2009 ലാണ് ഞാന്‍ ബ്ലോഗെഴുത്ത് ആരംഭിക്കുന്നത്. മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്തയായി എഴുത്ത് ലോകത്ത് തീരെ പരിചയമില്ലാത്ത ഒരു ശിശുവായാണ് ഞാന്‍ ബ്ലോഗുലകത്തിലേക്ക് പിച്ചവെച്ചത്. ആദ്യകാലം മുതല്‍ക്കെ തന്നെ എന്നെ നന്നായി പ്രോത്സാഹിപ്പിച്ച ബ്ലോഗര്‍മാരില്‍ ഒരാളായിരുന്നു തേജസ് എന്ന ബ്ലോഗിന്റെ ഉടമ, ഞാന്‍ മനോ എന്ന് വിളിച്ചിരുന്ന മനോരാജ്. ഫേസ്‌ബുക്കില്‍ വരുന്നതിനു മുമ്പേ എനിക്ക് ബ്ലോഗുലകത്തില്‍ ഉണ്ടായിരുന്ന ആ നല്ല സുഹൃത്താണ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നത്. ഈ പോസ്റ്റ് എഴുതുമ്പോഴും എനിക്ക് അദ്ദേഹത്തെ കണ്ണീരോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.
ആദ്യകാല എഴുത്തുകാരി എന്ന പരിഗണനവെച്ചു അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും പിന്നീട് എഴുത്തില്‍ കുറേശ്ശെ തെളിഞ്ഞു വന്നപ്പോള്‍ തെറ്റ്കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുവാനും മനോരാജ് മടിച്ചിരുന്നില്ല. എന്റെ റോസാപ്പൂക്കള്‍ ബ്ലോഗില്‍ ആറോ ഏഴോ പോസ്റ്റുകളായപ്പോഴാണ് റോസാപ്പൂക്കളെ പരിചയപ്പെടുത്തി ഒരു പോസ്റ്റ് മനോരാജ് സ്വന്തം ബ്ലോഗില്‍ ഇടുന്നത്. എനിക്ക് എഴുത്തില്‍ വലിയൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു ആ പരിചയപ്പെടുത്തല്‍.
.
പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ് കണ്ണിന് കാഴ്ച കുറഞ്ഞു. കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായിരുന്നു കാരണം. കണ്ണിന് കാഴ്ച കുറഞ്ഞതോടെ മനോരാജ് ഓണ്‍ ലൈന്‍ ലോകത്ത് നിന്നും സാവധാനം പിന്‍വാങ്ങി. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കായി ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതം. വിളിക്കുമ്പോള്‍ മിക്കവാറും കണ്ണാശുപത്രി അല്ലെങ്കില്‍ തിരുവനന്തപുറത്ത് ചികില്‍സയില്‍ . ഒടുവില്‍ എന്റെ വിളി ശല്യമാകരുതല്ലോ എന്ന് വിചാരിച്ചു ഞാന്‍ വിളികള്‍ കുറച്ചു.
ഒന്നര മാസം മുമ്പ് മുംബൈയില്‍ നിന്നും ഞാന്‍ തൂത്തുക്കുടിയിലേക്കു സ്ഥലം മാറിയപ്പോള്‍ മനോരാജിനെ വീണ്ടും ബന്ധപെട്ടു. പുതിയ ഇടത്തേക്ക് പോകുകയാണ് പുതിയ നമ്പര്‍ കിട്ടുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു. വല്ലാതെ നിരാശനായിരുന്നു അപ്പോള്‍. രോഗത്തിനു മുന്നില്‍ അടിയറവു പറഞ്ഞ പരാജിതന്റെ തളര്‍ച്ച മനോയുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു. പക്ഷെ കണ്ണിന്റെ പ്രശ്നം ശരിയായി വരുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരു മാസം മുമ്പ് അദ്ദേഹത്തിനെ എറണാകുളത്തുള്ള ബ്ലോഗര്‍ സുഹൃത്ത് നിരക്ഷരന്‍ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയുണ്ടായി. രോഗം കണ്ടു പിടിച്ചു... വയറ്റിൽ ടി ബി യാണ്.... തുടര്‍ചികില്‍സയിലാണ്... എന്നൊക്കെ കേട്ടപ്പോള്‍ അദ്ദേഹം രക്ഷപെടും എന്നൊരു പ്രത്യാശയാണ് തോന്നിയത്.
