Friday, October 3, 2014

ഈ ലോകത്തെ മായാവികൾ !

ഗൂഗിള്‍ ചിത്രം 

ഓൺലൈൻ എഴുത്തിന്റെ ലോകത്ത് ഏതു നിമിഷവും നാം ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്.  എഴുത്തിന്റെ മാസ്മരികപ്രഭയിൽ തിളങ്ങിനിന്ന ഒരു സൂര്യതേജസ്സ് വെറും 'ഫെയ്ക്ക് ഐഡി' ആയിരുന്നു എന്ന് അറിഞ്ഞാൽപ്പോലും ഞെട്ടിത്തരിച്ചുപോവരുത്. അത്രക്ക് സർവ്വസാധാരണമാണ് ഓൺലൈൻ എഴുത്തിലെ അന്തഃർനാടകങ്ങൾ . ഇവിടെ ഫെയ്ക്കുകൾ 'മൈഡിയർ കുട്ടിച്ചാത്തന്മാരാകുന്നു'. അത് പല രൂപത്തിലും,ഭാവത്തിലും വരാം. കുട്ടിച്ചാത്തനും കടന്ന് ചിലപ്പോൾ അത് 'ഞാൻ ഗന്ധർവ്വനിലെ'  നിധീഷ് ഭരദ്വാജ് പോലുമാവും. ചിത്രശലഭമാവാനും, മേഘമാലകളാവാനും, പാവയാവാനും, പറവയാവാനും, മാനാകാനും, മനുഷ്യനാവാനും,  ചുണ്ടിന്റെ മുത്തമാവാനും,നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത
ഗഗനചാരികളായി അവർ മാറും. 'ബൂ' മുഖത്തെ പൂക്കളും, തേനും നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപികളായ വർണ്ണശലഭങ്ങളായി അവ എങ്ങും പാറി നടക്കുന്നു.  ഇടക്ക് ചിലരൊക്കെ 'നയം വ്യക്തമാക്കാറുണ്ട്'. ഇത്രയുംകാലം, 'ഇന്നേടത്ത് ഇന്നവൻ ' ആയി അറിയപ്പെട്ടത് ഈ ഞാനായിരുന്നു എന്നങ്ങ് തുറന്നടിക്കും!. അത്കേട്ട് 'ചിലരൊക്കെ' ഒന്നു നടുങ്ങും. നടുക്കം ചിലപ്പോൾ ബോധക്ഷയമായി മാറും. അപ്പോഴും അറിയപ്പെടാത്ത എത്രയോ നിധീഷ് ഭരദ്വാജുമാർ സൈബർ വിഹായസ്സിൽ പാറി നടക്കുന്നുണ്ടാവും.ഇതാ ഇവിടെ വരെ ഒന്നു പോയിവന്ന് വരികൾക്കിടയിൽ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും പ്രതീകമാണ് മഹാബലിയുടെ ജീവിത സന്ദേശം . ജാതി- മത വേര്‍തിരിവില്ലാതെയുള്ള  മലയാളിയുടെ ഏറ്റവും മഹത്തായ ആഘോഷങ്ങളില്‍ ഒന്നാണ് ഓണം . ഗിരീഷിന്‍റെ  " തെരുവ് കോമാളി "   എന്ന കവിതയുടെ ആശയം പുത്തന്‍ തലമുറയുടെ മാവേലിയോടുള്ള കാഴ്ചപ്പാടിനെ ലളിതമായ വരികളിലൂടെ തുറന്നു കാട്ടുന്നതാണ് .ഓണവുമായി ബന്ധപെട്ട് വായിച്ച കവിതകളില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒന്ന് .

സാഹിത്യത്തിൽ തൃശ്ശൂർ സാഹിത്യം എന്നൊരു പുതിയ ശാഖയുണ്ടോ എന്ന് തോന്നുന്ന വിധത്തിലാണ് ചില തൃശ്ശൂർ ബ്ളോഗെഴുത്തുകാരുടെ രചനകൾ. തൃശ്ശൂർ ഭാഷപോലെ ചടുലമായ ഹാസ്യവും, സൂത്രശാലികളായ കഥാപാത്രങ്ങളും , അവർ ഒപ്പിക്കുന്ന വേലത്തരങ്ങളും അതിമനോഹരമായ വാഗ്മയ ചിത്രങ്ങളായി ഈ എഴുത്തുകാർ വായനക്കു വെക്കുന്നു. മുൻ കാലങ്ങളിൽ സജീവമായിരുന്ന ചില തൃശ്ശൂർ ബ്ളോഗർമാർ തൽക്കാലത്തേക്ക് നിഷ്ക്രിയരായി അരങ്ങിൽ നിന്ന് മാറിനിൽക്കുമ്പോൾ ചിലർ ശ്രദ്ധേയമായ രചനകളിലൂടെ ആ പാരമ്പര്യം നില നിർത്തുന്നു.  സുധീർ ദാസിന്റെ ബ്ലോഗിലെ മാത്ത്വേട്ടന്റെ മഹച്ചരിതങ്ങൾ അത്തരമൊരു രചനയാണ്.


പ്രവാസലോകത്ത് നിന്നും വരുന്ന കഥകളും അനുഭവങ്ങളും എന്നും വേറിട്ടവായനയാണ് സമ്മാനിക്കുന്നത്. ജീവിതത്തോട് ഇത്രയുമടുത്ത് ഇഴുകിച്ചേര്‍ന്ന് പറയുന്ന കഥകള്‍ ഒരു പക്ഷേ പ്രവാസികളോളം പറയാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് തോന്നാറുണ്ട്.ആട് ജീവിതവും, മരുഭൂമിയുടെ ആത്മകഥയുമൊക്കെ വായനക്കാര്‍ ഇത്രക്ക് നെഞ്ചിലേറ്റാന്‍ കാരണവും ഇതൊക്കെയാവാം.ഒരു അന്വേഷണ കഥ പോലെ ആദ്യാവസാനം ശ്വാസം പിടിച്ചു വായിച്ച് പോകാവുന്ന അനുഭവക്കുറിപ്പാണ് നജീം കൊച്ചുകലുങ്ക്  എഴുതിയ "ഹവ്വാമ്മയെന്ന ദുരൂഹ പെണ്ണുടല്‍"    -  ചെറിയ അശ്രദ്ധമൂലം പ്രവാസികള്‍ക്ക്  സംഭവിക്കാവുന്ന  വലിയ പിഴവിനെക്കുറിച്ച് ഈ അനുഭവകുറിപ്പ് നമ്മോടുണര്‍ത്തുന്നു

സ്നേഹിതന്‍ ബ്ലോഗില്‍ .അഷ്‌റഫ്‌ മലയില്‍ എഴുതിയ ' "എട്ടാം പ്രണയം" ഒരു ട്രയിന്‍ യാത്രയിലുണ്ടാകുന്ന ആകസ്മികമായ സൗഹൃദത്തിന്‍റെ കഥപറയുന്നു. ഈ കഥ ശക്തമായ  പ്രമേയംകൊണ്ടോ, ശൈലികൊണ്ടോ ഒന്നുമല്ല ശ്രദ്ധിക്കപ്പെടുന്നത് . മറിച്ച്., ഒരു ചെറിയ ത്രെഡില്‍ നിന്നും വികസിപ്പിച്ചിടുത്ത് അടുക്കും ചിട്ടയോടുമുള്ള അവതരണവും,  അപ്രതീക്ഷിത പര്യവസാനവും കൊണ്ട് കൂടിയാണ്. നല്ല സന്ദേശം ഉള്‍ക്കൊണ്ട ഈ കുഞ്ഞുകഥ ഇനിയും വായിക്കാത്തവർക്കായി  പരിചയപെടുത്തുന്നു.

സതീഷ്‌ മാക്കോത്തിന്റെ   എന്‍റെ കുറിപ്പുകള്‍ ബ്ലോഗിലെഴുതിയ   ബസ് സ്സ്റ്റോപ്പിലെ യുവതി നല്ലൊരു വായനാനുഭവമാണ്. കഥ എന്നലേബലില്‍ വായിക്കുമ്പോഴും പല സ്ഥലങ്ങളിലും ഇതൊരു അനുഭവകുറിപ്പിലേക്ക് വഴിമാറുന്നു, സ്ഥിരം യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന യുവതിയെ തേടിയുള്ള നായകന്‍റെ സഞ്ചാരമാണ് ഉളളടക്കം.കഥാപ്രമേയം ശൈലി എന്നിവയിലൊക്കെ വ്യത്യസ്തതയുണ്ട് ഈ കഥക്ക്. എങ്കിലും ഒന്നൂകൂടെ ഹോം വര്‍ക്ക് ചെയ്തിരുന്നു എങ്കില്‍ ഈ കഥ കൂടുതല്‍ ആകർഷണീയമാകുമായിരുന്നു എന്ന് തോന്നുന്നു.

കുട്ടപ്പചരിതത്തില്‍ ജിമ്മി ജോണിന്റെ  ഇത്തവണത്തെ യാത്ര യു എ ഇ യിലെ ജബൽ അൽ ജൈസിലെ മലമുകളിലേക്കാണ്. യാത്രയുടെ  ആവേശം ചിത്രങ്ങളിലും വരികളിലും പകര്‍ത്തിയ  വിവരണം. ചിത്രങ്ങള്‍ക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍, ഇതൊക്കെ ഈ വിവരണത്തെ മികച്ചതാക്കുന്നു.

നീര്‍മിഴിപ്പൂക്കളിലെ ശ്രീ യുടെ കലാലയ സ്മരണകള്‍ -കലാലയ ജീവിതത്തിലെ നനവുള്ള ഓര്‍മ്മകളെ ഉണര്‍ത്തുന്ന മനോഹരമായ കുറിപ്പാണ്. എന്നും ഓര്‍ക്കാന്‍ ചില മുഹൂര്‍ത്തങ്ങളുമായി വിടപറയുന്ന കലാലയം എത്രകാലം കഴിഞ്ഞാലും മറവിയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോവുന്നില്ല.  അനുഭവത്തിനൊപ്പം പാരഡിഗാനവും കൂടിയായപ്പോള്‍ വേറിട്ടൊരു കുറിപ്പായി മാറുന്നു ഈ ഓര്‍മ്മകള്‍.

ലളിതമായ വരികള്‍കൊണ്ട് കവിതകള്‍ രചിക്കുന്ന ബ്ലോഗറാണ് അമ്പിളിമേനോന്‍. 'അക്ഷരപകര്‍ച്ചകള്‍ ' ബ്ലോഗിലെ പല കവിതകളും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെടുകയും പലതിനും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട് .പിന്‍ നടത്തം  ഒരു പ്രവാസിയുടെ മടക്കയാത്രയുടെ ഗൃഹാതുരത നിറഞ്ഞ ചിന്തകളില്‍ നിന്നുമുതിര്‍ന്ന വരികളാണ്. കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് നിരാശനല്‍കാത്ത ബ്ലോഗ്‌.

ചില ജീവിതങ്ങള്‍ കഥകളെ വെല്ലുന്നവയായിരിക്കും.പലതും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അത്ര തീവ്രവും വേദനിപ്പിക്കുന്നതും,  മനസ്സിനെ നോവിക്കുന്ന ഒരു ജീവിതാനുഭവമാണ് റസ്‌ലാ സാഹിര്‍ വയല്‍പൂവ് ബ്ലോഗില്‍ കൂടി പങ്കുവെക്കുന്നത്.ജീവിതത്തില്‍ ഒരാള്‍ക്കും ഇങ്ങിനെയൊരു വിധി ഉണ്ടാവാതിരിക്കട്ടെ! ഒരു കണ്ണ്നീര്‍ തുള്ളി   വായനക്കാരിലും കണ്ണീര്‍ പൊടിയുന്ന രീതിയിലുള്ള ഹൃദയസ്പര്‍ശിയായ അവതരണമാണ്.

അതിഭാവുകത്വമില്ലാതെ മനോഹരമായി എഴുതിയ ഒരു കഥ ഖരാക്ഷരങ്ങൾ എന്ന ബ്ളോഗിൽ വായിക്കാം. ഏറെ പരിചിതമായ കഥാതന്തു. എങ്കിലും ഭാഷയുടെ ലാളിത്യവും, ഏകാഗ്രതയും നല്ലൊരു വായന തരുന്നു.

ഒഴിവുദിനങ്ങൾ പലരും പല രീതിയിലാണ് ആഘോഷിക്കുക. ഒഴിവു ദിനത്തിൽ ജീവിതപങ്കാളിയുമൊത്ത് ബൈക്കിൽ ചുരവും, കാടും താണ്ടി കർണാടകയിലെ ഗ്രാമാന്തരങ്ങളും, നഗരങ്ങളും ആസ്വാദിച്ചുള്ള  യാത്ര ആരെയും മോഹിപ്പിക്കുന്നതാണ്.  യാത്രാവിവരണങ്ങളാൽ സമൃദ്ധമായ അനിലിന്റെ ബ്ളോഗിലൂടെ മൈസൂര്‍ സോമനാഥ ക്ഷേത്രത്തിലേക്ക് നമുക്കും ഒന്നു പോയിവരാം

ബ്ലോഗില്‍ ഈയിടെ കാണപ്പെടുന്ന പുതിയ പ്രവണതയാണ് ഗസ്റ്റ് എഴുത്ത് .Eലോകത്തെ പല എഴുത്തുകാര്‍ ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോമില്‍ എഴുതുമ്പോള്‍  പരസ്പരം അറിയാനും എഴുത്തിനെ വിലയിരുത്തുവാനും ഇത്തരം സംരംഭങ്ങള്‍ കൊണ്ട് സഹായിക്കും.ഇത്തരത്തില്‍ നിരവധി ബ്ലോഗുകള്‍ മലയാളത്തിലുണ്ട്. ഫിലിപ്സ് ഡോട്ട് കോമും, ബ്ലോഗര്‍ ഏരിയല്‍ ഫിലിപ്പും സംയുക്തമായി ഇതിനവസരമൊരുക്കുന്നു. വിശദ വിവരങ്ങള്‍ ഇവിടെ ലഭിക്കും. ബ്ലോഗ്‌ എഴുത്ത് മന്ദീഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ നവപ്രതിഭകളുടെ രചനകള്‍  അനേകരിലേക്ക് എത്തിക്കാനുള്ള ഈ ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും.

അകാലത്തില്‍ പൊലിഞ്ഞുപോയ കെ വി അനൂപിനെ അനുസ്മരിക്കുകയാണ് രാമു  നോങ്ങല്ലൂര്‍ രേഖകളില്‍.അനൂപുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നത് കൊണ്ടാവാം ലേഖകന്‍ അദ്ദേഹത്തെ ആഴത്തില്‍ പരിചയപ്പെടുത്തുന്നു ഈ അനുസ്മരണ കുറിപ്പില്‍.എഴുത്തുകാരന്‍ എന്നതിലുപരി നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന കെവി അനൂപിന് വരികള്‍ക്കിടയിലിന്‍റെയും യാത്രാമൊഴി.

നമ്മോടൊപ്പമുണ്ടായിരുന്ന മനോരാജ് മികച്ച കഥാകൃത്തും,  മികച്ച ബ്ളോഗറുമായിരുന്നു. മലയാളത്തിലെ ബ്ളോഗെഴുത്തുമായി ബന്ധമുള്ളവർക്ക് മനോരാജിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രക്ക് സുപരിചിതനായ മനോയുടെ വേർപാട് ഒരു നടുക്കത്തോടെയാണ് ബൂലോകം ശ്രവിച്ചത്.  കഴിഞ്ഞ വാരത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിയ ഈ ബ്ളോഗ് അവലോകനം മനോയുടെ വേർപാട്മൂലം ഞങ്ങൾ മാറ്റിവെക്കുകയായിരുന്നു. അതിനു പകരം ശ്രീമതി റോസിലി  ജോയ് നടത്തിയ അനുസ്മരണം പ്രസിദ്ധീകരിച്ചത് ഓർക്കുമല്ലോ   . പ്രിയങ്കരനായ ആ കൂട്ടുകാരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ ലക്കം വരികൾക്കിടയിലെ വായന അവസാനിപ്പിക്കുകയാണ് ....

പോയ നാളുകളിൽ എഴുതപ്പെട്ട ഏതാനും മലയാളം ബ്ളോഗുകളെ പരിചയപ്പെടുത്താൻ  ഒരു ശ്രമം നടത്തുക മാത്രമാണ് വരികൾക്കിടയിലൂടെ ചെയ്തത്. മുൻലക്കങ്ങളിൽ പരാമർശിച്ച ചില ബ്ളോഗുകളിൽ വളരെ നല്ല പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും അവ ഉൾക്കൊള്ളിക്കാതെ താരതമ്യേന പുതിയ ബ്ളോഗുകൾ പരിചയപ്പെടുത്താനാണ് ഈ ലക്കത്തിൽ ശ്രമിച്ചത്. ഇവിടെ പരാമർശിക്കപ്പെടാത്ത നല്ല ബ്ളോഗ് രചനകൾ ഇനിയുമുണ്ടാവാം. കമൻറ് ബോക്സിൽ അത്തരം ബ്ളോഗുകളെ ലിങ്ക് സഹിതം  കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍  വായനക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ് .

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

.