Saturday, March 22, 2014

പാർക്കിലെ ബെഞ്ച് നാം എങ്ങിനെ അളക്കും

പ്രമുഖ കവി 'ഡി.വിനയ ചന്ദ്രന്റെ' ഓർമ്മകൾക്ക് പ്രണാമം. അദ്ദേഹത്തിന്റെ ഒരു കവിതയാണ് 'പാർക്കിലെ ബെഞ്ച്  '. ഒരു പാർക്കിൽ താൻ കണ്ട  ബെഞ്ച് അളക്കാനുള്ള പലതരം വഴികളെക്കുറിച്ചാണ്   കവി ആലോചിക്കുന്നത്... വായനകളുടെ കാര്യത്തിലും ഈ രീതിയിലുള്ള വൈവിധ്യങ്ങളുണ്ട് – ഒരേ അക്ഷരക്കൂട്ടുകൾ ഉൽപ്പാദിപ്പിക്കുന്ന പദസഞ്ചയങ്ങളും വാക്കുകളും പലരും പല വിധത്തിലാവും വായിക്കുക. വ്യക്തിയുടെ ജീവിതാവബോധവും കാഴ്ചപ്പാടുകളും അനുഭവങ്ങളും രാഷ്ട്രീയ നിലപാടുകളും ഭാഷാജ്ഞാനവും വായനയെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരേ രചനയെ അവലംബിച്ച് പലതരം വായനകൾ രൂപപ്പെടുന്നത് ഇതുകൊണ്ടാണ്. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം രചനകളെ വായിക്കുന്നവരുണ്ട്. ഭാഷാപരമായ സവിശേഷതകളുടെ മാത്രം മാനദണ്ഡം ഉപയോഗിച്ച് ചിലർ രചനകളെ അളക്കും. ചരിത്രപരമായ വീക്ഷണകോണിലൂടെയും മനശ്ശാസ്ത്രപരമായും നരവംശശാസ്ത്രപരമായ പരിപ്രേക്ഷ്യത്തിലൂടെയും സാഹിത്യവായന നടത്താം. മലയാള നിരൂപണശാഖയിൽ നരംവംശശാസ്ത്രപരമായ വീക്ഷണകോണിലൂടെ രചനകളെ സമീപിക്കുന്ന നിരൂപകർ ഇപ്പോഴും കുറവാണ്.  ആ ശാസ്ത്രശാഖയ്ക്ക് മലയാളിസമൂഹത്തിൽ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയതാവണം ഇതിനു കാരണം.

'റാംജി പട്ടേപ്പാടം'  എഴുതിയ 'സൂക്ഷ്മപ്പെരുപ്പ്...' എന്ന കഥ ഇത്തരത്തിൽ പലതരം വായനകളുടെ സാധ്യതകൾ തുറന്നു തരുന്നുണ്ട്. നരവംശശാസ്ത്രത്തിന്റെ വെളിച്ചത്തിൽ  കഥയെ നിരീക്ഷിച്ചാൽ ഒരു വ്യക്തി തന്നെത്തന്നെ ഏറ്റവും പ്രിമിറ്റീവ് ആയ ഒരു അവസ്ഥയിൽ കണ്ടെത്താൻ ശ്രമിക്കുന്ന ഈ കഥ 'പ്രിമിറ്റീവ് ജെൻഡർ കോൺഷ്യസ്' എന്ന  ആശയത്തെ ലളിതമായി അനാവരണം ചെയ്യുന്നുണ്ട്. ഗോത്രജീവിത അന്തരീക്ഷത്തിൽ നിന്നും മനുഷ്യന്റെ കൂട്ടായ്മകളും മതസ്വരൂപങ്ങളും സംസ്കാരവും ഉടലെടുത്തു എന്ന സമൂഹശാസ്ത്ര ആശയത്തെയും  ഈ കഥ അവതരിപ്പിക്കുന്നതായി കാണാം.

പി.ജി ടെൻസിംഗ് എന്ന സിക്കിം സ്വദേശിയായ  ഐ.എ.എസ് ഉദ്യോഗസ്ഥൻ പഠിച്ചത്
ഡൽഹിയിലും ജോലി ചെയ്തത് കേരളത്തിലും ആയിരുന്നു.  ചുരുങ്ങിയ കാലംകൊണ്ട് മലയാളം വശത്താക്കിയ അദ്ദേഹം മലയാളികളേക്കാൾ നന്നായി മലയാളത്തിൽ കുറിക്കുകൊള്ളുന്ന തമാശകൾ പറയുമായിരുന്നു. വളരെവേഗം അദ്ദേഹത്തിന് ബ്യൂറോക്രാറ്റിക് ജീവിതം മടുത്തു . ജോലി രാജിവെച്ച്   തിരുവനന്തപുരത്തുനിന്നുതന്നെ ഒരു മോട്ടോർസൈക്കിൾ വാങ്ങി അദ്ദേഹം ഇന്ത്യ മുഴുവൻ  യാത്ര ചെയ്തു. ആ യാത്രയുടെ അനുഭവങ്ങൾ  Don't ask any Old bloke for directions  എന്ന പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്  നല്ല  വായനാനുഭവമാണ്.

ഇതാ ഒരാൾ  പി.ജി ടെൻസിംഗിന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന വിധം ഒരു മോട്ടോർ സൈക്കിളിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ തന്റെ ബ്ളോഗിലൂടെ പങ്കുവെക്കുന്നു . ഖാദർ.സി.പി യുടെ പാന്ഥൻ/a traveler എന്ന ബ്ളോഗിൽ  'ഇന്ത്യയുടെ സിരകളിലൂടെ...'എന്ന ഒന്നാം അദ്ധ്യായം മുതൽ വായന ആരംഭിക്കാം.

അൽപ്പം മുമ്പ് നടന്ന ഒരു സംഭവമാണ് - കോഴിക്കോട്ടെ ഒരു പുസ്തകമേളയോടനുബന്ധിച്ചുള്ള സാഹിത്യചർച്ചയാണ് വേദി. വേദിയിൽ കഥ, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധമേഖലകളിൽ കഴിവുതെളിയിച്ച ഒരു സീനിയർ സാഹിത്യകാരനും, കഥ, നോവൽ മേഖലയിൽ പ്രശസ്തനും എന്നാൽ സീനിയർ സാഹിത്യകാരനേക്കാൾ പ്രായംകൊണ്ട് അൽപ്പം ജൂനിയറുമായ മറ്റൊരു സാഹിത്യകാരനുമുണ്ട്. കോഴിക്കോട് ജില്ലയിൽത്തന്നെ രണ്ടുപേരും ഒരേ ദേശക്കാരുമാണ്. വേദിയിൽ സീനിയറിനാണ് ആദ്യം സംസാരിക്കാൻ അവസരം ലഭിച്ചത്. അദ്ദേഹം വേദിയിലിരിക്കുന്നവരെ ഓരോരുത്തരെയായി പേരെടുത്തു പറഞ്ഞകൂട്ടത്തിൽ നമ്മുടെ ജൂനിയർ സാഹിത്യകാരന്റെ പേര് കിട്ടാതെ നിന്ന് പരുങ്ങുകയാണ്. എത്ര ഓർത്തിട്ടും അദ്ദേഹത്തിന് ജൂനിയറിന്റെ പേര് കിട്ടുന്നില്ല. 'ഇദ്ദേഹം മലയാളകഥയിലെ മഹാസംഭവമാണ്  എന്നിട്ടും എനിക്ക് ഇദ്ദേഹത്തിന്റെ പേര് ഓർത്തെടുക്കാനാവുന്നില്ലല്ലോ' എന്നൊക്കെ സീനിയർ വെച്ചു താങ്ങി. പിന്നീട് തന്റെ ഊഴം വന്നപ്പോൾ ജൂനിയർ അദ്ദേഹത്തിന് മുതലും പലിശയും ചേർത്ത് മറുപടിയും കൊടുത്തു.

സംസ്കാരത്തിന്റെ പ്രതിഫലനമാണ് സാഹിത്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ അതതുകാലത്തെ സാമൂഹികമായ എല്ലാ വിഴുപ്പലക്കലുകളും ഉപജാപങ്ങളും സാഹിത്യത്തിലും നടക്കുന്നുണ്ട്. അച്ചടി സാഹിത്യത്തിലും, ബ്ളോഗ് സാഹിത്യത്തിലുമൊക്കെ പലതരം ഉപജാപങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. ചില കോക്കസുകളിലും ക്ളിക്കുകളിലും അംഗത്വമുള്ളവരെ കെട്ടി ഉയർത്തുന്നതും, അങ്ങിനെ ചെയ്യാത്തവരെ കഴിവുണ്ടായിട്ടും ചവിട്ടിത്താഴ്ത്തുന്നതും സാഹിത്യത്തിന്റെ സർവ്വമേഖലകളിലും പതിവാണ്. പ്രതിഭകൊണ്ട് മാത്രം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ഒരാൾക്ക് തന്റെ കർമ്മമേഖലയിൽ തനതായ സ്ഥാനം അടയാളപ്പെടുത്താനാവില്ല. ഉയരാനും അംഗീകരിക്കപ്പെടാനും ചില ഉപജാപകസംഘങ്ങളോട് ഒത്തുതീർപ്പുകൾക്ക് അയാൾ തയ്യാറാവേണ്ടതുമുണ്ട് എന്ന സത്യം തനതായ ശൈലിയിൽ ഹാസ്യത്തിന്റെ മധുരം ചേർത്ത് എഴുതിയ രചനയാണ് കുമാരസംഭവം ബ്ളോഗിൽ വന്ന പ.ക.സ എന്ന കഥ. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ രചന നല്ലൊരു വായനയാണ്.

തിരക്കുപിടിച്ച ഈ കാലത്ത് പലരും വാരികകളിൽ വരുന്ന തുടർനോവലുകൾ വായിക്കാതെ പിന്നീട് പുസ്തകമായി ഇറങ്ങുമ്പോൾ വായിക്കാറുണ്ട്. വാരികകളുടെ ഏതെങ്കിലുമൊക്കെ ലക്കങ്ങൾ വിട്ടുപോവും എന്നതാണ് ഇതിന് കണ്ടെത്താറുള്ള ന്യായം. എന്നാൽ ബ്ളോഗുകളിൽ വരുന്ന തുടർനോവലുകൾക്ക് ഈ പ്രശ്നമില്ല. ഏതെങ്കിലും ലക്കം വിട്ടുപോയാലും ഒരു ക്ളിക്കിന്റെ ദൂരത്തിൽ ലിങ്ക് ഉള്ളതുകൊണ്ട് അദ്ധ്യായങ്ങൾ കൈമോശം വരുന്ന പ്രശ്നമില്ല.

ആടുജീവിതം എന്ന നോവൽ മലയാള നോവൽ സാഹിത്യത്തിലും വായനാസംസ്കാരത്തിലും വലിയൊരു ഉണർവ് ഉണ്ടാക്കിയ സൃഷ്ടിയാണ്. മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുന്ന അറേബ്യൻ മരുഭൂമിയിലെ പ്രവാസജീവിതമായിരുന്നു ആ നോവലിന്റെ പ്രതിപാദ്യം. അതുകൊണ്ടാണ് ആ നോവൽ ഇത്രയേറെ പ്രകീർത്തിക്കപ്പെട്ടത്. മരൂഭൂമിയിലെ പ്രവാസജീവിതത്തെ ബന്യാമിന്റേതിൽനിന്ന് വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണുകയാണ് വി.കെ യുടെ ചിന്നുവിന്റെ നാട് എന്ന ബ്ളോഗിൽ തുടർലക്കങ്ങളായി വന്നുകൊണ്ടിരിക്കുന്ന മരുഭൂമി എന്ന നോവൽ. തുടർച്ചയായി വായിക്കുന്നവർ പുതിയ ലക്കങ്ങൾക്കായി കാത്തിരിക്കുന്നത്ര ആകർഷണീയമായി നോവൽ പുരോഗമിക്കുന്നു. വി.കെ യുടെ മരൂഭൂമി സമീപഭാവിയിൽ പുസ്തകമായി ഇറങ്ങിയേക്കാം. തീർച്ചയായും മലയാള സഹൃദയലോകത്ത് ഈ നോവൽ ചർച്ചചെയ്യപ്പെടും.

ഇന്നത്തെ സാമൂഹ്യജീവിതക്രമത്തിൽ സ്ത്രീക്ക് പലപ്പോഴും പുരുഷനുപിന്നീൽ രണ്ടാംസ്ഥാനമാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാറുള്ളതും, പൊതുസമൂഹത്തിനുനേരെ ചാട്ടുളിപോലെ പതിക്കുന്ന ചോദ്യങ്ങൾ ഉയർത്താറുള്ളതും സ്ത്രീകളായ എഴുത്തുകാർതന്നെയാണ്. ഇത്തരത്തിലുള്ള മൂന്ന് രചനകളിലേക്ക് ഞങ്ങൾ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

എച്ചുമുക്കുട്ടിയുടെ ബ്ളോഗിൽ വന്ന സൈബർ ഇടങ്ങളിലെ സ്ത്രീകൾ സൂക്ഷിക്കണം എന്ന ലേഖനത്തിന്റെ വരികൾക്കിടയിൽ നിന്ന് പലതും വായിച്ചെടുക്കാം. പുരുഷന് മുൻതൂക്കമുള്ള ഇന്നത്തെ ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ സ്ത്രീകൾ പിൻതള്ളപ്പെട്ടുപോവുന്നുണ്ട്. പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടി  മാറിനിൽക്കുന്ന എഴുത്തുകാരിയെ ഇവിടെ കാണാം.

അതിഭാവുകത്വം ലവലേശമില്ലാത്ത ഒരു മികച്ച സൃഷ്ടിയാണ് തുമ്പി ബ്ളോഗിൽ വന്ന പുക നിറഞ്ഞ രാത്രിയിൽ എന്ന കഥ. ലളിതമായ ഭാഷയിൽ സാഹിത്യഭംഗി നിലനിർത്തിക്കൊണ്ട് ഭംഗിയായി എഴുതാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതികൂലമായ സാഹചര്യങ്ങളെ ബുദ്ധിപൂർവ്വം നേരിട്ട് അനുകൂലമാക്കിത്തീർക്കുന്ന കഥാപാത്രം വലിയൊരു സന്ദേശമാണ് തരുന്നത്.

പഠനം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കുവാനായ ശേഷം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു സ്ത്രീക്ക് മാത്രമേ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹവ്യവസ്ഥിതിയിൽ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ ആഹ്ളാദകരമായി ജീവിക്കാനാവുകയുള്ളു. തനിക്ക് പരിചയമുള്ള ഹതഭാഗ്യയായ ഒരു പെൺകുട്ടിയുടെ അനുഭവം വിവരിച്ചുകൊണ്ട് കൊച്ചുമോൾ കൊട്ടാരക്കര തന്റെ ബ്ളോഗിൽ എഴുതിയ അവൾ സറീന എന്ന ലേഖനം  ഹതഭാഗ്യയായ ഒരു കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പാണ്.


അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ കലാലയത്തിലെത്തുന്ന വിദ്യാര്‍ത്ഥികളിൽ റാഗിങ്ങിന്റെ പേരിൽ നടത്തുന്ന ക്രൂരവിനോദങ്ങളെക്കുറിച്ച് മിക്കപ്പോഴും ചര്‍ച്ച ഉയരാറുണ്ട്. റാഗിങ്ങിന്റെ പിന്നാമ്പുറക്കഥകൾ വായനക്കാര്‍ക്ക് വേണ്ടി പങ്കു വെക്കുകയാണ് "PONNആണിക്കാരന്‍" ബ്ലോഗിലെ നിങ്ങളില്‍ ആത്മാഭിമാനമില്ലാത്തവര്‍ റാഗ് ചെയ്യട്ടെ എന്ന ലേഖനത്തില്‍.  വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടോപ്പം, റാഗിംഗിന് ഇരയായവര്‍ക്ക് സഹായകരമായ ചില വിവരങ്ങളും കൂടി ഉള്‍പ്പെടുത്തിയത്  ഉചിതമായി.

മരംകൊത്തി ബ്ലോഗ്‌  നല്ല വായനാനുഭവമാണ്. ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തന്നെയാവാം അതിനുള്ള കാരണം. ലോകത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുരൂഹമായ സംഭവങ്ങളെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളായി അവതരിപ്പിക്കുകയാണ് ബ്ലോഗര്‍ മനോജ്‌.  "ഇന്ത്യക്ക് പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍" എന്ന ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും പ്രധാനമായ ചില സ്ഥലങ്ങളിലെ പ്രേതബാധയുടെ കഥയെക്കുറിച്ച് വിവരിക്കുന്നു. പാശ്ചാത്യര്‍ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണെന്നത് മിഥ്യാധാരണയാണെന്ന് ലേഖകന്‍ അവകാശപ്പെടുന്നു.
  
വര്‍ണ്ണത്തൂലിക ബ്ലോഗില്‍ രാജേഷ് കുമാര്‍ തീര്‍ക്കുന്ന, വര വിസ്മയം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. ഈ ബ്ലോഗിലെ കാന്‍വാസ് പെയിന്റിങ്ങും പെന്‍സില്‍ സ്കെച്ചും ആരെയും വിസ്മയപ്പെടുത്തും. കൂടുതല്‍ പ്രോത്സാഹനം ഈ ബ്ലോഗര്‍ക്ക് കിട്ടിയാല്‍ അതൊരു നല്ല ചിത്രകാരന്‍റെ ഉദയത്തിനു കാരണമായേക്കാം.

രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളെ  പരിചയപ്പെടുത്തുന്ന യാത്രാക്കുറിപ്പാണ് അനില്‍ നമ്പൂതിരിയുടെ ബ്ലോഗിലെ പിങ്ക് സിറ്റിയിലെ ചിത്രങ്ങള്‍. കൊട്ടാരങ്ങള്‍ കൊണ്ട് സമ്പന്നമായ രാജസ്ഥാനിലെ ജയ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ കൂടിയുള്ള ഈ യാത്രാവിവരണം യാത്രാ സ്നേഹികള്‍ക്ക് ഇഷ്ടപ്പെടും.  കുറച്ചുകൂടി വിശദമായി എഴുതിയിരുന്നുവെങ്കില്‍ ഒന്നുകൂടി മനോഹരമാക്കാമായിരുന്നു ഈ വിവരണം.

തലസ്ഥാനനഗരിയിലെ  തിരക്ക് പിടിച്ച നഗരക്കാഴ്ച്ചകളില്‍ നിന്നും മനസ്സിനെ സ്വസ്ഥമായും ശാന്തമായും നിര്‍ത്താന്‍ പറ്റിയ ഒരിടത്തെയാണ് സീതായനത്തില്‍   വന്ന യാത്രാവിവരണമായ കഥ പറയുന്ന ശിലകള്‍   പരിചയപ്പെടുത്തുന്നത്. അവതരണത്തിലെ ഭംഗി ഈ  വിവരണത്തെ വേറിട്ട്‌ നിര്‍ത്തുന്നു.

തിരുനെല്ലി കാട്ടിലെ തീപിടുത്തത്തിന്റെ വാര്‍ത്തകൾ ആരെയും വേദനിപ്പിക്കുന്നതാണ്. പ്രകൃതിയോടുള്ള ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. റോസിലി ജോയി ദര്‍പ്പണത്തില്‍ ഈ തവണ കൈകാര്യം ചെയ്ത പ്രമേയം ഇതേ വിഷയത്തിലേക്കുള്ള ഒരു വിരല്‍ചൂണ്ടലാണ്. ഭൂമിയുടെ അവകാശികള്‍ പോലെയുള്ള ഇടപെടലുകള്‍ എഴുത്തുകാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്  അഭിനന്ദനമര്‍ഹിക്കുന്നു.

ബ്ളോഗ് എഴുത്ത് എവിടെ എത്തി നിൽക്കുന്നു എന്നതിന് ഏതാനും ഉദാഹരണങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ഞങ്ങൾ ഇവിടെ ചെയ്തത്. ഇവിടെ പരാമർശിച്ചതിലും മികച്ച രചനകൾ ബ്ളോഗുകളിൽ വന്നിട്ടുണ്ടാവാം. അത്തരം ബ്ളോഗുകളെക്കുറിച്ച് അറിയുന്ന വായനക്കാർ തങ്ങളുടെ വിലയിരുത്തൽ സഹിതം അവയുടെ ലിങ്കുകൾ കമന്റ് ബോക്സിൽ നൽകി ഈ ലേഖനം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

25 comments:

  1. ചിലതൊക്കെ നേരത്തെ തന്നെ വായിച്ചിരുന്നു. ബാക്കിയും വായിക്കണം. നല്ല അവലോകനം.

    ReplyDelete
  2. ഇതുവരെയുണ്ടായതിൽ ഏറ്റവും മികച്ച അവലോകനം..

    ReplyDelete
  3. രണ്ടുമൂന്നെണ്ണം ഒഴികെ എല്ലാം വായിച്ചതാണ്.
    ശ്രമകരമായ ഈ പരിശ്രമത്തിന്റെ അദ്ധ്വാനം മനസിലാക്കുന്നു.
    ഇത്തരം വിലയിരുത്തലുകള്‍ ബ്ലോഗുകളെ കൂടുതല്‍ പുഷ്ടിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

    ഇത്തവണ എന്റെ കഥ കൂടി ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷം ഉണ്ട്.
    ആശംസകള്‍

    ReplyDelete
  4. എന്റെ നോവൽ പരിചയപ്പെടുത്തിയതിന് വളരെ നന്ദി.

    ReplyDelete
  5. എഴുതാനും വായിക്കാനും ആവശ്യത്തില്‍ കൂടുതല്‍ മടി ഉള്ള കൂട്ടത്തില്‍പ്പെടുന്ന ഒരാളാണു ഞാന്‍..
    എഴുതാന്‍ വേണ്ടി തുറന്നപ്പോളാണ് താങ്കളൂടെ പോസ്റ്റ് ശ്രദ്ധയില്‍പെടുന്നത്. എന്റെ ബ്ളോഗിനെ പരിചയപ്പെടുതിയതില്‍ സന്തോഷമുണ്ട്. ഈ പരിശ്രമത്തിനു എല്ലാ ആശംസകളും നേരുന്നു....
    പാന്ഥന്‍

    ReplyDelete
  6. തിരക്കുകള്‍ക്കിടയില്‍ എന്തെങ്കിലും തോന്ന്യാക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്ന എന്നെയും ഇതില്‍ ഉള്‍പ്പെടുത്തിയതില്‍ ഒരുപാട് സന്തോഷമുണ്ട്. സമയവും സ്വസ്ഥതയും ഉണ്ടാവുമ്പോള്‍ ഇനിയും എഴുതാനുള്ള നല്ലൊരു പ്രചോദനമാണിത്. ഈ വിലയിരുത്തല്‍ വളരെ വിലപ്പെട്ടതാണ്... ഔപചാരികത ഇല്ലാത്ത സ്നേഹാശംസകളും നന്ദിയും ...:)

    ReplyDelete
  7. അതീവശ്രമകരമായ ഒരു അദ്ധ്വാനമാണ് ഇത്തരം അവലോകനങ്ങള്‍. അതിനു ആദ്യമേ അഭിനന്ദനങ്ങള്‍. എന്‍റെ ബ്ലോഗ് ഉള്‍പ്പെടുത്തിയതില്‍ നന്ദി... സന്തോഷം.. കാണാത്ത ബ്ലോഗുകള്‍ പോയി വായിക്കട്ടെ..

    ReplyDelete
  8. വളരെ നല്ല പരിചയപ്പെടുത്തലുകളും അവലോകനവും.
    ആശംസകള്‍.

    ReplyDelete
  9. വായിക്കാത്ത പോസ്റ്റുകളാണധികവും ..സമയം പോലെ എല്ലാം വായിക്കണം .
    എന്‍റെ ബ്ലോഗും കൂട്ടത്തില്‍ പരാമര്‍ശിച്ചതിന് ഒരുപാട് നന്ദി ..

    ReplyDelete
  10. ഇത്തരം പരിചയപ്പെടുത്തലുകള്‍ വളരെ നല്ലതാണ് . സമ്മറി വായിച്ചു താല്‍പര്യമുള്ളവ വിശദമായി വായിക്കാമല്ലോ . എന്‍റെ ലേഖനം ഉള്‍പ്പെടുത്തിയതിന് നന്ദി .

    ReplyDelete
  11. നല്ല അവലോകനം...എല്ലാം വായിക്കണം... :-)

    ReplyDelete
  12. ഇങ്ങനെയുള്ള പരിചയപ്പെടുത്തലില്‍ കൂടിയാണ് മറ്റു ബ്ലോഗുകളിലെ രചനകളിലേക്ക്‌ എത്തിച്ചേരാന്‍ കഴിയുന്നത്‌.
    നല്ല മനസ്സോടെ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനവും,ഊര്‍ജ്ജവും പകര്‍ന്നുനല്‍കാന്‍ പ്രയത്നിക്കുന്ന "വരികള്‍ക്കിടയില്‍"സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍...
    ആശംസകളോടെ

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. എന്റെ ബ്ലോഗിനെ ഇവിടെ പരിചയപെടുതിയതിൽ വളരെ നന്ദി ..!! ഈ പരിശ്രമത്തിനു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete
  15. ലാഭേച്ഛയില്ലാത്ത, ഈ നിസ്വ്വര്‍ത്ഥ സേവനം എത്ര ശ്രമകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ കഠിന ശ്രമത്തിന് അഭിനന്ദനങ്ങള്‍. എന്നേയും വരികള്‍ക്കിടയില്‍ പ്രതിഷ്ഠിച്ചതില്‍ സന്തോഷം, സ്നേഹം.

    ReplyDelete
  16. Samayam prashnam. Kochu kochu blogs vaayikkunnu - ezhuthunnu. Nokkatte.
    Nalla avalokanam.

    ReplyDelete
  17. വരികള്‍ക്കിടയില്‍ ആരംഭിക്കുന്നത് .തികച്ചും പുതുമയോടെയായി.ബ്ലോഗുകളെക്കുറിച്ചുള്ള അവലോകനങ്ങളും നന്നായി.ആശംസകള്‍

    ReplyDelete
  18. വായിക്കാതെ വിട്ടു പോകുന്ന നല്ല ബ്ലോഗുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം... അഭിനന്ദനങ്ങള്‍

    ReplyDelete
  19. കളകളളിഞ്ഞും കളങ്ങളഴിഞ്ഞും വിളകളധികരിക്കട്ടെ, ആശംസകൾ.!

    ReplyDelete
  20. കളകളമിളകും കുളിരരുവിയിലൊരുകുളിരലയിരു കുളിരല കുളിരിരുപുളകം !(നാമൂസിനു പഠിക്കാന്‍ ശ്രമിച്ചതാ )അവലോകനം നന്നായിട്ടുണ്ട് ..

    ReplyDelete
  21. ഈ ലക്കം തന്നെ ആദ്യത്തെ 3 എണ്ണത്തിനെ കുറിച്ചുള്ള അവലോകനംഒഴിച്ചാല്‍, മുന്‍ ലക്കങ്ങളെ അപേക്ഷിച്ച് കേവലമൊരു അഗ്രിക്കേറ്ററിന്റെ നിലവാരത്തിലേക്ക് പോകുന്നു പുതിയ ഓരോ ലക്കങ്ങളും. ബ്ലോഗര്‍മാരുടെ ഫെയ്സ്ബുക്ക്‌ ഗ്രൂപ്പുകളിലെ അതാത് മാസങ്ങളിലെ ബ്ലോഗ്‌ പോസ്റ്റുകളുടെ ത്രെഡ് എന്നതിനോട് സാമ്യം തോന്നുന്നുണ്ട് വരികള്‍ക്കിടയിലിന്റെ ഈ ലക്കവും. ഇതിനു പിന്നിലെ ക്രോഡീകരണത്തിന്റെ അദ്ധ്വാനം കണ്ടില്ല എന്ന്‍ അര്‍ത്ഥം ആക്കുന്നില്ല. പക്ഷേ ബ്ലോഗുകള്‍ എത്ര എണ്ണം പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാകില്ല വരികള്‍ക്കിടയിലിനുള്ളത് എന്ന് കൂടികരുതട്ടെ

    ReplyDelete
  22. പരിചയപ്പെട്ടതില്‍ പലതും പുതിയവയായിരുന്നു.നന്ദി !

    ReplyDelete
  23. വരികൾക്കിടയിലൂടെ സീതായനം കടന്നു പോയതിൽ സന്തോഷം....ഇവിടെ വരാറുണ്ട്...പരിചയപ്പെടുത്തുന്ന ബ്ലോഗുകളിലേക്ക് പോകാറുമുണ്ട്...തുടരുക ഇനിയും...ആശംസകൾ

    ReplyDelete
  24. ബൂലോകത്തിലെ ഊർജ്ജസ്വലതയുള്ള
    ഒരു പിടി ബൂലോഗരെയാണല്ലോ ഇത്തവണ
    ഇവിടെ കാണാൻ കഴിഞ്ഞത്. പ്രദീപ് മാഷാണെങ്കിൽ
    ഒരോന്നിനേയും നന്നായി വിലയിരുത്തി തന്നെ , അസ്സലായി
    അവലോകനവും നടത്തിയിരിക്കുന്നു .....

    ReplyDelete
  25. ഇത് കാണാൻ വൈകിയല്ലോ മാഷെ
    കൊച്ചുമോൾ കൊട്ടാരക്കരയുടെ fb note
    kandaanu ivideyethiyathu
    puthiya post idumpol Google Plusilum
    note cherthaan vegamethaan pattum
    fb yil valare viralamaaye yethaarullu.
    Nannaayi ee vivaranam.
    ഒരു പുതിയ പേജിനെ പരിചയപ്പെടുത്താൻ ലിങ്ക് ഇവിടെ ചേർക്കുന്നു
    ഈ ലിങ്ക് വിവരം ഫൈസൽ ബാബുവിനെ ഞാൻ അറിയിച്ചിരുന്നു വിട്ടു
    പോയതായിരിക്കും, പ്രോത്സാഹനം അര്ഹിക്കുന്ന ഒരു പേജ് നോക്കുക.
    http://vrindasl.blogspot.in/
    വരികൾക്കിടയിലെ എഴുത്തുകാർക്ക് എല്ലാം എന്റെ ആശംസകൾ

    ReplyDelete