Sunday, April 20, 2014

പഞ്ചപാണ്ഡവര്‍ എത്രപേര്‍?

ഒരു കഥയില്‍നിന്നും തുടങ്ങാം, ഒരു വെയിറ്റിംഗ് ഷെഡ്ഡില്‍ സൊറ പറഞ്ഞിരിക്കുന്ന കുറച്ചുപേര്‍. തൊട്ടുമുന്നില്‍ അന്ധനായ ഒരാള്‍ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നു. അവരില്‍ ചിലര്‍ക്ക്  അയാളെ സഹായിക്കണമെന്നുണ്ട്. യാതൊരു ലാഭേച്ഛയും കൂടാതെ അതിനായി മുന്നിട്ടിറങ്ങിയവരെ നോക്കി കൂട്ടത്തിലൊരാള്‍ പറഞ്ഞു, "ഇതൊക്കെ വെറും ആളാവാന്‍ വേണ്ടിചെയ്യുന്നതാണ്, മറ്റുള്ളവരുടെ മുമ്പില്‍ വലിയൊരു മനുഷ്യസ്നേഹിയാവാനും, തന്റെ പേര് നാലാളറിയാന്‍   വേണ്ടി കാണിക്കുന്ന ഒരുതരം സെല്‍ഫ് മാര്‍ക്കറ്റിംഗ് . അല്ലേലും ആരെയും പ്രതീക്ഷിച്ചല്ലല്ലോ അന്ധന്‍ ഇതുവഴി വന്നത്, നമുക്ക് അയാളെ സഹായിക്കേണ്ട യാതൊരു ബാധ്യതയുമില്ല...
കഥയുടെ ബാക്കി 'വരികള്‍ക്കിടയില്‍' അവസാനം പറയാം!

ആദ്യപോസ്റ്റിലെ ഒരു കുഞ്ഞുകഥ കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു നൌഷാദ് പൂച്ചക്കണ്ണന്റെ തൃഷ്ണ ബ്ലോഗ്‌. മലയിടുക്കില്‍ മഞ്ഞുരുകുമ്പോള്‍ എന്ന കഥയ്ക്ക് വലിയ ആശയപുതുമയൊന്നും അവകാശപ്പെടാനില്ല. സമാനമായ കഥാന്ത്യം പ്രമേയമാക്കി പല കഥകളും നാം പലയിടത്തും വായിച്ചുകാണും. എങ്കിലും ഒരേ റെസിപ്പി രണ്ടുപേര്‍ തയ്യാറാക്കുമ്പോള്‍ അതിന് രണ്ടുരുചികള്‍ ഉണ്ടാവുന്നു എന്ന് പറയുന്നതുപോലെ ഒരു സ്വപ്നകഥ ഇവിടെ കഥാകാരന്‍ അവതരിപ്പിക്കുമ്പോള്‍ അതിന്  വേറിട്ടൊരു വായനാനുഭവം കൈവരുന്നു.

നാട്ടുവര്‍ത്തമാനങ്ങളും  വിശേഷങ്ങളും പങ്കുവെക്കുന്ന ബ്ലോഗാണ് പുല്ലൂരം പാറ.  അവിശ്വസനീയവും ഇന്നും  നിഗൂഢതകള്‍ അവശേഷിപ്പിച്ച് കണ്‍മറഞ്ഞു പോയ  മലേഷ്യന്‍ വിമാനദുരന്തം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ ധാരാളം ബ്ലോഗ്‌ ലേഖനങ്ങളും  ഫേസ്ബുക്ക് നോട്ടുകളും നാം വായിച്ചുകാണും. എന്നാല്‍ 'ഫ്ലയ്റ്റ് റഡാര്‍' എന്ന, ലോകത്തിലെ ഏതു വിമാനത്തെയും ട്രാക്ക് ചെയ്യുന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുന്ന ഈ ലേഖനം ശ്രദ്ധയാകര്‍ഷിക്കുന്നു. Android  ഫോണില്‍നിന്നും ഏതുസാധാരണക്കാരനും ലോകത്തിലെ ഏതു വിമാനത്തെയും നിരീക്ഷിക്കാന്‍ സാധിക്കും എന്ന് ലേഖകന്‍ പറയുന്നു. നാട്ടുവാര്‍ത്തകളും നാടിന്റെ സ്പന്ദനങ്ങളും പങ്കുവെക്കുന്ന ഈ ബ്ലോഗിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശംസകള്‍.

