Monday, May 26, 2014

അഭിപ്രായങ്ങൾ പുഷ്പവൃഷ്ടിയല്ല..കരിങ്കല്ലുകൊണ്ടുള്ള ഏറും !!.


ബ്ലോഗ്‌ എഴുതാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. ബ്ലോഗിനെ ഗൌരവമായി കാണുകയും, സൃഷ്ടികള്‍ കൂടുതല്‍ പേര്‍ വായിക്കുകയും തന്നിലുറങ്ങികിടക്കുന്ന സര്‍ഗ്ഗചേതനയെ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ഇ-എഴുത്തുകാരും. എഴുത്തിനെ കൂടുതല്‍ മികവുറ്റതാക്കണം എന്ന ആഗ്രഹം കൊണ്ടാണ് അതൊരു തുറന്ന ചര്‍ച്ചക്ക്  വിധേയമാക്കാന്‍  കമന്റ് ബോക്സ് തുറന്നുവെക്കുന്നത്. ക്രിയാത്മകമായ അഭിപ്രായവും, വിമര്‍ശനവും തീര്‍ച്ചയായും എഴുത്തിന്‍റെ ഗ്രാഫ് ഉയര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ,ബ്ലോഗിനെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ രചനയിലെ പോസിറ്റീവും, നെഗറ്റീവും ചൂണ്ടികാണിക്കുമ്പോള്‍ ചിലരെങ്കിലും അതിനെ ശരിയായ  അര്‍ത്ഥത്തിലെടുക്കാതെ അഭിപ്രായം പറയുന്നവര്‍ക്ക് നേരെ തിരിയുന്നത് ആരോഗ്യകരമായ പ്രവണതയായി കാണാന്‍ കഴിയില്ല.

നര്‍മ്മത്തിന് വേണ്ടി നര്‍മ്മമെഴുതാതെ സ്വാഭാവിക നര്‍മ്മം കൊണ്ട് വായനക്കാരെ കയ്യിലെടുക്കുക എന്നത് ഒരു ചെറിയകാര്യമല്ല. മലയാള ബ്ലോഗിന്‍റെ പ്രതാപകാലത്ത് അത്തരം ധാരാളം രചനകള്‍ ബ്ലോഗുകളില്‍ വന്നിരുന്നു. അതിനെല്ലാം ധാരാളം വായനക്കാരുമുണ്ടായിരുന്നു, എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വ്യാപകമായതോടെ നര്‍മ്മമായാലും, കഥയായാലും പൂര്‍ണ്ണതയെത്താതെ അവയെല്ലാം വാളില്‍ പുറം തള്ളുന്നു. ജീവിതം പറഞ്ഞു തന്നത് എന്ന ബ്ലോഗില്‍ പ്രദീപ്‌ നന്ദനം എഴുതിയ "കാട്ടാളനും വേട്ടക്കാരനും" ആദ്യാവസാനം വരെ ചിരിയുടെ രസച്ചരട് വിട്ടുപോവാതെ പറഞ്ഞു പോവുന്ന ബാല്യകാല അനുഭവമാണ്.

വ്യതസ്തമായ ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തുന്നു . കാഴ്ചയുള്ളവരുടെ ലോകത്ത് കാഴ്ചയില്ലാതെ ശബ്ദത്തെ സ്നേഹിച്ച റഷീദിന്‍റെ മറക്കാത്തപാട്ടുകള്‍ എന്ന ബ്ലോഗാണിത്. അനുഗ്രഹീത ശബ്ദം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന റഷീദ് ആലപിച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ കൂട്ടുകാരുടെ സഹായത്തോടെ ഈ ബ്ലോഗില്‍ കൂടി ഇനി മുതല്‍ കേള്‍ക്കാവുന്നതാണ്.
തിരിച്ചറിവ് എന്ന കഥ മുനീര്‍ ഇബ്രാഹിമിന്‍റെ തരികിടബ്ലോഗില്‍ നിന്നാണ്. കഥയേക്കാള്‍ അനുഭവകുറിപ്പായി തോന്നിയ ഈ കഥ കൈകാര്യം ചെയ്യുന്നത് പ്രവാസത്തിലെ നേര്‍കാഴ്ച്ചകളാണ്. അക്ഷരതെറ്റുകളും വാക്കുകള്‍ വേറിട്ട്‌ എഴുതിയതും കഥയുടെ വായനാസുഖം കുറക്കുന്നുണ്ട്  എങ്കിലും ഈ കഥയില്‍ കൂടി കഥാകാരന്‍ നല്‍കുന്ന സന്ദേശം സാധാരണ കഥകളില്‍നിന്നും അല്‍പ്പം വേറിട്ട്‌ നില്‍ക്കുന്നു.

മഴ, പ്രണയം, കണ്ണുനീര്‍ ഇവയെ കുറിച്ചല്ലാതെ സ്ത്രീകള്‍ക്ക് ഒന്നും പറയാനില്ലേ എന്നൊരിക്കല്‍ ഒരു ചര്‍ച്ചയില്‍ അഭിപ്രായം കണ്ടിരുന്നു, ഈ കഥ അതിനുള്ള  ഒരു ചെറിയ മറുപടിയാണ് എന്ന് പറയാം.അധികമാരും കൈകാര്യം ചെയ്യാത്ത ഒരു വിഷയമെടുത്തു ഈ കഥ ശ്രദ്ധേയമാക്കുകയാണ്  പത്മശ്രീ നായര്‍ സ്വവര്‍ഗ്ഗനിര്‍വേദത്തിലൂടെ.ലെസ്ബിയന്‍സിന്‍റെ കഥപറയുന്ന ഇതിലെ  അവസാനഭാഗം കഥയ്ക്ക് മങ്ങലേല്‍പ്പിച്ചു എങ്കിലും കഴിഞ്ഞവാരം സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ഒരു ചര്‍ച്ചക്ക് ഈ കഥ വഴിവെച്ചു.

ജയ്സല്‍മേടിലെക്കുള്ള  യാത്രാവിവരണമാണ് മായാകാഴ്ച്ചകള്‍ ബ്ലോഗിലെ സ്വര്‍ണ്ണക്കാഴ്ചകള്‍. കൊട്ടാരങ്ങളുടെ നാടായ രാജസ്ഥാനിലെ ജയ്സ്ല്‍മേടിലെ  മണല്‍കൂനകളില്‍ തീര്‍ത്ത ഈ സ്വര്‍ണ്ണകൊട്ടാരങ്ങളിലേക്ക് വായനക്കാരേ കൂട്ടികൊണ്ട്പോവുന്നതിനോടൊപ്പം അതിന്‍റെ ചരിത്രപശ്ചാത്തലവും, ശാപഭൂമി എന്നറിയപ്പെടുന്ന കുല്‍ധാരയെകുറിച്ചുള്ള ഐതിഹ്യവുമൊക്കെയായി  ഈ യാത്രാവിവരണം വേറിട്ട്‌ നില്‍ക്കുന്നു.

സലിം എടക്കുനി എഴുതിയ മരണത്തിന്‍റെ മാലാഖ എന്ന ചെറുകഥ അവതരണ ശൈലികൊണ്ടും കഥാ പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. മരണമെന്ന സത്യത്തെ നിസ്സംഗമായി നോക്കികാണുന്ന ഖാദര്‍  എന്ന കഥാപാത്രത്തെ  കഥാവസാനവും മനസ്സില്‍ തങ്ങിനിര്‍ത്തുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു  എന്ന് പറയാം.

മൂന്നാറിന്‍റെ സൌന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഇങ്ങിനെയൊരു യാത്രപോവണം എന്ന് ഈ വിവരണം വായിക്കുമ്പോള്‍ തോന്നിപ്പോവും. പത്ത് മൈല്‍ ദൂരം കാല്‍ നടയായി മൂന്നാറിനെ ആസ്വദിച്ച വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്  ദേശാടകന്‍ ബ്ലോഗില്‍. വിവരണത്തെക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ സംസാരിക്കുന്ന ഒരു യാത്രാവിവരണവും അനുഭവകുറിപ്പും.



ആസ്സാമിലെ കാസിരംഗയിലേക്ക് നടത്തിയ യാത്രയാണ് ഒരു സ്വപ്നാടകന്‍റെ ദര്‍ശനങ്ങളിലെ "ബ്രഹ്മപുത്രയുടെ തീരത്ത്" . മനോഹരമായ ഒരു യാത്രാവിവരണം നല്‍കിയ കുറിപ്പ് പക്ഷെ അധികമാരും  കണ്ടില്ല എന്ന് തോന്നുന്നു.ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ഈ ബ്ലോഗില്‍ വന്ന ഈ യാത്രാവിശേഷം യാത്രാപ്രേമികള്‍ക്ക്  ഇഷ്ടമാവും.

കാശ് കൊടുത്തു കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാന്‍ മടി കാണിക്കാത്ത മലയാളി ചക്കയോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിനെ കുറിച്ചാണ് തച്ചനാട്ടുകര ഗ്രാമത്തില്‍ ശിവപ്രസാദിന്‍റെ ലേഖനം. ചക്കയുടെ ഗുണവശങ്ങളെക്കുറിച്ച് മാത്രമല്ല ചക്കകൊണ്ടുള്ള വിവിധ പലഹാരങ്ങളെയും പാചക വിധിയെയും കുറിച്ച് പ്രതിപാദിക്കുന്നു ഇവിടെ.

ലളിതമായി വായിച്ചു പോയ കഥയാണ് സ്വര്‍ണ്ണമയി ബ്ലോഗിലെ തിരിവ് എന്ന കഥ. മിനിക്കഥയുടെ ചട്ടകൂടില്‍ ഒതുങ്ങിനിന്ന് ഒഴുക്കോടെ വായിച്ചു പോവാന്‍ ഈ കഥയ്ക്ക് കഴിയുന്നു. ഹൃദയസ്പര്‍ശിയായ ഒന്ന് എന്ന് ഈ കഥയെ വിലയിരുത്താന്‍ കഴിയില്ല എങ്കിലും ഈ ബ്ലോഗിലെ മറ്റു
കഥകളില്‍ നിന്നും മികച്ചു നില്‍ക്കുന്നു എന്ന് പറയാം . അധികമാരും എത്തിപെടാത്ത ഈ ബ്ലോഗിലേക്ക് വായനക്കാരുടെ ശ്രദ്ധയും പ്രോത്സാഹനവും ക്ഷണിക്കുകയാണ്.

മലയാളം ബ്ളോഗെഴുത്ത് രംഗത്ത് വലിയ മാന്ദ്യം അനുഭവപ്പെട്ട രണ്ട് ആഴ്ചകളാണ് കടന്നു പോയത്. ബ്ളോഗെഴുത്തിനെ മറ്റ് സോഷ്യൽ മീഡിയകൾ നിഷ്പ്രഭമാക്കുകയാണോ എന്ന തോന്നലുളവാക്കുന്ന രീതിയിൽ ഫെയിസ് ബുക്ക് പോലുള്ള മീഡിയകളിൽ മലയാളഭാഷ സജീവമായിരുന്നു. ബ്ളോഗെഴുത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന പലരും , ബ്ളോഗുകൾ വിട്ട് മറ്റ് മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്ന രീതി അവലംബിക്കുന്നതാണ് ഈയ്യിടെയായി കാണുന്നത്.  മലയാളം ബ്ളോഗെഴുത്ത് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇതിനിടയിലും  സജീവമായി നിന്ന ബ്ളോഗുകളെ അഭിനന്ദിക്കുന്നു. അവയിൽനിന്ന് തിരഞ്ഞെടുത്ത ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ അവതരിപ്പിച്ചത്. ഞങ്ങളുടെ ശ്രദ്ധയിൽ പെടാതെപോയ നല്ല രചനകൾ ഇനിയും ഉണ്ടാവാം. അത്തരം രചനകളെക്കുറിച്ചറിയുന്ന മാന്യവായനക്കാർ അവയെക്കുറിച്ചുള്ള  നിരീക്ഷണങ്ങളും, ലിങ്കുകളും കമന്റ് കോളത്തിൽ നൽകി ഈ ലേഖനം പൂർണമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

28 comments:

  1. സഹനം എന്നത് മനുഷ്യന് തീരെ കഴിയാത്ത ഒന്നായി മാറിത്തുടങ്ങിയിരിക്കുന്നു. ഇഷ്ടമില്ലാത്തത് കേള്‍ക്കാനും സമ്മതിക്കാനും കഴിയാത്ത ഒരു തരം ചിന്ത. അത് ബ്ലോഗില്‍ മാത്രമല്ല. എല്ലായിടത്തും ഉണ്ട്.
    ഇത്തവണത്തെ പല ബ്ലോഗുകളും ഞാന്‍ വായിക്കാത്തവയാണ്.
    എല്ലായിടത്തും ഒന്ന് കറങ്ങി വരട്ടെ.
    ആശംസകള്‍.

    ReplyDelete
  2. ഒന്നു രണ്ടു പോസ്റ്റുകള്‍ ഇതില്‍ നേരത്തെ വായിച്ചിട്ടുണ്ട്. ബാക്കിയുല്ലവയിലേക്ക് ദാ യാത്രയാകുന്നു.....വീണ്ടും ആശംസകള്‍ അറിയിക്കട്ടെ....

    ReplyDelete
  3. കഥയെഴുത്തില്‍ മുന്‍കാല പരിചയം ഇല്ലാത്തത് കൊണ്ടാണ് കഥയില്‍ വരികള്‍ക്ക് ഇടയില്‍ ചേര്‍ച്ച ഇല്ലാതെ പോയത് ..
    പിന്നെ അക്ഷരത്തെറ്റുകള്‍ വരാന്‍ മുഖ്യ കാരണം മംഗ്ലീഷ് എഴുതി മലയാളത്തിലേക്ക് മാറ്റുന്നത് കൊണ്ടാകാം..
    എങ്കിലും എന്നെയും എന്‍റെ എഴുത്തിനെയും കൂടെ കൂട്ടാനും ഒരു വലിയ അഭിപ്രായം നല്‍കാനും ഉണ്ടായ മനസ്സിനെ ഞാന്‍ സ്നേഹിക്കുന്നു ... നന്ദി അറീയിക്കുന്നു ..

    ഇനിയുള്ള രചനകളില്‍ ഇത്തരം തെറ്റുകള്‍ തിരുത്തി മുന്നേറാം എന്ന് വാക്ക് തരുകയും ചെയ്യുന്നു ..

    ReplyDelete
  4. എഴുതുന്നത്‌ എല്ലാവായനക്കാര്‍ക്കും ഇഷ്ടമാകണമെന്നില്ല .അങ്ങിനെ ഇഷ്ടപെടാത്തവര്‍ക്ക് വിമര്ശനമാവാം ഒപ്പം ആ എഴുത്തിലെ പോരായ്മകള്‍ കൂടി ചൂണ്ടി കാണിക്കേണം .ഇ എഴുത്തില്‍ ചിലരുണ്ട് ഞാനാണ് എല്ലാം തികഞ്ഞ എഴുത്തുകാരന്‍ എന്ന് അങ്ങിനെയുള്ള വരുടെ വിമര്‍ശനം ഒരു മാതിരി എഴുതി എന്നതിന്‍റെ പേരില്‍ ആ എഴുത്തുകാരനെ മറ്റുള്ളവരുടെ മുന്‍പാകെ തേജോവധം ചെയ്യുന്നത് പോലെയാണ് .അങ്ങിനെയുള്ള വിമര്‍ശനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് .ഒരു എഴുത്തുകാരനും തന്‍റെ കൃതികള്‍ മോശമാവാന്‍ വേണ്ടി എഴുതുന്നില്ല .വിമര്‍ശിക്കുന്നവര്‍ എഴുത്തുകാരന് അയാളുടെ എഴുത്ത് എങ്ങിനെ നന്നാക്കാം എന്ന് ഒരിക്കലും പറഞ്ഞു കൊടുക്കുന്നില്ല .വ്യക്തി വൈരാഗ്യം തീര്‍ക്കുന്ന പ്രവണതയും വിമര്‍ശനത്തിന്‍റെ രൂപേണ കാണുന്നുണ്ട് .വിമര്‍ശനമാവം അത് ആ എഴുത്തുകാരന്‍റെ തുടര്‍ന്നുള്ള എഴുത്തിനെ മികവുറ്റതാക്കാനായിരിക്കണം

    ReplyDelete
  5. വീണ്ടും വരികൾക്കിടയിൽ വന്നു പെടാൻ കഴിഞ്ഞതിൽ സന്തോഷം.
    ഇവിടെ പരാമർശിച്ച ഒന്ന് രണ്ടു ബ്ലോഗ്‌ ഒഴിച്ചാൽ മറ്റൊന്നും
    വായിച്ചിട്ടില്ല സാവകാശം വായിക്കാം എന്ന് കരുതുന്നു
    പ്രദീപ്‌ നന്ദനതിന്റെ പേജു വായിച്ചിരുന്നു. വായിക്കേണ്ട ചിലത് വിട്ടു പോയി ഈ ഒര്മ്മപ്പെടുതലിനു നന്ദി ഫൈസൽ
    പിന്നെ ഞാൻ സൂചിപ്പിച്ച വൃന്ദ ശിവൻറെ ബളോഗും പരാമർശിച്ചു കണ്ടതിൽ സന്തോഷം
    പിന്നെ വരിയിൽ പറഞ്ഞത് പോലെ "മലയാളം ബ്ളോഗെഴുത്ത് രംഗത്ത് വലിയ മാന്ദ്യം അനുഭവപ്പെട്ട രണ്ട് ആഴ്ചകളാണ് കടന്നു പോയത്. ബ്ളോഗെഴുത്തിനെ മറ്റ് സോഷ്യൽ മീഡിയകൾ നിഷ്പ്രഭമാക്കുകയാണോ എന്ന തോന്നലുളവാക്കുന്ന രീതിയിൽ ഫെയിസ് ബുക്ക് പോലുള്ള മീഡിയകളിൽ മലയാളഭാഷ സജീവമായിരുന്നു. ബ്ളോഗെഴുത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന പലരും , ബ്ളോഗുകൾ വിട്ട് മറ്റ് മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്ന രീതി അവലംബിക്കുന്നതാണ് ഈയ്യിടെയായി കാണുന്നത്. മലയാളം ബ്ളോഗെഴുത്ത് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം."
    ഈ പ്രത്യാശ നമ്മെ കാക്കട്ടെ എന്ന് വീണ്ടും ഓർപ്പിക്കുന്നു
    സോഷ്യൽ മീഡിയകൾ ബ്ലോഗിനെ വിഴുങ്ങുന്ന ലക്ഷണം
    ആണല്ലോ മാഷെ കാണുന്നത്
    ആശംസകൾ

    ReplyDelete
    Replies
    1. ശ്രീ ഫിലിപ്പ് ഏരിയല്‍ സാര്‍ കാണിച്ച നല്ല മനസിന്‌ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ... ഇത് ഒരുപാട് പ്രചോദനമാണ് സാര്‍

      Delete
  6. എഴുത്തിന്റെ ലോകത്ത് ഞാൻ തീർത്തും പുതുമുഖമാണ്. ശക്തമായ ചില വിമർശനങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. പ്രധാനമായും എന്റെ ഭാഷക്ക് പ്രായ പൂർത്തി വരുന്നില്ല, ബാല സാഹിത്യം ആയി പോലും പരിഗണിക്കാൻ കഴിയുന്നില്ല എന്നതാണ് അതിൽ പ്രധാനം. സത്യത്തിൽ അതൊരു തിരിച്ചറിവാണ്. വായനാ ശീലം തീരെ ഇല്ലായിരുന്നു. നിരന്തരമായ വായനയിലൂടെ മാത്രമേ പദസമ്പുഷ്ടി കൈവരിക്കാൻ കഴിയൂ. അതിനു സമയമെടുക്കും. അത് വരെ എഴുത്ത് നിർത്തി വെക്കാൻ ആവില്ലല്ലോ. എഴുത്തും വായനയും തുടരാൻ തന്നയാണ് ആഗ്രഹം. ഇത് ഏത് പ്രായത്തിലും ആരംഭിക്കാം എന്നത് സ്വാനുഭവത്തിൽ നിന്ന് തന്നെ അതിന് താൽപര്യം ഉള്ളവരോട് തുറന്നു പറയാനും ആഗ്രഹിക്കുന്നു.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ആദ്യമായി ഒരിടത്ത് എന്റെ ബ്ലോഗിനെ കുറിച്ചും വന്നല്ലോ എന്നതില്‍ സന്തോഷമുണ്ട്. ഒരു പക്ഷെ രംഗത്തെ പുലികള്‍ അല്പം അരങ്ങൊഴിഞ്ഞ നേരം ആയതും എനിക്ക് അനുഗ്രഹം ആയിക്കാണും .. എന്തായാലും ഇത് ഒരു പ്രോത്സാഹനം ആയി കാണുന്നു .
    പ്രോത്സാഹനങ്ങള്‍ ആണല്ലോ എല്ലാറ്റിനും ഊര്‍ജ്ജം പകരുക . നന്ദി :)

    വിരോധമില്ലെങ്കില്‍ ഇതേ യാത്രയെക്കുറിച്ച് ഞാന്‍ മറ്റൊരു ബ്ലോഗില്‍ ഇട്ട പോസ്റ്റ്‌ എരിയല്‍ ചേട്ടന്‍ ഒന്ന് സന്ദര്‍ശിക്കുമോ ? രംഗത്തെ പുതുമുഖം ആയതു കൊണ്ടാണ് ഈ അപേക്ഷ .
    www.kolavara.blogspot.com

    ReplyDelete
  9. സന്തോഷം ഈ വിലയിരുത്തലിന്...മറ്റുള്ളവരെ അറിയാന്‍ ശ്രമം നടത്താത്തതാണ് സൈബെര്‍ വായനയുടെ പരാജയം.അതിനെ മറികടക്കാന്‍ ഈ വായനക്ക് ആവുന്നുണ്ട്‌

    ReplyDelete
  10. മനസിൽ തോന്നുന്ന അഭിപ്രായം കുറിക്കണം അത്‌ ഉൾക്കൊള്ളാൻ കഴിയാത്തിടത്ത്‌ വീണ്ടുംപോയി കമന്റ്‌ ഇടേണ്ട ആവശ്യമില്ല.

    ReplyDelete
  11. എത്രയോ ബ്ലോഗുകള്‍ സന്ദര്‍ശിച്ചിട്ടുവേണം ഇങ്ങനെയൊരു ഉദ്യമം നടക്കണമെങ്കില്‍.... ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ആശംസകള്‍.

    ReplyDelete
  12. ശ്രീ സുധീര്‍ദാസ് മുകളില്‍ എഴുതിയത് പോലെ എത്രയോ ബ്ലോഗുകള്‍ സന്ദര്‍ശിചിട്ട് വേണം ഈ ഉദ്യമം നടക്കുവാന്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അര്‍പ്പണ മനോഭാവത്തിനു മുന്നില്‍ നമിക്കുന്നു..

    ഒരെഴുത്തുകാരന്‍ അവന്‍റെ അഭിരുചിക്കും ഭാവനക്കും അനുസരിച്ച് എഴുതുമ്പോള്‍ അത് എല്ലാ വായനക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നത് സ്വാഭാവികം മാത്രം.. നല്ല അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെന്ന് വരാം.. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്നത് പോലെ അതിനെയും കാണേണ്ടതാണ്.

    ഈ വാരത്തില്‍ ഉള്‍പ്പെടുത്തിയ സ്വവര്‍ഗ്ഗനിര്‍വേദം എന്ന എന്‍റെ കഥയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു.. അതിന്റെ പ്രധാന കാരണം കഥയെഴുത്തില്‍ എന്‍റെ ആദ്യ സംരംഭം ആയിരുന്നു അത്.. വായനക്കാരുടെ വിമര്‍ശനങ്ങളിലൂടെ എനിക്ക് ആ കഥയുടെ ആവിഷ്ക്കാരത്തില്‍ വന്ന പഴുതുകളും പാളിച്ചകളും മനസ്സിലായി.. അത് തന്നെ എനിക്ക് കിട്ടിയ വലിയൊരു നേട്ടമെന്ന് കരുതുന്നു.. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരുമ്പോഴാണ് തുടര്‍ന്നുള്ള പ്രയാണത്തില്‍ അത് ഉപയോഗപ്രദമാക്കാന്‍ കഴിയുന്നതും..

    ഫേസ്ബുക്കിലും ബ്ലോഗ്‌ ലോകത്തും ചര്‍ച്ചാവിഷയം ആയ എന്‍റെ സ്വവര്‍ഗ്ഗനിര്‍വ്വേദം കഥയും ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷം..

    ബ്ലോഗ്‌ എഴുത്തുകാരുടെ പ്രേരകശക്തിയായി മാറിയ വരികള്‍ക്കിടയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.. !!!

    ReplyDelete
  13. ഒരു വലിയ അധ്വാനവും ആസ്വാദനവും ഈ എഴുത്തുകള്‍ക്ക് പിന്നിലുണ്ടെന്നറിയാം, അതിനെ ബഹുമാനിക്കുന്നു, അതു കൊണ്ട് തന്നെ വിട്ടു പോയ കഴിവുള്ള ബ്ലോഗരമാര്‍ ക്ഷമിക്കും തീര്‍ച്ച, കുറച്ചു കാലത്തെ അവധിക്കു ശേഷം വന്ന എനിക്കൊക്കെ ഇതൊരു വലിയ പ്രോത്സാഹനമാണ്...സത്യത്തില്‍ വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എഴുതാന്‍ പഠികുക എന്നൊരു കാര്യവും കൂടെ നമ്മള്‍ അറിഞ്ഞിരിക്കണം എന്നു തോന്നാറുണ്ട്..ആക്രമണം പോലുള്ള വിമര്‍ശനം എത്ര കാര്യമാത്ര പ്രസക്തമായാലും തള്ളിക്കളയാനാണു തോന്നാറു..സോഷ്യല്‍ മീഡിയകള്‍ ഒരു പാടു ടാലന്റഡ് ആയ ബ്ലോഗ്ഗേഴ്സിനെ ഇപ്പോള്‍ തന്നെ വിഴുങ്ങിയിട്ടുണ്ട്. ഞാന്‍ കുറെ പഴയ ബ്ലോഗ്ഗേഴ്സിനു മെയിലുകള്‍ അയച്ചിരുന്നു. ഒന്നു പൊടി തട്ടി എടുക്കാന്‍ പറ്റിയെങ്കിലോ!!!

    ReplyDelete
  14. വരികൾക്കിടയിൽ എന്ന ഈ സംരഭത്തിന്റെ അണിയറ പ്രവര്ത്തകര്ക്ക് അഭിവാദ്യങ്ങൾ ...

    എന്റെ ബ്ലോഗിൽ വിസിറ്റെർ കൂടുന്നുണ്ടെങ്കിലും കമന്റ്സ് വരുന്നില്ല എന്നതാണ് എന്റെ വിഷമം

    ReplyDelete
  15. ഒരുപാട് സന്തോഷമുണ്ട് ഇവിടെ അപ്രതീക്ഷിതമായി സ്വര്‍ണ്ണമയി ബ്ലോഗ്ഗും തിരിവ് എന്ന കഥയും പരാമര്‍ശിച്ചു കണ്ടതില്‍. വരികള്‍ക്കിടയില്‍ ടീമിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു...എഴുത്ത് കൂടുതല്‍ ശ്രദ്ധിക്കാം എന്നുറപ്പും നല്‍കുന്നു.

    ശ്രീ ഫിലിപ്പ് ഏരിയല്‍ സാര്‍ കാണിച്ച നല്ല മനസിന്‌ പ്രണാമം... ഇത് ഒരുപാട് പ്രചോദനമാണ് സാര്‍

    ReplyDelete
  16. ബ്ലോഗുകളില്‍ മാന്ദ്യമുണ്ടോ ?എഴുതുന്നവര്‍ നിലവാരത്തെക്കുറിച്ച് ബോധവാന്മാര്‍ ആകുന്നു എന്ന് കരുതിയാല്‍ മതിയാകും .ചില ബ്ലോഗുകള്‍ ആദ്യമായാണ് കാണുന്നത് ,,വായിച്ചിട്ട് വരാം

    ReplyDelete
  17. വരികൾക്കിടയിൽ ടീം അംഗങ്ങള്‍ക്ക് ആശംസകള്‍.. പ്രീയപ്പെട്ടവരുടെ ബ്ലോഗുകള്‍ ഇവിടെ പരാമര്‍ശിച്ചു കണ്ടതില്‍ സന്തോഷം.. എല്ലാ വിജയാശംസകളും..

    ReplyDelete
  18. രണ്ട് ബ്ലോഗുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ബാക്കിയുള്ളവ സമയവും സന്ദര്‍ഭവും അനുസരിച്ച് വായിക്കാം എല്ലാ വിജയാശംസകളും നേരുന്നു

    ReplyDelete
  19. വരികള്‍ക്കിടയില്‍ പരമാര്‍ശിച്ച ബ്ലോഗുകള്‍ വായിക്കാന്‍ പോകുന്നു.. ആശംസകള്‍

    ReplyDelete
  20. ഏതാണ്ടെല്ലാം ബ്ലോഗുകളിലും എത്താന്‍ കഴിഞ്ഞിട്ടുണ്ട്.
    നിലവാരം പുലര്‍ത്തുന്ന നല്ല രചനകള്‍
    സാരഥികള്‍ക്കും,രചയിതാക്കള്‍ക്കും ആശംസകള്‍

    ReplyDelete
  21. കമന്റ് ബോക്സ് തുറന്നു വച്ചിരിക്കുന്നിടത്തോളം കാലം, വായനക്കാരനു അയാൾക്കു തോന്നുന്ന അഭിപ്രായം രേഖപ്പെടുത്താൻ അവകാശമുണ്ടെന്നാണ് എന്റെ വിശ്വാസം.എഴുത്തുകാരൻ അതു വായിച്ച് ആത്മഹത്യ ചെയ്യുമോ, ആകാശത്തേയ്ക്കു പറക്കുമോ എന്നെല്ലാം ഭയപ്പെട്ട്/പ്രതീക്ഷിച്ച് അഭിപ്രായം പറയേണ്ടി വരുന്ന അവസ്ഥ, വായനക്കാരനെ സംബന്ധിച്ചിടത്തോളം സുഖകരമല്ല.( ഇനിയിപ്പോൾ അഭിപ്രായം കല്ലേറു തന്നെ ആയി അനുഭവപ്പെട്ടാലും എഴുത്തിനോട് പ്രതിബദ്ധധത ഉള്ള ഒരാൾ അതിൽ നിന്ന് പിന്തിരിയുമെന്ന് കരുതുന്നില്ല ) അല്ലെങ്കിൽ എഴുത്തുകാരൻ തന്നെ താനെന്തു തരം കമന്റുകൾ ആണ് പ്രതീക്ഷിക്കുന്നതെന്ന് അവിടെ വ്യക്തമാക്കേണ്ടതുണ്ട്. (ഉദാഹരണസഹിതമാണെങ്കിൽ വളരെ നന്നായി :) )

    ശ്രദ്ധയിൽ പെടാഞ്ഞ ചില ബ്ലോഗുകൾ ഉണ്ട്. പരിചയപ്പെടുത്തിയതിനു നന്ദി. നല്ല സൃഷ്ടികൾ അധികം ശ്രദ്ധയിൽ പെടാത്തതുകൊണ്ടാവണം, ബ്ലോഗ് രംഗത്ത് ഒരു മാന്ദ്യം എനിക്കും അനുഭവപ്പെടുന്നുണ്ട്.

    ReplyDelete
  22. "വരികൾക്കിടയിൽ" പരാമർശിക്കപ്പെടുന്ന എന്റെ രണ്ടാമത്തെ കഥയാണ്‌ ഇത്തവണ ഉള്ളത്. തീർച്ചയായും തുടർന്നെഴുതുവാൻ നല്ല പ്രചോദനമാണ് ഈ പരാമർശങ്ങൾ എനിക്ക് നൽകിയിട്ടുള്ളത്.
    എഴുതുവാൻ മടി കാണിക്കാറില്ലെങ്കിലും മറ്റു ബ്ലോഗുകളിൽ പോയി വായിച്ചുനോക്കാൻ മടി കാണിക്കുന്നവരാണ് നമ്മൾ പലരും. നഷ്ടം നമുക്ക് തന്നെ. ചില സമയങ്ങളിൽ അതിശയിക്കുന്ന പ്രതിഭാവിലാസങ്ങൾ ഞാൻ കാണാറുണ്ട്. പല ബ്ലോഗുകളും ബുക്ക്മാർക്ക്‌ ചെയ്തു വയ്ക്കാറുമുണ്ട്..
    "വരികൾക്കിടയിൽ" തീർച്ചയായും ബ്ലോഗ് വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബ്ലോഗാണ്.
    എല്ലാ ആശംസകളും...

    ReplyDelete
  23. പല കാണാത്ത ബ്ലോഗുകളുമാണല്ലോ ഇത്തവണ...

    പിന്നെ
    ഇപ്പോൾ അപൂർവം മാത്രം ബൂലോഗത്തെത്തിച്ചേരുന്ന
    പണ്ടത്തെ സജീവമായിരുന്ന , ചില ബൂലോഗ മിത്രങ്ങളുമായി
    ബന്ധപ്പെട്ടപ്പോൾ ... അവർ പറഞ്ഞതിൽ നിന്നും മനസ്സിലാക്കുവാൻ
    കഴിഞ്ഞത് -
    മുമ്പൊക്കെ ഇമ്മിണിയിമ്മിണി അഭിപ്രായങ്ങൾ കിട്ടികൊണ്ടിരുന്ന
    അവർക്കൊന്നും അന്നത്തെ പോലെ കമന്റ്സ് കിട്ടാത്ത കാരണം ആ സ്റ്റാറ്റസ്കോ
    കളയണ്ട എന്ന് ചിന്തിച്ചാണ് ഇപ്പോൾ ബൂലോകത്തിലൊന്നും കുത്തി കുറിക്കാത്തത് എന്നാണ്
    ( ഈ പറഞ്ഞവരിൽ മിക്കവരും മറ്റുള്ള ബ്ലോഗുകളിൽ പോയി കമാന്നൊരക്ഷരം മിണ്ടി പറയാത്തവരാണ് ..കേട്ടൊ....)
    ബൂലോഗത്തിലെ ഈ അമ്പട ഞാനെ എന്ന ഭാവം തന്നെയാണ് ഈ മാന്ദ്യത്തിനും കാരണം.

    ReplyDelete
  24. Vaasthavathil palathum vaayichilla. :(
    Avalokanam nannaavunnu.
    Aasamsakal.

    ReplyDelete
  25. പലതും വായിച്ചവയാണ്. പക്ഷെ മിക്കവയിലും കമന്റിട്ടില്ല.... നമ്മുടെ കണ്ണിൽ കാണുന്ന തെറ്റുകൾ, എന്റെ ചെറിയ അറിവിൽ വച്ച് തന്നെ തിരുത്താൻ ശ്രമിക്കുമ്പോൾ പലർക്കും ഇഷ്ടപ്പെടുന്നില്ലാ എന്ന തോന്നൽ...എന്നാലും ഞാൻ ഇപ്പോഴും എന്റെ ബ്ലൊഗിൽ പോസ്റ്റുകൾ ഇടുന്നുണ്ട് മറ്റുള്ളവരുടെ ബ്ലോഗുകളിൽ പോകാറുമുണ്ട്...പി.വി ഏരിയൽ പറഞ്ഞത് ശരിയാ ബ്ളോഗുകൾ വിട്ട് മറ്റ് മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്ന രീതി അവലംബിക്കുന്നതാണ് ഈയ്യിടെയായി കാണുന്നത്. മലയാളം ബ്ളോഗെഴുത്ത് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം." ..ആശംസകൾ

    ReplyDelete
  26. ലേറ്റായിപ്പോയി വരാന്‍
    ഇനി ഈ ലിങ്കുകളൊക്കെ ഒന്ന് സന്ദര്‍ശിക്കട്ടെ

    ReplyDelete