വെറും മുപ്പത്തിയഞ്ചു വയസ്സിലാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന്‍ ലോകത്ത് നിന്നും വിടപറഞ്ഞത്. ഉദിച്ചുയരും മുമ്പേ മറഞ്ഞ തേജസ്. തുടര്‍ന്നു ജീവിച്ചിരുന്നെങ്കില്‍ എവിടെയൊക്കെയോ എത്തുമായിരുന്നു മനോരാജ്. അദ്ദേഹത്തെ തേടി ധാരാളം പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഒടുവില്‍ കേരള കൌമുദി ചെറുകഥാ മത്സരത്തില്‍ ലഭിച്ച സമ്മാനം അദ്ദേഹത്തെ അച്ചടി മാധ്യമത്തിലും ശ്രദ്ധേയനാക്കി. മനോരാജ് ഈ ഭൂമിയില്‍ നിന്നും മറഞ്ഞ സെപ്തംബര്‍26 ബൂലോകത്തിന്റെ കറുത്ത ദിനമാണ്. ഭാവിയില്‍ ബൂലോകം എത്രകണ്ടു വളര്‍ന്നാലും ആദ്യകാല ബ്ലോഗര്‍മാരില്‍ ശ്രദ്ധേയനായ തേജസ് എന്ന ബ്ലോഗിന്റെ ഉടമയായ,നല്ലൊരു വായനക്കാരന്‍ കൂടിയായ മനോരാജ് എന്ന ബ്ലോഗര്‍ ബൂലോകത്തിന് മറക്കനാവാത്തവനായി തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. നമ്മുടെ മിക്ക സുഹൃത്തുക്കളും ഇപ്പോഴും മനോയുടെ ആകസ്മിക വിയോഗം ഉള്‍കൊള്ളാനാവാതെ പകച്ചു നില്‍ക്കുകകയാണ് അടങ്ങാത്ത കണ്ണീരുമായി. അവര്‍ക്കും, അദ്ദേഹത്തിന്റെ് പ്രിയ പത്നി ട്വിന്‍ഷക്കും, മകന്‍ തേജസിനും ദുഃഖം സഹിക്കാനുള്ള ശക്തി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ...തനി നാടന്‍ വൈപ്പിൻ ഭാഷയില്‍ സരസമായി സംസാരിക്കുന്ന പ്രിയ കൂട്ടുകാരന്‍ ഇനി ഇല്ലല്ലോ എന്ന ദു:ഖത്തോടെ പ്രിയ മനോയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ എന്റെയും കണ്ണീര്‍ പൂക്കള്‍
റോസിലി ജോയ്
ബ്ലോഗ് : റോസാപ്പൂക്കള്‍
ഒന്നും പറയാൻ കഴിയുന്നില്ല...ആദ്യം കൊടുത്തിരിക്കുന്ന ചിത്രം ഞാൻ അവന് ഫോട്ടോഷോപ്പിൽ ചെയ്തു കൊടുത്തതാണ്.
ReplyDeleteഫേസ്ബുക്ക് വാളില്‍ ഈ വര്‍ക്കിനെ കുറിച്ച് മനോ തന്നെ എഴുതിയത് കണ്ടിരുന്നു , നന്ദി റാംജി .
Deleteഓർമ്മകൾ മരിക്കുന്നില്ല...മനോരാജിന്റെ വലിയ സംഭാവനയാണ് "പുസ്തക വിചാരം" ബ്ലോഗ്...സുഹൃത്തുക്കള അത് നില നിർത്തണം
ReplyDeleteമനോരാജിന്റെ ഓർമകളെ സ്പർശിക്കുന്ന നല്ല കുറിപ്പ്.. നല്ല തലക്കെട്ട്..
ReplyDeleteമനോ ....!
ReplyDeleteഇന്നലെ ഉറങ്ങീട്ടില്ല റോസ്‌ലീ. ഇന്നും പറ്റുമെന്ന് തോന്നുന്നില്ല. :(
ReplyDeleteഞാനും മനോജ് നിരക്ഷരാ..രാത്രി ഒരു മണിയും രണ്ടുമണിയും ഒക്കെ ക്ലോക്കില്‍ നോക്കിക്കിടന്നു.
Deleteഎന്ത് പറയണം എന്നറിയില്ല..
ReplyDeleteറോസ് ലീ ,എന്താ പറയേണ്ടതെന്നറിയാതെ....