നല്ല രചനകള്‍ക്ക് ബ്ലോഗിലായാലും സോഷ്യല്‍ മീഡിയകളിലായാലും വായനക്കാരുണ്ടാവും. വിവരസാങ്കേതിക വിഷയങ്ങളെക്കുറിച്ചും ലോകത്തിലെ കൗതുകകരമായ വാര്‍ത്തകളെക്കുറിച്ചും തന്റേതായ വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ഒരു മലപ്പുറത്ത്കാരന്‍ ബ്ലോഗിലെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒറിജിനല്‍ ആണോ അതോ കോപ്പിയാണോ എന്ന ഈ ലേഖനത്തില്‍ക്കൂടി ബ്ലോഗിലേക്കുള്ള ട്രാഫിക് വര്‍ദ്ധിച്ചു എന്ന് ബ്ലോഗര്‍ ഷംസു സാക്ഷ്യപ്പെടുത്തുന്നു. വിപണിയിലെ തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ ഈ കുറിപ്പ് ഒരിക്കലെങ്കിലും വായിച്ചിരിക്കുന്നത് നല്ലതാണ്.

ശ്രീദേവി വിനോദിന്റെ മുളഞ്ഞൂര്‍ക്കാരി ബ്ലോഗിലെ ഞായര്‍ ഒരു നഷ്ടം എന്ന കഥയില്‍ ഒതുക്കമുള്ള ഒരു എഴുത്തുകാരിയെ കാണാം. കഥ എങ്ങിനെ പറയണം ആരെക്കൊണ്ട് പറയിക്കണം എന്നതൊക്കെ പലപ്പോഴും കഥയെഴുതുന്നവരെ കുഴപ്പത്തിലാക്കാറുണ്ട്. ഇവിടെ ജാനകി എന്ന കഥാപാത്രം സ്വയം കഥ പറഞ്ഞുതുടങ്ങി മധ്യത്തിലെത്തുമ്പോള്‍ മറ്റൊരാള്‍ ജാനകിയെക്കുറിച്ച് പറയുന്നതിലേക്ക് മാറിപ്പോവുന്നു. കഥയെഴുത്തിലും കവിതയിലുമൊക്കെ നിശിതനിയമങ്ങള്‍ പാലിക്കേണ്ടതുണ്ടോ എന്നത്  എന്നും ചര്‍ച്ചയാവുന്ന വിഷയങ്ങളാണ്. എങ്കിലും ഇത്തരം പിഴവുകള്‍ കഥയുടെ  ആകെയുള്ള ശോഭയെ കെടുത്തുന്നു എന്ന്  പറയേണ്ടി വരും.

വൈറല്‍ ക്രൈം: ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌ മുഖ്താര്‍ ഉദരംപൊയിലിന്റെ മുഖ്താറിയനിസം ബ്ലോഗില്‍വന്ന ഈ ലേഖനം
പരമാവധി ആളുകളിലേക്ക് എത്തിപ്പെടണം എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളെക്കുറിച്ച് വാചാലരാവുമ്പോഴും എല്ലാം വൈറലായി നമുക്ക് നേരെ തിരിയുന്ന ഒരു കാലത്തിലാണ് നാം. ഒരേസമയം വിജ്ഞാനവും വിനോദവും ഇന്റര്‍നെറ്റ് പകരുന്നതോടൊപ്പം, നമ്മുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ചില വിഷയങ്ങളിലേക്കാണ് ലേഖകന്‍ ശ്രദ്ധ ക്ഷണിക്കന്നത്. കൂടുതല്‍ പറയാനുള്ള ഒരു വിഷയം ഒതുക്കിപറഞ്ഞത് വായനക്കാരന്റെ സമയപരിമിതിയെ മാനിച്ചാണ്എന്നുകരുതാം.

നര്‍മ്മത്തില്‍ ചാലിച്ച് സരസമായി പറഞ്ഞുപോയ കഥയാണ് ദൈവത്തിന്റെ സ്വന്തം നാട്. നാട്ടിന്‍പുറത്തെ സാധാരണ കാഴ്ചകളിലെ  സ്ഥിരം കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന കഥ ഒരു അനുഭവക്കുറിപ്പ് പോലെയാണ് അന്നൂസ് അവതരിപ്പിച്ചിരിക്കുന്നത്. മദ്യപാനം പ്രമേയമാക്കി അവതരിപ്പിക്കുന്ന സാധാരണ കഥകളില്‍നിന്നും  വ്യത്യസ്തമായ ഒരു പര്യവസാനം കൊണ്ടുവന്നിട്ടുണ്ട് ഈ കഥയില്‍.എങ്കിലും  എഴുത്തിന്റെ വഴിയില്‍ ഇനിയും ഏറെ മുന്നേറാനുണ്ട് ഈ ബ്ലോഗര്‍ക്ക് 

വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗാണ് അടുക്കളക്കാരന്‍. പാചകം
ഇഷ്ടപ്പെടുന്നവര്‍ക്കും പരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഈ  സൈറ്റ് ഉപകാരപ്രദമാവും.

ഭൂഗോളം ബ്ലോഗില്‍ മൈന ഉമൈബാന്റെ പുസ്തകത്തെ പരിചയപ്പെടുത്തുന്നു ഹരിനാഥ്‌ ഈ ലക്കത്തില്‍. മറ്റുപുസ്തകങ്ങളില്‍നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു പുസ്തകം എന്ന നിലയ്ക്കാണ് ഈ ലിങ്ക് ഇവിടെ പരാമര്‍ശിക്കുന്നത്. കേരളീയ വിഷചികിത്സയുടെ ചരിത്രപരമായ വികാസവും വിശകലനങ്ങളും, ജന്തുജന്യവും സസ്യജന്യവും കൃത്രിമവുമായ വിവിധതരം വിഷങ്ങളും അവയുടെ വർഗ്ഗീകരണവും, വിഷസർപ്പങ്ങളെക്കുറിച്ചും ക്ഷുദ്രജീവികളെക്കുറിച്ചുമുള്ള വിവരണങ്ങൾ, വിവിധതരം നാട്ടറിവുകളും പാരമ്പര്യ ചികിത്സാരീതികളും, ആധുനിക കാലത്തും അവയ്ക്കുള്ള പ്രസക്തി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രത്യേകത എന്ന് ലേഖകന്‍ അവകാശപ്പെടുന്നു.

സമയം ഓരോരുത്തര്‍ക്കും വിലപ്പെട്ടതാണ്.
നിത്യജീവിതത്തില്‍ സമയം പോരാ എന്ന് വിലപിക്കുന്നവരാണ്  മിക്കവരും. സമയത്തെക്കുറിച്ച് ചില ചിന്തകള്‍ ഉയര്‍ത്തിവിടുകയാണ് അൻവര്‍ ഹുസൈന്‍
സമയമില്ല പോലും എന്ന പോസ്റ്റിലൂടെ. സാധാരണ അന്‍വരികള്‍ ബ്ലോഗില്‍ വരുന്ന വിഷയങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ലേഖനമായി ഇത്. ചില ക്രമീകരണങ്ങള്‍ നാം സ്വയം വരുത്തിയാല്‍ സമയം ലാഭിക്കാം എന്ന ലേഖകന്‍റെ വിലയിരുത്തല്‍ ഒരു സ്വയം
വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കട്ടെ!


 ബ്ലോഗില്‍ എഴുതിതെളിഞ്ഞവര്‍ക്ക് എത്ര തന്നെ കഴിഞ്ഞാലും തങ്ങളുടെ തട്ടകം മറക്കാനാവില്ല, ഒരു കാലത്ത് E എഴുത്തില്‍ കത്തിനിന്ന രണ്ടു ബ്ലോഗുകള്‍ ഈ വാരം തിരിച്ചുവരവ് നടത്തിയിരിക്കുന്നു, ഇസ്മയില്‍ കുറുമ്പടിയുടെ തണല്‍ ബ്ലോഗാണ് അതിലൊന്ന്. കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്ന  "കൈകീറിയ കഥ" നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പതിവ് ശൈലിയില്‍ വായനയെ മടുപ്പിക്കാതെ പറഞ്ഞു തീര്‍ക്കുന്നു.

വരികള്‍ക്കിടയില്‍ ഒരിക്കല്‍ നിന്ന് പോയ ബ്ലോഗുകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു,  ജാസ്മി കുട്ടിയുടെ മുല്ലമൊട്ടുകളായിരുന്നു അവയിലൊന്ന്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം മുല്ലമൊട്ടുകള്‍ വീണ്ടും സജീവമായി നിലനിര്‍ത്താന്‍ നിനക്കറിയുമോ എന്ന കവിതയുമായി വന്നിരിക്കുന്നു, മേല്‍ പറഞ്ഞ രണ്ട്പേര്‍ക്കും നല്ലൊരു തിരിച്ചു വരവ് ആശംസിക്കുന്നു. 

 പുതുമുഖബ്ലോഗര്‍മാര്‍ക്ക് മുന്‍ഗണണ കൊടുക്കുക എന്ന ഒരു ചെറിയ ലക്ഷ്യം ഈ എളിയ ശ്രമത്തിനുപിന്നില്‍ ഉള്ളതിനാല്‍ നല്ല രചനകള്‍ക്ക് വേണ്ടി അല്‍പ്പം കാത്തിരിക്കേണ്ടിവന്നു, കഴിഞ്ഞ മാസത്തേക്കാള്‍ ഈ മാസം അത്തരം ബ്ലോഗുകള്‍ വളരെ കുറവായിരുന്നു, വരികള്‍ക്കിടയില്‍ ഈ തവണ അല്‍പ്പം വൈകിയതില്‍ ക്ഷമിക്കുമല്ലോ.

തുടക്കത്തില്‍ പറഞ്ഞ കഥയിലേക്ക് തിരിച്ചു വരാം. എഴുത്തിന്റെ ബാലപാഠങ്ങള്‍ അറിഞ്ഞോ അറിയാതെയോ, തന്നിലുറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് ബ്ലോഗും സോഷ്യല്‍ മീഡിയകളും. ഇത്തരം കഴിവുകളെ മറ്റുള്ളവരിലേക്ക്  എത്തിക്കാനും പ്രോത്സാഹിപ്പിക്കാനും ഏതൊരു വായനക്കാരനും എഴുത്തുകാരനും ബാധ്യതയുണ്ട്. . താനൊന്നും ചെയ്യില്ല, മറ്റുള്ളവര്‍ ചെയ്യുന്നത് തനിക്ക് സഹിക്കില്ല എന്നു കരുതുന്നവര്‍ വെയിറ്റിംഗ്ഷെഡ്ഡില്‍ കാലുംനീട്ടിയിരുന്ന് മറ്റുള്ളവരെ പഴിപറഞ്ഞ് സ്വയം ആനന്ദിക്കുന്നവരാവാം ! ഏറ്റവും ചുരുക്കി പറഞ്ഞാല്‍, "പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാലുപോലെ മൂന്ന്" എന്ന് വാദിക്കുന്നവര്‍!

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil