Friday, March 7, 2014

ബ്ലോഗ്‌ കൂട്ടായ്മകളില്‍ വളരുന്ന e-എഴുത്തുകള്‍.

ബ്ലോഗുകളില്‍ക്കൂടിയും സോഷ്യല്‍ മീഡിയകളില്‍ക്കൂടിയും മാത്രം പരിചയപ്പെടുന്നവരുടെ കൂട്ടായ്മകള്‍ ഇ-എഴുത്തിന് നല്‍കുന്ന ഉണര്‍വ്  ചെറുതല്ല. അത്തരം കൂട്ടായ്മകള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും, ബ്ലോഗെഴുത്തിനെയും ബ്ലോഗര്‍മാരെയും കൂടുതല്‍ അടുത്തറിയാനും, വായനയേയും എഴുത്തിനെയും കൂടുതല്‍ ഗൌരവമായി കാണാനും സഹായകമാവും എന്ന കാര്യത്തില്‍ സംശയമില്ല. സോഷ്യല്‍ മീഡിയകളിലും ബ്ലോഗിലുമൊക്കെയുള്ള  അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകളില്‍ എല്ലാം മറന്ന് ഒന്നിച്ചണിനിരക്കുന്നത് ബ്ലോഗ്‌ മീറ്റുകളില്‍ മാത്രം കാണാവുന്ന സവിശേഷതയാണ്. ഈ ഐക്യവും സാഹോദര്യവും എന്നും നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ ....

കഴിഞ്ഞ വാരം  തിരുവനന്തപുരം പ്രസ് ക്ളബ്ബ് ഹാളിൽ വെച്ചുനടന്ന ബ്ളോഗർ സംഗമവും, പുസ്തകപ്രകാശനങ്ങളും, ബൂലോകം അവാർഡ് ദാനവും സംഘാടനത്തിന്റെ മികവുകൊണ്ട് ശ്രദ്ധേയമായി. സാധാരണയായി മലബാർ ഭാഗങ്ങളാണ് ബ്ളോഗർ സംഗമത്തിന് വേദി
ആവാറുള്ളത്. തലസ്ഥാനനഗരിയിൽ നടന്ന ഇത്തവണത്തെ ബ്ളോഗർ സംഗമത്തിന് മുഖ്യധാരാമാധ്യമങ്ങളിൽ പ്രതീക്ഷിച്ച അത്ര പ്രാധാന്യം കിട്ടിയില്ല . ഈ മീറ്റിനെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ബ്ളോഗിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.  മീറ്റിനെക്കുറിച്ചുവന്ന എല്ലാ പോസ്റ്റുകളും ബ്ലോഗില്‍ കൊടുത്ത ലിങ്കുകളില്‍ക്കൂടി വായിക്കാവുന്നതാണ്, അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങൾ .

എഴുത്തും വായനയും പോലെതന്നെ പ്രധാനമാണ്  എഴുത്തുകാരുടെ സാമൂഹ്യ പ്രതിബദ്ധതയും. കേവലം വരികളില്‍ക്കൂടി മാത്രം സമൂഹനന്മയെക്കുറിച്ച് വാചാലമാകാതെ സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് അവര്‍ യഥാര്‍ത്ഥ മനുഷ്യസ്നേഹികളാവുന്നത്. ശ്രീജിത്ത് മൂത്തേടത്തിന്റെ സാഹിത്യസദസ്സ് എന്ന ബ്ളോഗിൽ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ പലതും അനീതിക്കെതിരായ   ജനകീയസമരങ്ങളോട് ലേഖകനുള്ള ഐക്യദാർഢ്യത്തിന്റെ അടയാളപ്പെടുത്തലുകളാണ്. ചുരുക്കം ചില വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം കൊണ്ട് പന്താടുന്ന അനീതികൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിരോധ ശബ്ദങ്ങൾ ഉയർന്നത് തൃശ്ശൂർ ജില്ലയിൽ നിന്നാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് ഗ്രാമത്തിലെ ജനങ്ങള്‍ അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തെക്കുറിച്ച്  എഴുതിയ മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ് എന്ന ലേഖനം ചുറ്റുമുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള ആർക്കും അവഗണിക്കാനാവില്ല.