ReplyDeleteനിരക്ഷരന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കുന്നത് ഓഫീസിലെ തിരക്കിനിടയില്‍ ആയിരുന്നു. അതിന്റെ നോട്ടിഫിക്കേഷന്‍ ഇങ്ങനെ ആയിരുന്നു. “മനോരാജ് ഇനി നമുക്കൊപ്പമില്ല---“ അത്രയും വായിച്ചപ്പോള്‍ അവരുടെ ഏതെങ്കിലും ഗ്രൂപ്പില്‍ ഇനി മനോരാജ് അംഗമല്ല എന്നായിരുന്നു. പിന്നെ ആ സ്മൈലി സിംബല്‍ കണ്ടപ്പോള്‍ സംശയമായി. തുടര്‍ന്ന് വായിച്ചപ്പോള്‍ സ്തംഭിച്ചത് പോലെ ആയി. ഇപ്പോഴും പഴയമട്ടില്‍ സൈബര്‍ ഇടങ്ങളില്‍ ഇടപെടാനാവാത്ത മട്ടില്‍ ഹൃദയം ഭാരമടഞ്ഞിരിക്കുന്നു
ReplyDeleteഒരു പിടി മൌനത്തോടെ ഞാൻ നിൽക്കുന്നു
ReplyDeleteമനോയെ ദുഃഖപൂര്‍വ്വം ഓര്‍ക്കുന്നു.'പുസ്തകവിചാരം' ബ്ലോഗില്‍ എന്‍റെ രണ്ടു പോസ്റ്റ് മനോയുടെ റിഖ്വസ്റ്റില്‍ ഇട്ടിരുന്നു.വീണ്ടും ഒന്ന് പറഞ്ഞുവച്ചിരുന്നു പക്ഷേ പിന്നെ വിളിച്ചിരുന്നില്ല.പിന്നീട് ചെറായി ബീച്ചില്‍ പോയപ്പോള്‍ വെറുതെ ഫോണ്‍ ചെയ്തിരുന്നു പക്ഷേ കാണാന്‍ സാധിച്ചിരുന്നില്ല.രോഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര കാര്യമാക്കീല.സമാധാനിപ്പിച്ചു.ദൈവം തീരുമാനിക്കുന്നു എല്ലാം.മീറ്റിനു കാണണം എന്ന് പറഞ്ഞിരുന്നു.സാധിച്ചില്ല.സംസാരിച്ചപ്പോള്‍ മോന്‍ തേജസ്സിനെക്കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്.
ReplyDeleteആര്‍ക്കുംതന്നെ ഇത്തരത്തില്‍ ഒരു വേര്‍പാട് അല്ലെങ്കില്‍ വിഷമങ്ങള്‍ ഉണ്ടാവല്ലേ എന്ന പ്രാര്‍ത്ഥനയോടെ സുഹൃത്തിന്‍റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു അവരുടെ കുടുംബത്തില്‍ സഹനത്തിന്‍റെ ശക്തി ലഭിക്കട്ടെ പ്രാര്‍ത്ഥനയോടെ
ReplyDeleterosly....nammude mano....
ReplyDeleteഇദ്ദേഹത്തെ എനിക്കറിയില്ല. പക്ഷെ ഇദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കാണുവാനിടയായ പോസ്റ്റുകളില്‍ നിന്നും എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, ചുരുങ്ങിയ കാലത്തിനുള്ളില്‍ വളര്‍ന്നുവന്ന ബ്ലോഗ് സൗഹൃദങ്ങളുടെ ആഴമാണ്. അതെന്നെ സ്പര്‍ശിക്കുന്നു. ഒരു ബ്ലോഗര്‍ എന്ന നിലയില്‍ നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.
ReplyDeleteഒരു നാലഞ്ചുമാസം മുമ്പ് വരെ ഇടയ്ക്ക് വിളിക്കുമായിരുന്നു.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലോ ചില മരുന്നുകളുടെ സംശയം തീര്‍ക്കാനും മറ്റുമായി.. പക്ഷെ പിന്നീട് മറ്റു ചില അസുഖങ്ങള്‍ കൂടി പിടികൂടിയതോടെ ആകെ വിവശനായി. വിളിക്കാതായി..
ReplyDeleteഇനി വിളിക്കുകയുമില്ല.. :(
ഒന്നും എഴുതാനാകുന്നില്ലല്ലോ...... :( :(
ReplyDeleteപരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteകൊച്ചിൻ ബ്ലോഗ് മീറ്റിൽ വെച്ചാണ് ആദ്യമായി മനോരാജിനെ കാണുന്നത് . വാർത്ത വിശ്വസിക്കാൻ ആയിട്ടില്ല ഇതേ വരെ . നമ്മൾ നേരിട്ടറിയുന്ന ഒരാളുടെ വിയോഗം വിശ്വസിക്കാൻ ആവില്ല . അതും ഈ ചെറു പ്രായത്തിലെ വിയോഗം . അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
ReplyDeleteഞാനന്ന് കഥാകൃത്ത് മനോരാജിന്‍റെ വീട്ടില്‍ പോയി.
ReplyDeleteചെറായിയില്‍.
ഞാനവന്‍റെ വീട്ടില്‍ എത്തും മുന്‍പേ അവന്‍ കയറിയ ആംബുലന്‍സ് ശ്മശാനത്തിലേയ്ക്ക് പോകുന്നത് ട്രാഫിക് ബ്ലോക്കിനപ്പുറം കണ്ടു. പിറകേ പോയില്ല.
വീട്ടില്‍, മുറ്റത്തെ മാന്തണലില്‍ കുറേനേരം നിന്നു.
അവന്‍ നടന്ന വഴികളിലൂടെ സ്വല്പം നടന്നു.
വീടിനു മുന്നിലെ വായനശാലയുടെ പടികളില്‍ ഇരുന്നു.
പിന്നെ തിരിച്ചുപോന്നു.
വല്ലപ്പോഴും വിളിക്കുമ്പോള്‍ കേള്‍ക്കാറുള്ള പതിഞ്ഞ ശബ്ദമല്ലാതെ, ഞാനവനെ ഇന്നോളം കണ്ടിട്ടില്ല.
ഇനി കാണുകയുമില്ല.
നേരിട്ടുകണ്ടിട്ടില്ലെങ്കിലും വിവരം അറിഞ്ഞപ്പോള്‍ മുതല്‍
ReplyDeleteമനസ്സിലൊരു നഷ്ടബോധത്തിന്‍റെ വിങ്ങലായി നിലനില്‍ക്കുകയാണ്................
ഞാന്‍ സ്ഥിരമായി എത്തിച്ചേരാറുള്ള ബ്ലോഗുകളാണ് 'തേജസ്സും' പുസ്തകവിചാരവും'...
ആദരാഞ്ജലികള്‍.......ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്;
എനിയ്ക്ക് പുള്ളിക്കാരനെ പരിചയമില്ല. എങ്കിലും എല്ലാവരുടെയും വാക്കില്‍ നിന്നും മനസിലായി .മരണം അതൊരു രംഗബോധമില്ലാത്ത കൊമാളിയാണ് .ആദരാഞ്ജലികള്‍. ആത്മാവിന് നിത്യശാന്തി നേരുന്നു
ReplyDelete
ReplyDeleteയാത്രാ ഗ്രൂപ്പിൽ വന്നിരുന്ന പലരുടെയും കുറിപ്പുകൾ ചേർത്ത് ഒരു പുസ്തകം ഇറക്കണം എന്ന് മാസങ്ങൾ മുമ്പ് സംസാരിച്ചപ്പോൾ മനോ പറഞ്ഞിരുന്നു .
പിന്നെ ബ്ലോഗിൽ ക്രിയാതമകമായി വിമർശിച്ചും മനസ്സറിഞ്ഞ് അഭിനന്ദിച്ചും മനോ കൂടെ ഉണ്ടായിട്ടുണ്ട് . ഔപചാരികതകളുടെ വേഷക്കെട്ടില്ലാതെ സംസാരിക്കാനും പറ്റിയിട്ടുണ്ട് ഫോണിൽ . നേരിൽ കാണാം എന്ന വാക്കുകൾ മാത്രം ബാക്കി .
പ്രിയ മനോ ... ................!!!
പുസ്തകങ്ങള്‍ക്കായി, എഴുട്ട്തിനായി മാത്രം ജീവിച്ച മനോരാജ്.
ReplyDeleteഒരു ഒറ്റ പുസ്തകം കൊണ്ട് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തി.
മനോരാജിന് ആദരാഞ്ജലി
ReplyDeleteഎന്ത് പറയണമെന്നറിയുന്നില്ല ഒരുപാടൊരുപാട് ദുഖമുണ്ട് ...:(
ReplyDeleteഒരു മാസം മുന്നേ ഒരു വൈകുന്നേരം മനോയെ വിളിച്ചപ്പോള്‍ ട്വിന്‍ഷയാണ് ഫോണ്‍ എടുത്തത് . ആള് കിടക്കുകയാണ് കൊടുക്കാമെന്നുപറഞ്ഞു ഫോണ്‍ കൊടുക്കുകയും ചെയ്തു . ആ സമയത്ത് കിടക്കുന്നതിനു ഞാന്‍ വഴക്കും പറഞ്ഞു . അപ്പോള്‍ വയ്യാതെ കിടക്കുകയാണ് നല്ല ക്ഷീണമുണ്ട് എന്നൊകെ മനോ പറഞ്ഞു . തലവേദനയോ മറ്റോ ആവുമെന്നേ ഞാന്‍ കരുതിയുള്ളൂ എന്താ അസുഖമെന്നു പോലും ഒന്ന് ചോദിക്കാന്‍ പറ്റിയില്ലാ . എന്നാ കിടന്നോള്ളൂ പിന്നീട് വിളിക്കാന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വക്കുകയും ചെയ്തു . പിന്നീട് വിളിക്കാനും സാധിച്ചില്ല . എനിക്കറിയില്ലായിരുന്നു മനോക്ക് അസുഖമായിരുന്നുവെന്ന് ...:(
മലയാളം ബ്ലോഗെഴുത്തിലെ ഒരു നല്ല മിത്രം കൂടി വിടവാങ്ങി
ReplyDeleteറോസിലിയുടെ ഈ അനുശോചനക്കുറിപ്പ് ഹൃദയത്തിൽ തട്ടി.
പ്രിയ മിത്രത്തിന്റെ കുടുബാംഗങ്ങൾക്ക് ഞങ്ങളുടെ അനുശോചനങ്ങൾ, ആദരാഞ്ജലികൾ
ഫിലിപ്പ് ഏരിയലും കുടുംബവും
ഉള്‍കൊള്ളാനാവാതെ പകച്ചു നില്‍ക്കുകകയാണ് ................. അദ്ദേഹത്തിന്റെ് പ്രിയ പത്നി ട്വിന്‍ഷക്കും, മകന്‍ തേജസിനും ദുഃഖം സഹിക്കാനുള്ള ശക്തി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ
ReplyDeleteവേദനയോടെ ഞാനും :(
ReplyDelete"ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്ത് നല്‍കണം
ReplyDeleteഓര്‍മിക്കണം എന്ന വാക്ക് മാത്രം.....
എന്നെങ്ങിലും വീണ്ടും എവിടെ
വെച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്ക് മാത്രം...
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം...
കണ്ടു മുട്ടുന്നു നാം വീണ്ടും ഈ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി...
നിറയുന്നു നീയെന്നില്‍...നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ...
I Am Manoraj. I like to create friendship through Orkut."
നാലഞ്ചുകൊല്ലം മുമ്പ് ‘ ഓർക്കൂട്ടി’ൽ കൂടി മനോരാജ്
എന്റെ മിത്രമാകുന്നതിന് മുമ്പ് അയച്ച ഫ്രെണ്ട് റിക്യസ്റ്റാണിത്...
എന്തിലും ഏതിലും തന്റെ സൌമ്യതയാൽ ഏവരേയും വശീകരിച്ച്
മിത്രമാക്കി തീർക്കുന്ന ആ കൂട്ടുകാരൻ ഇനി ഒരു ഓർമ്മ മാത്രമായിരിക്കുന്നു...
മലയാള സാഹിത്യ / ബ്ലോഗിങ്ങ് രംഗത്ത് , നമ്മുടെ മനോവിന്റെ സ്മരണ
നിലനിറുത്തവാൻ നമുക്കെല്ലാം കൂടി ആലോചിച്ച് എന്തെങ്കിലും ചെയ്യണം കേട്ടൊ കൂട്ടരെ
ഇതിനെക്കുറിച്ചു നിരക്ഷരന്റെ നേതൃത്വത്തില്‍ ആലോചന നടക്കുന്നുണ്ട് മുരളീ മുകുന്ദന്‍ . തീരുമാനം ആയശേഷം സാവധാനം അറിയിക്കും
Deleteവെള്ളിയാഴ്ച കാലത്ത് നല്ല ഉറക്കത്തിലായിരുന്ന എന്നെ ഫോണ ചെയ്തു ഒരു ബ്ലോഗര്‍ പറഞ്ഞു " നമ്മടെ ബ്ല്ലോഗര്‍ മനോജ് രവീന്ദ്രന്‍ മരണപ്പെട്ടു"
ReplyDeleteഒരു ഞെട്ടലോടെ , കേട്ടത് സത്യമാകരുതേ എന്ന തേടലില്‍ കംബ്യൂട്ടരിനരികിലെക്കു ഓടി ഫേസ്ബുക്ക് തുറന്നപ്പോള്‍
സംഗതി സത്യമാണ് . പക്ഷെ മനോരാജ് ആണെന്ന് മാത്രം ! ഉടനെ ആ ബ്ലോഗറെ വിളിച്ചു തെറ്റിധാരണ മാറ്റുകയും ചെയ്തു .
മനോരാജിനെ ഏറണാകുളത്ത് ഒരു ബ്ലോഗ് മീറ്റില്‍ കണ്ടു പരിചയപ്പെട്ടതാണ് . മെയില്‍ വഴിയും ചാറ്റ് വഴിയുമല്ലാതെ പിന്നീട്നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. ആ കുട്ടിത്തം നിറഞ്ഞ മുഖം മായാതെ മനസ്സില്‍ നില്‍പ്പുണ്ട് .
പ്രിയപ്പെട്ട സ്നേഹിതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
ഒപ്പം നിരക്ഷരന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു .
ആദരാഞ്ജലികള്‍
ReplyDeleteമനോരാജിനെ നേരിട്ട് കണ്ടിട്ടുമില്ല.സംസാരിച്ചിട്ടുമില്ല.എങ്കിലും പലപ്പോഴും മെയിലിൽ കൂടി ബന്ധപ്പെട്ടിട്ടുണ്ട്.കുറെ നാളായ് മനോരാജിന്റെ വിവരമൊന്നുമില്ലല്ലോയെന്ന് കരുതി കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഞാനദ്ദേഹത്തിനൊരു മെയിൽ ചെയ്തു. മറുപടി വന്നില്ല.സാധാരണ അങ്ങനെ ഉണ്ടാകാത്തതാണ്.26ആം തീയതി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വണ്ടിയിൽ വെച്ച് എനിക്ക് എന്തോ മനോരാജിനെക്കുറിച്ച് ഓർമ്മ വന്നു.വീട്ടിൽ വന്ന് കയറിയപ്പോൾ ഭാര്യ പറയുന്നു...എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.നല്ലൊരു ബ്ലോഗറെ നമ്മുക്ക് നഷ്ടമായി.
ReplyDeleteഅദ്ദേഹത്തിന്റെ കുടുംബത്തിനും ആ നഷ്ടം സഹിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്ന പ്രാർത്ഥന മാത്രം.
മരണത്തി൯റെ കണക്കുപുസ്തകം ആ൪ക്കും പിടികിട്ടാത്ത ഒന്നല്ലെ,.........
ReplyDeleteഇന്നല്ലെല് നാളെ......
ഇത്രയും കണ്ണീരോടെയാണ് ഞാന്‍ വായിച്ച് തീര്‍ത്തത്. റോസ്ലി പറഞ്ഞത് പോലെ ഒന്നും അറിയാത്ത ഒരു ശിശുവായിട്ട് ബ്ലോഗിലേക്ക് കടന്ന് വന്ന എന്നെ സഹായിച്ച മൂന്നാലു കൂട്ടുകാരില്‍ ഒരാളാണ് ശ്രീ മനോരാജ്. ഇപ്പോള്‍ ഞാന്‍ എഴുതുന്ന മലയാളം ഫോണ്ട് പോലും അദ്ദേഹത്തിന്റെ സമ്മാനമാണ്. എഴുതാന്‍ കാണിക്കുന്ന എന്റെ മടിക്ക് മനുവേട്ടന്‍ എപ്പഴും ദേഷ്യപ്പെട്ടിരുന്നു.
ReplyDeleteഇങ്ങിനെ ഒരു അസുഖം തുടങ്ങും മുന്നെ തന്നെ പലപ്പോഴും നടുവേദനയെ കുറിച്ച് പറഞ്ഞിരുന്നത് ഓര്‍ക്കുന്നു. പിന്നീട് അസുഖം കൂടി കൂടി വന്നപ്പോഴൊക്കെയും ഫോണ്‍ ചെയ്യുമ്പോള്‍ നിരാശനായിരുന്നു. ഓഫീസില്‍ ആരുടെയോ വണ്ടിയിലാണ് പോകുന്നത് ഇനി അതും വയ്യ എന്നൊക്കെ പറയുമ്പോള്‍ ആ ശബ്ദത്തില്‍ ഉണ്ടായിരുന്ന നിരാശ എനിക്ക് ഇപ്പഴും മറക്കാന്‍ കഴിയുന്നില്ല.
