Friday, August 8, 2014

ഇവിടെ ഇങ്ങിനെയൊക്കെയുണ്ട് ഭായ് !.


ച്ചടികളില്‍ നിന്നും  ഇ-ലോകത്തേക്ക് വരുമ്പോള്‍ ഒരു എഴുത്തുകാരന് സാമ്പത്തികം എന്ന ഘടകം മാറ്റിവെച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷവും ആത്മസംതൃപ്തിയും നല്‍കുന്ന ഒന്നുണ്ട്, എഴുതിയത് വായനക്ക് വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ അതിലെ പ്രതികരണം ചൂടോടെ വായനക്കാരില്‍ നിന്നും ലഭിക്കുന്നു എന്നതാണത്. തന്റെ കഥ , കവിത , ലേഖനം ഇതൊക്കെ വായനക്കാര്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കീറി മുറിക്കലിനും   വിധേയമാക്കുക വഴി ഒരു സ്വയം തിരുത്തലിനും ആത്മപരിശോധനക്കും  വഴിവെക്കുകയും സൃഷ്ടികളെ കൂടുതല്‍ മികവുറ്റതാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നല്ല കഥകള്‍ ബ്ലോഗില്‍ വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ എക്കാലവും സജീവമായി നടക്കാറുണ്ട്.

ഉദാഹരണമായി ഒന്ന് രണ്ടു കഥകള്‍ പരിചയപ്പെടുത്താം , പട്ടേപ്പാടം റാംജിയുടെ കരുതലുകള്‍
കരുതലുകള്‍ നഷ്ടപ്പെടുത്താതെ..കഥയേക്കാള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത് വായനക്കാരുടെ വിവിധങ്ങളായ  അഭിപ്രായങ്ങളിലൂടെയാണ് , ഒരു പക്ഷേ കഥാകാരനേകുറിച്ചും ഈ ബ്ലോഗില്‍ വരുന്ന കഥകളുടെ നിലവാരത്തെകുറിച്ചുമുള്ള വായനക്കാരുടെ ഉയര്‍ന്ന പ്രതീക്ഷയാവാം ഇത്തരമൊരു ആരോഗ്യകരമായ "തര്‍ക്കത്തിന് " വഴിവെക്കുന്നത്. പുതുതായി കഥാലോകത്തേക്ക് കടന്നുവരുന്നവര്‍ക്ക്   ഇത്തരം അഭിപ്രായങ്ങളില്‍ നിന്നും കഥപറച്ചിലിനെക്കുറിച്ച്  കൂടുതല്‍ പഠിക്കാന്‍ സാധിക്കട്ടെ !..


വൈവിധ്യമായ അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥയായിരുന്നു തൌദാരം ബ്ലോഗില്‍ നാമൂസ് എഴുതിയ ഗ്രന്ഥപ്പശു എന്നകഥ. സമകാലിക സംഭവങ്ങളെ അല്ലങ്കില്‍ സമീപഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു വിഷയം പ്രമേയമാക്കിയ ഈ കഥ വായനക്കാര്‍
സ്വീകരിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.കഥയെ കുറിച്ചു ആവശ്യത്തിലധികം ചര്‍ച്ചകള്‍ തൌദാരത്തില്‍ തന്നെ  നടന്നത് കൊണ്ട്  കൂടുതല്‍ പരാമര്‍ശിക്കുന്നില്ല.

അച്ചടികഥകളേക്കാള്‍ ഒരു പടി കൂടി മുന്നില്‍ നില്‍ക്കുന്ന കഥകളാണ് E ലോകത്ത് വരുന്നത് എന്നതിന്  ഈ കഥയെ  ഉദാഹരിക്കാം. സവ്യ സാചി ബ്ലോഗിലെ ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കി അവതരിപ്പിച്ച ഒന്നാണ്. ഇതേ വിഷയം അടിസ്ഥാനമാക്കി ധാരാളം കഥകള്‍ ബ്ലോഗുകളില്‍ വന്നിട്ടുണ്ട് എങ്കിലും നല്ല കയ്യടക്കംകൊണ്ടും അവതരണ ഭംഗികൊണ്ടും വിഷയത്തില്‍ നിന്നും തെന്നിമാറാതെ പറഞ്ഞവസാനിപ്പിക്കുന്നു ഈ കഥ.

ബട്ടര്‍ഫ്ലൈ എഫക്റ്റ് ബ്ലോഗില്‍ റിയാസ് റഫീക്ക് എഴുതിയ ഹാജിയാലി  മസ്ജിദിലെ മഗരിബ് ഒരുകഥയല്ല ഒരു വായനാനുഭവമാണ് എന്ന്  പറഞ്ഞാല്‍
അതിശയോക്തിയാവില്ല. ഇരുത്തം വന്ന ഒരു കഥാകാരനെ  അറിയാന്‍ ഒരിക്കലെങ്കിലും ഈ കഥ വായിക്കണം എന്ന്  ഞങ്ങള്‍ പറയുന്നു. കഥ പറയാന്‍ ഉപയോഗിച്ച ശൈലി,അവതരണ മികവ്, ശക്തമായ ഒരു കഥാപ്രമേയം അങ്ങിനെ എണ്ണിപറയാന്‍ ഒട്ടനവധി ഘടകങ്ങള്‍ ഈ കഥക്കുണ്ട്. ആദ്യവാസാനം ആകാംക്ഷ നിലനിര്‍ത്തിയ യാഥാര്‍ഥ്യവും ഫിക്ഷനും ഇഴകിച്ചേര്‍ന്ന ഒരു നല്ല കഥ ഇനിയും  വായിക്കാത്തവര്‍ക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.