 കഥകള്‍ കൊണ്ട് സമ്പന്നമായ  വായനാ ദിനങ്ങളായിരുന്നു കഴിഞ്ഞവാരം. ആദ്യത്തെ കുറച്ചുവരികളില്‍ത്തന്നെ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുക എന്നത് എഴുത്തുകാരന്റെ കഴിവാണ്. "മഴ പെയ്യുമെന്നറിഞ്ഞിട്ടും, കുട മന:പൂര്‍വ്വം വീട്ടില്‍ മറന്നുവെച്ച്  നാലുമണിയാവുമ്പോള്‍ ജയഹേ എന്നു മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ് ആര്‍ത്തു ചിരിച്ചും വെള്ളം തെറിപ്പിച്ചും പുസ്തകങ്ങള്‍ ഉടുപ്പിനടിയില്‍ വെച്ച് മഴയിലേക്ക് ഓടി ഇറങ്ങിയിരുന്ന ഒരു മഴക്കാലമുണ്ട് ഉള്ളില്‍." ആദ്യ പാരയിലെ ഈ വരികള്‍ വായിച്ചാല്‍ പിന്നെ അത് തീര്‍ത്തുവായിക്കാതിരിക്കാന്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് സാധിക്കില്ല. എഴുത്തില്‍ നല്ലൊരു ശൈലിയുണ്ട് ഈ ബ്ലോഗര്‍ക്ക്. സൈറാ മുഹമ്മദിന്റെ  ദിനോട്ട് ബുക്ക് ഓഫ് ലവ് എന്ന ബ്ലോഗ്‌ അതിലെ വിഭവം പോലെ തന്നെ മനോഹരമായ ടെമ്പ്ലേറ്റ് കൊണ്ടും വായനക്കാരെ ആകര്‍ഷിക്കുന്നു. കഥയ്ക്ക് നല്ലൊരു തലക്കെട്ട് കൊടുക്കാത്തത് ഒരു പോരായ്മയായി തോന്നി.

നന്നായി ചിത്രം വരയ്ക്കുന്ന, ഈ രംഗത്തെ വളർന്നുവരുന്ന കുട്ടികൾക്കെല്ലാം നല്ല മാതൃകയാക്കാവുന്നവരായ സഹോദരിമാരാണ് ആരിഫയും, ജുമാനയും. ജുമാനയുടെ ബ്ളോഗ് കഴിഞ്ഞ ലക്കം വരികൾക്കിടയിൽ പരിചയപ്പെടുത്തിയത് ഓർക്കുമല്ലോ. ഇത്തവണ ആരിഫയുടെ ബ്ളോഗിലെ സെൽഫ് പോർട്രയിറ്റിലേക്ക് ഞങ്ങൾ ആസ്വാദകരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

"ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.." തലക്കെട്ടിലെ ആകര്‍ഷകത്വം പോലെ തന്നെ വായനയിലും മുഷിപ്പ് നല്‍കാത്ത ബാല്യകാല ഓര്‍മ്മകളാണ് സ്വപ്ന സാഗരത്തിലെ ഈ നര്‍മ്മാനുഭവം. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ സരസമായി ഇവിടെ വായിക്കാന്‍ കഴിയുന്നു. നാലുവര്‍ഷത്തോളമായി ബിജുതോമസ്‌ ബ്ലോഗില്‍ സജീവമാണ്. ചെറുതും വലുതുമായി നിരവധി രസകരമായ  പോസ്റ്റുകള്‍ ഈ താളുകളിൽ വായിക്കാം.

