Saturday, December 21, 2013

ഡിസംബറിലെ ബ്ലോഗ്‌ വസന്തം.

മലയാളം ബ്ലോഗെഴുത്ത് തളരുകയാണ് എന്ന രീതിയിൽ ഉയർന്നുവന്ന ആശങ്കകൾ അസ്ഥാനത്താണെന്ന് തെളിയിച്ച രണ്ടുവാരമാണ് കടന്നുപോയത്. ഇടക്കാലത്ത് മടിച്ചുനിന്ന പഴയ ബ്ലോഗർമാർ വീണ്ടും സജീവമായി, പുതിയ ബ്ലോഗർമാർ രംഗപ്രവേശം ചെയ്തു, പലരും ഒരാഴ്ചക്കകം ഒന്നിലധികം പോസ്റ്റുകൾ പ്രസിദ്ധം ചെയ്തു, നല്ല വശങ്ങൾ മാത്രം പറയുന്ന കമന്റ് സംസ്കാരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനകൾ കണ്ടു. ചില പോസ്റ്റുകളിൽ മുമ്പൊന്നും കാണാത്ത രീതിയിലുള്ള ശക്തമായ വിമർശനങ്ങളുടെ വേലിയേറ്റമുണ്ടായി. എഴുത്തുകാര്‍ വിമർശനങ്ങളെ തുറന്ന മനസ്സോടെ ഉൾക്കൊണ്ട് വിവേകപൂർവ്വമുള്ള മറുപടികള്‍ നല്‍കുന്നതും കണാനായി.... മലയാളം ബ്ലോഗെഴുത്ത് ഉയരങ്ങളിലേക്ക് ജൈത്രയാത്ര നടത്തുകയാണ് എന്ന വസ്തുതയാണ് കഴിഞ്ഞ രണ്ട് വാരങ്ങളിലെ ബ്ലോഗ് പോസ്റ്റുകൾ തെളിയിക്കുന്നത്.

പോസ്റ്റുകളുടെ  വേലിയേറ്റത്തിൽ, ഈ പരിചയപ്പെടുത്തലിലേക്കുള്ള തിരഞ്ഞെടുപ്പിന്  ഞങ്ങൾ അൽപ്പം കുഴങ്ങിപ്പോവുക തന്നെ ചെയ്തു. ഇവിടെ മുമ്പ് പരിചയപ്പെടുത്തിയ ചില ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ വന്നിട്ടും ഞങ്ങൾക്ക് ഇത്തവണ ഒഴിവാക്കേണ്ടിവന്നു. കൂടാതെ തുടർച്ചയായ ദിവസങ്ങളിൽ ഒരേ ബ്ലോഗിൽ ഒന്നിലധികം പോസ്റ്റുകൾ വന്നപ്പോൾ അതിൽ ഏതാണ് ഇവിടെ വായനക്കു വയ്ക്കേണ്ടത് എന്ന കാര്യത്തിലും അൽപ്പം ആശയക്കുഴപ്പമുണ്ടായി. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏതാനും പോസ്റ്റുകൾ പരിചയപ്പെടുത്തുകയാണ്. ഇവിടെ ഞങ്ങളുടെ വായന പൂര്‍ണ്ണമല്ല. ശ്രദ്ധേയമായ പോസ്റ്റുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ് കോളത്തിൽ ആ പോസ്റ്റുകളെക്കുറിച്ച് വായനക്കാർക്കുള്ള അഭിപ്രായങ്ങളും ലിങ്കുകളും ചേർത്ത് ഈ കുറിപ്പ് പൂര്‍ണ്ണമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



ചില കഥകള്‍ വായനയ്ക്ക് ശേഷവും മനസ്സിനെ പിടിച്ചിരുത്തും, അത്തരത്തില്‍ പറഞ്ഞു പോയ കഥയായിരുന്നു പത്മതീര്ത്ഥം ബ്ലോഗിലെ അയ്യപ്പനും ഖദീജയും. കഥ കൈകാര്യം ചെയ്ത പ്രമേയം വിവിധ തലങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കാന്‍ സാധ്യതയുണ്ടായിട്ടും അതിലേക്ക് വ്യതിചലിക്കാതെ പറഞ്ഞവസാനിപ്പിച്ചത് കഥക്ക് മിഴിവേകുന്നു. കഥ വായിച്ചുപോകുമ്പോള്‍  തന്നെ കഥാന്ത്യം എന്തെന്ന് വായനക്കാര്‍ക്ക് മനസ്സിലാവുമെങ്കിലും അവതരണരീതിയുടെ മികവിനാല്‍ കഥ മാറ്റ് കുറയുന്നില്ല. പ്രണയവും അടിയാളരുടെ ജീവിതവും പിന്നെ വര്‍ഷങ്ങള്‍ക്ക് ഇപ്പുറമുള്ള പത്മശ്രീ നായര്‍ എന്ന കഥാകാരിയുടെ ഓര്‍മ്മകളും സമന്വയിപ്പിച്ച കഥ. 

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍ കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ വന്നിരുന്ന കാലത്ത് പ്രമുഖരായ കഥാകാരന്മാരുടെ കഥകളേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്  നമ്പൂതിരി നല്‍കിയിരുന്ന ഇല്ലസ്ട്രേഷനുകളായിരുന്നു. ചുരുങ്ങിയ വരികള്‍ കൊണ്ട് ഒരു ജീവിതഭാവം പകര്‍ത്തിവയ്ക്കാന്‍ ചിത്രകലയുടെ സാങ്കേതികവശം മാത്രം അറിഞ്ഞാല്‍ പോരാ. ജന്മസിദ്ധമായ പ്രതിഭകൂടി വേണം. ഇസ്ഹാഖ്  എന്ന ചിത്രകാരന്‍ ദിനവരകള്‍ എന്ന പേരില്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്ന വരകള്‍ നമ്പൂതിരിയുടെ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ്. അതുല്യപ്രതിഭാശാലിയായ ഈ ചിത്രകാരന്‍ തന്റെ ബ്ലോഗിലൂടെയും ഈ വരകള്‍ പങ്കുവയ്ക്കുന്നു. ഇസ്ഹാക്കിന്റെ വരയിടത്തിലേക്ക്  ഒരു സന്ദര്‍ശനം വെറുതെയാവില്ല.

സിയാഫ് അബ്ദുൾ ഖാദിറിന്റെ ആമിയുടെ ചിത്രപുസ്തകത്തിൽ വന്ന പുതിയ പോസ്റ്റായ 
ഉറക്കച്ചൂണ്ട ലോക്കോ പൈലറ്റായ എഴുത്തുകാരൻ തന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്ന 
യാത്രയുടെ അനുഭവമാണ്. ഉറക്കമിളച്ച് തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റ് 
അറിയാതെ ഉറക്കം എന്ന ചൂണ്ടയിൽ കുരുങ്ങുന്ന ആ അനുഭവവിവരണം നല്ലൊരു കഥപോലെവായിക്കാം.

ജുമാനയുടെ ബ്ലോഗിലെ വരകൾ , ചിത്രകലയും നിരീക്ഷണപാടവവും സമ്മേളിക്കുന്നതിന്റെ
ഉത്തമോദാഹരണങ്ങളാണ്. ചിത്രകലാപാരമ്പര്യം രക്തത്തിൽ അലിഞ്ഞുചേര്‍ന്ന ഈ കുട്ടിയുടെ വരകൾ, നല്ല പക്വതയെത്തിയ മുതിർന്ന ചിത്രകാരന്മാരുടെ രചനകളോട് കിടപിടിക്കുന്നതാണ്. ജുമാനയുടെ ബ്ലോഗിൽ വന്ന പുതിയ ചിത്രം ഞങ്ങളുടെ മൂത്തമ്മ ഒന്നു കണ്ടുനോക്കൂ.


ഡോ. ജയന്‍ ഏവൂര്‍ എഴുതുന്ന അവിയല്‍ ബ്ലോഗിന് ഒരു  പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സ്പോര്‍ട്സ് പ്രേമികള്‍ക്കും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന ചില തുടര്‍പോസ്റ്റുകളായിരുന്നു ഈയിടെ ആ ബ്ലോഗില്‍ വന്ന ലേഖനങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലിനെത്തുടര്‍ന്ന് എഴുതിയ ലേഖനങ്ങള്‍
ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നുമാസങ്ങളിലായി ഇത്തരം 20 ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. വളരെ ആധികാരികമായി  അവതരിപ്പിക്കുന്ന ഈ പോസ്റ്റുകള്‍ ക്രിക്കറ്റിനെക്കുറിച്ച് ചില പുതിയ അറിവുകള്‍ നല്‍കുന്നുവെങ്കിലും ഒരു വിഷയം തന്നെ തുടര്‍ച്ചയായി എഴുതുന്നത് ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്നുവോ എന്ന് സംശയിക്കുന്നു. അവിയല്‍ ബ്ലോഗിലെ സ്പോര്‍ട്സ് ഇതരവിഷയങ്ങള്‍ ഇഷ്ടപ്പെടുന്നവരെ വരുംലക്കങ്ങളില്‍ ഡോക്ടര്‍ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. അത് അധികമാര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത ഒരിടത്തേക്കാവുമ്പോള്‍ അത് വായനയും കൗതുകവുമാണ്. ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ ശൃംഖലയുള്ള മാമത് ഗുഹകളിലേക്ക്
വായനക്കാരെ കൂട്ടിക്കൊണ്ട് പോവുകയാണ് ആര്‍ഷ അഭിലാഷ്, മറക്കാതിരിക്കാന്‍ ബ്ലോഗിലെ മാമ്മത്ത് ഗുഹകളിലൂടെ.. എന്ന യാത്രാവിവരണത്തിലൂടെ. ഒരു യാത്രാനുഭവം വെറുതെ പറഞ്ഞുപോകാതെ മാമത് ഗുഹകളുടെ ചരിത്രം കൂടി പറഞ്ഞത് ഏറെ ഉചിതമായി തോന്നി. യാത്രകളെ സ്നേഹിക്കുന്നവര്‍ക്കും ചരിത്രകുതുകികള്‍ക്കും ഇഷ്ടമായേക്കാവുന്ന ഒരു നല്ല കുറിപ്പ്.

ധീരം സമീരം ബ്ലോഗില്‍ സമീരന്‍ പങ്കുവയ്ക്കുന്ന മറ്റൊരു യാത്രാവിവരണമാണ് ജബല്‍ ഹഫീതിലേക്ക് ഒരു യാത്ര. സരസമായി പറഞ്ഞു പോയ ഒരു ചെറിയ കുറിപ്പ്. ഒരു യാത്രാവിവരണം
വായിക്കുമ്പോള്‍ ചില ചിത്രങ്ങള്‍ വരികളേക്കാള്‍ വാചാലമാവും. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് അത്തരം പോസ്റ്റുകളില്‍ വലിയ പ്രാധാന്യമാണുള്ളത്. കൂടുതല്‍ ചിത്രങ്ങള്‍ ഈ  വിവരണത്തോടൊപ്പം  നല്‍കിയിരുന്നുവെങ്കില്‍ ജബല്‍ ഹഫീത് ഒന്ന് കൂടി തിളങ്ങുമായിരുന്നു.

നാനാത്വത്തില്‍ ഏകത്വം എന്ന് നമ്മള്‍ അഭിമാനത്തോടുകൂടി പറയുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ക്കൂടി സഞ്ചരിക്കുമ്പോഴറിയാം യഥാര്‍ത്ഥ ഇന്ത്യയുടെ മതേതരസ്വഭാവം. "നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്‍" എന്ന എച്മുകുട്ടിയുടെ യുടെ ഈ
ലേഖനം ചില അപ്രിയസത്യങ്ങളുടെ തുറന്നു പറച്ചിലാണ്. ഒരു ജാതി, ഒരു മതം, ഒരിന്ത്യ എന്നത് പറയാന്‍ സുഖമുള്ള ഒരു തലവാചകം മാത്രമായി ഒതുങ്ങിപ്പോകുന്നുവോ എന്ന് ഈ ലേഖനം വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു. ഉത്തരേന്ത്യന്‍ യാത്രകളില്‍ കണ്ട ചില യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നുപറച്ചിലാണ് ഈ കുറിപ്പ്.

തുടര്‍ലേഖനങ്ങള്‍, നോവലുകള്‍, നീണ്ടകഥകള്‍ ഇവയൊക്കെ വിരളമായേ ബ്ലോഗുകളില്‍ കാണാറുള്ളൂ. സ്ഥിരം വായനക്കാരെ നഷ്ടപ്പടുമോ എന്ന കാരണത്താലാവാം  ഇത്തരം
സാഹസങ്ങള്‍ക്ക് അധികമാരും മിനക്കെടാറില്ല. എന്നാല്‍ ചില സ്ഥിരം വായനക്കാരുമായി  വീകെയുടെ ചിന്നുവിന്റെ നാട് ബ്ലോഗിലെ മരുഭൂമി എന്ന  നോവല്‍ മുന്നേറുന്നു എന്നത് സന്തോഷം നല്‍കുന്നു.

വായനാലോകത്ത്, പ്രത്യേകിച്ചും പ്രവാസലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത പുസ്തകമായിരുന്നു പ്രവാസിയുടെ കുറിപ്പുകള്‍. മഞ്ഞ് പുതയ്ക്കാനൊരുങ്ങുന്ന മണൽപ്പരപ്പിനുള്ളിലും പ്രതീക്ഷയുടെ പുൽക്കൊടിത്തുമ്പിൽ കിനിയുന്ന വിയർപ്പുകണങ്ങൾ പ്രവാസത്തിന്റെ പൊള്ളുന്ന അടയാളങ്ങളായി
ശ്രീ. ബാബു ഭരദ്വാജിന്റെ തൂലികയില്‍ വിരിഞ്ഞപ്പോള്‍ അത് നെഞ്ചിലേറ്റിയത് പ്രവാസത്തിന്റെ ചൂടും ചൂരും അറിയുന്ന പ്രവാസി വായനക്കാരായിരുന്നു. ഏഴു മാസങ്ങള്‍ക്ക് ശേഷം ചേരുന്നിടം ബ്ലോഗില്‍ക്കൂടി വീണ്ടും ബ്ലോഗ്‌ ലോകത്ത് സജീവമാകുന്നു ബ്ലോഗര്‍ ജെഫു ജൈലാഫ്‌ പുസ്തക പരിചയപ്പെടുത്തലില്‍ക്കൂടി.

അറബികളും മലയാളികളും തമ്മിലുള്ളതിനേക്കാള്‍ വലിയ ബന്ധമാണ് അറബി ഭാഷയും മലയാളവും തമ്മില്‍. അറബികളുമായുള്ള കേരളീയരുടെ ബന്ധം വെറും വ്യാപാരം എന്നതിനപ്പുറം വിവാഹ-കുടുംബ ബന്ധങ്ങളിലേക്കുവരെ വ്യാപിച്ചു. അതുകൊണ്ടുതന്നെ ആശയ വിനിമയത്തിൽ
അറബി മലയാളം എന്ന പുരാതന ശൈലിക്ക് ആ ബന്ധങ്ങളോളം തന്നെ പഴക്കവുമുണ്ട്. മലയാള ഭാഷക്ക് അംഗീകൃതമായ ലിപിസമ്പ്രദായം ഇല്ലാതിരുന്ന കാലത്താണ് അറബി മലയാളം പ്രചാരം നേടിയത്. ഏറ്റവും അവസാനം ആടുജീവിതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പോകുന്നു. ചില്ല് ജാലകം ബ്ലോഗില്‍ മനാഫ് എഴുതിയ ലേഖനം അറബി ഭാഷയുടെ പെരുമ ശ്രദ്ധേയമായ ഒരു വായന നല്‍കുന്നു.

കഥകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗാണ്  റഷീദ് തൊഴിയൂരിന്‍റെ ഇന്ദ്രധനുസ്സ്.
ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും സ്ഥിരമായി എഴുതുന്ന ശ്രീ. റഷീദിന്റെ ഏറ്റവും പുതിയ കഥയാണ് അപശകുനം. ഒന്നുകൂടി ഒതുക്കി പറഞ്ഞിരുന്നുവെങ്കില്‍ കൂടുതല്‍ ശോഭിക്കുമായിരുന്നു ഈ കഥ.

ആഖ്യാനപാടവം കൊണ്ട് ശ്രദ്ധേയമാവേണ്ട, ഉന്നത നിലവാരം പുലർത്തുന്ന കഥയാണ് കെ.എസ് ബിനുവിന്റെ ചാരായം എന്ന
ബ്ലോഗിൽ വന്ന മരണലഹരി. പുനർ വായനകളിലൂടെ പുതിയ ഭാവതലങ്ങളിലേക്ക് അനുവാചകരെ ഉയർത്തിക്കൊണ്ടുപോവുന്നു ഈ കഥ .
പല എഴുത്തുകാരും ആശയദാരിദ്ര്യം കൊണ്ടും സമയക്കുറവുകൊണ്ടും, പോസ്റ്റിന്റെ നിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾകൊണ്ടുമൊക്കെ പോസ്റ്റിടാൻ മടിച്ചു നിൽക്കുമ്പോൾ ഇവിടെ ഒരു യുവകവി നിരന്തരം ഉന്നതനിലവാരം പുലർത്തുന്ന കവിതകൾ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ബൈജു മണിയങ്കാലയുടെ നിശ്വാസത്തിലെ കവിതകൾ തരുന്നത് നല്ല വായനാനുഭവമാണ്.


പ്രശസ്തമായ ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്ര ഗവേഷകനായ ഷിനോദിന്റെ കവിതകളും തത്വചിന്താപരമായി ഉയരത്തിൽ നിൽക്കുന്നവയാണ്. തന്റെ ബ്ലോഗായ ഇത്തിരിയിൽ എഴുതിയ ആരണ്യകം എന്ന കവിത., നല്ലൊരു വായന സമ്മാനിക്കും.

നല്ല വരികള്‍ കൊണ്ട് മികച്ച ആസ്വാദനം നല്‍കുന്ന മറ്റൊരു കവിതയാണ് ശരത് പ്രസാദിന്റെ തീപ്പക്ഷി ബ്ലോഗിലെ നിറം മങ്ങിയ ജ്വാല എന്ന കവിത. ഈ ബ്ലോഗിലെ മറ്റു കവിതകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.

ഒരിടവേളക്ക് ശേഷം ഷലീര്‍ അലിയുടെ  കനല്‍ക്കൂടില്‍ വന്ന കവിതയാണ്  സമ്മാനം.  കനല്‍ക്കൂടില്‍ സാധാരണയായി കണ്ടുവരുന്ന കവിതകളില്‍നിന്നും വ്യത്യസ്തമായ ഒരു വിഷയം ഈ തവണ ഷലീര്‍ കൈകാര്യം ചെയ്യുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ കവിത ശ്രദ്ധിക്കാതെ പോവരുത്.

മലയാള ബ്ലോഗുകളെ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി ധാരളം അഗ്രിഗേറ്ററുകള്‍ നിലവിലുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട്
 ശ്രദ്ധപിടിച്ചുപറ്റിയ അഗ്രിഗേറ്റര്‍ ആണ് ബ്ലോഗിക.  മലയാളത്തിലെ അറിയപ്പെടുന്ന മിക്ക ബ്ലോഗര്‍മാരും അംഗങ്ങളായ ഈ ബ്ലോഗില്‍ ഓണ്‍ലൈന്‍ മാഗസിനുകളെയും പരിചയപ്പെടുത്തുന്നു. ബ്ലോഗ്‌ ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയുന്നതിനും അംഗങ്ങളാവുന്നതിനും  ഈ അഗ്രിഗേറ്റര്‍ ഉപകരിക്കും.

ശ്രദ്ധിക്കപ്പെടേണ്ട രണ്ട് ബ്ലോഗുകൾകൂടി പരിചയപ്പെടുത്തി ഈ ചർച്ച വായനക്കാർക്ക് വിട്ടുതരുകയാണ്. കാലികപ്രസക്തമായ ശക്തമായ സാമൂഹ്യനിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ് സാജൻ.വി.എസിന്റെ കാഴ്ച എന്ന ബ്ലോഗ് . ആ ബ്ലോഗിലേക്ക് ഒരു സന്ദർശനം നിങ്ങളെ നിരാശപ്പെടുത്തില്ല.  പ്രതീക്ഷകൾ നൽകുന്ന കവിതകളാണ് വിജിൻ മഞ്ചേരിയുടെ കുരുതിപ്പൂക്കൾ എന്ന ബ്ലോഗിനെ ആകർഷകമാക്കുന്നത്. ഇവരുടെ പാത പിന്തുടർന്ന് കഥകളും, കവിതകളും, ലേഖനങ്ങളും, സാമൂഹ്യനിരീക്ഷണങ്ങളുമായി പുത്തൻ ബ്ലോഗുകൾ മലയാളത്തിൽ ഉദയം ചെയ്യുമെന്ന് പ്രതീക്ഷിക്കാം....

ബ്ലോഗ്‌ രചനകളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കൂടുന്നതോടൊപ്പം എഴുത്തും, വായനയും ഗൗരവമായി കാണുന്ന ഒരു തലമുറ രൂപപ്പെട്ടുവരുന്നതിന്റെയും സൂചനകളോ ലക്ഷണങ്ങളോ അല്ല, തെളിവുകള്‍ തന്നെയാണ് പോയ വാരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ബ്ലോഗുകള്‍ക്ക്‌ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരേ, ഈയടുത്ത കാലത്തൊന്നും നിങ്ങളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നില്ല.

