Saturday, December 21, 2013

ഡിസംബറിലെ ബ്ലോഗ്‌ വസന്തം.

മലയാളം ബ്ലോഗെഴുത്ത് തളരുകയാണ് എന്ന രീതിയിൽ ഉയർന്നുവന്ന ആശങ്കകൾ അസ്ഥാനത്താണെന്ന് തെളിയിച്ച രണ്ടുവാരമാണ് കടന്നുപോയത്. ഇടക്കാലത്ത് മടിച്ചുനിന്ന പഴയ ബ്ലോഗർമാർ വീണ്ടും സജീവമായി, പുതിയ ബ്ലോഗർമാർ രംഗപ്രവേശം ചെയ്തു, പലരും ഒരാഴ്ചക്കകം ഒന്നിലധികം പോസ്റ്റുകൾ പ്രസിദ്ധം ചെയ്തു, നല്ല വശങ്ങൾ മാത്രം പറയുന്ന കമന്റ് സംസ്കാരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനകൾ കണ്ടു. ചില പോസ്റ്റുകളിൽ മുമ്പൊന്നും കാണാത്ത രീതിയിലുള്ള ശക്തമായ വിമർശനങ്ങളുടെ വേലിയേറ്റമുണ്ടായി. എഴുത്തുകാര്‍ വിമർശനങ്ങളെ തുറന്ന മനസ്സോടെ ഉൾക്കൊണ്ട് വിവേകപൂർവ്വമുള്ള മറുപടികള്‍ നല്‍കുന്നതും കണാനായി.... മലയാളം ബ്ലോഗെഴുത്ത് ഉയരങ്ങളിലേക്ക് ജൈത്രയാത്ര നടത്തുകയാണ് എന്ന വസ്തുതയാണ് കഴിഞ്ഞ രണ്ട് വാരങ്ങളിലെ ബ്ലോഗ് പോസ്റ്റുകൾ തെളിയിക്കുന്നത്.

പോസ്റ്റുകളുടെ  വേലിയേറ്റത്തിൽ, ഈ പരിചയപ്പെടുത്തലിലേക്കുള്ള തിരഞ്ഞെടുപ്പിന്  ഞങ്ങൾ അൽപ്പം കുഴങ്ങിപ്പോവുക തന്നെ ചെയ്തു. ഇവിടെ മുമ്പ് പരിചയപ്പെടുത്തിയ ചില ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ വന്നിട്ടും ഞങ്ങൾക്ക് ഇത്തവണ ഒഴിവാക്കേണ്ടിവന്നു. കൂടാതെ തുടർച്ചയായ ദിവസങ്ങളിൽ ഒരേ ബ്ലോഗിൽ ഒന്നിലധികം പോസ്റ്റുകൾ വന്നപ്പോൾ അതിൽ ഏതാണ് ഇവിടെ വായനക്കു വയ്ക്കേണ്ടത് എന്ന കാര്യത്തിലും അൽപ്പം ആശയക്കുഴപ്പമുണ്ടായി. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏതാനും പോസ്റ്റുകൾ പരിചയപ്പെടുത്തുകയാണ്. ഇവിടെ ഞങ്ങളുടെ വായന പൂര്‍ണ്ണമല്ല. ശ്രദ്ധേയമായ പോസ്റ്റുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ് കോളത്തിൽ ആ പോസ്റ്റുകളെക്കുറിച്ച് വായനക്കാർക്കുള്ള അഭിപ്രായങ്ങളും ലിങ്കുകളും ചേർത്ത് ഈ കുറിപ്പ് പൂര്‍ണ്ണമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



ചില കഥകള്‍ വായനയ്ക്ക് ശേഷവും മനസ്സിനെ പിടിച്ചിരുത്തും, അത്തരത്തില്‍ പറഞ്ഞു പോയ കഥയായിരുന്നു പത്മതീര്ത്ഥം ബ്ലോഗിലെ അയ്യപ്പനും ഖദീജയും. കഥ കൈകാര്യം ചെയ്ത പ്രമേയം വിവിധ തലങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കാന്‍ സാധ്യതയുണ്ടായിട്ടും അതിലേക്ക് വ്യതിചലിക്കാതെ പറഞ്ഞവസാനിപ്പിച്ചത് കഥക്ക് മിഴിവേകുന്നു. കഥ വായിച്ചുപോകുമ്പോള്‍  തന്നെ കഥാന്ത്യം എന്തെന്ന് വായനക്കാര്‍ക്ക് മനസ്സിലാവുമെങ്കിലും അവതരണരീതിയുടെ മികവിനാല്‍ കഥ മാറ്റ് കുറയുന്നില്ല. പ്രണയവും അടിയാളരുടെ ജീവിതവും പിന്നെ വര്‍ഷങ്ങള്‍ക്ക് ഇപ്പുറമുള്ള പത്മശ്രീ നായര്‍ എന്ന കഥാകാരിയുടെ ഓര്‍മ്മകളും സമന്വയിപ്പിച്ച കഥ. 

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍ കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ വന്നിരുന്ന കാലത്ത് പ്രമുഖരായ കഥാകാരന്മാരുടെ കഥകളേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്  നമ്പൂതിരി നല്‍കിയിരുന്ന ഇല്ലസ്ട്രേഷനുകളായിരുന്നു. ചുരുങ്ങിയ വരികള്‍ കൊണ്ട് ഒരു ജീവിതഭാവം പകര്‍ത്തിവയ്ക്കാന്‍ ചിത്രകലയുടെ സാങ്കേതികവശം മാത്രം അറിഞ്ഞാല്‍ പോരാ. ജന്മസിദ്ധമായ പ്രതിഭകൂടി വേണം. ഇസ്ഹാഖ്  എന്ന ചിത്രകാരന്‍ ദിനവരകള്‍ എന്ന പേരില്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്ന വരകള്‍ നമ്പൂതിരിയുടെ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ്. അതുല്യപ്രതിഭാശാലിയായ ഈ ചിത്രകാരന്‍ തന്റെ ബ്ലോഗിലൂടെയും ഈ വരകള്‍ പങ്കുവയ്ക്കുന്നു. ഇസ്ഹാക്കിന്റെ വരയിടത്തിലേക്ക്  ഒരു സന്ദര്‍ശനം വെറുതെയാവില്ല.

സിയാഫ് അബ്ദുൾ ഖാദിറിന്റെ ആമിയുടെ ചിത്രപുസ്തകത്തിൽ വന്ന പുതിയ പോസ്റ്റായ 
ഉറക്കച്ചൂണ്ട ലോക്കോ പൈലറ്റായ എഴുത്തുകാരൻ തന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്ന 
യാത്രയുടെ അനുഭവമാണ്. ഉറക്കമിളച്ച് തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റ് 
അറിയാതെ ഉറക്കം എന്ന ചൂണ്ടയിൽ കുരുങ്ങുന്ന ആ അനുഭവവിവരണം നല്ലൊരു കഥപോലെവായിക്കാം.

ജുമാനയുടെ ബ്ലോഗിലെ വരകൾ , ചിത്രകലയും നിരീക്ഷണപാടവവും സമ്മേളിക്കുന്നതിന്റെ
ഉത്തമോദാഹരണങ്ങളാണ്. ചിത്രകലാപാരമ്പര്യം രക്തത്തിൽ അലിഞ്ഞുചേര്‍ന്ന ഈ കുട്ടിയുടെ വരകൾ, നല്ല പക്വതയെത്തിയ മുതിർന്ന ചിത്രകാരന്മാരുടെ രചനകളോട് കിടപിടിക്കുന്നതാണ്. ജുമാനയുടെ ബ്ലോഗിൽ വന്ന പുതിയ ചിത്രം ഞങ്ങളുടെ മൂത്തമ്മ ഒന്നു കണ്ടുനോക്കൂ.


ഡോ. ജയന്‍ ഏവൂര്‍ എഴുതുന്ന അവിയല്‍ ബ്ലോഗിന് ഒരു  പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സ്പോര്‍ട്സ് പ്രേമികള്‍ക്കും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന ചില തുടര്‍പോസ്റ്റുകളായിരുന്നു ഈയിടെ ആ ബ്ലോഗില്‍ വന്ന ലേഖനങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലിനെത്തുടര്‍ന്ന് എഴുതിയ ലേഖനങ്ങള്‍
ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നുമാസങ്ങളിലായി ഇത്തരം 20 ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. വളരെ ആധികാരികമായി  അവതരിപ്പിക്കുന്ന ഈ പോസ്റ്റുകള്‍ ക്രിക്കറ്റിനെക്കുറിച്ച് ചില പുതിയ അറിവുകള്‍ നല്‍കുന്നുവെങ്കിലും ഒരു വിഷയം തന്നെ തുടര്‍ച്ചയായി എഴുതുന്നത് ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്നുവോ എന്ന് സംശയിക്കുന്നു. അവിയല്‍ ബ്ലോഗിലെ സ്പോര്‍ട്സ് ഇതരവിഷയങ്ങള്‍ ഇഷ്ടപ്പെടുന്നവരെ വരുംലക്കങ്ങളില്‍ ഡോക്ടര്‍ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. അത് അധികമാര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത ഒരിടത്തേക്കാവുമ്പോള്‍ അത് വായനയും കൗതുകവുമാണ്. ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ ശൃംഖലയുള്ള മാമത് ഗുഹകളിലേക്ക്
വായനക്കാരെ കൂട്ടിക്കൊണ്ട് പോവുകയാണ് ആര്‍ഷ അഭിലാഷ്, മറക്കാതിരിക്കാന്‍ ബ്ലോഗിലെ മാമ്മത്ത് ഗുഹകളിലൂടെ.. എന്ന യാത്രാവിവരണത്തിലൂടെ. ഒരു യാത്രാനുഭവം വെറുതെ പറഞ്ഞുപോകാതെ മാമത് ഗുഹകളുടെ ചരിത്രം കൂടി പറഞ്ഞത് ഏറെ ഉചിതമായി തോന്നി. യാത്രകളെ സ്നേഹിക്കുന്നവര്‍ക്കും ചരിത്രകുതുകികള്‍ക്കും ഇഷ്ടമായേക്കാവുന്ന ഒരു നല്ല കുറിപ്പ്.