മറക്കാതിരിക്കാനായ് ബ്ലോഗില്‍ വന്ന മഴവില്ല് വിരിയുന്ന നാട്, എന്ന യാത്രാ വിവരണത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ  വിസ്മയ കാഴ്ച്ചകളെ  പരിചയപ്പെടുത്തുന്നു. ആദ്യ ഭാഗത്തില്‍ നിന്നും ഏറെ മികവ് നില നിര്‍ത്തിയ രണ്ടാം ഭാഗം കൂടുതല്‍ ആകര്‍ഷമാക്കുന്നതില്‍ ചിത്രങ്ങള്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടത് തന്നെ.

മുംബയ് നഗരത്തിലേക്കും, അതിന്റെ ചരിത്രത്തിലേക്കും പി.കെ അജേഷ് നമ്പ്യാർ നടത്തിയ ബൈക്ക് യാത്ര ആരേയും ആവേശം കൊള്ളിക്കും. മികച്ച ഫോട്ടോഗ്രാഫുകളുടെ അകമ്പടിയോടെ തയ്യാറാക്കിയ ,മുംബൈ ചരിത്രത്തിന്‍റെ അവശേഷിപ്പുകളിലേക്ക് ഒരു ഏകാന്ത ബൈക്ക് യാത്ര . എന്ന പോസ്റ്റ് നല്ലൊരു വായനാനുഭവമാണ്.

"വിശ്വസിക്കാനാവുന്നില്ല ഇത്രയും നല്ല ഒഴുക്കോടെ ഞാൻ വായിച്ചതു കാശു കൊടുത്തു വാങ്ങിയ
മുഖ്യ ധാര മാധ്യമങ്ങളിലയിരുന്നു.അതിലും മനോഹരമായവ ബ്ലോഗുകളില്‍  ഉണ്ടെന്നതിനു തെളിവാണ് ഈ സൃഷ്ടി . ലേഖകനും ഈ വഴിയില്‍ എന്നെ എത്തിച്ചവര്‍ക്കും നന്ദി.മലയാളത്തിലെ ക്ലാസ്സിക് കൃതികളോടെല്ലാം കിടപിടിക്കുന്നൊരു സൃഷ്ടി തന്നെയാണിത്".  മനോജ്‌ വെങ്ങാലയുടെ കാര്‍പെന്‍റര്‍ എന്ന കഥയെ കുറിച്ച്  ഒരു വായനക്കാരന്‍റെ വിലയിരുത്താലാണ് മുകളില്‍. ഇതിനുമപ്പുറം ഈ മികച്ച കഥയേക്കുറിച്ച്  എന്ത് പറയാന്‍?. ഈ അടുത്ത് ബ്ലോഗില്‍ വായിച്ച മറ്റൊരു ശ്രദ്ധേയമായ കഥ.

ബ്ലോഗ്‌ എന്ന് കേള്‍ക്കുമ്പോള്‍ മിക്കവരുടെയും മനസ്സില്‍ പതിയുന്ന ചില നാമങ്ങളുണ്ട്. .കൊടകരപുരാണം ഒരു  പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാ എന്നറിയാം. നീണ്ട ഇടവേളക്കു ശേഷം കൊടകരപുരാണം വീണ്ടും വായനാലോകത്തേക്ക് തിരികെ വന്നിരിക്കുന്നു.ടി വി മാഹാത്മ്യം എന്ന ഓര്‍മ്മക്കുറിപ്പുമായാണ് വിശാലമനസ്കന്‍ . കൊടകരപുരാണത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുന്നത് .
സുധീര്‍ദാസ് എഴുതിയ ഒരു മുറിച്ചുണ്ടും പാതിയടഞ്ഞ ഹൃദയവും കഴിഞ്ഞ മാസം ശ്രദ്ധിക്കപെട്ട മറ്റൊരുകഥയായിരുന്നു.ഒരു വാര്‍ത്താ മാധ്യമത്തില്‍  ജോലി ചെയ്യുന്ന മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥന്‍റെ മന:സംഘര്‍ഷങ്ങളെ പ്രമേയമാക്കി അവതരിപ്പിച്ചിരിക്കുന്ന കഥ, ചെറുകഥ എന്ന ലേബലില്‍ നിന്നും അകന്നു പോയി എങ്കിലും വായനയെ മുഷിപ്പിക്കാതെ പറഞ്ഞവസാനിപ്പിക്കാന്‍ സാധിച്ച ഒന്നാണ്. ഈ അടുത്തുകേട്ട ചില സമകാലിക സംഭവങ്ങളുമായി കഥ സംവദിക്കുന്നു എന്നതും ഈ കഥയെ ശ്രദ്ധേയമാക്കുന്നു.


ഒരു കഥ ജനിക്കുന്നത് എങ്ങിനെ? ചിലപ്പോള്‍  കഥയുടെ ആശയം മനസ്സിലേക്ക് കടന്നുവരുന്നത് തികച്ചും അവിചാരിതമാവാം. ഇവിടെയിതാ ഒരു കുഞ്ഞുകഥ. ഈ കഥയുടെ ട്വിസ്റ്റ്‌ എന്ത് എന്ന് ചോദിച്ചാല്‍ കഥയില്‍ ഇല്ലാതെപോയ ട്വിസ്റ്റ്‌ തന്നെ!!.കഥാവസാനം വായനക്കാര്‍ക്ക് ഇഷ്ടമുള്ള
ട്വിസ്റ്റ്‌ കൊണ്ട് വരാം അല്ലെങ്കില്‍ നിര്‍ത്തിയിടത്തു നിന്ന് വീണ്ടും തുടരാം,അങ്ങിനെയൊക്കെയുള്ള ഒരു പാട് സാധ്യതകളെ ബാക്കിവെച്ച് കൊണ്ടാണ് കഥാകാരന്‍ ഈ കഥയവസാനിപ്പിക്കുന്നത്. ജിഗിഷ് എഴുതിയ ഒരു ബസ്സ്‌ യാത്ര വായിച്ചു നോക്കൂ.


വില്ലേജ് മാന്‍ ബ്ലോഗിലെ ഒരു അധ്യാപന പരീക്ഷണത്തിന്‍റെ കഥ ഒരു ഹാസ്യ സിനിമ കാണുന്നത് പോലെയുള്ള  ഫീലില്‍ വായിച്ചു പോകാവുന്ന അനുഭവകഥയാണ്. നാട്ടിന്‍ പുറത്തെ പഴയ പാരലല്‍ കോളേജിലെ രസകരമായ സംഭവങ്ങളെ ഒട്ടും മുഷിയാതെ അവതരിപ്പിച്ചിരിക്കുന്നു ഇതില്‍, അക്ഷര വലിപ്പം ഇവിടെയും വായനക്ക്  ആകര്‍ഷണം കുറക്കുന്നു എങ്കിലും അതൊന്നും ഈ കുറിപ്പിന്റെ മാറ്റ് കുറക്കുന്നില്ല.

ലളിതമായ വരികള്‍ കൊണ്ടും ശക്തമായ പ്രമേയത്താലും ആശയം കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു എന്‍റെ കവിതാലോകം ബ്ലോഗ്‌ . ഏറ്റവും അവസാനമായി എഴുതിയ കവിത ഇര ഇവിടെ വായിക്കാം.

അടുത്തിടെ വായിച്ച പഴമക്കാരന്‍ ബ്ലോഗിലെ ഈ ചെറിയ ലേഖനം തീര്‍ച്ചയായും ഒരു ചിന്തക്ക് വകനല്‍കുന്നു. ഈ അടുത്ത് വന്ന  ഷറപ്പോവ വിവാദവുമായി  നമ്മള്‍ ഇന്ത്യാക്കാര്‍ നടത്തിയ അതിരുവിട്ട ചില അഭിപ്രായപ്രകടനങ്ങളിലേക്ക് ലേഖകന്‍ വിരല്‍ ചൂണ്ടുന്നു. സച്ചിനെ അറിയാത്തവര്‍ ഇന്ത്യയില്‍ തന്നെയുള്ളപ്പോള്‍ അയല്‍ രാഷ്ട്രങ്ങളിലുള്ളവര്‍ അറിയിണമെന്ന ന്യായക്കേടിനെ ചോദ്യം ചെയ്യുന്നു ഇവിടെ.

അഭിപ്രായസ്വാതന്ത്രത്തിന്‍റെ പേരും പറഞ്ഞു സോഷ്യല്‍ മീഡിയകളില്‍  വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങളെ നിരീക്ഷിക്കാന്‍ പലരും കാണും, ഈ അടുത്ത് ഒരു ബ്ലോഗര്‍ക്കുണ്ടായ അനുഭവം പറയേണ്ടതില്ലല്ലോ, ഏരിയല്‍ ഫിലിപ്പിന്‍റെ ബ്ലോഗിലെ അയാള്‍ ചൂടനാണ്‌ എന്ന മിനിക്കഥ പറയുന്നതും ഇതേ ആശയം തന്നെയാണ്‌. നല്ല  സന്തേശം നല്‍കുന്ന ഒരു കുഞ്ഞുകഥ.

വരികള്‍ക്കിടയില്‍  ഒരിടവേളക്ക് ശേഷം വീണ്ടും വരികയാണ്.കഴിഞ്ഞ വാരങ്ങളില്‍ മലയാളം ബ്ലോഗുകളും ഉണര്‍വിന്റെ പാതയിലാണ്. വായനക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗുകളുമായി വരികള്‍ വീണ്ടും വരും.വായനക്കാരുടെ പ്രോത്സാഹനവും അഭിപ്രായവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil