Sunday, February 16, 2014

തനതെഴുത്തെന്ന വിജയമന്ത്രം.


മൗലികത എന്നതാണ് എഴുത്തിടങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ മുഖങ്ങളുടെ തനതുഭാവം. ഒരു കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റൊന്ന് രചിക്കുന്നത് സാധാരണമാണ്. സ്വന്തം പേര് വന്നുകാണാനുള്ള താല്പര്യം മൂലം, മറ്റൊരാളുടെ പ്രസിദ്ധം ചെയ്തതോ അല്ലാത്തതോ ആയ ഒരു മികച്ച രചന സമ്പാദകന്‍ എന്ന് സ്വന്തം പേര് വച്ചോ, കടപ്പാട് എന്ന് മറ്റേ ആളുടെ പേര് വച്ചോ പ്രസിദ്ധപ്പെടുത്തുന്ന രീതിയും വളരെ പഴക്കം ചെന്നതാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് തന്നെയോ, ഇവിടെനിന്ന് ഓഫ്ലൈന്‍ ഇടങ്ങളിലേയ്ക്കോ എഴുതിയ ആളുടെ പേരോ കടപ്പാടോ  വയ്ക്കാതെ ഇത്തരം അടിച്ചുമാറ്റലുകള്‍ നടക്കുന്നുണ്ട് എന്നത് പതിവായിരിക്കുന്നു. ചിലരൊക്കെ മറ്റുള്ളവരുടെ രചനകള്‍ ചോദിച്ചുവാങ്ങി സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുന്നതും, സ്വന്തം രചനകള്‍ക്ക് സൂപ്പര്‍, കിടിലം, എന്നൊക്കെയുള്ള കമന്റ്സ് കിട്ടാന്‍ വേണ്ടി അങ്ങനെയുള്ള ബ്ലോഗുകളില്‍ സ്വന്തം കൃതികള്‍ പബ്ലിഷ് ചെയ്യപ്പെടാന്‍ താല്പര്യം എടുക്കുന്നവരെയും പോലും ഇ-ഇടങ്ങളില്‍ നാം കണ്ടിട്ടുണ്ട്. ഇവയില്‍ത്തന്നെ അപൂര്‍വ്വം ചിലവ മാത്രം വിവാദമാവുന്നു, അവയില്‍ ചിലതിലെങ്കിലും പാലും വെള്ളവും തിരിച്ചറിയപ്പെടാതെ പോകുന്നു. തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത് വ്യക്തിജീവിതത്തില്‍ മാത്രമല്ല, എഴുത്തിലും മാന്യതയുടെ മുഖമുദ്രയാണ്.

പുതിയ പ്രമേയം എന്നത് കഥയുടെ വിജയത്തെ സംബന്ധിച്ച് ഒരു പ്രമുഖഘടകമാണ്. അതുപോലെ പ്രധാനമാണ് കഥ അവതരിപ്പിക്കുന്ന രീതിയും അതിന്റെ ഭാഷയും. പറയപ്പെടാത്ത വിഷയങ്ങള്‍ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായിരിക്കുന്ന ഈ കാലത്ത്‌ പരിചിതമായ ഒരു പ്രമേയമാണെങ്കിൽത്തന്നെയും അവതരണരീതി കൊണ്ട് പുതുമ സൃഷ്ടിക്കുക എന്നതിലാണ് എഴുത്തിന്റെ മികവ് അളക്കപ്പെടുക. കാലങ്ങൾക്ക് ശേഷം കലാലയജീവിതത്തിന്റെ സ്മരണകൾ ഒരിക്കൽക്കൂടി പങ്കുവെക്കുവാൻ എത്തുന്ന ഒരുകൂട്ടം സഹപാഠികൾ തമ്മിലുള്ള ഇഴയടുപ്പം വൈകാരികമായി പകർത്തിയിരിക്കുകയാണ് പുനഃസമാഗമം എന്ന ചെറുകഥയിൽ ഷാബു തോമസ്‌. സ്വപ്നജാലകം എന്ന ബ്ലോഗിലെ പല കഥകളും ഇതിന് മുന്‍പും ചർച്ച ചെയ്യപപ്പെട്ടിട്ടുണ്ട്. മനോഹരമായ ഭാഷയിൽ എഴുതുന്ന കുറിപ്പുകൾ എല്ലാം തന്നെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് വായനക്കാരന് തോന്നുമ്പോഴാണ് സ്വപ്നജാലകത്തിന്റെ എഴുത്തിനോടുള്ള വായനക്കാരന്റെ സമീപനരീതി വ്യത്യസ്തമാകുന്നത്