ധീരം സമീരം ബ്ലോഗില്‍ സമീരന്‍ പങ്കുവയ്ക്കുന്ന മറ്റൊരു യാത്രാവിവരണമാണ് ജബല്‍ ഹഫീതിലേക്ക് ഒരു യാത്ര. സരസമായി പറഞ്ഞു പോയ ഒരു ചെറിയ കുറിപ്പ്. ഒരു യാത്രാവിവരണം
വായിക്കുമ്പോള്‍ ചില ചിത്രങ്ങള്‍ വരികളേക്കാള്‍ വാചാലമാവും. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് അത്തരം പോസ്റ്റുകളില്‍ വലിയ പ്രാധാന്യമാണുള്ളത്. കൂടുതല്‍ ചിത്രങ്ങള്‍ ഈ  വിവരണത്തോടൊപ്പം  നല്‍കിയിരുന്നുവെങ്കില്‍ ജബല്‍ ഹഫീത് ഒന്ന് കൂടി തിളങ്ങുമായിരുന്നു.

നാനാത്വത്തില്‍ ഏകത്വം എന്ന് നമ്മള്‍ അഭിമാനത്തോടുകൂടി പറയുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ക്കൂടി സഞ്ചരിക്കുമ്പോഴറിയാം യഥാര്‍ത്ഥ ഇന്ത്യയുടെ മതേതരസ്വഭാവം. "നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്‍" എന്ന എച്മുകുട്ടിയുടെ യുടെ ഈ
ലേഖനം ചില അപ്രിയസത്യങ്ങളുടെ തുറന്നു പറച്ചിലാണ്. ഒരു ജാതി, ഒരു മതം, ഒരിന്ത്യ എന്നത് പറയാന്‍ സുഖമുള്ള ഒരു തലവാചകം മാത്രമായി ഒതുങ്ങിപ്പോകുന്നുവോ എന്ന് ഈ ലേഖനം വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു. ഉത്തരേന്ത്യന്‍ യാത്രകളില്‍ കണ്ട ചില യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നുപറച്ചിലാണ് ഈ കുറിപ്പ്.

തുടര്‍ലേഖനങ്ങള്‍, നോവലുകള്‍, നീണ്ടകഥകള്‍ ഇവയൊക്കെ വിരളമായേ ബ്ലോഗുകളില്‍ കാണാറുള്ളൂ. സ്ഥിരം വായനക്കാരെ നഷ്ടപ്പടുമോ എന്ന കാരണത്താലാവാം  ഇത്തരം
സാഹസങ്ങള്‍ക്ക് അധികമാരും മിനക്കെടാറില്ല. എന്നാല്‍ ചില സ്ഥിരം വായനക്കാരുമായി  വീകെയുടെ ചിന്നുവിന്റെ നാട് ബ്ലോഗിലെ മരുഭൂമി എന്ന  നോവല്‍ മുന്നേറുന്നു എന്നത് സന്തോഷം നല്‍കുന്നു.

വായനാലോകത്ത്, പ്രത്യേകിച്ചും പ്രവാസലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത പുസ്തകമായിരുന്നു പ്രവാസിയുടെ കുറിപ്പുകള്‍. മഞ്ഞ് പുതയ്ക്കാനൊരുങ്ങുന്ന മണൽപ്പരപ്പിനുള്ളിലും പ്രതീക്ഷയുടെ പുൽക്കൊടിത്തുമ്പിൽ കിനിയുന്ന വിയർപ്പുകണങ്ങൾ പ്രവാസത്തിന്റെ പൊള്ളുന്ന അടയാളങ്ങളായി
ശ്രീ. ബാബു ഭരദ്വാജിന്റെ തൂലികയില്‍ വിരിഞ്ഞപ്പോള്‍ അത് നെഞ്ചിലേറ്റിയത് പ്രവാസത്തിന്റെ ചൂടും ചൂരും അറിയുന്ന പ്രവാസി വായനക്കാരായിരുന്നു. ഏഴു മാസങ്ങള്‍ക്ക് ശേഷം ചേരുന്നിടം ബ്ലോഗില്‍ക്കൂടി വീണ്ടും ബ്ലോഗ്‌ ലോകത്ത് സജീവമാകുന്നു ബ്ലോഗര്‍ ജെഫു ജൈലാഫ്‌ പുസ്തക പരിചയപ്പെടുത്തലില്‍ക്കൂടി.

