Saturday, September 27, 2014

ഓര്‍മ്മകളുടെ ബാന്‍ഡ് വിഡ്ത്തില്‍ അമരനായി മനോരാജ്


2009 ലാണ് ഞാന്‍ ബ്ലോഗെഴുത്ത് ആരംഭിക്കുന്നത്. മറ്റു ബ്ലോഗര്‍മാരില്‍  നിന്നും വ്യത്യസ്തയായി എഴുത്ത് ലോകത്ത് തീരെ പരിചയമില്ലാത്ത ഒരു ശിശുവായാണ് ഞാന്‍ ബ്ലോഗുലകത്തിലേക്ക് പിച്ചവെച്ചത്. ആദ്യകാലം മുതല്‍ക്കെ തന്നെ എന്നെ നന്നായി പ്രോത്സാഹിപ്പിച്ച ബ്ലോഗര്‍മാരില്‍ ഒരാളായിരുന്നു തേജസ്‌ എന്ന ബ്ലോഗിന്റെ ഉടമ, ഞാന്‍ മനോ എന്ന് വിളിച്ചിരുന്ന മനോരാജ്.  ഫേസ്‌ബുക്കില്‍ വരുന്നതിനു മുമ്പേ എനിക്ക് ബ്ലോഗുലകത്തില്‍ ഉണ്ടായിരുന്ന ആ നല്ല സുഹൃത്താണ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നത്. ഈ പോസ്റ്റ് എഴുതുമ്പോഴും എനിക്ക് അദ്ദേഹത്തെ കണ്ണീരോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ആദ്യകാല എഴുത്തുകാരി എന്ന പരിഗണനവെച്ചു അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും  പിന്നീട് എഴുത്തില്‍ കുറേശ്ശെ തെളിഞ്ഞു വന്നപ്പോള്‍ തെറ്റ്കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുവാനും മനോരാജ് മടിച്ചിരുന്നില്ല. എന്റെ റോസാപ്പൂക്കള്‍ ബ്ലോഗില്‍ ആറോ ഏഴോ പോസ്റ്റുകളായപ്പോഴാണ് റോസാപ്പൂക്കളെ പരിചയപ്പെടുത്തി ഒരു പോസ്റ്റ് മനോരാജ് സ്വന്തം ബ്ലോഗില്‍ ഇടുന്നത്. എനിക്ക് എഴുത്തില്‍ വലിയൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു  ആ പരിചയപ്പെടുത്തല്‍.
.

മനോരാജ് ഞെരമ്പുകള്‍ ക്ഷയിക്കുന്ന രോഗത്തിനടിമയാണെന്ന് ഞാന്‍ അറിയുന്നത് രണ്ടു വര്‍ഷം മുമ്പ്‌ ഈസ്റ്റ് കോസ്റ്റ് നടത്തിയ ഓണ്‍ ലൈന്‍ ചെറുകഥാ മത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനവും മനോരാജിനു മൂന്നാം സമ്മാനവും ലഭിച്ചപ്പോഴാണ്. എറണാകുളത്ത് വെച്ചായിരുന്നു സമ്മാന ദാനം. സമ്മാനദാനച്ചടങ്ങില്‍ വെച്ച് കാണാമല്ലോ എന്ന് പറഞ്ഞു ഞാന്‍ സന്തോഷപൂര്‍വ്വം ഫോണ്‍ ചെയ്തപ്പോഴാണ് മനോരാജ് രോഗവിവരം പറയുന്നത്. നടക്കാന്‍ പ്രയാസമാണ് ഇടക്ക് വീണുപോകും എന്നൊക്കെ. എങ്കിലും ഞാന്‍ നിര്‍ബന്ധിച്ചു. ആരെയെങ്കിലും കൂട്ടി വരൂ, എന്റെ ഭർത്താവും അവിടെ വരും... ഒന്ന് പിടിച്ചാല്‍ മതിയല്ലോ... സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാം... എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ പ്രയാസം  എന്ന് പറഞ്ഞു അദ്ദേഹം അതില്‍ നിന്നൊഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് രോഗവിവരമെല്ലാം എന്നോട് ഫോണിലൂടെ സംസാരിക്കുമായിരുന്നു. എറണാകുളത്ത് ഒരു കമ്പനിയില്‍ അപ്പോഴും മനോരാജ് ജോലിക്ക് പോകുന്നുണ്ടായിരുന്നു. ബസ്സില്‍ കയറാനും ഇറങ്ങാനും സഹായിക്കാന്‍ സന്മനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ. ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങാന്‍ പ്ലാനുണ്ട്. എനിക്ക് ഇരുന്നുകൊണ്ടു ജോലി ചെയ്യാമല്ലോ അതിന്റെ എഡിറ്ററായി കൂടാമോ എന്ന് എന്നോടൊരിക്കല്‍ ചോദിച്ചു. ഞാന്‍ സന്തോഷപൂര്‍വ്വം  സമ്മതിക്കുകയും  ചെയ്തതാണ്.എറണാകുളത്ത്‌ നിന്നും ഇറങ്ങുന്ന വാചികം എന്ന മാസികയുടെ എഡിറ്ററായും കുറച്ചുനാള്‍ അദ്ദേഹം ജോലി ചെയ്തു.പിന്നീടാണ് ഒരു സുഹൃത്തുമായി ചേര്‍ന്ന് കൃതി ബുക്സിന്റെ പ്രാസാധനം തുടങ്ങിയത്

പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ് കണ്ണിന് കാഴ്ച കുറഞ്ഞു. കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായിരുന്നു കാരണം. കണ്ണിന് കാഴ്ച കുറഞ്ഞതോടെ മനോരാജ് ഓണ്‍ ലൈന്‍ ലോകത്ത് നിന്നും സാവധാനം പിന്‍വാങ്ങി. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കായി ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതം. വിളിക്കുമ്പോള്‍ മിക്കവാറും കണ്ണാശുപത്രി അല്ലെങ്കില്‍ തിരുവനന്തപുറത്ത് ചികില്‍സയില്‍ . ഒടുവില്‍ എന്റെ വിളി ശല്യമാകരുതല്ലോ എന്ന്  വിചാരിച്ചു ഞാന്‍ വിളികള്‍ കുറച്ചു.

ഒന്നര മാസം മുമ്പ്  മുംബൈയില്‍ നിന്നും ഞാന്‍ തൂത്തുക്കുടിയിലേക്കു സ്ഥലം മാറിയപ്പോള്‍ മനോരാജിനെ വീണ്ടും ബന്ധപെട്ടു.  പുതിയ ഇടത്തേക്ക് പോകുകയാണ് പുതിയ നമ്പര്‍ കിട്ടുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു. വല്ലാതെ നിരാശനായിരുന്നു അപ്പോള്‍. രോഗത്തിനു മുന്നില്‍ അടിയറവു പറഞ്ഞ പരാജിതന്റെ തളര്‍ച്ച  മനോയുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു. പക്ഷെ കണ്ണിന്റെ പ്രശ്നം ശരിയായി വരുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരു മാസം മുമ്പ് അദ്ദേഹത്തിനെ എറണാകുളത്തുള്ള ബ്ലോഗര്‍ സുഹൃത്ത് നിരക്ഷരന്‍  വീട്ടില്‍ പോയി  സന്ദര്‍ശിക്കുകയുണ്ടായി. രോഗം കണ്ടു പിടിച്ചു... വയറ്റിൽ ടി ബി യാണ്....  തുടര്‍ചികില്‍സയിലാണ്... എന്നൊക്കെ കേട്ടപ്പോള്‍  അദ്ദേഹം രക്ഷപെടും എന്നൊരു പ്രത്യാശയാണ്  തോന്നിയത്.

വെറും മുപ്പത്തിയഞ്ചു  വയസ്സിലാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന്‍ ലോകത്ത് നിന്നും വിടപറഞ്ഞത്. ഉദിച്ചുയരും മുമ്പേ മറഞ്ഞ തേജസ്‌. തുടര്‍ന്നു  ജീവിച്ചിരുന്നെങ്കില്‍ എവിടെയൊക്കെയോ എത്തുമായിരുന്നു മനോരാജ്. അദ്ദേഹത്തെ തേടി ധാരാളം പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഒടുവില്‍  കേരള കൌമുദി ചെറുകഥാ മത്സരത്തില്‍ ലഭിച്ച സമ്മാനം അദ്ദേഹത്തെ അച്ചടി മാധ്യമത്തിലും ശ്രദ്ധേയനാക്കി. മനോരാജ് ഈ ഭൂമിയില്‍ നിന്നും മറഞ്ഞ സെപ്തംബര്‍26  ബൂലോകത്തിന്റെ കറുത്ത ദിനമാണ്. ഭാവിയില്‍ ബൂലോകം എത്രകണ്ടു വളര്‍ന്നാലും ആദ്യകാല ബ്ലോഗര്‍മാരില്‍ ശ്രദ്ധേയനായ തേജസ്‌ എന്ന ബ്ലോഗിന്റെ ഉടമയായ,നല്ലൊരു വായനക്കാരന്‍ കൂടിയായ മനോരാജ് എന്ന ബ്ലോഗര്‍ ബൂലോകത്തിന് മറക്കനാവാത്തവനായി തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. നമ്മുടെ മിക്ക സുഹൃത്തുക്കളും ഇപ്പോഴും മനോയുടെ ആകസ്മിക വിയോഗം ഉള്‍കൊള്ളാനാവാതെ  പകച്ചു നില്‍ക്കുകകയാണ് അടങ്ങാത്ത കണ്ണീരുമായി. അവര്‍ക്കും, അദ്ദേഹത്തിന്റെ് പ്രിയ പത്നി ട്വിന്‍ഷക്കും, മകന്‍ തേജസിനും ദുഃഖം സഹിക്കാനുള്ള ശക്തി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ...തനി നാടന്‍ വൈപ്പിൻ ഭാഷയില്‍ സരസമായി സംസാരിക്കുന്ന പ്രിയ കൂട്ടുകാരന്‍ ഇനി ഇല്ലല്ലോ എന്ന ദു:ഖത്തോടെ പ്രിയ മനോയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ എന്റെയും കണ്ണീര്‍ പൂക്കള്‍


റോസിലി ജോയ്‌
ബ്ലോഗ്‌ : റോസാപ്പൂക്കള്‍