സ്പന്ദനം ബ്ലോഗില്‍ നൌഷാദ് തെക്കിനിയത്ത് എഴുതിയ മൗനം എന്ന മിനിക്കഥ ശ്രദ്ധിക്കപ്പെടുന്നതും അവതരണശൈലിയിലെ ഒതുക്കം കൊണ്ടാണ്. വിഷയം പ്രണയമാണ് എങ്കിലും കഥയെ ട്രീറ്റ് ചെയ്ത രീതി പ്രശംസനീയമാണ്. ഫോണ്ട് അല്‍പ്പം കൂടി വലുതാക്കിയാല്‍ കൂടുതല്‍ വായനാസുഖം കിട്ടുമായിരുന്നു എന്ന് തോന്നി.

അലി മുഹമ്മദിന്റെ  അക്കാകുക്ക ബ്ലോഗിലെ മീനമാസത്തിലെ ഫയല്‍  വായന
തീരുന്നത് അറിയാതെ പോവുന്ന നല്ല കഥയാണ്. കഥാവതരണത്തില്‍ പുലര്‍ത്തിയ ശ്രദ്ധയും,  കയ്യടക്കമുള്ള കഥ പറച്ചിലും ഈ കഥയെ മികവുറ്റതാക്കുന്നു. ചുവപ്പുനാടയിലെ കുരുക്ക് ഒഴിവാക്കാന്‍ വരുന്ന കഥാനായകനില്‍ തന്റെ മരണപ്പെട്ടു പോയ ഭര്‍ത്താവിനെ കാണുന്ന വനിതാ ഓഫീസറുടെ മനസ്സിനെ വരികളില്‍ക്കൂടി വായനക്കാര്‍ക്കായി വരച്ചിടാന്‍ കഥാകാരന് സാധിച്ചു.

മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ ഒരു കവിതാബ്ലോഗ്‌ വീണ്ടും വായനക്കാരിലേക്ക്. "നീ വലതുവശത്തിരിക്കുമ്പോള്‍ ഞാന്‍ കാറോടിക്കുന്നത് " എന്നകവിത വരികളിലെ ലാളിത്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും നല്ല കവിതകളുമായി   ദേവസേന   കൂടുതല്‍ സജീവമാകും എന്ന് പ്രതീക്ഷിക്കാം.

മൂന്നുവര്‍ഷത്തെ കടത്തിവെട്ടി ഏകദേശം പത്തുവർഷത്തിനു ശേഷം എഴുത്തിലും ഏഴുവർഷങ്ങൾക്കിപ്പുറം ബ്ലോഗിലും സജീവമാവുകയാണ്, സങ്കുചിതമനസ്കൻ എന്ന ബ്ലോഗ് നാമത്തില്‍ അറിയപെട്ടിരുന്ന കെ.വി മണികണ്ഠൻ (മണി-മിനു). മലയാളം വാരിക നടത്തിയ എം.പി. നാരായണപിള്ള സ്മാരക പുരസ്കാര  മത്സരത്തിൽ ആറാം സ്ഥാനത്ത് വരികയും, മാതൃഭൂമി ഫൈനൽ റൗണ്ട് എന്ന കഥാസമാഹാ‍രത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്ത ജലകന്യക എന്ന ചെറുകഥയാണ്‌ ഏറ്റവും പുതിയ കഥ. തിരിച്ചു വരവ് നടത്തിയ രണ്ടു ബ്ലോഗുകള്‍ക്കും വരികള്‍ക്കിടയില്‍ ടീമിന്റെ ആശംസകള്‍.

ഹര്‍ഷ മോഹന്‍ എഴുതിയ റൂത്തിന്റെ കഥായാമങ്ങള്‍ കഥയ്ക്കുള്ളിലെ കഥ പറയുന്ന ഒന്നാണ്. പ്രമേയം വിവിധ തലങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കാന്‍ അവസരം ഉണ്ടായിട്ടും പരിധികള്‍ ലംഘിക്കാതെ പറഞ്ഞവസാനിപ്പിച്ചത് കഥാകാരിയുടെ മിടുക്ക് തന്നെയാണ്. വഴിവിട്ട കുടുംബബന്ധങ്ങളെ റൂത്ത് എന്ന നഗരസുന്ദരിയിലൂടെ പകര്‍ന്നു നല്‍കുന്നതിനോടൊപ്പം തന്നെ ചില ചോദ്യങ്ങളും വായനക്കാരുടെ മനസ്സിലേക്കിട്ടുകൊണ്ടാണ്  കഥ അവസാനിക്കുന്നത്. നല്ല സന്ദേശങ്ങള്‍ അടങ്ങിയ ഇത്തരം കഥകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ.

ശക്തവും വ്യത്യസ്തവുമായ കാവ്യഭാവനകളുടെ മൊഴിയാട്ടമാണ് അനുരാജിന്റെ ഇരുൾ നിലാവ് എന്ന ബ്ളോഗിലെ രചനകൾ. പുതിയ രചനയായ പുഷ്പഫലത്തോട്ടത്തിൽ നിന്നും ഒരച്ഛന്‍ എന്ന രചന അതിന്റെ ശീർഷകം മുതൽ ശ്രദ്ധേയമാണ്. അനിവാര്യമായ ഒരു പ്രകൃതിനിയമം , നമ്മുടെ കാലത്തെ ഒരു പിതാവിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ ഓരോ വായനക്കാരിലേക്കും പടരുന്നു.

 സമകാലിക വിഷയങ്ങളോട് ശക്തമായ ഭാഷയിലൂടെയുള്ള  പ്രതികരണമാണ് പി.കെ.മുരളീകൃഷ്ണന്റെ തീരാമഴ എന്ന ബ്ലോഗ്‌. ലളിതമായ ഭാഷയില്‍, എന്നാല്‍ ശക്തമായ ആശയങ്ങള്‍ കൊണ്ട് രചിക്കുന്ന പോസ്റ്റുകള്‍ കവിതാ പ്രേമികള്‍ക്ക്  ഇഷ്ടമാവും. ഏറ്റവും അവസാനമായി എഴുതിയ പാഠം എന്ന ഈ കവിത ശ്രദ്ധിച്ചു നോക്കൂ.

വീണ്ടും കഥകളിലേക്ക് തിരിച്ചു വരാം.  വൈക്കത്തുകാരന്‍ ബ്ലോഗിലെ മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്.. എന്ന കഥ ഒരു ഗ്രാമത്തേയും അവിടുത്തെ പത്രവിതരണക്കാരായ രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ്. പല സംഭവവികാസങ്ങളിലൂടെ കഥയുടെ ചുരുള്‍ നിവരുമ്പോഴും, പ്രധാനപ്പെട്ട കഥാതന്തുവില്‍ നിന്ന് കഥ അകന്നുപോവാതെ സൂക്ഷിക്കാനും, വായനയുടെ ഏകാഗ്രത നഷ്ടമാവാതെ കഥയെ മുന്നോട്ട് നയിക്കാനും കഥാകൃത്തിന് സാധിച്ചിട്ടുണ്ട് . ചിരപരിചിതമായ ഗ്രാമീണജീവിതത്തെ ലളിതമായി പറഞ്ഞിരിക്കുന്നു  രൂപേഷ് ഇവിടെ.

ചേരുന്നിടം ബ്ലോഗിലെ ഞായറാഴ്ചരാവ് എന്ന പുതിയ കഥ ജെഫു ജൈലാഫിന്റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഥയുടെ ഗതിയെ രൂപകങ്ങൾകൊണ്ട് അലങ്കരിച്ചൊരുക്കുന്ന രചനാരീതിയാണ് ഈ കഥയിലെ ശ്രദ്ധേയമായ ഘടകം. തകർന്നടിഞ്ഞ പുരാതനമായ ഒരു തറവാട്ടിലെ അനന്തരാവകാശിയുടെ ജീനുകളിൽ അവശേഷിക്കുന്ന അനീതികളോടുള്ള രോഷവും, ചരാചരങ്ങളോടുപോലുമുള്ള അനുകമ്പയും, അനീതിക്കെതിരെ വിധി പ്രഖ്യാപിച്ച് നടപ്പിൽ വരുത്താനുള്ള ജന്മസഹജമായ ജൈവചേതനയും ഇവിടെ യുക്തിഭദ്രമായ ഭാഷയുടെ അകമ്പടിയോടെ, ഒട്ടും താളം തെറ്റാതെ പറഞ്ഞുവെക്കുന്നുണ്ട്. ഗ്രാമീണപശ്ചാത്തലത്തില്‍ ഒരുക്കിയ കഥാതന്തു മടുപ്പിക്കാത്ത വായന സമ്മാനിക്കുന്നു.


അമുതയുടെ അമ്മ എന്ന പേരിൽ ഇലഞ്ഞിപ്പൂക്കൾ ബ്ളോഗിൽ വന്ന പോസ്റ്റ് ഹ്രസ്വമെങ്കിലും ഏറെ ചിന്തിപ്പിക്കുന്നതാണ്. ഒരു ചെറുപുഞ്ചിരി കൊണ്ടെങ്കിലും സ്നേഹം ചൊരിയുന്ന നല്ല മനുഷ്യർ പിന്നീട് നമ്മുടെ ജീവിതത്തിൽ നിന്ന് എവിടെയൊക്കെയോ പോയി മറയുന്നു. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഇത്തരം സ്നേഹാനുഭവങ്ങളിലേക്ക് ഒരു പ്രവാസിയുടെ ആർദ്രമായ മനസ്സോടെ ഇറങ്ങിച്ചെല്ലുന്നു ഈ പോസ്റ്റ്.


മനുഷ്യന്റെ കൂട്ടായ്മകളുടെ അടയാളമാണ് ഉത്സവങ്ങൾ എന്നു പറയാറുണ്ട. ഗ്രാമീണ ഉത്സവങ്ങൾ ഇത്തരം കൂട്ടായ്മകളെ അരക്കിട്ട് ഉറപ്പിക്കാനുള്ള വേദികളാണ്. സർവ്വമതസാഹോദര്യത്തിന്റെ ആഘോഷങ്ങളാണ് മലയാളിയുടെ ഉത്സവങ്ങൾ. സ്വന്തം ഗ്രാമത്തിൽ നടക്കുന്ന ഉത്സവത്തിൽ നിന്ന് ആദ്യമായി വിട്ടുനിൽക്കേണ്ടി വരുന്ന ഒരാൾ ആ ഗ്രാമോത്സവത്തിന്റെ കെട്ടുകാഴ്ചകൾ അയവിറക്കുന്നു.  ചെട്ടികുളങ്ങര കുംഭഭരണിയെ കുറിച്ച് കാഴ്ച്ചക്കാരന്‍ ബ്ലോഗില്‍ സാജന്‍ എഴുതിയ ലേഖനം ഇത്തരത്തിലുള്ളതാണ്.

ചെറുതും വലുതുമായ കഥകളും കവിതകളുമായി ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന ബ്ലോഗറാണ് ഡോക്ടര്‍ പി.മാലങ്കോട്. കുറഞ്ഞ സമയം കൊണ്ട് ഇരുനൂറിനടുത്ത് പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ നിറഞ്ഞു. മനസ്സിലെ ചിന്തകള്‍ ഒരു ഡയറിക്കുറിപ്പ് പോലെ ഡോക്ടര്‍ ബ്ലോഗില്‍ കുറിച്ചിടുന്നു. ഏറ്റവും അവസാനമായി എഴുതിയ കവിത  ഭാരം  വിരഹത്തെ വ്യത്യസ്തമായ ഒരു ചിന്തയിലൂടെ നോക്കിക്കാണുന്നു.

" ബ്ലോഗ് മീറ്റ് ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാനോ എഴുതി ഫലിപ്പിക്കാനോ പ്രയാസമാണ്. ഹൃദയത്തെ ഹൃദയം തിരിച്ചറിയുന്ന നിമിഷങ്ങൾ. അവിടെ ദേഷ്യമില്ല, അസൂയയില്ല, അസഹിഷ്ണുതയില്ല, പകയില്ല, ചെറുപ്പ-വലിപ്പമില്ല, പ്രായ വ്യത്യാസമില്ല, സ്നേഹം..സ്നേഹം..എന്ന ഒറ്റ വികാരം മാത്രം. അതാണ് ബ്ലോഗ് മീറ്റിൽ നിന്നും ലഭിക്കുന്നത്. എന്നുമെന്നും നില നിൽക്കുന്നത്. പിരിയാൻ നേരം ഇനി എന്ന് കാണും എന്ന് തൊണ്ട ഇടറി നമ്മെക്കൊണ്ട് ചോദിപ്പിക്കുന്നത്" കഴിഞ്ഞ വാരം നടന്ന ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് ബ്ലോഗ്‌ മീറ്റുകളിലെ സജീവസാന്നിദ്ധ്യമാവാറുള്ള ശ്രീ ഷെരീഫ് കൊട്ടാരക്കരയുടെ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു നല്ല വായനാലോകത്തിനായി ഇത്തരം കൂടിച്ചേരലുകള്‍ ഇനിയും ഉണ്ടാവട്ടെ.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil


38 comments:

  1. ​നല്ലൊരു വായനാ വാരം കൂടി വരികൾക്കിടയിലൂടെ ഇവിടെ വരച്ചിട്ടതിനു നന്ദി
    പലതിലും പോയിട്ടുണ്ടെങ്കിലും ഒട്ടു മിക്കതും പുതിയവ പോലെ തോന്നുന്നു, സാവകാശം
    പോയി വരാം എന്ന് കരുതുന്നു വരികൾക്കിടയിലെ സാരഥികൾക്ക് ​ ഒരു കൂപ്പുകൈ!

    ReplyDelete
  2. പുതിയ എഴുത്തിന്‍റെ വാതായനങ്ങള്‍ കാട്ടിത്തരുന്ന ഈ പംക്തി എഴുത്തും വായനയും ഇഷ്ടപെടുന്നവര്‍ക്ക് വളരെയധികം ഉപകാരപ്രദമായ കാര്യംതന്നെ. എന്നിരുന്നാലും ബ്ലോഗെഴുത്ത് വായിക്കുവാന്‍ എത്തുന്നവര്‍ ബ്ലോഗുകളില്‍ എഴുതുന്നവര്‍ മാത്രമായി ചുരുങ്ങുന്നില്ലേ എന്നൊരു സംശയം ഈയുള്ളവനില്‍ നിലനില്‍ക്കുന്നുണ്ട് .ഒപ്പം ബ്ലോഗുകലുല്‍ എഴുതുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടം എന്ത്? എന്ന ചോദ്യവും

    ReplyDelete
  3. ഇങ്ങിനെയുള്ള ഒരു പരിചയപ്പെടുത്തലിലൂടെ പല നല്ല എഴുത്തുകളേയും പരിചയപ്പെടാന്‍ സാധിക്കുന്നു. എഴുത്തില്‍ പിച്ചവെക്കുന്ന എഴുത്തുകാര്‍ക്കും, എഴുതിത്തെളിഞ്ഞവര്‍ക്കും
    വളരെയധികം പ്രോത്സാഹനവും,അവരെ മറ്റുള്ള എഴുത്തുകാര്‍ക്കിടയിലും,വായനക്കാര്‍ക്കിടയിലും സുപരിചിതരാക്കാനും ഈ സംരംഭം വഴിതെളിയിക്കുന്നു.
    വരികള്‍ക്കിടയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  4. This chapter is outstanding from previous chapters.
    Best wishes

    ReplyDelete
  5. വളരെയധികം പ്രോത്സാഹനമാകുന്ന ഈ പരിചയപ്പെടുത്തലിനു “വരികള്‍ക്കിടയില്‍” അണിയറക്കാര്‍ക്ക് എന്റെ സന്തോഷവും നന്ദിയും പങ്കുവയ്ക്കുന്നു... എല്ലാവിധ് ഭാവുകങ്ങളും.....

    ReplyDelete
  6. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  7. lot more to read!!!! :(. Thank u guys :)

    ReplyDelete
  8. ഇതാണ് പ്രതീക്ഷ... ഇനിയും നന്നാവട്ടെ...

    ReplyDelete
  9. ഇതാണ് പ്രതീക്ഷ... ഇനിയും നന്നാവട്ടെ...

    ReplyDelete
  10. ഈ പരിചയപ്പെടുത്തൽ ഏറെ പ്രോത്സാഹനം നല്കുന്നതാണ് .ഇതിൻറെ അണിയറ ശില്പികളെ നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദിക്കുന്നു ...

    ReplyDelete
  11. വളരെയധികം പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു..സന്തോഷം.. വായനയുടെ വസന്തം തിരിച്ചുവരുന്നത് പോലെ..

    ReplyDelete
  12. വരട്ടെ വരട്ടെ പുതിയത് വരട്ടെ...

    ReplyDelete
  13. വരികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.
    സാരഥികളുടെ ശ്രദ്ധയേയും,സൂക്ഷ്മനിരീക്ഷണപാടവത്തേയും അഭിനന്ദിക്കുന്നു.
    ആശംസകള്‍

    ReplyDelete
  14. ഇത്തവണ വായിക്കാത്ത ബ്ലോഗുകള്‍ അധികം എനിക്ക് ലഭിച്ചു.
    തുടരട്ടെ ഈ നല്ല സംരഭം

    ReplyDelete
  15. നല്ല അവലോകനം ...
    ഇനി ഇവിടങ്ങളില്‍ ഒന്ന് പോയി നോക്കട്ടെ. നല്ല കുറെ ബ്ലോഗ്ഗുകള്‍ ഇത്തവണ പരിചയപ്പെടുത്തി

    ReplyDelete
  16. വരികള്‍ക്കിടയില്‍ വീണ്ടും പരാമര്ശിക്കപ്പെട്ടതിലുള്ള സന്തോഷം അറിയിക്കട്ടെ ....എഴുത്തില്‍ നിന്ന് കിട്ടുന്ന അത്മാനുഭൂതിയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാതെ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത്തരം പരാമര്‍ശങ്ങള്‍ പകര്‍ന്നു തരുന്ന ഊര്‍ജ്ജം വളരെ വലുതാണ് ......ഒപ്പം അല്പം സര്‍ഗ്ഗപരമായ സമ്മര്‍ദ്ദം കൂടി അത് പകര്‍ന്നു തരുന്നുണ്ട്

    ReplyDelete
  17. നല്ല അവലോകണം.
    നന്ദി.
    ഇനി ഓരോന്നായി വായിക്കണം

    ReplyDelete
  18. കൂടുതലും വായിക്കാത്ത പോസ്റ്റുകളോ കാണാത്ത ബ്ലോഗുകളോ ആണ്...അവലോകനം തുടരുക...ആശംസകള്‍ :-)

    ReplyDelete
  19. എന്‍റെ കഥ തിരഞ്ഞെടുത്തതിന് വളരെ നന്ദിയുണ്ട്.
    ഒപ്പം ഈ സദ് ഉദ്യമത്തിന് ആശംസകള്‍.

    ReplyDelete
  20. വായിക്കാത്ത പോസ്റ്റുകൾ ആണധികവും. പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  21. വായിക്കാത്ത പോസ്റ്റുകളാണധികവും. നന്ദി, എന്‍റെ ബ്ലോഗും കൂട്ടത്തില്‍ പരാമര്‍ശിച്ചതിന്.

    ReplyDelete
  22. വരികൾക്കിടയിൽ താല്പ്പര്യത്തോടെ വായിക്കാറുണ്ട്. ഇതിൽ പറയുന്ന പല ബ്ലോഗുകളും വായിക്കാനുണ്ട്. എന്റെ ബ്ലോഗ്‌ പരാമർശിക്കപ്പെട്ടത്തിൽ വളരെ സന്തോഷം ഉണ്ട്. ഈ ഉദ്യമത്തിനും, എല്ലാ ബ്ലോഗർ/വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

    ReplyDelete
  23. ഒത്തിരി സന്തോഷം.
    നന്ദി... വീണ്ടും വീണ്ടും എഴുതുവാനുള്ള പ്രചോദനത്തിന്.
    ഒപ്പം ആശംസകളും നേരുന്നു.

    ReplyDelete
  24. വീണ്ടും കൂടുതല്‍ നല്ല ബ്ലോഗുകള്‍ പരിജയപ്പെടാന്‍ കഴിഞ്ഞു

    ഈ നല്ല ഉദ്യമത്തിന് ഒരായിരം ഭാവുകങ്ങള്‍..

    എന്റെ ബ്ലോഗ്‌ വീണ്ടും പരാമര്‍ശിച്ചതില്‍ ഏറെ സന്തോഷം,നന്ദി

    ReplyDelete
  25. നല്ല ഒരു ലക്കം കൂടി.....

    ReplyDelete
  26. വായിക്കാതെ വിട്ടതിൽ പലതും വരികൾക്കിടയിൽ നിന്ന് ലഭിച്ചു, അഭിനന്ദനങ്ങൾ

    ReplyDelete
  27. ഈ പരിചയപ്പെടുത്തലിന്ന് നന്ദി.

    ReplyDelete
  28. നല്ല ലക്കമെന്ന് പലരും അഭിപ്രായപ്പെട്ടറിഞ്ഞു...സന്തോഷം..
    ന്റേം ആശംസകൾ..!

    ReplyDelete
  29. മനോഹരമായ ലേ ഔട്ട്‌ .. ആശംസകള്‍..!

    ReplyDelete
  30. വിട്ടു പോകുന്നത് പലതും വായിക്കാനാകുന്നു.... ആശംസകള്‍

    ReplyDelete
  31. അവലോകനം നന്നായി .എല്ലാം വായിക്കുന്നു .ആശംസകൾ.

    ReplyDelete
  32. This is a real experience...please keep going..

    ReplyDelete
  33. ഇത്തവണ ഞാനൊന്നും എത്തിനോക്കാത്ത
    പല ബൂലോഗ തട്ടകങ്ങളും കാണാൻ ഇടയായി..
    ഇതുപോലെ നല്ല അവലോകനങ്ങളുമായി വർക്കൾക്കിടയിലൂടെയുള്ള
    ഈ ജൈത്രയാത്ര തുടരുക കേട്ടൊ കൂട്ടരെ

    ReplyDelete
  34. ഇത് പ്രശംസനീയം ആണ് ,എല്ലാവിധ ആശംസകളും.....
    ബ്ലോഗുകള്‍ എല്ലാവരിലേക്കും വരികള്‍ക്കിടയിലൂടെ എത്തപ്പെടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.നന്ദി ഈ വിജയം കൈകൊണ്ട ഈ ശ്രമത്തിനു....

    ReplyDelete
  35. വായിച്ചു. വളരെ നന്ദി.. എന്റെ ബ്ലോഗിനക്കുറിച്ച് പരാമര്‍ശിച്ചതില്‍ സന്തോഷം.. ഈയൊരു സംരംഭത്തിന് എല്ലാവിധ ആശംസകളും..

    ReplyDelete