അറബികളും മലയാളികളും തമ്മിലുള്ളതിനേക്കാള്‍ വലിയ ബന്ധമാണ് അറബി ഭാഷയും മലയാളവും തമ്മില്‍. അറബികളുമായുള്ള കേരളീയരുടെ ബന്ധം വെറും വ്യാപാരം എന്നതിനപ്പുറം വിവാഹ-കുടുംബ ബന്ധങ്ങളിലേക്കുവരെ വ്യാപിച്ചു. അതുകൊണ്ടുതന്നെ ആശയ വിനിമയത്തിൽ
അറബി മലയാളം എന്ന പുരാതന ശൈലിക്ക് ആ ബന്ധങ്ങളോളം തന്നെ പഴക്കവുമുണ്ട്. മലയാള ഭാഷക്ക് അംഗീകൃതമായ ലിപിസമ്പ്രദായം ഇല്ലാതിരുന്ന കാലത്താണ് അറബി മലയാളം പ്രചാരം നേടിയത്. ഏറ്റവും അവസാനം ആടുജീവിതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പോകുന്നു. ചില്ല് ജാലകം ബ്ലോഗില്‍ മനാഫ് എഴുതിയ ലേഖനം അറബി ഭാഷയുടെ പെരുമ ശ്രദ്ധേയമായ ഒരു വായന നല്‍കുന്നു.

കഥകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗാണ്  റഷീദ് തൊഴിയൂരിന്‍റെ ഇന്ദ്രധനുസ്സ്.
ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും സ്ഥിരമായി എഴുതുന്ന ശ്രീ. റഷീദിന്റെ ഏറ്റവും പുതിയ കഥയാണ് അപശകുനം. ഒന്നുകൂടി ഒതുക്കി പറഞ്ഞിരുന്നുവെങ്കില്‍ കൂടുതല്‍ ശോഭിക്കുമായിരുന്നു ഈ കഥ.

ആഖ്യാനപാടവം കൊണ്ട് ശ്രദ്ധേയമാവേണ്ട, ഉന്നത നിലവാരം പുലർത്തുന്ന കഥയാണ് കെ.എസ് ബിനുവിന്റെ ചാരായം എന്ന
ബ്ലോഗിൽ വന്ന മരണലഹരി. പുനർ വായനകളിലൂടെ പുതിയ ഭാവതലങ്ങളിലേക്ക് അനുവാചകരെ ഉയർത്തിക്കൊണ്ടുപോവുന്നു ഈ കഥ .
പല എഴുത്തുകാരും ആശയദാരിദ്ര്യം കൊണ്ടും സമയക്കുറവുകൊണ്ടും, പോസ്റ്റിന്റെ നിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾകൊണ്ടുമൊക്കെ പോസ്റ്റിടാൻ മടിച്ചു നിൽക്കുമ്പോൾ ഇവിടെ ഒരു യുവകവി നിരന്തരം ഉന്നതനിലവാരം പുലർത്തുന്ന കവിതകൾ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ബൈജു മണിയങ്കാലയുടെ നിശ്വാസത്തിലെ കവിതകൾ തരുന്നത് നല്ല വായനാനുഭവമാണ്.


പ്രശസ്തമായ ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്ര ഗവേഷകനായ ഷിനോദിന്റെ കവിതകളും തത്വചിന്താപരമായി ഉയരത്തിൽ നിൽക്കുന്നവയാണ്. തന്റെ ബ്ലോഗായ ഇത്തിരിയിൽ എഴുതിയ ആരണ്യകം എന്ന കവിത., നല്ലൊരു വായന സമ്മാനിക്കും.

നല്ല വരികള്‍ കൊണ്ട് മികച്ച ആസ്വാദനം നല്‍കുന്ന മറ്റൊരു കവിതയാണ് ശരത് പ്രസാദിന്റെ തീപ്പക്ഷി ബ്ലോഗിലെ നിറം മങ്ങിയ ജ്വാല എന്ന കവിത. ഈ ബ്ലോഗിലെ മറ്റു കവിതകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.

ഒരിടവേളക്ക് ശേഷം ഷലീര്‍ അലിയുടെ  കനല്‍ക്കൂടില്‍ വന്ന കവിതയാണ്  സമ്മാനം.  കനല്‍ക്കൂടില്‍ സാധാരണയായി കണ്ടുവരുന്ന കവിതകളില്‍നിന്നും വ്യത്യസ്തമായ ഒരു വിഷയം ഈ തവണ ഷലീര്‍ കൈകാര്യം ചെയ്യുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ കവിത ശ്രദ്ധിക്കാതെ പോവരുത്.

മലയാള ബ്ലോഗുകളെ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി ധാരളം അഗ്രിഗേറ്ററുകള്‍ നിലവിലുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട്
 ശ്രദ്ധപിടിച്ചുപറ്റിയ അഗ്രിഗേറ്റര്‍ ആണ് ബ്ലോഗിക.  മലയാളത്തിലെ അറിയപ്പെടുന്ന മിക്ക ബ്ലോഗര്‍മാരും അംഗങ്ങളായ ഈ ബ്ലോഗില്‍ ഓണ്‍ലൈന്‍ മാഗസിനുകളെയും പരിചയപ്പെടുത്തുന്നു. ബ്ലോഗ്‌ ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയുന്നതിനും അംഗങ്ങളാവുന്നതിനും  ഈ അഗ്രിഗേറ്റര്‍ ഉപകരിക്കും.

ശ്രദ്ധിക്കപ്പെടേണ്ട രണ്ട് ബ്ലോഗുകൾകൂടി പരിചയപ്പെടുത്തി ഈ ചർച്ച വായനക്കാർക്ക് വിട്ടുതരുകയാണ്. കാലികപ്രസക്തമായ ശക്തമായ സാമൂഹ്യനിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ് സാജൻ.വി.എസിന്റെ കാഴ്ച എന്ന ബ്ലോഗ് . ആ ബ്ലോഗിലേക്ക് ഒരു സന്ദർശനം നിങ്ങളെ നിരാശപ്പെടുത്തില്ല.  പ്രതീക്ഷകൾ നൽകുന്ന കവിതകളാണ് വിജിൻ മഞ്ചേരിയുടെ കുരുതിപ്പൂക്കൾ എന്ന ബ്ലോഗിനെ ആകർഷകമാക്കുന്നത്. ഇവരുടെ പാത പിന്തുടർന്ന് കഥകളും, കവിതകളും, ലേഖനങ്ങളും, സാമൂഹ്യനിരീക്ഷണങ്ങളുമായി പുത്തൻ ബ്ലോഗുകൾ മലയാളത്തിൽ ഉദയം ചെയ്യുമെന്ന് പ്രതീക്ഷിക്കാം....

ബ്ലോഗ്‌ രചനകളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കൂടുന്നതോടൊപ്പം എഴുത്തും, വായനയും ഗൗരവമായി കാണുന്ന ഒരു തലമുറ രൂപപ്പെട്ടുവരുന്നതിന്റെയും സൂചനകളോ ലക്ഷണങ്ങളോ അല്ല, തെളിവുകള്‍ തന്നെയാണ് പോയ വാരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ബ്ലോഗുകള്‍ക്ക്‌ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരേ, ഈയടുത്ത കാലത്തൊന്നും നിങ്ങളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നില്ല.

തയ്യാറാക്കിയത്  -   പ്രദീപ്‌ കുമാര്‍, ഫൈസല്‍ ബാബു
സഹായം - സോ ണി

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil


35 comments:

  1. കണ്ടതും കാണാത്തതും ........... നന്ദി ..

    ReplyDelete
  2. ഭൂരിഭാഗവും വായിക്കാത്ത ബ്ലോഗുകൾ തന്നെ. ക്രിസ്തുമസ് വിരുന്നായി. സന്തോഷം :)

    ReplyDelete
  3. നന്ദി.. പരിചയപ്പെടുത്തലിന്

    ReplyDelete
  4. പലതും നേരത്തെ വായിച്ചത്. മറ്റുള്ളത് ശ്രദ്ധിക്കുന്നു. ഈ ശ്രമത്തിനഭിനന്ദനം.!

    ReplyDelete
  5. എല്ലാ ബ്ലോഗുകള്‍ക്കും അഭിനന്ദനങ്ങള്‍.. പുതിയ എഴുത്തുകാരും ബ്ലോഗ്ഗുകളും ഇനിയുമിനിയും ഉണ്ടാവട്ടെ.. വരികള്‍ക്കിടയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍...!!!!

    ReplyDelete
  6. എല്ലാ ബ്ലോഗുകള്‍ക്കും അഭിനന്ദനം..
    നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ..
    വരികള്‍ക്കിടയില്‍ കൂടി കടന്നുപോകുന്ന എല്ലാ എഴുത്തുകാര്‍ക്കും,
    വായനക്കാര്‍ക്കും, അണിയറപ്രവര്‍ത്തകര്‍ക്കും ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

    ReplyDelete
  7. വരികള്‍ക്കിടയില്‍ വായിക്കാതെ പോയത് ശെരിയാണ് വായിക്കേണ്ടുന്ന ബ്ലോഗുകളിലേക്ക് എത്തിപെടാറില്ല എന്നതാണ് വാസ്ഥവം . ഞാന്‍ മാത്രമല്ല ബ്ലോഗെഴുത്തുകാര്‍ പലരിലും ഇത് തന്നെയാണ് സംഭവിക്കുന്നത്‌ .മുന്‍പ് ഇരിപ്പിടം അവലോകന പംക്തിയില്‍ വായിക്കേണ്ടുന്ന ബ്ലോഗുകളെപ്പറ്റി അറിയുവാന്‍ കഴിഞ്ഞിരുന്നു .ആ അവലോകന പംക്തി നിറുത്തിയതില്‍ പിന്നെ വായിക്കേണ്ടുന്ന ബ്ലോഗുകളില്‍ എത്തിപെടാറില്ല .ഇപ്പോള്‍ ചിലരുടെ ശ്രമഫലമായി ഇങ്ങിനെയൊരു ഉദ്ധ്യമം തുടങ്ങിയപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു .ഈ അവലോകന പംക്തിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ സുഹൃത്തുക്കളെ എത്രകണ്ട് പ്രശംസിച്ചാലും അത് അധികമാകില്ല .ഇത്തവണത്തെ അവലോകനത്തില്‍ എന്‍റെ ബ്ലോഗ് ഇന്ദ്രധനുസ്സിലെ അപശകുനം എന്ന കഥയെ പറ്റി പരമാര്‍ശിച്ചതില്‍ സന്തോഷം എല്ലാവര്‍ക്കും ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ .ബ്ലോഗെഴുത്തുകാര്‍ എല്ലാവരും ഒത്തൊരുമയോടെ എഴുത്തിന്‍റെ ഉന്നമനത്തിനായി പുതിയ പാത തുറക്കട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
  8. വരികള്‍ക്കിടയില്‍ വരകളാല്‍ പ്രതിപാദ്യനാവാനായതില്‍ ഏറെ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ക്കും ബ്ലോഗ്ഗേര്‍സിനും എല്ലാ ഭാവുകങ്ങളും , എല്ലാ മലയാളികള്‍ക്കും പുതുവര്‍ഷാശംസകളും കൃസ്തുമസ്സ് സന്തോഷങ്ങളും....:)

    ReplyDelete
  9. പരിചയപ്പെടുത്തൽ നന്നായി .ഒന്നൊഴികെ ബാക്കി എല്ലാ ബ്ളോഗുകളും വായിച്ചതാണ്.എല്ലാവർക്കും പുതുവത്സരാശംസകൾ

    ReplyDelete
  10. വരികള്‍ക്കിടയില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെ വളരെ സന്തോഷം..കൂടുതല്‍ ബ്ലോഗുകള്‍ പരിജയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം...എല്ലാവർക്കും ക്രിസ്മസ്പുതുവത്സരാശംസകൾ

    ReplyDelete
  11. പുതിയ രണ്ടു ബ്ലോഗുകള്‍ കൂടി കണ്ടെത്തി ഇന്നിവിടെ.. ആശംസകള്‍, അഭിനന്ദനങ്ങള്‍/...

    ReplyDelete
  12. നോട്ടം says:
    മലയാള ബ്ലോഗ്‌ ലോകത്തിനു വളരെ അധികം ഉപകാരപ്പെടുന്നതാണ് ഈ പംക്തി . ഇതിനു പിന്നിലെ അധ്വാനം തീര്‍ച്ചയായും അഭിനന്ദനീയം തന്നെ.

    ReplyDelete
  13. വായനയുടെ പുതിയ കാണാപ്പുറങ്ങൾ വരികൾക്കിടയിലെ ഓരോ ലക്കവും പകര്ന്നു തരുമ്പോൾ പരാമർശിക്ക പ്പെടുന്ന ബ്ലോഗ്‌ എന്നാ നിലയിൽ എഴുത്ത് മെച്ച പ്പെടുത്തണ്ടതിന്റെ ഉത്തരവാദിത്യം പ്രോത്സഹാനമായി തരുന്നുണ്ട് അതിനു വരികൾക്കിടയിലെ ഓരോ പ്രവർത്തകർക്കും പ്രദീപ്‌ കുമാര്‍, ഫൈസല്‍ ബാബു സോണി നിസ്വാർത്ഥമായി ചെയ്യുന്ന ഈ മഹത്തായ സേവനത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ..ഇതിൽ പരാമർശിച്ചിരിക്കുന്ന മറ്റു ബ്ലോഗ്ഗുകല്ക്കും ആശംസകളോടെ

    ReplyDelete
  14. മിക്കതും വായിക്കാത്ത പോസ്റ്റുകൾ...!!


    ജബൽ ഹഫീത് യാത്ര ഇവിടെ പരാമർശിച്ചതും സന്തോഷം നൽകുന്നു..
    ഫെയ്സ്ബുക്കിലെ യാത്ര ഗ്രൂപ്പിൽ എഴുതിയ ഒരു ചെറിയ കുറിപ്പ്
    നഷ്ടപ്പെട്ട് പോകാതിരിക്കാൻ മാത്രായിട്ട് ബ്ലോഗിൽ പോസ്റ്റിയതാണത്. അങ്ങിനെ ഒരു യാത്രാവിവരണം എഴുതണം എന്നൊന്നും ഇല്ലാതിരുന്നതോണ്ട് ഫോട്ടോ ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല.നല്ല പോലെ ആസ്വദിച്ച ഒരു യാത്രയുടെ ഒരു ഓർമ്മക്കുറിപ്പ് എഴുതി അത്ര മാത്രം. എന്നെങ്കിലും ഒരു യാത്രാ വിവരണം എഴുതാൻ കഴിഞ്ഞാൽ കൂടെ ഫോട്ടോകളും ചേർക്കാൻ ശ്രമിക്കാം..
    ഈ പ്രോൽസാഹനത്തിൽ ഒരു പാട് സന്തോഷം...

    ഈ പരിശ്രമത്തിന് എല്ലാ ഭാവുകങ്ങളും...

    ReplyDelete
  15. വെരി ഗുഡ്
    പോകാത്ത ബ്ലോഗിലൊക്കെ ഒന്ന് പോയി നോക്കട്ടെ

    ReplyDelete
  16. നന്നായിരിക്കുന്നു.
    ഇനി വായിക്കാത്ത ചിലതുണ്ട്.
    അവിടെ പോയി നോക്കട്ടെ.

    ReplyDelete
  17. വീണ്ടും കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തി.തുടരുക.ആശംസകളോടെ..

    ReplyDelete
  18. സത്യത്തില്‍ ഇവിടെ കുറച്ചു കാലമായി ഉണ്ടാകിലും പല ബ്ലോഗ്ഗുകളും വായിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം ..കുറെ നല്ല ബ്ലോഗ്ഗുകള്‍ വായനക്കായ് തിരഞ്ഞെടുക്കാന്‍ കാരണമായി ഈ പോസ്റ്റ്‌ ..നന്ദിയും സന്തോഷവും അറിയിക്കുന്നു ..ശുഭരാത്രി

    ReplyDelete
  19. എനിക്കുമുണ്ട് സന്തോഷം കേട്ടോ...
    വരികൾക്കിടയിലെ അണിയറ പ്രവർത്തകർക്ക് വളരെ നന്ദി...

    ReplyDelete
  20. വരികൾക്കിടയിൽ വർണ്ണങ്ങൾ വിരിയുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ.
    ബ്ലോഗ് പരിഗണിച്ചതിന്‌ ഒരു പാട് നന്ദി.

    ReplyDelete
  21. ഈ ആഴ്ച അൽപ്പം തിരക്കിലായിരുന്നതിനാൽ
    ഇക്കുറി കാണാൻ വൈകി, ഇവിടുത്തെ സാരഥികളോട്
    ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നുന്നു. അതായത് !!!!
    ഫൈസൽ ബാബുവിനറിയാം !!!
    ഇനി പറയാനുള്ളത്
    ഇവിടെ ഒടുവിൽ പറഞ്ഞു കഴിഞ്ഞു
    അതിനാൽ അതിനൊരു അടിവരയിട്ട്
    ഇവിടെ വീണ്ടും ചേർക്കുന്നു
    "ബ്ലോഗ്‌ രചനകളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കൂടുന്നതോടൊപ്പം എഴുത്തും, വായനയും ഗൗരവമായി കാണുന്ന ഒരു തലമുറ രൂപപ്പെട്ടുവരുന്നതിന്റെയും സൂചനകളോ ലക്ഷണങ്ങളോ അല്ല, തെളിവുകള്‍ തന്നെയാണ് പോയ വാരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ബ്ലോഗുകള്‍ക്ക്‌ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരേ, ഈയടുത്ത കാലത്തൊന്നും നിങ്ങളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നില്ല."
    അതെ അക്കൂട്ടരുടെ മോഹം വെറും വ്യാമോഹം എന്നു തന്നെ കഴിഞ്ഞ ആഴ്ചയിലെ വായന സൂചിപ്പിക്കുന്നത്

    ReplyDelete
  22. ബ്ലോഗുകള്‍ വായിക്കുന്നത് കുറഞ്ഞു, മനപൂര്‍വ്വമല്ലെങ്കിലും. ഇത് ഉപകാരപ്രദം തന്നെ. മിക്കവയും വായിക്കാത്തവ. നല്ല ശ്രമം, നന്ദി.

    ReplyDelete
  23. ആ അവസാന വാചകം > "....ഈയടുത്ത കാലത്തൊന്നും നിങ്ങളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നില്ല " !! ഒന്ന് ചിരിപ്പിച്ചു , പിന്നെ സന്തോഷിപ്പിച്ചു.,,,
    കുറച്ചെണ്ണം വായിക്കാത്ത പോസ്റ്റുകള്‍ ആണ് -മികച്ചവ നഷ്ടമാകാതിരിക്കാന്‍ വരികള്‍ക്കിടയില്‍ എത്ര മാത്രം സഹായിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ! നന്ദി..
    "എന്‍റെ യാത്ര" കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രത്യേകം നന്ദി ട്ടോ -സന്തോഷവും :)
    വരികള്‍ക്കിടയില്‍ ഇങ്ങനെ ഞങ്ങള്‍ക്ക് എത്തിക്കുന്നതിന് പ്രയത്നിക്കുന്ന എല്ലാവര്ക്കും നന്ദി - ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍

    ReplyDelete
  24. ബ്ലോഗ്‌ വായന കുറവാണെങ്കിലും
    "വരികള്‍ക്കിടയില്‍ "സ്ഥിരമായി വായിച്ചു പോരുന്നു...
    ബ്ലോഗിടങ്ങളിലെ ചെറുചലനങ്ങള്‍ മുതല്‍
    പുത്തന്‍ താരോദയം വരെ സസൂക്ഷ്മം വീക്ഷിക്കുകയും
    വിലയിരുത്തുകയും ചെയ്യുന്ന
    ഈ ഉദ്യമത്തിന് ആശംസകള്‍ ....

    ReplyDelete
  25. വായിക്കാന്‍ വിട്ടവയൊക്കെ വായിക്കട്ടെ... എല്ലാ പ്രാവശ്യവും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം പറഞ്ഞ് ബോറാക്കുന്നില്ല... :)

    ReplyDelete
  26. ഇതില്‍ ഞാന്‍ പോകാത്ത ബ്ലോഗുകളും ഉണ്ട്. എല്ലായിടത്തും പോയി വായിക്കണം.വരികള്‍ക്കിടയില്‍ നന്നായി മുന്നേറുന്നു എന്ന അറിവിന്‌ സന്തോഷം

    ReplyDelete
  27. നല്ല അധ്വാനമുണ്ട് ഇത്തരമൊരു evaluation നടത്താൻ. ബ്ലോഗുകളിൽ കയറിയിറങ്ങി വിയർക്കേണ്ടിവരും. ആറ്റിക്കുറുക്കി ഒരു വിലയിരുത്തലിന് ഏറെ സമയവും വേണം. ബ്ലൊഗെഴുത്തിനെ സജീവമാക്കി നിലനിർത്തുന്നതിൽ ഇതു പോലുള്ള ഇടപെടലുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട. എഴുത്തിനെയും വായനെയും വിജ്ഞാനത്തിൻറെ പങ്കു വെപ്പിനെയും നന്മകളെയും ഉൾക്കൊള്ളുന്നവർക്ക് മാത്രമേ ഇതിനൊക്കെ സമയം ചെലവിടാൻ കഴിയൂ. 'വരികൾക്കിടയിലെ' ഈ ലക്കം തയ്യാറാക്കിയ പ്രദീപ്‌ കുമാര്‍, ഫൈസല്‍ ബാബു, സോണി, അണിയറയിലെ സംഘാടകർ... പ്രത്യേകം അഭിനന്ദനങ്ങൾ

    ReplyDelete
  28. വായനയിലേക്ക് വഴികാണിച്ചു കൊടുക്കുന്ന ഈ മഹത്തായ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍...
    കനല്‍ക്കൂടിനെയും ഉള്‍പ്പെടുത്തിയതില്‍ മണം നിറഞ്ഞ നന്ദിയും.............

    ReplyDelete
  29. വായിച്ചു. സമയക്കുറവ് മൂലം ഇപ്പോള്‍ ഫേസ്ബുക്കും ബ്ലോഗ് വായനയുമൊക്കെ കുറവായിരിക്കുകയാണ്. ശ്രദ്ധേയമായ പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയുള്ള അവസരങ്ങളില്‍ എത്രയോ ഉപകാരപ്രദമാണ്. നന്ദി, വരികള്‍ക്കിടയില്‍ ടീം... :)

    ReplyDelete
  30. ഒരു വായനക്കാരനും(ക്കാരിക്കും) എത്തി പിടിക്കുവാൻ
    എത്താത്ത നിലയിലേക്ക് നമ്മുടെ ബൂലോഗം വളർന്ന് കഴിഞ്ഞിരിക്കുകയാണല്ലോ.

    ഈ സന്ദർഭത്തിൽ ‘വരിക്കൾക്കിടയിലെ’ പോലുള്ളതിലെ വരികൾ എന്നും എപ്പോഴും
    നല്ല വായനകൾക്ക് ഒരു ചൂണ്ടുപലകയായി , വഴികാട്ടിയായി നിൽക്കുന്നത് കാണുമ്പോളുള്ള
    ആനന്ദം എന്നെ പോലെയുള്ള വളരെ സമയ കുറവുള്ള ഒരു ബൂലോക വായനക്കാരൻ എങ്ങിനെയാണ്
    നന്ദി പ്രകടിപ്പിക്കുക എന്നുള്ള കൺഫ്യൂഷ്യനിലാണിപ്പോൾ ഞാൻ..

    അഭിനന്ദനങ്ങൾ കൂട്ടരെ

    ReplyDelete
  31. തീപ്പക്ഷി ബ്ലോഗിലെ 'നിറം മങ്ങിയ ജ്വാല' എന്നാണു ഇവിടെ പറയുന്നത്. പക്ഷേ ലിങ്കിൽ ക്ലിക്കുമ്പോൾ അതേ ബ്ലോഗിലെ 'മഞ്ഞുകട്ട' എന്ന കവിതയിലേക്കാണു പോകുന്നത്. 'ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ' എന്ന് അവിടെ 'വരികൾക്കിടയിൽ' കമന്റിയിട്ടുമുണ്ട്.
    കവി, കവിതയുടെ പേരു മാറ്റിയതാവുമോ ?

    ReplyDelete
    Replies
    1. ലിങ്ക് മാറിയതാണ്. ശരിയാക്കി. നന്ദി സുഹൃത്തേ..

      Delete