"ചുറ്റുമുള്ളതിനെ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് കണ്ണുകള്‍ എന്തിനാണ്? സകലതിനെയും അവഗണിച്ചും പരിഹസിച്ചും നാം പായുന്നത് എങ്ങോട്ടാണ്? പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള കരുണയാണ് സ്നേഹം." പുഞ്ചപ്പാടം ബ്ലോഗിലെ ന്യൂസ് പേപ്പര്‍ ബോയ്സ് എന്ന കഥയില്‍ നിന്നാണ് മുകളിലെ വരികള്‍.ലളിതമായ ഭാഷയില്‍ കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഗുണപാഠമുള്ള ഈ കഥ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഈ അടുത്ത് കണ്‍മുന്നില്‍ ഒരു അപകടം നടക്കുന്നത് കണ്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കാതെ കടന്നു പോയ ഒരു വഴിയാത്രക്കാരനെ കുറിച്ചുള്ള വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു, ഇവിടെയാണ്‌ മനു എന്ന കഥാപാത്രത്തിന്‍റെ സഹജീവികളോടുള്ള കരുണയുടെ പ്രസക്തി. നല്ല സന്ദേശമുള്ള കഥകള്‍ കൊണ്ട് ശ്രദ്ധേയമാണ് ജോസ്ലറ്റ് മാമ്പ്രയിലിന്റെ പുഞ്ചപ്പാടം ബ്ലോഗ്‌. 


വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ ഒരു അവതരണമാണ് ഒരിലകള്‍ ബ്ലോഗില്‍ ആറങ്ങോട്ടുകര മുഹമ്മദ്‌ എഴുതിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന പോസ്റ്റ്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്, കുഷ്ഠരോഗം വന്ന രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകേണ്ടിവന്ന അനുഭവമാണ് പോസ്റ്റിലെ വിഷയം. വരികളില്‍ക്കൂടി വായന നടത്തുമ്പോള്‍, സുഖത്തിലും ദു:ഖത്തിലും കൂടെ നില്‍ക്കുന്ന, മാരകമായ അസുഖമാണെന്ന് അറഞ്ഞിട്ടും പങ്കാളിയെ വിട്ടു പോവാത്ത സ്ത്രീ മനസ്സിനെയും, സ്നേഹവും കരുണയും വറ്റാത്ത അയല്‍വാസികളെയും കാണാം. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഏഴുതിയത് കൊണ്ടാവാം, വായനക്കാരുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുന്നു ഈ കുറിപ്പ്.


പലരും പല രൂപത്തിലും കൈകാര്യം ചെയ്ത പ്രമേയത്തെ വൈവിധ്യമാര്‍ന്ന കാഴ്ച്ചപ്പാടിനാല്‍ നോക്കിക്കാണുക എന്നത് പ്രതിഭകള്‍ക്ക് മാത്രം സാധ്യമാവുന്ന ഒന്നാണ്. ഇത്തരത്തില്‍ പ്രതിഭയുടെ തിളക്കം കണ്ടെത്താന്‍ കഴിഞ്ഞ ഒരു പോസ്റ്റ്‌ ആണ് സുധീര്‍ദാസിന്റെ ആത്മാവിനെ കടിച്ചുപറിക്കുന്ന മൃഗങ്ങള്‍. പോസ്റ്റില്‍ കൈകാര്യം ചെയ്യപ്പെട്ട വിഷയം എന്താണെന്ന് മുന്‍കൂട്ടി പറഞ്ഞ് സസ്പെന്‍സ് കളയാന്‍ വരികള്‍ക്കിടയില്‍ ആഗ്രഹിക്കുന്നില്ല. ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകളും വിഷയവൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. 


സത്യജിത്ത് റേ എന്ന മഹാനായ സിനിമാ സംവിധായകൻ ഇന്ത്യൻ സിനിമക്കു മാത്രമല്ല വിശ്വസിനിമയ്ക്കുതന്നെ നൽകിയ സംഭാവനകൾ വളരെ വലുതാണ്. സിനിമാവിദ്യാർത്ഥികൾക്ക് പഠിക്കാൻ പറ്റുന്ന നിരവധി ക്ളാസിക്കുകൾ റേയുടെ സംവിധാനത്തിൽ പിറവികൊണ്ടു. റേയുടെ സിനിമകളിൽ ഏറ്റവും പ്രശസ്തമായത് പഥേർ പാഞ്ചലി തന്നെ. പഥേർ പാഞ്ചലിയുടെ തുടർച്ചയായി രണ്ട് സിനിമകൾകൂടി സത്യജിത്ത്റായ് സംവിധാനം ചെയ്തിട്ടുണ്ട്. അപുത്രയം എന്നറിയപ്പെടുന്ന ഈ മൂന്നു സിനിമകളേയും പറ്റി സംഗീത് തന്റെ ബ്ലോഗായ സിനിമായനത്തിൽ എഴുതിയ അപുത്രയം എന്ന ലേഖനം പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതാണ്


വളരെ കുറഞ്ഞ വരികളില്‍ പറഞ്ഞ നാല് മിനിക്കഥകള്‍, അതും ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ക്കൂടിയുള്ള ഒരു ചിന്ത, അതാണ്‌ പ്രദീപ്‌ നന്ദനത്തിന്റെ മരുഭൂമിയിൽ ഒരു ഉദ്യാനം ബ്ലോഗിലെ ജീവിതങ്ങൾപറഞ്ഞു തന്നത്  എന്ന കഥ നല്‍കുന്ന സന്ദേശം. വാര്‍ദ്ധക്യം ബാല്യത്തിലേയ്ക്കുള്ള ഒരു തിരിച്ചു നടത്തമാണ് എന്ന് വളരെ സരസമായി പറഞ്ഞുപോകുന്ന ആദ്യകഥ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.


ജുമാനയുടെ ബ്ലോഗിലെ FARMER എന്ന ഡിജിറ്റൽ പെയിന്റിംഗ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഫോട്ടോഷോപ്പിൽ നിറങ്ങൾ ചാലിക്കുന്ന ആ കരവിരുതിനെ അഭിനന്ദിക്കാതെ വയ്യ. 


തനിക്കുപോലും നിന്ദ്യനായി ആത്മപുച്ഛത്തിന്റെ ഉന്നതാവസ്ഥയിൽ വിങ്ങുന്ന മനുഷ്യനെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് റാംജി പട്ടേപ്പാടം തന്റെ പുതിയ കഥയായ ഒട്ടകത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. ഉന്നതമായ ചിന്തകളില്ലാത്തതും, ജന്മനാ അടിച്ചേൽപ്പിക്കപ്പെട്ട വൈരൂപ്യവും ആത്മവിശ്വാസമില്ലായ്മയും ഇവിടെ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി മനസ്സിലാക്കി വായനയെ ചുരുക്കാൻ സാധിക്കുന്നില്ല. ഒരു സമൂഹത്തിനും ഇത് സംഭവിക്കാം. ഉന്നതമായ ചിന്തകളും, ലക്ഷ്യബോധവും ഇല്ലാതാവുമ്പോൾ, ആത്മവിശ്വാസം നഷ്ടമാകുമ്പോൾ ഒരു സമൂഹത്തിനു മുഴുവൻ വൈകൃതം സംഭവിച്ച് രൂപാന്തരത്തിന് വിധേയമാവുന്നു എന്ന് ഈ കഥ പറയാതെ പറയുന്നുണ്ട്. ഈ കഥയെ മെറ്റാമോർഫോസിസുമായോ, വിശ്വവിഖ്യാതമായോ മൂക്കുമായോ, ആടുജീവിതവുമായോ താരതമ്യം ചെയ്യേണ്ടതില്ല. കാരണം ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു രീതിയാണ് ഈ കഥയ്ക്ക് അവലംബിച്ചിരിക്കുന്നത്. 


പന്ത്രണ്ടാം വയസ്സില്‍ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടാല്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇരുള്‍മൂലയിലേയ്ക്ക് എറിയപ്പെട്ട ഒരു കണ്ണീര്‍ത്തുള്ളിയാകാനാണ് 99% സാദ്ധ്യത. എന്നാല്‍ ബാക്കിയുള്ള ഒരു ശതമാനത്തില്‍ പെടുന്നവരാണ് പ്രകാശം പരത്തുന്നവര്‍. പിന്നെയുള്ള അഞ്ചുവര്‍ഷം അവള്‍ അനേകര്‍ക്ക് പ്രചോദനവും മാതൃകയുമായിരുന്നു. അവള്‍ ചൈതന്യവും ജീവാംശവും ചുറ്റുമുള്ളവരിലേയ്ക്ക് പ്രസരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാന്‍സര്‍ കീഴടക്കുന്നതുവരെ അവള്‍ പൊരുതി. She was a real fighter. ഇപ്പോള്‍ അവളുടെ ഉറ്റവര്‍ ആ ബ്ലോഗ് തുടര്‍ന്നുകൊണ്ടുപോകുന്നു. Read the highly inspirational and motivational blog of Alice Pyne - ആലീസിന്റെബ്ളോഗിനെപരിചയപ്പെടുത്തിയ അജിത്തേട്ടനു നന്ദി.


എച്ചുമുവിന്റെ ബ്ലോഗിലെ അലിഞ്ഞില്ലാതാകുന്ന കൃഷ്ണശിലകൾ എന്ന ലേഖനം പങ്കുവയ്ക്കുന്നത് ഉപരിപ്ളവമായ കാഴ്ചകൾ മാത്രമല്ല. പോണ്ടിച്ചേരിക്കടുത്തുള്ള വണ്ണൂർ എന്ന ഗ്രാമത്തിലേക്ക് എഴുത്തുകാരി നടത്തുന്ന യാത്ര - ഒരു കാലത്ത് കാർഷികവൃത്തിയിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു ജനത ആഗോളവത്കരണത്തിന്റേയും, നഗരവത്കരണത്തിന്റേയും ഇരകളാകുന്ന നടുക്കുന്ന കാഴ്ചകളിലേക്കും വിരൽ ചൂണ്ടുന്നു. പാറക്കെട്ടുകൾപോലും കാലഭ്രമണത്തിൽ പൊടിഞ്ഞ് മണ്ണായി മാറുമെന്ന തെളിവ് എഴുത്തുകാരി കാട്ടിത്തരുമ്പോൾ മനുഷ്യരോടൊപ്പം പ്രകൃതിയും മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നാം തിരിച്ചറിയുന്നു.


My Movie Views - എല്ലാ ഭാഷാ സിനിമകളും വിലയിരുത്തുന്ന നല്ലൊരു ബ്ലോഗ് - നിർഭാഗ്യവശാൽ ഇത്തരം ബ്ലോഗുകളിൽ സന്ദർശകർ കുറവാണ്.


ഒരു ചെറിയ പിഴവ് മതി ഒരു വലിയ വിപത്ത് വിളിച്ചുവരുത്താന്‍. ഇന്റര്‍നെറ്റ്, ഇ-മെയില്‍ ഇവ അശ്രദ്ധയോടെ ഉപയോഗിച്ചതുമൂലം വരുത്തിവച്ച വിനയിലേക്ക് ഈ പോസ്റ്റ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഒരു പത്രപ്രവര്‍ത്തക കൂടിയായ ജിഷ എലിസബത്ത് ഒച്ചപ്പാട് ബ്ലോഗില്‍ എഴുതിയ ഇ മെയില്‍ ദുരുപയോഗം എന്ന അനുഭവക്കുറിപ്പില്‍ ഇന്റര്‍നെറ്റ് കഫെയില്‍ ഇ മെയില്‍ ലോഗൌട്ട് ചെയ്യാന്‍ മറന്നതുമൂലം ആ മെയില്‍ ഐ ഡി ദുരുപയോഗം ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ അനുഭവം പങ്കുവയ്ക്കുന്നു. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായേക്കാവുന്ന കുറിപ്പ്.


പ്രണയദിനവുമായി ബന്ധപ്പെട്ട് വായിച്ച നര്‍മ്മ പോസ്റ്റ്‌ ആയിരുന്നു ഇളയോടന്‍ ബ്ലോഗിലെ വാലെന്റൈന്‍ ഡേയും സൂറാബിയും, പിന്നെ തങ്ങളുകുട്ടിയും എന്ന കഥ. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അവധി ആഘോഷിക്കാന്‍ പുറപ്പെടുന്ന ഒരു സാധാ പ്രവാസിയുടെ പ്രയാസങ്ങള്‍ നര്‍മ്മത്തില്‍ ചേര്‍ത്തു പറയുന്നു ഈ കഥ. പ്രണയദിനത്തില്‍ വിവാഹം കഴിച്ച സൂറാബിയുടെ വാലെന്റൈന്‍ സ്വപ്‌നങ്ങളെക്കുറിച്ച് ഇതിനുമുമ്പും ഇളയോടന്‍ തന്റെ ബ്ലോഗില്‍ക്കൂടി പറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റേതായി വന്ന നല്ലൊരു കഥ.


"പ്രണയദിനം" എന്ന പേരില്‍ ആവര്‍ത്തനവിരസത നിറഞ്ഞതും വിഷയവൈവിധ്യമില്ലാത്തതുമായ കുറെ സ്റ്റാറ്റസുകളും പോസ്റ്റുകളുമായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഇ-ലോകത്തില്‍. വിഷയം പ്രണയമാണെങ്കിലും ഈ അനുഭവക്കുറിപ്പ് ഇതില്‍ നിന്നെല്ലാം ഏറെ പുതുമ നില നിര്‍ത്തുന്നു."നാളത്തെ ദിവസം പഴയ കാലത്തൊക്കെ സ്പെയിനില്‍ പാവപ്പെട്ടവര്‍ക്ക് വല്ല സഹായങ്ങള്‍ കിട്ടുന്ന സുദിനം ആയിരുന്നെങ്കില്‍ ഇന്ന് അത് മാറി ഒട്ടേറെ പെണ്‍കുട്ടികളുടെ കന്യകാത്വം നഷ്ടപ്പെടുന്ന ഒരു ദിനം എന്നതില്‍ കവിഞ്ഞ് ഒരു വിശേഷണം കൊടുക്കാന്‍ പറ്റില്ല." ശ്രീലങ്കന്‍ സുഹൃത്തിന്റെ ഈ നിരീക്ഷണത്തിലൂടെ ചില വേറിട്ട ചിന്തകള്‍ വായനക്കാരനു മുന്നിലേക്കിട്ടു കൊടുക്കുകയാണ് ഹാഷിം തൊടുവയല്‍ പ്രണയ നാളുകളില്‍ എന്ന കുറിപ്പില്‍ക്കൂടി. അവതരണ ശൈലി കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന ഒരു പോസ്റ്റ്‌. 


കുറിപ്പില്‍കൂടി... കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകള്‍ ബൂലോകം അല്പമൊന്ന് വരണ്ടുപോയോ എന്ന സംശയമില്ലാതില്ല. 'അസാധാരണം' എന്ന വിശേഷണത്തിനര്‍ഹമായ പോസ്റ്റുകള്‍ കുറവായിരുന്നു എന്നതുതന്നെയാണ് കാരണം. കൂടുതല്‍ നല്ല പോസ്റ്റുകളുമായി അടുത്ത ലക്കത്തില്‍ വീണ്ടും സന്ധിക്കും വരെ... ഏവര്‍ക്കും നല്ല വായനാദിനങ്ങള്‍ ആശംസിക്കുന്നു.  


----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil


30 comments:

 1. ഇത്തവണത്തെ വരികള്‍ക്കിടയില്‍ വായിക്കാതെ പോയതിലെ അവലോകനങ്ങളില്‍ പരിചയപെടുത്തിയ എഴുത്തുകള്‍ ഏറെ കുറേ വായിച്ചതാണ് പരിചയപെടുത്തിയതില്‍ ന്യൂസ് പേപ്പര്‍ ബോയ്സ് എന്ന കഥ നല്ല നിലവാരം പുലര്‍ത്തുന്നു .നന്മയുടെ ഒരു വലിയ സന്ദേശമാണ് ഈ കഥയില്‍ പറയുന്നത് .റാംജി പട്ടേപ്പാടത്തിന്‍റെ കഥ പ്രവാസികളും അവരുടെ ബന്ധുക്കളും വായിക്കേണ്ടുന്ന കഥയാണ്‌ പ്രവാസികളുടെ അവസ്തകള്‍ വ്യക്തമായി കഥയില്‍ പ്രതിഫലിക്കുന്നു .ആശംസകള്‍