തയ്യാറാക്കിയത്  -   പ്രദീപ്‌ കുമാര്‍, ഫൈസല്‍ ബാബു
സഹായം - സോ ണി

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil


Saturday, December 7, 2013

മുഖ്യധാരയിലേക്ക് മുന്നേറുന്ന മലയാളം ബ്ലോഗെഴുത്ത്


ഒരു ദിവസം ഇരുപതിനായിരം പേരെങ്കിലും പുതിയ ബ്ലോഗുകൾ തുടങ്ങുന്നു എന്നാണ് അടുത്തിടെ ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്ലോഗുകളുടെ ഈ തരംഗത്തിൽ മലയാളവും ഒട്ടും പിന്നിലല്ല.  ബ്ലോഗ് അടക്കമുള്ള സോഷ്യൽസൈറ്റുകളിൽ മലയാളഭാഷ ഇന്ന് സജീവമാണ്.  മലയാളത്തിലുള്ള നിരവധി ബ്ലോഗുകൾ അനുദിനം  പിറവിയെടുക്കുന്നുണ്ട്. എന്നാൽ ഇതിൽ എത്ര ബ്ലോഗുകൾ ആരംഭശൂരത്വം പിന്നിട്ട് കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോവുന്നു എന്ന് പരിശോധിച്ചാൽ അവ വിരലിലെണ്ണാവുന്നവ മാത്രമാണെന്ന് മനസ്സിലാക്കാനാവും.

ഇവിടെയാണ് വർഷങ്ങൾ പിന്നിട്ട ബ്ലോഗുകൾ ശ്രദ്ധേയമാവുന്നത്. കൃത്യമായ ഇടവേളകളിൽ നിലവാരമുള്ള പോസ്റ്റുകളിട്ട് മലയാളം ബ്ലോഗെഴുത്തിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ ഏതാനും പ്രമുഖ ബ്ലോഗർമാരുണ്ട്. ഇവരിൽ ഒരാളായ മുരളീമുകുന്ദൻ തന്റെ ബിലാത്തിപ്പട്ടണം എന്ന ബ്ലോഗിന്റെ അഞ്ചാം വാർഷികം ഈയ്യിടെ പുതിയ പോസ്റ്റിട്ട് ആഘോഷിച്ചു. ഇന്റര്‍നെറ്റിലെ മലയാളഭാഷ നിരവധി വെല്ലുവിളികൾ നേരിടുകയും അവക്ക് പുത്തൻ പരിഷ്കാരങ്ങൾ വരുകയും ചെയ്ത സംഭവബഹുലമായ കഴിഞ്ഞ അഞ്ചുവർഷക്കാലം ബ്ലോഗെഴുത്തിൽ സജീവമായി നിന്ന അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിലവാരവും പുതുമയുമുള്ള പോസ്റ്റുകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗിലെ മുഖ്യ ആകർഷണം ലണ്ടൻ നഗരത്തിന്റെ വിവിധമുഖങ്ങൾ പരിചയപ്പെടുത്തുന്നു എന്നതാണ്. ഇത്തവണ വന്ന കുറിപ്പിലും, അതിനുതൊട്ട് മുമ്പ് ഇറങ്ങിയ പോസ്റ്റിലും അദ്ദേഹം പല കാര്യങ്ങൾ ഒന്നിച്ച് ഉൾക്കൊള്ളിക്കുന്നത് ചെറിയൊരു പോരായ്മയായി തോന്നാം . സ്ഥിരമായി നിലവാരം പുലർത്തുന്ന ബ്ലോഗ് പോസ്റ്റുകൾ എഴുതുന്നതോടൊപ്പം മറ്റുള്ളവരുടെ ബ്ലോഗുകൾ സന്ദർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുരളീമുകുന്ദൻ എല്ലാ ബ്ലോഗെഴുത്തുകാർക്കും നല്ലൊരു മാതൃകയാണ്.  

എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴും പലരും വേണ്ടത്ര ശ്രദ്ധ ചെലുത്താതെ പോസ്റ്റുകൾ ഇടുന്നത് മലയാളം ബ്ലോഗെഴുത്തിനെ തളർത്തുമോ, വളർത്തുമോ എന്ന ചിന്ത വായനക്കാർക്ക് വിട്ടു തരുന്നു. എന്നാൽ ഇവക്കിടയിൽ നല്ല പ്രതീക്ഷകൾ ഉണർത്തുന്ന ചില ബ്ലോഗ് പോസ്റ്റുകൾ കാണാൻ കഴിയുന്നു. അത്തരത്തിലുള്ള ബ്ലോഗുകളിലൂടെ ഒരു അന്വേഷണം നടത്താം.

 പ്രസന്റേഷന്‍ അഥവാ ഒരു വിഷയം വായനക്കാര്‍ക്ക് മടുപ്പ് ഇല്ലാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുക എന്നതും ഒരു വലിയ കലയാണ്ചെറുപ്പകാലത്ത് കാണിച്ചുകൂട്ടുന്ന ചില വിവരക്കേടുകളിൽ നിന്ന് ചിലപ്പോൾ നാം വലിയ ശരികളിലേക്ക് സഞ്ചരിക്കും. മുബിയുടെ Daily Scribbles എന്ന ബ്ലോഗിലെ പോസ്റ്റ് കാർഷിക സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്നു.

നര്‍മ്മത്തിന് വേണ്ടി നര്‍മ്മം ഉണ്ടാക്കാതെ സ്വാഭാവികമായി നിത്യ ജീവിതത്തിലെ അനുഭവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ബ്ലോഗാണ് കണ്ണൂര്‍ പാസഞ്ചര്‍. ,ഒരച്ചനാവാന്‍പോകുന്നതിനു തൊട്ടു മുമ്പുള്ള ചില മണിക്കൂറുകള്‍  ഒരു ഭര്‍ത്താവിനെ സംബന്ധിച്ചു ഏറ്റവും ടെന്‍ഷന്‍ നിറഞ്ഞതാവും ,ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിനങ്ങളിലെ അനുഭവങ്ങള്‍ 
നര്‍മ്മത്തില്‍ കൂടി പകര്‍ന്നു നല്‍കുന്നു ഫിറോസ്അബ്ദുള്ള കണ്ണൂര്‍പാസഞ്ചര്‍ ബ്ലോഗിലെ. ജൂലൈ 29,ആ രാത്രിയിൽ..എന്ന പോസ്റ്റില്‍ആദ്യാവസാനം ചിരി പടര്ത്തുന്നതില്‍ വിജയിച്ച ഒരു പോസ്റ്റ്.

ഒരു ബ്ലോഗില്‍ കഥയെഴുതി അതിലേക്ക് വായനക്കാരെ ക്ഷണിക്കുമ്പോള്‍  കഥയെ തേച്ചു മിനുക്കി നന്നായി എന്ന് സ്വയം മനസ്സിനെ സംതൃപ്തിപെടുത്തിയതിനു ശേഷം മാത്രം വായനക്കാരിലേക്ക് എത്തിക്കുക എന്നത് ഒരു വായനക്കാരനോട് എഴുത്തുകാരന്‍ കാട്ടാവുന്ന  ഏറ്റവും നല്ല നീതിയാണ്, അത്തരത്തിലുള്ള ഒന്നാണ്  ഭവിന്‍ ഭാസ്ക്കര്‍ ,യാത്രക്കാരന്‍ എന്ന ബ്ലോഗില്‍ എഴുതിയ 'തെറ്റും ശരിയും' എന്ന കഥ.  പുക വലിയെ എതിര്‍ക്കപ്പെടണം എന്നകാര്യത്തില്‍ സംശയമില്ല എന്നാല്‍  കഥയില്‍ "ഞാന്‍പുക വലിക്കും " എന്ന് പറയുന്ന കഥാനായകന്റെ ന്യായീകരണം വായനക്കാരന്റെ കൂടി നൊമ്പരമായി മാറുന്നു, കഥയിലെ അവസാന ഭാഗം കൊണ്ട് വന്ന ട്വിസ്റ്റ്കൊണ്ട് ശ്രദ്ധേയമായേക്കാവുന്ന ഒരു നല്ല കഥ ,

 നിരന്തരം പോസ്റ്റുകൾ വരുന്ന നല്ല ബ്ലോഗാണ് നളിനദളങ്ങൾ . ആത്മഭാഷണരീതിയിൽ ബ്ലോഗിൽ വന്ന പുതിയ രചന ഹൃദയസ്പർശിയാണ്.

ആദ്യഭാഗത്ത് അൽപ്പം പാളിപ്പോവുന്നതായി തോന്നിയ ഒരു കഥ പിന്നീട് അത് ശരിയായ ട്രാക്കിലൂടെ കൃത്യമായി അവസാനിക്കുന്നു. ഡോക്ടർ മനോജ് കുമാറിന്റെ വെള്ളനാടന്‍ ഡയറിയിലെ കഥ 
യക്ഷികള്‍ നഗ്നരാണ് ഇവിടെ വായിക്കാം.
ത്രിമാനമായ രൂപങ്ങളെ ത്രിമാനമായി പ്രിന്റ് ചെയ്യുക എന്നത് ഒരുകാലത്ത് സയൻസ് ഫിക്ഷൻ നോവലുകളിലെ ഭാവന മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് സാധ്യമായിരിക്കുന്നു. വൈജ്ഞാനിക മേഖലയിലെ പുത്തൻ അറിവുകളാൽ സമ്പന്നമായ ബെഞ്ചാലി ബ്ലോഗിലെ പുതിയ പോസ്റ്റ് വിഷയമാണ് ചർച്ച ചെയ്യുന്നത്.

വിഷയാടിസ്ഥാനത്തിൽ മത്സരിക്കാൻ എഴുതപ്പെടുന്ന കഥകളിൽ കൃത്രിമത്വം വല്ലാതെ മുഴച്ചു നിൽക്കും. നല്ല എഴുത്തുകാർപോലും ഇത്തരം ഘട്ടങ്ങളിൽ പതറിപ്പോവാറുണ്ട്. നല്ല പോസ്റ്റുകൾ നിരന്തരം എഴുതി ബൂലോകത്ത് പ്രത്യേകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് പ്രവീൺ ശേഖർ. അദ്ദേഹത്തിന്റെ പ്രവീണങ്ങൾ എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച നീതിയുടെ കരച്ചിൽ എന്ന കഥ, ബ്ലോഗിലെ ഉന്നതനിലവാരം പുലർത്തുന്ന മറ്റ് പോസ്റ്റുകളിൽ നിന്ന് എത്രയോ താഴെ നിൽക്കുന്നു.ഒരു ഫ്രെയിം നിർമ്മിച്ച് ഫ്രെയിമിലേക്ക് ഒതുങ്ങുന്ന കഥ നിർമ്മിക്കാൻ ശ്രമിച്ചതാണ് ഇവിടെ പരാജയകാരണമാവുന്നത്. ഇത്തരം കഥയെഴുത്തിൽ കഥാകൃത്തിന് സർഗാത്മകതയുടെ വിശാലമായ ആകാശം നഷ്ടമാവുന്നു. പകരം കൃത്യമായ ഗണിതയുക്തികൾ പ്രവർത്തിക്കാൻ തുടങ്ങുന്നു. സർഗാത്മകതയെ ഗണിതയുക്തിയുടെ വാൾമുനകളാൽ അരിഞ്ഞുതള്ളപ്പെടുമ്പോള്‍ പറക്കാനാവാതെ ഒരു കഥ തളർന്നു വീഴുന്നു.....

"തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും വ്യക്തികളാണെന്നും അവരുടെ കാഴ്ചപ്പാടിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കാന്‍വീണ്ടും  വര്‍ഷങ്ങള്‍ വേണ്ടിവന്നു ,പാലക്കാട്ടെ
കുട്ടികളാണ് എന്റെ ഗുരുക്കന്മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്". സായം സന്ധ്യ എന്ന ബ്ലോഗിലെ ഓർമ്മക്കുറിപ്പ് നല്ലൊരു വായനയാണ്.

ഉപരിപ്ലവമായി പറഞ്ഞുപോവാതെ ആഴത്തിൽ പഠിച്ചുള്ള നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ബ്ലോഗാണ് തിരമൊഴികള്‍. ഗൗരവമുള്ള വായനക്ക് ഒരിടം.... ഈ ബ്ലോഗിലേക്ക് ഒരു സന്ദർശനം വെറുതെയാവില്ല


ആശയപ്രചരണത്തിന് ഒരു ബദൽ മാധ്യമം എന്ന നിലവിട്ട് ഒരു മുഖ്യധാരാമാധ്യമമായി ബ്ലോഗെഴുത്ത് വളരുകതന്നെ ചെയ്യും.  പേപ്പറുകളിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന ശീലങ്ങൾ പതുക്കെ മാഞ്ഞുപോവുകയാണ്. പുതിയ തലമുറ കൂടുതൽ സൗകര്യപ്രദമായ  വായനയുടെയും, എഴുത്തിന്റേയും സൗകര്യങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. പ്രധാനപ്പെട്ട മുഖ്യധാരാമാധ്യമങ്ങളെല്ലാം ഇന്ന് ഓൺലൈൻ രംഗത്തും ചുവടുറപ്പിക്കുന്നത് മാറ്റത്തെ അവർ മുൻകൂട്ടിക്കാണുന്നു എന്നതിന്റെ തെളിവാണ്. 

ഇവിടെ അവതരിപ്പിച്ച ബ്ലോഗ് പോസ്റ്റുകളേക്കാൾ ശ്രദ്ധിക്കപ്പെടേണ്ട നല്ല പോസ്റ്റുകൾ വന്നിട്ടുണ്ടാവാം. മാന്യവായനക്കാർക്ക് അത്തരം  പോസ്റ്റുകളെക്കുറിച്ച് അറിവുണ്ടെങ്കിൽ കമന്റ് ബോക്സിൽ ആ വായന പങ്കുവെക്കണമെന്നും, ലിങ്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു. 

എഴുതിയത് -   പ്രദീപ്‌ കുമാര്‍ 
സഹായം - ഫൈസല്‍ ബാബു 

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil