തില്‍ 208 പോസ്റ്റുകള്‍...! അതായത് മിക്ക ദിവസവും ഓരോ പോസ്റ്റ്‌ എന്ന രീതിയില്‍,രചനകളിലധികവും 
ഉന്നത നിലവാരം പുലര്‍ത്തുന്നവയും. ആശയദാരിദ്ര്യമോ വിഷയ ദൗര്‍ലഭ്യമോ ഒന്നും പിടികൂടാതെ ഒരു വര്‍ഷം കൊണ്ട് ഇത്രയും പോസ്റ്റുകള്‍ എഴുതുക എന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയം ഈ ബ്ലോഗ് ഇതുവരെ വളരെ കുറച്ചുപേര്‍ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ എന്നതാണ്. തൊട്ടു മുന്നിലെ പോസ്റ്റില്‍ പറഞ്ഞ "അധികമാരും  അറിയാതെ പോകുന്ന നല്ല ബ്ലോഗുകള്‍" എന്ന വിഭാഗത്തിലേക്ക് ഒരു ഉദാഹരണമായി ബൈജു മണിയങ്കാലയുടെ  "നിശ്വാസം" മാറ്റി നിര്‍ത്താം. തുടരെത്തുടരേയുള്ള  പോസ്റ്റുകളുടെ  പ്രളയം കൊണ്ടാവണം പലതിലും ചെറിയ ചെറിയ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് കാണാം. അക്ഷരങ്ങള്‍ അല്‍പ്പം കൂടി വലുതാക്കിയാല്‍  വായനാസുഖം കൂടും എന്നും തോന്നുന്നു. ഈ ബ്ലോഗിലേക്ക് 'വരികള്‍ക്കിടയില്‍' കടന്നുവരുന്നതുതന്നെ ബൈജു മണിയങ്കാല മറ്റൊരു ബ്ലോഗില്‍ എഴുതിയ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടതിനു ശേഷമാണ്. കഥയും കവിതയും ഇഷ്ടപ്പെടുന്നവര്‍ക്ക്  കടന്നുചെന്നാല്‍ നഷ്ടമാവില്ല എന്നുറപ്പുള്ള ഒരു ബ്ലോഗ്‌. 

കൂടുതല്‍ പോസ്റ്റുകള്‍ എഴുതിയ ഒരു ബ്ലോഗിനെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത് എങ്കില്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമെഴുതി തിരക്കിനിടയിലും എഴുത്തും വായനയും കൈവിടാത്ത ഒരു ബ്ലോഗറെ പരിചയപ്പെടുത്താം. എവിടെത്തിരിഞ്ഞൊന്നു  നോക്കിയാലും അവിടെല്ലാം മലയാളിക്കൂട്ടം കാണാം എന്നാണല്ലോ പുതുമൊഴി.  ആഫ്രിക്കയിലെ ഘാനയില്‍ അന്നം തേടിയെത്തിയ 'ആഫ്രിക്കന്‍ മല്ലു'  ഏറെ കാത്തിരിപ്പിനുശേഷം ഘാനയിലും മലയാളം ചാനല്‍ കിട്ടിയ  സന്തോഷം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റുമായാണ് വന്നിരിക്കുന്നത്. ചാനലുകളുടെ അതിപ്രസരത്തില്‍ പുതിയൊരു ടെലിവിഷന്‍ സംസ്കാരം ഉടലെടുക്കുന്നു എന്ന് പറയാതെ വയ്യ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടിയ ചാനലിലെ വാര്‍ത്തകള്‍ കാണുമ്പോള്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുവോ എന്ന്  ന്യൂസ് ഹവര്‍ കണ്ടു മടുത്ത "വായനക്കാര്‍"  ആ കുറിപ്പില്‍ ആശങ്കപ്പെടുന്നു. ചെറുതെങ്കിലും നന്നായി അവതരിപ്പിച്ച പോസ്റ്റിലും ചില അക്ഷരത്തെറ്റുകള്‍ കാണുന്നു.

ഒരിടവേളക്കു ശേഷം ബ്ലോഗിലേക്ക്  നല്ലൊരു കഥയുമായി തിരിച്ചു വന്നിരിക്കുകയാണ് ഷബീര്‍
തിരിച്ചിലാന്‍. "സ്വകാര്യതയുടെ മാലിന്യങ്ങള്‍" എന്ന കഥ ശ്രദ്ധിക്കപ്പെടുന്നത്  കഥയുടെ  അവസാനഭാഗത്തെക്കുറിച്ച് വായനക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറയുന്നതിലൂടെയാണ്. കഥാന്ത്യം ഇങ്ങനെയായിരുന്നുവെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു എന്ന്  വായനക്കാരെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിയുക എന്നത്  ആ കഥ അവര്‍ക്ക്  സ്വീകാര്യമായി എന്നതിന്റെ സൂചനയാണ്. ഇവിടെ അഭിപ്രായങ്ങളില്‍ പലരും ആ കഥയുടെ അവസാനത്തെക്കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ അവരുടെ ഭാവനയില്‍ കുറിച്ചിട്ടിരിക്കുന്നു. ബ്ലോഗില്‍ മുമ്പും ശ്രദ്ധേയനായിരുന്ന എഴുത്തുകാരനാണ്‌ ഷബീര്‍ തിരിച്ചിലാന്‍. ബ്ലോഗിലേക്ക് വീണ്ടും സജീവമായതിന് അഭിനന്ദനങ്ങള്‍.

ഒരുകാലത്ത് മനസ്സില്‍  തങ്ങുന്ന ഒരുപാട്  കഥകള്‍ നല്‍കി തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞ ചില ബ്ലോഗുകളെ പരിചയപ്പെടാം. നിലവാരമുള്ള കഥകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗായിരുന്നു ജാസ്മിക്കുട്ടിയുടെ "മുല്ലമൊട്ടുകള്‍. 2012ല്‍ പൂച്ച എന്ന കഥ വന്നതിനുശേഷം  ഈ ബ്ലോഗില്‍ പിന്നീട് ഒന്നും എഴുതിക്കണ്ടില്ല. എങ്കിലും ഈ ബ്ലോഗിലേക്ക് ഇപ്പോഴും വായനക്കാര്‍ എത്തുന്നുണ്ട്.
മുല്ലമൊട്ടുകള്‍ക്ക് പുറമേ അസര്‍മുല്ല , ജീവിത ഗാഥ എന്നീ ബ്ലോഗുകള്‍ കൂടി ജാസ്മിക്കുട്ടി എഴുതിയിരുന്നു. ജീവിതഗാഥ എന്ന ബ്ലോഗില്‍ ഒരു തുടര്‍ക്കഥ പത്താം ഭാഗം വരെ എഴുതി മുഴുമിക്കാതെയാണ് ഈ ബ്ലോഗ്‌ നിര്‍ജ്ജീവമായത്. കഥയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ബ്ലോഗിലെ കഥകള്‍ നിരാശ നല്‍കില്ല.

വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധേയനായ ബ്ലോഗറായിരുന്നു  ഖാദു. ആരറിയാന്‍ എന്ന ബ്ലോഗ്‌ എല്ലാവരും അറിഞ്ഞു തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു. വളരെ സെലക്ടീവ് ആയിമാത്രം എഴുതുകയും ധാരാളം ബ്ലോഗുകളില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്ന ഈ ബ്ലോഗിലും മികച്ച കഥകള്‍ പിറന്നിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരം
സന്ദര്‍ശകരും 180 നടുത്ത് ഫോളോവേഴ്സുമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് 'ആരറിയാന്‍' നിന്നു പോയത്. ഒരു ഓണ്‍ലൈന്‍ കഥാമത്സരത്തിനു വേണ്ടി തയ്യാറാക്കിയ  കഥ "വിളതിന്നുന്ന വേലികള്‍" കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ബൂലോകത്തേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ ഈ ബ്ലോഗര്‍ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ നേരിടുന്ന അനീതികള്‍ക്കും അവഗണനയ്ക്കും അക്ഷരങ്ങളില്‍ക്കൂടി ശക്തമായി പ്രതികരിച്ചിരുന്ന ബ്ലോഗര്‍ ആയിരുന്നു ലിപി രഞ്ജു. ചെറിയ ലിപികള്‍ എന്ന ബ്ലോഗില്‍ ഇതുപോലെ നിരവധി പ്രതികരണങ്ങള്‍ കാണാം. മുകളില്‍ പറഞ്ഞപോലെ, സജീവമായി നിന്നിരുന്ന ഈ ബ്ലോഗറും വളരെ പെട്ടന്നായിരുന്നു
'ചെറിയ ലിപികള്‍' വിട്ടു പോയത്. ഒരു അഡ്വക്കറ്റ് കൂടിയായിരുന്ന ലിപിയുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ തന്നെയായിരുന്നു പല പോസ്റ്റിലും പ്രതികരണമായി വന്നുകൊണ്ടിരുന്നത്. സ്വന്തം ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും സജീവമായിരുന്ന 'ചെറിയ ലിപികള്‍' ഒരു വര്‍ഷം കൊണ്ട് 11 പോസ്റ്റുകളില്‍ 342 ഫോളോവേഴ്സിനെ നേടി. പ്രവാസത്തിന്‍റെ തിരക്കില്‍പ്പെട്ട് തല്‍ക്കാലം ബ്ലോഗ്‌ വിട്ടുപോയ ഇവര്‍ വീണ്ടും സജീവമാകും എന്ന് പ്രതീക്ഷിക്കാം .

ജനോപകാരപ്രദമായ കുറുച്ചു പോസ്റ്റുകള്‍ സമ്മാനിച്ച് നമുക്കിടയില്‍നിന്നും കഴിഞ്ഞയാഴ്ച വേര്‍പിരിഞ്ഞുപോയ ശ്രീ .ബോബന്‍ ജോസഫിന് ആദരാഞ്ജലികള്‍. ബൂലോകത്തില്‍  അധികമാരും ശ്രദ്ധിക്കാത്ത ബ്ലോഗര്‍ ആയിരുന്നു ശ്രീ. ബോബന്‍ ജോസഫ്.  ബോബന്‍ ജോസഫ്‌ , മനസും ആരോഗ്യവും,പ്രപഞ്ചോത്ഭവം ഒരു ജ്യോതിശാസ്ത്ര വീക്ഷണം, പച്ച ഗ്രാമങ്ങള്‍,  How to be in GoodLifestyle, BJK HEALTH &LIFESTYLES ജ്യോതിഷവും ജ്യോതിശാസ്ത്രവും - സത്യം കണ്ടെത്തുക,  എന്റെ ഗ്രാമംഎന്റെ കഥകള്‍, ശരീരവും ആരോഗ്യവും, GOD'S OWN DREAM-KERALA, മരതകം എന്നിങ്ങനെ 12 ബ്ലോഗുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അകാലവേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു.

 ആയിരക്കണക്കിന് ബ്ലോഗുകളിലായി നൂറു കണക്കിന് പോസ്റ്റുകള്‍ ഓരോ ദിവസവും ഇ-ലോകത്തേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ വരികള്‍ക്കിടയിലൂടെയുള്ള വായന വളരെ പരിമിതമാണ്. മുകളില്‍ പരാമര്‍ശിച്ച ബ്ലോഗുകളെക്കാള്‍ നല്ല പല ബ്ലോഗുകളും വിട്ടുപോയിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധേയമായത് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ബ്ലോഗുകള്‍ താഴെ കാണുന്ന ഇ-മെയില്‍ ഐഡിയിലോ ഫേസ്‌ബുക്കില്‍ മെസേജ് ആയോ അറിയിക്കുമല്ലോ.  മറ്റൊരു വിഷയവുമായി അടുത്ത ലക്കത്തിനായി കാത്തിരിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ 'വരികള്‍ക്കിടയില്‍' ഏറെ വിലമതിക്കുന്നു. 
എഴുതിയത് - ഫൈസല്‍ ബാബു , 
സഹായം - സോണി, പ്രദീപ്‌ കുമാര്‍ 

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

Sunday, November 3, 2013

ഒരു കമന്റില്‍ എന്തിരിക്കുന്നു....?!?!?!




ഉന്നതനിലവാരമുള്ള രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും എന്നാല്‍ അവയില്‍ പലതും ആരുമാരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും...?

അച്ചടിമഷി പുരളുന്ന പ്രിന്റ്‌ മീഡിയ രംഗത്ത്‌, എഴുത്ത് എന്ന കടമയ്ക്കപ്പുറം പ്രിന്റിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ ചെയ്യാന്‍ പ്രഗല്‍ഭരായ ആളുകള്‍ ഉണ്ടാവുമ്പോള്‍  ഇവയെല്ലാം ഒരാള്‍ തന്നെ ചെയ്യേണ്ട വലിയ ഉത്തരവാദിത്വമാണ് ബ്ലോഗറുടെ ചുമലുകളില്‍. ഒരു കഥയോ കവിതയോ എഴുതി പബ്ലിഷ് ചെയ്തിട്ട് അതാരും വായിക്കുന്നില്ല എന്ന് പരിഭവിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പ്രസാധനത്തിനു പുറമേ വിതരണം എന്ന ജോലി കൂടി ചെയ്യുമ്പോള്‍ മാത്രമാണ് അത് നാലുപേര്‍ അറിയുന്നതും വായനയും ചര്‍ച്ചയും സാധ്യമാവുന്നതും. 

പ്രിന്റ്‌ മീഡിയയെ അപേക്ഷിച്ച് വായനക്കാരന്റെ പ്രതികരണം എളുപ്പത്തില്‍ എഴുത്തുകാരന് ലഭിക്കുന്നു എന്നതിനാല്‍ ബ്ലോഗില്‍ വരുന്ന അഭിപ്രായത്തിന് പിന്നീട് വരുന്ന സൃഷ്ടിയെ മികവുറ്റതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. എന്നാല്‍ അഭിപ്രായങ്ങള്‍ വെറും കൊടുക്കല്‍-വാങ്ങലുകള്‍ മാത്രമാണ് എന്നത് പൊതുവേ പറഞ്ഞു വരുന്ന വിമര്‍ശനമാണ്. ബ്ലോഗ്‌ എഴുത്തില്‍ കമന്റിനുള്ള പ്രാധാന്യമെന്ത്? അവ എത്രത്തോളം പ്രോത്സാഹനജനകമാണ്? ബൂലോകത്തെ ചില ബ്ലോഗര്‍മാരുടെ പ്രതികരണങ്ങളിലേക്ക്...


Siyaf Abdulkhadir
മാര്‍ക്കറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒരു പണിയല്ല. എഴുതുന്നവര്‍ക്ക് അത് ഒന്നുവന്ന് വായിച്ചുതരണേ എന്ന് പറയേണ്ടിവരുന്നത് ഒരു ഗതികേടല്ലേ? അതുമല്ല, വായന ഒരുതരം കടമ തീര്‍ക്കലും കൂടിയാണ്. വായിക്കുന്നവര്‍ വായനയോടുള്ള അഭിനിവേശം കൊണ്ട് വായിക്കുമ്പോളാണ് എഴുത്തുകാരന് ആത്മസംതൃപ്തി ഉണ്ടാകുക. സത്യസന്ധമായ കമന്റ്‌ എഴുതിയാല്‍ തിരിച്ച് കമന്റ്‌ അല്ല, തെറിയായിരിക്കും വരിക, ഇന്‍ബോക്സില്‍. ഗ്രൂപ്പുകള്‍ വന്നപ്പോഴാണ് എനിക്ക് വായനക്കാര്‍ ഉണ്ടായത്. പിന്നെ ഇപ്പോഴുള്ള കമന്റ്‌ ക്ഷാമം, ബ്ലോഗ്‌ മാന്ദ്യം ഒക്കെ അത്ര കാര്യമായി എടുക്കേണ്ട, കാരണം ഒരു പരിധി വരെ അത് തങ്ങളുടെ മാധ്യമത്തോടുള്ള ബ്ലോഗര്‍മാരുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചതുകൊണ്ടാണ് എന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെ വായില്‍ തോന്നിയത് ഒക്കെ എഴുതാന്‍ പറ്റുന്ന സ്ഥലമല്ല ബൂലോകം എന്ന ബോധ്യം നല്ലതാണ്, അത് നിലവാരം ഉയര്‍ത്താന്‍ സഹായിക്കുക തന്നെ ചെയ്യും.
ബ്ലോഗുകള്‍  -
ആമിയുടെ ചിത്ര പുസ്തകം ..
അച്ചുവിന്‍റെ കഥവണ്ടി

Rosili Joy

 ഇന്റര്‍നെറ്റിന്റെ ഒരു മൂലയില്‍ ഒരാള്‍ ഇരുന്ന് എന്തെങ്കിലും എഴുതിയാല്‍ ആരറിയാന്‍..? അപ്പോള്‍ 'ദാ...ഞാന്‍ ഇവിടെ ഇരുന്ന് എഴുതുന്നുണ്ട്...' എന്നറിയിക്കാന്‍ മറ്റു ബ്ലോഗുകളിലും വന്നൊന്നു തലകാണിക്കണം. ഈ പുതിയ തല കാണുമ്പോ ഇതേതാ ഈ തല എന്നൊരു കൌതുകം പഴയ തലകള്‍ക്ക് കാണും. അങ്ങനെ വായനക്കാരും എത്തിക്കോളും. എനിക്ക് പുകഴ്ത്തല്‍ കമന്റു വേണ്ട. വിമര്‍ശനമാണ് വായനയില്‍ വന്നതെങ്കില്‍ അതെഴുതൂ എന്ന് ഞാന്‍ എന്റെ കമന്റുപെട്ടിയുടെ മുകളില്‍ എഴുതി വച്ചിട്ടുണ്ട്. നല്ലതെന്നു തോന്നിയാല്‍ മാത്രം മതി നല്ലതെന്ന പറച്ചില്‍. ഒരു തുടക്കക്കാരന്‍/ തുടക്കക്കാരി എങ്കില്‍ സ്നേഹവിമര്‍ശനങ്ങള്‍ ആകാം. തുടക്കക്കാര്‍ കാലംകൊണ്ട് നല്ല എഴുത്തുകാര്‍ ആകുന്നത് ബ്ലോഗിലെ ഒരു സാധാരണ കാഴ്ചയാണ്. എഴുതി വളര്‍ന്നുകഴിഞ്ഞിട്ട് ഒരു മോശം സൃഷ്ടി കണ്ടാല്‍ ആ ബ്ലോഗര്‍ വിമര്‍ശനം അര്‍ഹിക്കുന്നു. അത് തുറന്നുപറയുക തന്നെ വേണം. നല്ലത് കാണുമ്പോള്‍ എത്ര നന്നായി എന്നും പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ലെങ്കില്‍ നിരാശപ്പെടുത്തി എന്നും പറയുന്നതില്‍ എന്താണ് കുഴപ്പം..?
ബ്ലോഗ്‌   - റോസാപ്പൂക്കള്‍


Jefu Jailaf
ബ്ലോഗിലെ സന്ദർശകർ എന്നത്‌ ഫെയ്സ്‌ബുക്കിനെ ആശ്രയിച്ചിരിക്കുന്നു എന്നു തോന്നാറുണ്ട്‌, പ്രത്യേകിച്ചും പുതുമുഖങ്ങൾക്ക്‌. ഇനി പഴയവർ ആണെങ്കിൽ തന്നെയും ഫെയ്സ്‌ബുക്കിൽ എത്ര സജീവമാണ്‌ എന്നതും ഒരു ഘടകമാണ്‌. ഗിവ്‌ ആൻഡ്‌ ടെയ്ക്‌ സിദ്ധാന്തം തന്നെയാണ്‌ ബ്ലോഗ്‌ പരസ്യത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയാതെ വയ്യ:). ഒരു നല്ല പോസ്റ്റ്‌ വായിച്ചാൽ അത്‌ ഫെയ്സ്‌ബുക്കിൽ ഷെയർ ചെയ്യുക എന്ന ഒരു കാര്യം ചെയ്യാൻ ഞാനടക്കം നമ്മൾ പലരുംപിശുക്ക്‌ കാണിക്കുന്നുണ്ട്‌. ആരും കാണാതെ കിടക്കുന്ന നല്ല ബ്ലോഗുകളെ ഈ രീതിയിൽ പരിചയപ്പെടുത്താൻ സാധിക്കും. സ്വയം പരസ്യം ചെയ്യുകയും മറ്റുള്ളവരെ പരസ്യം ചെയ്ത്‌ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌ :). പ്രത്യേകിച്ച്‌ റഫറൻസിനു പോലും മിണ്ടിയാൽ സ്വയം ലിങ്ക്‌ വിതറുന്ന ഇന്നത്തെ സാഹചര്യത്തിൽ.
ബ്ലോഗ്‌  - ചേരുന്നിടം

Ismail Kurumpadi Thanal

നിഷ്പക്ഷമായ അഭിപ്രായം എന്നൊന്നില്ല. വിമര്‍ശിക്കേണ്ടവയെ വിമര്‍ശിക്കുകയും അഭിനന്ദിക്കേണ്ടവയെ അഭിനന്ദിക്കുകയും ചെയ്യണം. പക്ഷെ, ഗാഢമായ സുഹൃത് ബന്ധങ്ങള്‍ പലപ്പോഴും ഇതിനു വിലങ്ങുതടി ആകാറുണ്ട് എന്നത് നേരാണ്. തൊണ്ണൂറുശതമാനവും വിമര്‍ശനം ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അധിക പോസ്റ്റുകളും വിമര്‍ശനത്തിനര്‍ഹമാണ് താനും. അതിനുള്ള പോംവഴി, നമ്മെ (ആരോഗ്യപരമായി) വിമര്‍ശിക്കുന്നവരെ നാം തന്നെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്. അതുവഴി അവരെയും നമ്മുക്ക് 'ഉള്ളത് പറയാന്‍' കഴിയും. പ്രശംസാ കമന്റുകളുടെ കൂമ്പാരത്തിനിടയില്‍ നാം വല്ല നിര്‍ദ്ദേശ-വിമര്‍ശന കമന്റ് ഇട്ടാല്‍ ഒന്നുകില്‍ പോസ്റ്റിന്റെ ഉടമ നീരസപ്പെടുകയോ അല്ലെങ്കില്‍ ആ കമന്റിന്റെ തുടര്‍ച്ചയായി വരുന്ന മറ്റു കമന്റുകള്‍, മേല്‍പ്പറഞ്ഞ കമന്റിന്റെ തുടര്‍ച്ചയായി മാറപ്പെടുകയോ ചെയ്യാറുണ്ട്. ഇത് രണ്ടും ആശാവഹമല്ല. 
ബ്ലോഗ്‌ - തണല്‍

 
നാമൂസ്‌ പെരുവള്ളൂര്‍ 
നല്ല എഴുത്തുകളില്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍  താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്.  
മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്‌. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതേയുള്ളൂ. അതുവഴി പുതിയ എഴുത്തുകളും എഴുത്തുരീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല, ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണ് എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മിലത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്‍വലിയണം ? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം.
ബ്ലോഗ്‌ - തൌദാരം



Joselet Mamprayil Joseph

എഫ്.ബി ബ്ലോഗ്‌ ഗ്രൂപ്പില്‍ വന്നുപെട്ടതുകൊണ്ടാണ് എഴുതുന്നത് നാലാള്‍ അറിഞ്ഞത് എന്നത് സത്യമാണ്. പക്ഷേ രണ്ടു വര്‍ഷം മുന്‍പത്തെ സ്ഥിതിയല്ല ഇപ്പോള്‍. ബ്ലോഗിങ് എന്നത് എഫ്.ബിയില്‍ തന്നെയായാലെന്ത്? - എന്നൊരു സംശയവും പരീക്ഷണവും നടക്കുന്ന സമയമാണ്. ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യപ്പെടുന്നതുമാത്രം ചുരുക്കം ചിലര്‍ ഓടിച്ചൊന്നു വായിക്കുന്നു. (നല്ല വായനക്കാരെ ഉദ്ദേശിച്ചല്ല. പൊതുവേയുള്ള വിലയിരുത്തലാണ്.) നൂറായിരം ബ്ലോഗുകള്‍ ഉള്ള ഇ- ഇടത്തുനിന്നും മുന്‍ പരിചയമുള്ളതോ, താത്പര്യമുള്ളതോ മാത്രം വായിക്കുവാനുള്ള സമയമേ ഇപ്പോഴുള്ളൂ എന്നതാണ് സത്യം. താന്‍ ഒരു മികച്ച എഴുത്തുകാരനാണ്‌ എന്ന് വെളിപ്പെടുത്തേണ്ട കടമ ആ ബ്ലോഗറില്‍ നിക്ഷിപ്തമാണ്. ഒരിക്കല്‍ കഴിവ് തെളിയിച്ചവരെ തേടി വായനക്കാര്‍ എത്തിക്കൊള്ളും എന്നാണ് തോന്നുന്നത്. അതായത് തിരിച്ചുകിട്ടാന്‍ വേണ്ടി എഴുതുന്ന നൂറു കമന്റ്സിനേക്കാള്‍ എഴുത്തിന്റെ മേന്മ കൊണ്ട് ലഭിക്കുന്ന പത്ത് കമന്റ്സുകള്‍. ഒന്ന് ശ്രദ്ധിച്ചാല്‍ ഒരുപാട് എഴുതി പഴകുന്തോറും ചില നല്ല ബ്ലോഗര്‍മാരുടെ കമന്റ്സ് കോളം ചുരുങ്ങിക്കൊണ്ടിരിക്കും. അവര്‍ മേല്‍പ്പറഞ്ഞ വിലപ്പെട്ട പത്ത് അഭിപ്രായങ്ങളില്‍ തൃപ്തരായിരിക്കും. ബ്ലോഗ്‌   - പുഞ്ചപ്പാടം



Manoj Kumar M
ഒരു പോസ്റ്റ്‌ എഴുതി, ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതിലും വലിയ പണിയാണ് അത് മറ്റൊരാളെക്കൊണ്ട് വായിപ്പിക്കുക എന്നത്.. അത് അറിയാവുന്നതുകൊണ്ടുതന്നെ, ഉള്ള സമയത്തില്‍ കണ്ണില്‍ പെടുന്ന പോസ്റ്റുകള്‍ വായിക്കാറുമുണ്ട്. പക്ഷെ പലപ്പോഴും കണ്ടിട്ടുള്ള (എനിക്ക് തോന്നിയതാവാം) ഒരു പ്രവണത കമന്റിനു വേണ്ടി കമന്റിയിട്ട് പോകുന്ന ഒരു രീതിയാണ്‌. ഇത് എന്റെ ബ്ലോഗിനെ പറ്റിയല്ല കേട്ടോ. പല കമന്റുകളും കണ്ടാല്‍ അത് ആ പോസ്റ്റ്‌ വായിച്ചിട്ടാണ് കമന്റിയത് എന്ന് തോന്നാറില്ല. വരവ് അറിയിക്കാനുള്ള ഒരവശിഷ്ടം. സത്യസന്ധമായി കമന്റുകള്‍ നല്‍കണം എന്ന് പലരും പറഞ്ഞു കണ്ടപ്പോള്‍ പറയണം എന്ന് തോന്നി.

Roopesh Ns

തുറന്നു പറഞ്ഞാല്‍ ഇവിടെ വായന കുറവാണ്. എഴുതുകയും പ്രചരിപ്പിക്കുകയുമാണ് പ്രധാനം എന്ന് കാണുന്നു.ഇഷ്ടക്കേടുണ്ടാക്കുന്ന ഒരു കാര്യം പറയട്ടെ, നിലവാരമുള്ള പല എഴുത്തുകാരും പോസ്റ്റ് ഇടുന്ന സമയത്തല്ലാതെ ലിങ്ക് ഇടുന്നത് കാണാറില്ല. പിന്നെ കൂതറ ആണെന്ന് സ്വയം ബോധ്യമുള്ളവരും ലിങ്ക് ഇടാറില്ല. നിലവാരം ഉള്ള പല ബ്ലോഗുകളിലും ആള് കുറവാണ്. ഇവിടെ സത്യസന്ധമായ വായനയും അഭിപ്രായം പ്രകടിപ്പിക്കലും തീരെ ഇല്ല. എന്‍റെ പോസ്റ്റ് വായിക്കാന്‍വേണ്ടി പലയിടത്തും പോകും. വായിച്ചു എന്ന് കാണിക്കാന്‍ ഒരു കമന്‍റു ഛര്‍ദ്ദിക്കും. അദ്ദേഹം തിരിച്ചും അത് തന്നെ ചെയ്യും. അല്ലാത്തവ വളരെ കുറവ്. പിന്നെ ആളെ പിണക്കണ്ട എന്നുകരുതി ഒഴുക്കന്‍ അഭിപ്രായം പറഞ്ഞിട്ട് പോകുന്ന ആത്മവഞ്ചകരോട് എന്ത് പറയാന്‍.


പിന്നെ ഈ പോസ്റ്റിലെ ചോദ്യത്തിലേക്ക് വന്നാല്‍, മാര്‍ക്കറ്റ് ചെയാനുള്ള എളുപ്പവഴികള്‍ പലതും മിക്കവര്‍ക്കും അറിയാം. പ്രധാനപ്പെട്ട ഒരു സംഗതി പ്രശസ്തരായ നിലവാരമുള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ലിങ്ക് ഇട്ട് പ്രൊമോട്ട് ചെയ്യുക എന്നതാണെന്ന് തോന്നുന്നു. ശ്രീ അജിത്‌ നിര്‍ദേശിക്കുന്ന ബ്ലോഗുകള്‍ കണ്ടാല്‍ ഞാന്‍ പോകാറുണ്ട്. എന്തെങ്കിലും കാര്യമായി ഉണ്ടാകും. അംഗീകരിക്കപ്പെട്ട ഒരു ബ്ലോഗര്‍ പ്രൊമോട്ട് ചെയ്യുന്നത് തുടക്കക്കാര്‍ക്ക് ഗുണം ചെയ്യുന്നതായി കാണാറുണ്ട്‌.
ബ്ലോഗ്‌ - വൈക്കത്തുകാരന്‍
Chandu Nair
ബ്ലോഗ്‌  വായന ഇപ്പോൾ വളരെ കുറവാണ് എന്നതു തന്നെയാണ് സത്യം. എല്ലാവരും എഫ്.ബി.യിലേക്ക് കയറിയിരിക്കുകയാ. പണ്ട് നൂറും നൂറ്റമ്പതും കമന്റുകൾ കിട്ടിയിരുന്ന പോസ്റ്റുകളിൽ ഇപ്പോൾ ഇരുപത്തഞ്ചിനു താഴെയേ വായനക്കാർ എത്തുന്നുള്ളൂ. ഈ പ്രവണത ഖേദകരം തന്നെയാണ്. പിന്നെ എനിക്ക് മോശമായി തോന്നിയിരുന്ന ചില പോസ്റ്റുകളിൽ ഞാൻ മുൻപൊക്കെ നിരൂപണ ശൈലിയിൽ കമന്റുകൾ പറഞ്ഞിരുന്നു. കുറെ പേർ പിണങ്ങി. ഇപ്പോൾ പല പോസ്റ്റുകളും വായിച്ചിട്ട് അജിത്ത് പറയ്ന്നതുപോലെ ഒന്നോ രണ്ടോ വാ‍ക്കിലൊതുക്കുകയാണ് പതിവ്. എന്തിനാ ശത്രുക്കളെ ഉണ്ടാക്കുന്നത്. സോദരങ്ങളെ, എഫ്.ബി എന്ന ദന്തഗോപുരത്തിൽ നിന്നും വല്ലപ്പോഴും മണ്ണിൽ ഇറങ്ങിവരിക. ഇവിടെ വ്യക്തിബന്ധങ്ങൾക്ക് നല്ല കെട്ടുറപ്പുണ്ടാകുന്നു. എങ്കിലും രചനകളിൽ കാണുന്ന തെറ്റുകൾചൂണ്ടി കാണിക്കേണ്ടതാണ്. അതിൽ ആരും അരിശപ്പെടരുത്, ഗ്രൂപ്പ് കളിക്കരുത്.
ബ്ലോഗ്‌ - ആരഭി
Cvthankappan Velayudhan

പലര്‍ക്കും രസിക്കില്ല എന്നതാണ് സത്യം. അത് മനസ്സിലാക്കിയപ്പോള്‍ മെല്ലെ തലോടിപോരിക. അപ്പോള്‍ അലട്ടൊന്നുമില്ല. ഫലഭൂയിഷ്ടമായ മണ്ണില്‍ ധാരാളം നവമുകുളങ്ങള്‍ വിടര്‍ന്നുവരുന്നുണ്ട്, വ്യത്യസ്തമായ ധനുസ്സുകളിലായി. കണ്ണില്‍പ്പെടുന്നവയെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും, പഠിച്ചുമനസ്സിലാക്കുകയും ചെയ്യുന്നുണ്ട് നിത്യവും. വളരെ സന്തോഷകരമായ വിശേഷങ്ങളാണ് ഈ യാത്രകളില്‍ എനിക്ക് അനുഭവമാവുന്നത്. വൈശിഷ്ട്യമുള്ള മൊട്ടുകള്‍ ധാരാളം!! ഈ പ്രായത്തിലും ആത്മവിശ്വാസം പ്രദാനം ചെയ്യാനുള്ള പ്രക്രിയയില്‍ മുഴുകാന്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഈ നാമ്പുകള്‍ പ്രേരണ ചെലുത്തുന്നു. അനുകൂലമായ സാഹചര്യത്തില്‍ അവ വളര്‍ന്ന് പൂത്തുപന്തലിച്ച് എങ്ങും സൗരഭ്യം പരത്തുമെന്നത് തീര്‍ച്ചയാണ്, ഇളംപ്രായത്തില്‍ ചൂടേറ്റാല്‍ കരിയുമെന്നതും സത്യമല്ലേ?!! മന്ദമന്ദമുള്ള എന്‍റെ നടത്തത്തിനിടയില്‍ ഒരു തണല്‍ കുളിര്‍കാറ്റ് ഏല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍‌ ധന്യനായി.
ബ്ലോഗ്‌ - കൈലാസ്‌

Ajith Kumar
ബ്ലോഗ് വായന കഴിഞ്ഞ് സമയം വളരെ കുറവാണ് എന്നത് മാത്രമേ ഒരു പ്രശ്നമുള്ളു. ബ്ലോഗ് പോസ്റ്റുകളില്‍ വായനക്കാരെത്തണമെങ്കില്‍ നിങ്ങളും ഒരു വായനക്കാരനാവുക എന്നതാണെന്റെ നിര്‍ദ്ദേശം. അല്ലെങ്കില്‍ ഒരു എളുപ്പവഴി ഒരു ബെര്‍ളിയോ വള്ളിക്കുന്നോ മോഹന്‍ലാലോ ഒക്കെ ആയിത്തീരുക എന്നതാണ്. എന്റെ ഓരോ പോസ്റ്റിനും നൂറും നൂറ്റമ്പതും കമന്റുകള്‍ വരുന്നത് എന്റെ എഴുത്തിന്റെ ഗുണം കൊണ്ടാണെന്ന് വിശ്വസിക്കണമെങ്കില്‍ ഞാന്‍ അത്രയ്ക്കൊരു മണ്ടനായിരിക്കണം. ഞാന്‍ അടിക്കടി പോസ്റ്റ് ചെയ്യാറില്ല. മാത്രമല്ല, വളരെയേറെ ബ്ലോഗുകളില്‍ വായിക്കാനെത്താറുമുണ്ട്. പലതവണ അവരുടെ ബ്ലോഗുകളില്‍ കാണപ്പെടുമ്പോള്‍ ഈ ബ്ലോഗര്‍ കുറെത്തവണയായല്ലോ ഇവിടെ വരുന്നു. എന്നാല്‍ അവിടെ ഒന്ന് ചെന്നുനോക്കട്ടെ എന്ന് ഭൂരിഭാഗം പേരും ചിന്തിക്കും. എന്നാല്‍ അങ്ങനെയൊന്നും ഒരു കുലുക്കവുമില്ലാത്ത ബ്ലോഗര്‍മാരും ഉണ്ട്. സൗഹൃദസന്ദര്‍ശനത്തിന്റെ മടക്കസന്ദര്‍ശനമെന്നല്ലാതെ എഴുത്തിന്റെ സൗരഭ്യത്താല്‍ ആകര്‍ഷിക്കപ്പെട്ടല്ല ഈ സുഹൃത്തുക്കളൊന്നും വരുന്നത്. 
ബ്ലോഗ്‌ - എന്ന് സ്വന്തം 


Viddi Man

 ബ്ലോഗ് എഴുതുന്നവർ അത് മാർക്കറ്റ് ചെയ്യാനും ശ്രമിക്കണം എന്നുതന്നെയാണ് എന്റെ നിലപാട്. ബ്ലോഗേഴ്സ് ഗ്രൂപ്പുകളുടെ പ്രധാന കടമ ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുക തന്നെയായിരിക്കണം. എന്റെ ബ്ലോഗിനു കൂടുതൽ കമന്റുകൾ കിട്ടി തുടങ്ങിയത് ഗ്രൂപ്പിൽ ചേർന്നതിനുശേഷമാണ്. പക്ഷെ ഈയിടെയായി ബ്ലോഗർമാർ പൊതുവേ ഫേസ്ബുക്കിൽ കൂടുതൽ സമയം ചെലവഴിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരെഴുത്തുകാരനായിരിക്കുമ്പോഴും അതിലുപരി നമ്മിലെ മനുഷ്യൻ സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് അതിനു കാരണമായി തോന്നിയിട്ടുള്ളത്. അതിനെയും മറി കടക്കുന്ന രീതിയിൽ 'എഴുതാനുള്ള വിളി' ശക്തമായാലേ ഇന്ന് ബ്ലോഗർമാർ ബ്ലോഗിലേക്ക് കടക്കുന്നുള്ളൂ. 
ബ്ലോഗ്‌ -നിഴൽസ്വപ്നങ്ങൾ , തണല്‍മരങ്ങള്‍


 Jithin Chandrababu
 
സ്വന്തം ബ്ലോഗ്‌ തലയില്‍ ഏറ്റിനടന്ന് വില്പന നടത്തല്‍ ഒന്നും എല്ലാര്‍ക്കും ദഹിച്ചെന്നു വരില്ല. ആ സാഹചര്യത്തില്‍ ബ്ലോഗുകള്‍ പരസ്യം ചെയ്യാന്‍ ഒരു ഇടം ഉണ്ടാകുകയും അവിടെ ചെന്ന് പുതിയ പോസ്റ്റുകള്‍ വായിക്കുന്ന ഒരു ശീലം ഉണ്ടാക്കുകയും ചെയ്യുകയാണ് ആദ്യം വേണ്ടത് എന്ന് തോന്നുന്നു. 
ബ്ലോഗ്‌ - പത്രക്കാരന്‍


Ganga Dharan Makkanneri
ബ്ലോഗ് എഴുതി ആ ബ്ലോഗിനെ ആരെയും അറിയിക്കാതെ ഇരിക്കുന്നത് ഡയറിയില്‍ കവിത കുത്തിക്കുറിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നതുപോലെ ആണ്. അതുകൊണ്ട് കഴിയുന്നത്ര ബ്ലോഗ് പ്രൊമോഷന്‍ ചെയ്യാം. പക്ഷെ അത് കൈനീട്ടി യാചിക്കുന്നതുപോലെ ആകാന്‍ പാടില്ല. എത്ര മാര്‍ക്കറ്റ് ചെയ്താലും എഴുതുന്നതില്‍ കഴമ്പില്ലെങ്കില്‍ ബ്ലോഗ് സന്ദര്‍ശനം നീണ്ടുനില്‍ക്കില്ല.
   ബ്ലോഗ്‌  - നോട്ടം



Pradeep Kumar
ബ്ലോഗ് മാർക്കറ്റിംഗ് എന്ന പ്രയോഗം, ബ്ലോഗെഴുത്ത് ഏതോ കച്ചവടച്ചരക്കിന് തുല്യമാണെന്ന പ്രതീതി ഉണ്ടാക്കുന്നു. ബ്ലോഗുകളിൽ വായിക്കുന്നത് ബൗദ്ധികവ്യായാമത്തിലൂടെ രൂപപ്പെടുന്ന ആശയങ്ങളാണ്. മനസ്സുകളും, മനസ്സുകളും തമ്മിലുള്ള ആശയവിനിമയമാണ് വായനയിലൂടെ നടക്കുന്നത്. അതൊരിക്കലും ഒരു ഉപഭോഗ ഉൽപ്പന്നമല്ല. വായനക്കാരുടെ വൈവിധ്യപൂർണമായ അഭിപ്രായങ്ങൾ കൂടി രേഖപ്പെടുത്തുമ്പോഴേ ബ്ലോഗിൽ എഴുതിയതിന് പൂർണത കൈവരുന്നുള്ളു. എഴുത്തുകാരനും, വായനക്കാരനും തമ്മിലുള്ള ഈ ആത്മനിഷ്ഠസംവാദത്തെ ഒരു കച്ചവടച്ചരക്കിന്റെ വിനിമയത്തോട് ഉപമിക്കുന്ന രീതിയെ ഞാൻ എതിർക്കുന്നു. 

ബ്ലോഗ് മാർക്കറ്റിംഗ് എന്ന പ്രയോഗംതന്നെ ബ്ലോഗെഴുത്തിന്റെ ആത്മാവിനെ കെടുത്തുന്നതാണ്. ഏറെ കണ്ടു വരുന്ന മറ്റൊരു പ്രയോഗമാണ് ലിങ്ക് വിതരണം, ലിങ്ക് ഏറ് എന്നിവ. വായനക്കാരനെ ബ്ലോഗർ ചതിക്കുകയാണ് എന്നൊരു തോന്നലുണ്ടാക്കുന്ന ബാലിശമായ ഒരു പ്രയോഗമായാണ് എനിക്കിത് അനുഭവപ്പെടാറുള്ളത്. 

ബ്ലോഗുകൾ മാർക്കറ്റ് ചെയ്യാനുള്ള വഴി അന്വേഷിക്കുന്നതിനു പകരം, നമ്മുടെ ബ്ലോഗുകളിൽ എഴുതിയതിനെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായമറിയാനുള്ള വഴികൾ എന്തൊക്കെയെന്ന് അന്വേഷിക്കാം. ഇവിടെ എനിക്ക് എന്റേതായ ചില സ്വാർത്ഥതകൾ ഉണ്ട്. വൻകിട എഴുത്തുകാരുടെ ബ്ലോഗുകൾ വായിക്കാറുണ്ടെങ്കിലും ഞാനവിടെ അഭിപ്രായം എഴുതാറില്ല. ചെറുകിട-ഇടത്തരം എഴുത്തുകാരുടെ ബ്ലോഗുകൾ വായിക്കാറും അഭിപ്രായം എഴുതാറുമുണ്ട്. ഇതോടൊപ്പം ചെറുകിട എഴുത്തുകാരനായ ഞാനെഴുതിയതിൽ മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കാറുമുണ്ട്. ഞാൻ പലതവണ വായിച്ച് അഭിപ്രായം അറിയിച്ചിട്ടും, എന്റെ ബ്ലോഗിൽ വരുകയോ, നൽകിയ അഭിപ്രായത്തിന് മറുപടി പറയുകയോ ചെയ്യാത്ത എഴുത്തുകാരുടെ ബ്ലോഗുകളിൽ അഭിപ്രായമെഴുതുന്നത് ഞാൻ പതുക്കെ നിർത്താറുണ്ട്. എന്റെ ബ്ലോഗിന്റെ പ്രചരണത്തിന് മറ്റ് മാർഗങ്ങളൊന്നും അവലംബിക്കാറില്ല. ഓരോ പോസ്റ്റിനും ഞാൻ പ്രതീക്ഷിക്കുന്ന ചുരുക്കം ചില ആളുകൾ വായനക്ക് എത്താറുണ്ട്. എന്റെ ബ്ലോഗെഴുത്തിന് പരിപൂർണ സംതൃപ്തി ആ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് കിട്ടാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആത്മാർത്ഥമായ അഭിപ്രായം അറിയിക്കുന്ന ആ വായനകൾ ധാരാളം.
ബ്ലോഗ്‌   - നിഴലുകള്‍ , ഷോര്‍ട്ട് സൈറ്റ്‌

Aarsha Abhilash
ബ്ലോഗ്‌ മാര്‍ക്കറ്റ്‌ ചെയ്യാനുള്ള വഴികള്‍ - അറിയില്ല :) എങ്കിലും ചര്‍ച്ച വളരെ നന്നായി. അജിത്തേട്ടനും , തങ്കപ്പന്‍ സാറും എന്‍റെ ബ്ലോഗിലെയും നിരന്തര സാന്നിദ്ധ്യങ്ങള്‍ ആണ്. അതില്‍ സന്തോഷം ഉണ്ട്. രൂപേഷ് പറഞ്ഞതും, വിഡ്ഢിമാന്‍ പറഞ്ഞതും ഒക്കെ കാര്യം തന്നെ. പക്ഷെ, ഇന്നും എല്ലാരും അങ്ങനെയൊക്കെത്തന്നെയാണ്. അപ്ന അപ്ന ബ്ലോഗില്‍ വന്നുനോക്കുന്നവരെ തിരികെയും പോയി നോക്കും.  എന്റെ പേജില്‍ ഇടുന്ന കമന്റിലൂടെ ആകും ഞാന്‍ അവരെ അറിയുക. ഇനി അങ്ങനെ ഒന്നുമല്ലാതെ എത്ര പേര്‍ സ്ഥിരമായി മറ്റുള്ളവരുടെ ബ്ലോഗ്‌ നോക്കാറുണ്ട് എന്നത് ചോദ്യം! ഇതില്‍ അഭിപ്രായം പറഞ്ഞവരില്‍ പോലും പലരും (ചില നല്ല സുഹൃത്തുക്കള്‍ പോലും) അറിഞ്ഞിട്ടും ബ്ലോഗിലേക്ക് വരാറില്ല, വന്നാല്‍ കമന്റ് ഇടാറില്ല.
ബ്ലോഗ്‌  - മറക്കാതിരിക്കാനായ് മാത്രം


Ramji Patteppaadam
അഭിപ്രായം ഇന്ന രീതിയില്‍ ആകണം എന്നത് ശരിയാകും എന്ന് തോന്നുന്നില്ല. പലരും പല തരത്തില്‍ വായിക്കുമ്പോള്‍ എന്റെ അഭിപ്രായം അല്ലല്ലോ മറ്റൊരാള്‍ക്ക് ഉണ്ടാകുക. അതുകൊണ്ട് തന്നെ എഴുത്തുകാരന് ഉപകാരമാകുന്ന തരത്തിലുള്ള അഭിപ്രായം എന്നത് എത്രകണ്ട് ശരിയാകും എന്ന് സംശയമാണ്. വായിക്കുന്നവരില്‍ അധികവും ഒരു കഥയ്ക്കോ കവിതയ്ക്കോ വ്യക്തമായ അഭിപ്രായം പറയാന്‍ കഴിയാതെ, കൊള്ളാം, നന്നായി എന്നൊക്കെ തന്നെയായിരിക്കും പറയുക. മുകളില്‍ സൂചിപ്പിച്ചതുപോലെ വായിക്കാതെ അഭിപ്രായം എഴുതുന്നവര്‍ ഇല്ല എന്നല്ല പറയുന്നത്. എന്റെ അഭ്പ്രായത്തില്‍ അഭിപ്രായങ്ങള്‍ എന്തായാലും ഒന്നും എഴുതാതെ പോകുന്നതിനേക്കാള്‍ നല്ലതാണ് എന്തെങ്കിലും എഴുതി പോകുന്നത് എന്ന് തന്നെയാണ്. അതുകൊണ്ട് അഭിപ്രായം ഇന്ന രീതിയില്‍ ആയിരിക്കണം എന്നതിന് അത്ര പ്രാധാന്യം വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

അഭിപ്രായങ്ങള്‍ കൊടുക്കല്‍ വാങ്ങലോ എന്തുമാകട്ടെ. അഭിപ്രായങ്ങള്‍ ഉണ്ടാവട്ടെ. അപ്പോള്‍ ബ്ലോഗര്‍ക്ക് എഴുതാനുള്ള ആവേശം കൂടും. വിമര്‍ശനങ്ങള്‍ എല്ലാവരും വൈരാഗ്യത്തോടെ കാണുന്നു എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. വായനക്കാരന്‍ എഴുതുന്നവനേക്കാള്‍ ഉയരത്തിലാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടേക്കാം. വലിയ എഴുത്തുകാരെക്കുറിച്ച് എന്തെങ്കിലും ഒന്ന് ചെറുതായി പറഞ്ഞുനോക്കുക. അപ്പോഴറിയാം അവരുടെ സഹിഷ്ണുത! അങ്ങിനെ നോക്കുമ്പോള്‍ ബ്ലോഗ്‌ രംഗം എത്രയോ ഉയരത്തിലാണ്.
ബ്ലോഗ്‌  കഥകള്‍


Echmu Kutty

വിമര്‍ശനം പലപ്പോഴും ഈഗോ ജയിപ്പിക്കലായി മാറുന്നതും തിരിച്ച് വിമര്‍ശിച്ചത് ഈഗോ മുറിപ്പെടലായി മാത്രം മനസ്സിലാക്കുന്നതും മനസ്സിലുള്ളത് തുറന്ന് പറയുന്നതില്‍ നിന്നും പലരേയും തടയാറുണ്ട്.
  ബ്ലോഗ്‌ - എച്മുവോട് ഉലകം
 




 Mini Pc
അഭിപ്രായങ്ങള്‍ എല്ലാം വായിച്ചു. എനിക്ക് തോന്നുന്നത് ബ്ലോഗ്‌ എഴുത്തുകളെ പുറമെയുള്ളവര്‍ അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യട്ടെ, അതല്ല നമ്മുടെ ആദ്യ പ്രശ്നം, നമുക്ക് നമ്മുടെ ഈ കുടുംബത്തില്‍ (ബ്ലോഗ് കുടുംബത്തില്‍) പ്രോല്‍സാഹനം അര്‍ഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ആത്മാര്‍ഥമായും ഒരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. സൗഹൃദങ്ങളുടെ, നീരസത്തിന്‍റെ ഒക്കെ കെട്ടുപാടുകള്‍ക്കപ്പുറം നിന്നുകൊണ്ട്, നല്ലതിനെ നല്ലത് എന്നും, മെച്ചപ്പെടുത്താനുള്ളവയെ ആ രീതിയിലും അഭിപ്രായപ്പെടുന്നത് വളരെ നന്നായിരിക്കും. അഭിപ്രായങ്ങള്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്? ഒന്നോര്‍ത്തുനോക്കൂ, നമുക്കിടയില്‍ പലരും വല്യ വല്യ എഴുത്തുകാരായി മാറുമ്പോള്‍ നമുക്ക് സന്തോഷത്തോടെ ഓര്‍ക്കാലോ, ആ എഴുത്ത് വഴിയില്‍ നമ്മുടെ കുഞ്ഞുകുഞ്ഞു കമന്റുകളും ഉണ്ടായിരുന്നല്ലോ എന്ന്.
ബ്ലോഗ്‌  - ഉള്‍പ്രേരകങ്ങള്‍
---------------------------------------------------------------


ഫേസ്‌ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളാണ് മുകളില്‍ കണ്ടത്. ഇത്രയും അഭിപ്രായങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ബ്ലോഗിന്റെ മാര്‍ക്കറ്റിംഗ് എഴുത്തുകാരന്റെ ന്യൂനതയല്ല, മറിച്ച് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുമതല തന്നെയാണ് എന്നാണ്. കണ്ടും വായിച്ചും തന്നെയാണ് ഓണ്‍ലൈന്‍ രംഗത്ത് പരസ്പരം പരിചയമാവുന്നത്. പിന്നാലെ നടന്ന് നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുവന്നു വായിപ്പിക്കുക എന്ന, മറ്റുള്ളവര്‍ക്ക് അരോചകമാവുന്ന ഒരു ചടങ്ങിനോട് മാത്രമേ യോജിക്കാന്‍ കഴിയാതുള്ളൂ.

ബ്ലോഗുകമന്റുകള്‍ ഒരുതരം ബാര്‍ട്ടര്‍ സമ്പ്രദായം എന്ന ആരോപണത്തെക്കുറിച്ച് - നമ്മുടെയൊക്കെ വീടുകളില്‍ ഒരു ചടങ്ങിനു വന്ന്‍ സംബന്ധിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നവരുടെ സമാനചടങ്ങുകളില്‍ പങ്കെടുക്കുകയും, അവര്‍ നല്‍കിയതിനു തുല്യമായ പ്രതിസമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് സര്‍വ്വസാധാരണമാണ്. നിത്യജീവിതത്തില്‍ ഇങ്ങനെയുള്ളവ ധാരാളമായി സംഭവിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, കൊടുക്കല്‍ വാങ്ങലുകളെ പുച്ഛിക്കുന്നവര്‍ എന്തുകൊണ്ടാണ് ബ്ലോഗ്‌ രംഗത്ത് മാത്രമാവുന്നത് എന്ന് മനസിലാവുന്നില്ല.

ഒരാള്‍ വന്ന് അഭിപ്രായം പറയുമ്പോഴാണ് പലപ്പോഴും അങ്ങനെ ഒരാളെ ശ്രദ്ധിക്കുന്നതും ഓര്‍മ്മിക്കുന്നതും എന്ന വസ്തുതയും തള്ളിക്കളയാന്‍ കഴിയില്ല. എന്തായാലും മാര്‍ക്കറ്റിംഗ് എന്നത് മറ്റേതൊരു രംഗത്തേയും പോലെതന്നെ ബ്ലോഗ്‌ എഴുത്തിലും അനിവാര്യഘടകമാണ്. അതുകൊണ്ട് അഭിപ്രായം പറയാന്‍ എന്തിനു നാം മടിക്കണം? എന്നാല്‍ അതിനായുള്ള വ്യക്തിപരമായ സമീപനങ്ങളില്‍ സമചിത്തത പ്രകടിപ്പിച്ചാല്‍ ഏറെ നന്നായിരിക്കുമെന്ന് മാത്രം.

മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ്‌ പലപ്പോഴും സ്വന്തം തെറ്റുകള്‍ നാം തിരിച്ചറിയുക. അതുകൊണ്ട് പോസ്റ്റില്‍ വരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയം വിലയിരുത്തല്‍ നടത്തുവാനും അതുവഴി പോരായ്മകളെ തിരിച്ചറിഞ്ഞ് എഴുത്ത് കൂടുതല്‍ മികവുറ്റതാക്കാനും നമുക്ക് കഴിയട്ടെ. ഇനി മറ്റൊരു ബ്ലോഗില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അത് കൂടുതല്‍ സത്യസന്ധവും പോസ്റ്റിലെ വിഷയത്തോട് നീതി പുലര്‍ത്തുന്നതുമാവുന്നത് ആ എഴുത്തുകാരനോട് ചെയ്യുന്ന നന്മയായിത്തന്നെ കരുതാം. വിമര്‍ശനത്തെ പ്രതികാര ബുദ്ധിയോടെ കാണാതെ, സഹിഷ്ണുതാ മനോഭാവത്താല്‍ വീക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ആരോപണങ്ങളെ വേരോടെ പിഴുതെറിയാം. ഒരുപാട് വായന നടക്കുമ്പോഴാണല്ലോ സ്വാഭാവികമായും ഒരു നല്ല പോസ്റ്റ്‌ പിറക്കുക.

ഈ വിഷയവുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകള്‍ ഇവിടെ വായിക്കാം -
ബ്ലോഗില്‍ കമന്റ്സ് എഴുതാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗികപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും സംബന്ധിച്ച ഒരു പോസ്റ്റ്‌ -  ബ്ലോഗ്‌ മിത്രങ്ങളുടെ സത്വരശ്രദ്ധയ്ക്ക്   (ഏരിയല്‍ഫിലിപ്‌)
എങ്ങനെ  കൂടുതല്‍ കമന്റുകള്‍ ലഭ്യമാക്കാം എന്നത് സംബന്ധിച്ച മറ്റൊരു പോസ്റ്റ്‌ -
Top Secrets you should know to Get more Comments on your Blog   (ആബിദ്‌ ഒമര്‍)


                   ---------------------------------------------------------------


വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 
varikalkkidayil@gmail.com   എന്ന മെയില്‍ ഐഡിയിലും അറിയിക്കാം