  ReplyDelete
 2. നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി....ഈ വരികള്‍ക്കിടയില്‍ എന്ന ബ്ലോഗ്‌ ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന് കൂടി അറിയാന്‍ താല്പര്യം

  ReplyDelete
 3. എഴുതാന്‍ ഉള്ള ആഗ്രഹവും സിനിമയോടുള്ള താല്‍പ്പര്യവും അവസാനിച്ചത്‌ ഒരു ചെറിയ ബ്ലോഗില്‍.നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ഇടാന്‍ പോകുമ്പോള്‍ ഇവിടെ പരാമര്‍ശിച്ച ആ ഒരു വരി മതി എനിക്ക് സന്തോഷിക്കാന്‍..അതിനായി ഒരായിരം നന്ദി....

  ReplyDelete
 4. അത് പോലെ തന്നെ ഇവിടെ പരാമര്‍ശിച്ച ബ്ലോഗുകള്‍ ഓരോന്നായി വായിക്കാന്‍ തുടങ്ങുകയാണ്.വായനയുടെ സുഖം കൂടി കിട്ടുമല്ലോ....

  ReplyDelete
 5. ഈ ഉദ്യമം അത്യന്തം ശ്ലാഘനീയം..ഓരോ ലിങ്കും വായിക്കട്ടെ .......

  ReplyDelete
 6. :-) കൂടുതൽ വായനക്കാരെ സൃഷ്ടിക്കാൻ കഴിയും

  ReplyDelete
 7. ബ്ലോഗ്ഗ് .........കവിത, കഥ ലേഖനം ബാലകൃതികൾ ചിത്ര രചന പാചകം എന്തെല്ലാം മേഖലകൾ വിജയ കരമായി കൈകാര്യം ചെയ്യുന്നു ബ്ലോഗ്ഗ് തന്നെ അനന്തമായ സാദ്ധ്യതകൾ ഉള്ള ഒരു മാധ്യമം തന്നെ സോഷ്യൽ മീഡിയ യിൽ അതിന്റെ സ്ഥാനം സ്തുത്വര്ഹം ആണ് ഇതിൽ പരിചയപ്പെടുത്തിയ ബ്ലോഗ്ഗുകൾ നന്നായി അതിന്റെ സാരഥി കൾക്കും വരികൾക്കിടയിൽ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  ReplyDelete
 8. "വരികള്‍ക്കിടയില്‍" കണ്ട ഏതാണ്ടെല്ലാം പോസ്റ്റുകളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
  ശ്രദ്ധിക്കപ്പെടുന്നു എന്നറിയുമ്പോള്‍ നല്ല രചനകള്‍ എഴുതാനുള്ള താല്പര്യം ഉണ്ടായിവരും
  സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍.
  ആശംസകളോടെ.

  ReplyDelete
 9. ബ്ലോഗ്‌ എഴുത്തില്‍ ഒരു നവാഗതനായ എന്നെയും എന്റെ പോസ്‌റ്റുകളേയും "വരികള്‍ക്കിടയില്‍ " പരാമര്‍ശിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്‌. ഈ പംക്തിയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. കുറച്ചു നല്ല ബ്ലോഗുകളെ പരിചയപ്പെടുവാന്‍ സഹായിച്ചതിലും നന്ദിയുണ്ട്‌.

  ReplyDelete
 10. രാകേഷിന്റെ സിനിമാ ബ്ലോഗ്‌ പരാമര്‍ശിച്ചു കണ്ടത്തില്‍ സന്തോഷമുണ്ട്. ദിവസവും ഒരു സിനിമ എന്ന രീതിയില്‍ ആസ്വാദനം അദ്ദേഹം എഴുതാറുണ്ട്. മികച്ച ലോക സിനിമകള്‍ക്കായി അലയുന്നവര്‍ക്ക് അടിയാന്‍ ഒരിടമാണ് അവിടം.

  പിന്നെ ഈ ലക്കത്തില്‍ എന്റെ 'ന്യൂസ്പേപ്പര്‍ ബോയി' യും ഇടം പിടിച്ചതിലെ അഭിമാനവും സന്തോഷവും മറച്ചുവെയ്ക്കുന്നില്ല.

  തുടരുക, പ്രചോദനമാകുന്ന ഈ നല്ല സംരംഭം.

  ReplyDelete
  Replies
  1. .സത്യം പറഞ്ഞാല്‍ Movieholic Views തുടങ്ങാന്‍ ഒരു പ്രചോദനം ഞാന്‍ ഒരു ദിവസം വായിച്ച ജോസഫിന്റെ ലോക സിനിമയിലൂടെ എന്ന ബ്ലോഗിലെ സോണ്ഗ് ഓഫ് ദി പാരദൈസ് എന്ന സിനിമയുടെ റിവ്യൂ ആണ്...ലോകതര സിനിമകള്‍ക്ക്‌ മാത്രം ഇടമുള്ള ഒരു സ്ഥലമായി അത് തോന്നി...ഇടയ്ക്ക് turtles can fly റിവ്യൂ ഇട്ടതിനു ശേഷം കണ്ടില്ലായിരുന്നു...ഇപ്പോള്‍ വീണ്ടും സജീവമായി അല്ലേ??

   Delete
 11. നല്ല ചില ബ്ലോഗുകളെ പരിചയപ്പെടുത്തി ,നല്ല നിരൂപണം ..

  ReplyDelete
 12. വായിക്കാത്തവയും ഉണ്ട്..
  ഇന്ന് എല്ലാം വിശദമായി നോക്കുന്നുണ്ട്... ഫൈസല്‍ബായ്...
  great attempt... അഭിനന്ദനങ്ങള്‍... ഇങ്ങിനെയുള്ള പരിചയപ്പെടുത്തലിന്..

  ReplyDelete
 13. ഇതില്‍ ന്യൂസ് പേപ്പര്‍ ബോയ്സ്, ഒട്ടകം, ആത്മാവിനെ കടിച്ചുപറിക്കുന്ന മൃഗങ്ങള്‍ എന്നിവ വായിച്ചിരുന്നു...'My Movie Views' വായിക്കാറുണ്ട്...ബാക്കിയുള്ള പോസ്റ്റുകളും വായിക്കണം...
  'അപുത്രയം' ഉള്‍പ്പെടുത്തിയതിന് വളരെയധികം നന്ദി...
  ഈ ഉദ്യമം തുടരുക....ആശംസകള്‍...

  ReplyDelete
  Replies
  1. സിനിമയുടെ രാമായണം പോലെ ഉള്ള സംഗീത്തിന്റെ സിനിമായനം ഞാന്‍ വായിക്കാറുണ്ട്..പലപ്പോഴും ചില സിനിമ ഗ്രൂപ്പുകളില്‍ വരുന്ന ചര്‍ച്ചയ്ക്കിടയില്‍ നിശബ്ഥന്‍ ആയി നില്‍ക്കുമ്പോള്‍ ആണ് സിനിമയനം കണ്ടത്..പോസ്റ്റുകള്‍ കുറവാണെങ്കിലും മികച്ച നിലവാരം ഉള്ളവയാണ് അത് എന്ന് തോന്നി ...

   Delete
 14. വീണ്ടും കുറെ നല്ല പോസ്റ്റുകള്‍, കണ്ടിട്ടില്ലാത്ത ഒരു ബ്ലോഗും പരിചയപ്പെട്ടു.. താങ്ക്സ്.. :)

  ReplyDelete
 15. ആശംസകള്‍
  ബ്ലോഗുകളുടെ ഉന്നമനത്തിനായി ചെലവിടുന്ന ഈ ഊര്‍ജത്തിന്, സന്മനോഭാവത്തിന്, നിസ്വാര്‍ത്ഥപ്രവര്‍ത്തിയ്ക്ക് അനുമോദനങ്ങള്‍.

  കഴിഞ്ഞ ഒരു പോസ്റ്റില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഇങ്ങനെ പറയുകയുണ്ടായി: “എല്ലാ കൂട്ടുകാര്‍ക്കും നന്ദി.പ്രതികരണങ്ങള്‍ എനിക്ക് കൂടുതല്‍ കാവ്യധൈര്യം തരുന്നു.. :)“
  സാഹിത്യാഭിരുചിയുള്ള മലയാളികളെല്ലാം അറിയുന്ന പ്രസിദ്ധനായ ഒരു കവിയ്ക്ക് പോലും തന്റെ ബ്ലോഗിലെ കവിതയ്ക്ക് വായനക്കാരെത്തുന്നതും എന്തെങ്കിലും അഭിപ്രായമെഴുതുന്നതും എത്ര സന്തോഷമാണെന്ന് നോക്കൂ.

  ReplyDelete
 16. ഞാനിനിയും വായിക്കാത്ത ചിലവ കൂടിയുണ്ട്. അവിടേക്കുള്ള വഴി ലഭിച്ചു എന്നതും ശ്രമകരമായ ഈ ഉദ്യമം നന്നായി തുടരുന്നതിലും നന്ദി അറിയിക്കുന്നു.

  ഇത്തവണ "ഒട്ടകം"എന്ന കഥ ഉള്‍പ്പെടുത്തിയത്തിലുള്ള സന്തോഷവും അറിയിക്കട്ടെ.

  ReplyDelete
 17. ന്യൂസ്‌ പേപ്പർ ബോയ്‌, ഒട്ടകം തുടങ്ങിയവ നേരത്തെ വായിച്ചിരുന്നു. ബാക്കിയും വായിക്കാൻ ലേഖനം പ്രേരണയായി. കൂട്ടത്തിൽ എന്റെ കഥയെയും ശ്രദ്ധിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി..

  ReplyDelete
 18. സിനിമയുടെ രാമായണം പോലെ ഉള്ള സംഗീത്തിന്റെ സിനിമായണം..പിന്നെ ജോസഫിന്റെ ലോക സിനിമയിലൂടെ തുടങ്ങിയ ബ്ലോഗുകള്‍ സിനിമയെ ഇത്രയം സീരിയസ് ആയി കരുതുന്ന കുറച്ചാളുകള്‍ ഉള്ളത് ഒരു സിനിമ പ്രേമി എന്ന നിലയില്‍ എനിക്ക് ആശ്വാസം തരുന്നുണ്ട്..സത്യം പറഞ്ഞാല്‍ Movieholic Views തുടങ്ങാന്‍ ഒരു പ്രചോദനം ഞാന്‍ ഒരു ദിവസം വായിച്ച ജോസഫിന്റെ സോണ്ഗ് ഓഫ് ദി പാരദൈസ് എന്ന സിനിമയുടെ റിവ്യൂ ആണ്...ലോകതര സിനിമകള്‍ക്ക്‌ മാത്രം ഇടമുള്ള ഒരു സ്ഥലമായി അത് തോന്നി...

  ReplyDelete
 19. ‘അവതരണരീതി കൊണ്ട് പുതുമ സൃഷ്ടിക്കുക
  എന്നതിലാണ് എഴുത്തിന്റെ മികവ് അളക്കപ്പെടുക. ‘
  ഇത്തവണ വരികൾക്കിടയിലും ഈ പ്രത്യേകത അനുഭവപ്പെടുന്നുണ്ട് കേട്ടൊ സോണി.
  ഈ പരിചയപ്പെടുത്തലുകളിൽ
  ഞാനെത്തിപ്പെടാത്ത ചില നല്ല ബ്ലോഗുകളും കണ്ടു..
  നന്ദി

  ReplyDelete
 20. എത്ര സമയം ബ്ലോഗ്ഗില്‍ ചിലവഴിച്ചാലും എത്തിപ്പെടാത്ത ബ്ലോഗ്ഗുകള്‍ ഉണ്ട് ... വീണ്ടും കുറച്ചു നല്ല ബ്ലോഗ്ഗുകള്‍ സമ്മാനിച്ചതിന് നന്ദി ...

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. പതിവ് പോലെ ഈ ലേഖനവും വളരെ നന്നായി . എല്ലാവിധ ആശംസകളും ....

  ReplyDelete
 23. ചിലത് ഞാന്‍ വയിച്ചവയാണ്..ചിലത് കാണാതെ പോയതും..സന്തോഷം ഇങ്ങനെ ഒരു വായന തരപ്പെടുതിയത്തില്‍...rr

  ReplyDelete
 24. thanks for introdusing new blogposts

  ReplyDelete
 25. നല്ല പോസ്റ്റുകള്‍ അഭിനന്ദനങ്ങള്‍

  ship me this

  ReplyDelete