"എന്റെ കാലുകള്‍ ചെറുതായി..അതിപ്പോള്‍ എന്റേതല്ലാത്തത് പോലുണ്ട് .." എന്ന് പറയുമ്പോള്‍ മനുവേട്ടന്‍ കരയുകയായിരുന്നു..
ഫോണ്‍ ചെയ്യുമ്പോള്‍ പലപ്പോഴും ആശുപത്രി തന്നെയായിരുന്നു. ഫോണ്‍ ചെയ്യുന്നത് ശല്യമാകുന്നുണ്ടോ എന്ന് തോന്നിയത് കാരണം ഞാന്‍ വിളികള്‍ ഒരുപാട് കുറച്ചു. ഞരമ്പ് സംബന്ധമായ എന്തോ അസുഖം..വേഗം മാറും എന്ന് തന്നെ പ്രതീക്ഷിച്ചു. വെള്ളിയാഴ്ച തിരക്കുകള്‍ക്കിടയില്‍ ഫേയ്സ്ബുക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. ഒട്ടും പ്രതീക്ഷിച്ചില്ല ഈ വിയോഗം....
ഇന്നല്ലെങ്കില്‍ നാളെ നമ്മളും പോകേണ്ടവര്‍ തന്നെ...എങ്കിലും...സ്നേഹിതരുടെ യാത്രകള്‍ വല്ലാതെ വേദനിപ്പിക്കുന്നു...
ഒന്നും എഴുതാൻ കഴിയുന്നില്ല, ആ നല്ല എഴുത്തുകാരനെ സുഹൃത്തിനെ എന്നും നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കാം എനിക്ക് നെരിട്ട് പരിചയമില്ലായിരുന്നങ്കിലും, മനോരാജിന്റെ എഴുത്ത് ഞാൻ വായിച്ചിരുന്നു, രോസ്ലിയുടെ ഈ എഴുത്ത് വായിച്ചപ്പോൾ, മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വിധിയെ ആർക്കും തടുക്കാൻ ആവില്ലല്ലോ,
ReplyDelete"വെറും മുപ്പത്തിയഞ്ചു വയസ്സിലാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന്‍ ലോകത്ത് നിന്നും വിടപറഞ്ഞത്. ഉദിച്ചുയരും മുമ്പേ മറഞ്ഞ തേജസ്. തുടര്‍ന്നു ജീവിച്ചിരുന്നെങ്കില്‍ എവിടെയൊക്കെയോ എത്തുമായിരുന്നു മനോരാജ്"
മനോരാജ് എന്ന ആ പ്രതിഭ മനസ്സിൽ നിറയുന്നു, നിത്യ ശാന്തിക്കായി പ്രാർഥിക്കുന്നു
മനോരാജിനെ കുറിച്ചു കൂടുതൽ അറിവുകൾ നല്കിയതിനു നന്ദി റോസ്ലി
ഈ ഓര്‍മ്മക്കുറിപ്പെന്നെ അത്ഭുതപ്പെടുത്തുന്നു...ഓണ്‍ലൈന്‍ എഴുത്തുകാര്‍ക്കിടയില്‍ ഇങ്ങനേയും സൌഹൃദങ്ങളോ......
ReplyDeleteഅതെ അനുരാജ്. ഓണ്‍ ലൈന്‍ എഴുത്തുകാര്‍ ഒരു കുടുംബം തന്നെയാണ്. കൂട്ടത്തിലൊരാള്‍ പോയതിന്റെ ദു:ഖം അത്ര പെട്ടെന്ന് മായുമോ .
Deleteഉദിച്ചുയരും മുൻപ് മറഞ്ഞുപോയ പ്രിയ സുഹൃത്തിന് സ്നേഹാഞ്ജലികൾ....
ReplyDeleteആദരാഞ്ജലികൾ.....
ReplyDeleteതൃശൂര്‍ സാഹിത്യ അക്കാഡമി ആസ്ഥാനത്തു നടന്ന ബ്ലോഗര്‍ കൂട്ടായ്മയിലാണ് ആദ്യം മനോയെ ഞാന്‍ കണ്ടത്. ഹൃദ്യമായ ആ സൗഹൃദം മറക്കാനാവില്ല. അന്ന് അവനു കാലിന് എന്തോ പ്രയാസമുണ്ടായിരുന്നു. മീറ്റിംഗിനു മുമ്പ് എന്റെ കൈപിടിച്ച് നടന്ന് ഹാളിലേക്കു കയറിയ ഓര്‍മ ഇപ്പോഴും മായുന്നില്ല. പിന്നീട് തുഞ്ചന്‍പറമ്പില്‍ നടന്ന ബ്ലോഗര്‍ സംഗമത്തില്‍ നിരക്ഷരനൊപ്പം മനോ വന്നിറങ്ങിയപ്പോള്‍ ഞാനും അടുത്തു ചെന്നു. സൗഹൃദത്തിന്റെ ഇഴയടുപ്പം സൂക്ഷിക്കുന്ന ആത്മാര്‍ത്ഥത ആ മുഖത്ത് വായിച്ചെടുക്കാനായി. നിരക്ഷരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്നാണ് മനോയുടെ വിയോഗം അറിഞ്ഞത്. ഇനിയൊന്നു കാണാനാവാത്ത വിധം മനോ നമ്മെ വിട്ടു പോയിരിക്കുന്നു... വല്ലാത്ത വിഷമം തോന്നുന്നു, റോസിലിയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍. നമ്മുടെ സൗഹൃദക്കൂട്ടായ്മയിലൂടെ നമുക്ക് മനോയെ അമരനാക്കാം... കുടുംബാംഗങ്ങളെയും നമ്മെയും ദൈവം ആശ്വസിപ്പിക്കട്ടെ...
ReplyDeleteഅകാലത്തില്‍ നമ്മെ വിട്ടുപോയ മനോരാജ് എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് വരികള്‍ക്കിടയില്‍ കഴിഞ്ഞ ഒരാഴ്ച വന്ന വിസിറ്റേഴ്സ് ട്രാഫിക് , കമന്റ് എന്നിവ പരിശോധിച്ചാല്‍ അറിയാം ,, നന്ദി ഈ വിയോഗത്തില്‍ ,അനുശോചനമറിയിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ,, മനോരാജ് ഇനി നമ്മുടെ ഓര്‍മ്മകളില്‍ മരണമില്ലാതെ ജീവിക്കട്ടെ !! .
ReplyDeleteHrudayasparshiyaayi ee ezhuth..nalla sauhrudangal orikalum marikunnilla
ReplyDeleteഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സുഹൃത്തേ....
ReplyDeleteവൈകിയറിഞ്ഞ ഈ വാർത്ത കണ്ണുകളെ നനയിച്ചു.
വാചികം പ്രിന്റെ മഗസിനിലേക്ക് എന്നെക്കൊണ്ട് ഒരു പുതിയ പുസ്തകത്തിന്റെ റിവ്യൂ എഴുതിപ്പിക്കുന്നതിലൂടെയാണ് ഞാനും മനോയും ആദ്യമായി ബന്ധപ്പെട്ടത്. പിന്നീട് ആ റിവ്യൂ അച്ചടിച്ച് വന്നതും , ഒരു കോപ്പി എന്റ് വീട്ടിലേക്ക് അയച്ചതും അറിയിച്ച മനു, ഏറെക്കാലത്തെ ഇടവേളക്ക് ശേഷം എന്റെ കുത്തിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാരണക്കാരനായി. അക്ഷരങ്ങളെ അത്രമേൽ സ്നേഹിച്ച സഹൃദയനായ സുഹൃത്തിന്റെ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക് ആശ്വാസം നലകണേയെന്ന പ്രാർത്ഥനയോടെ....
Having received this dolorous message from one of our friends, Hashim, my instinct was to repeat Hashim's simple but glittering homage of the unvarnished truth: "ബ്ലോഗിലൂടെ നമ്മോട് കൂട്ടുകൂടുകയും സൗഹൃദത്തിനു പ്രാധാന്യം നൽകുകയും ചെയ്ത സൗമ്യ സ്വഭാവകാരനായ കൂട്ടുകാരനു ആദരാഞ്ചലികൾ..."
ReplyDeleteThe Malayalam Bloggers' illustrious buddy, dear Manoraj, I salute you respectfully for all those invaluable, everlasting, indelible words that were imprinted deeply on the pages of Malayalam Blogspot...!