Saturday, December 13, 2014

ഇ-ലോകത്തെ തസ്കര ശല്യം !!.


ണ്‍ലൈന്‍ എഴുത്തില്‍ നേരിടുന്ന ഏറ്റവും പ്രധാനമായ വെല്ലുവിളിയായി മാറിയിരിക്കുന്നു ഇന്ന് രചനകളുടെ മോഷണം.ചിലര്‍ കഥയോ ചിത്രങ്ങളോ, ഒക്കെ കടപ്പടോ പേരോ ഒന്നും വെക്കാതെ സ്വയം പിതൃത്വം ഏറ്റെടുക്കും.തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ചിലരെങ്കിലും പോസ്റ്റ്‌ പിന്‍വലിച്ചോ, എഡിറ്റ്‌ ചെയ്തോ രക്ഷപ്പെടും.കഥയിലോ കവിതയിലോ ആശയങ്ങളില്‍ സാമ്യം തോന്നുന്നത് സ്വാഭാവികം. മലയാളത്തിലെ പല പ്രമുഖ കഥകളിലും ഇത്തരം സാമ്യം കാണാറുമുണ്ട്‌. ഈ അടുത്ത് ഒരു ബ്ലോഗറുടെ കഥ അദ്ദേഹമറിയാതെ ഷോര്‍ട്ട് ഫിലിമാക്കുകയും അത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തുകയും ചെയ്തത് നല്ല കാര്യം.ഇത്തരം ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ ഒരു മറുപടിയും നല്‍കാതെ ഒഴിഞ്ഞു മാറുന്നവര്‍ സംശയത്തിന്റെ നിഴലില്‍ നിന്നും മാറുന്നില്ല.

കെ.ആര്‍ മീരയുടെ ആരാച്ചാര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.ചേതന മല്ലിക് എന്ന വനിതാ ആരാച്ചാരുടെ കഥപറഞ്ഞ നോവലിന്  ഓടക്കുഴല്‍ അവാര്‍ഡിന് പുറമേ ഇപ്പോള്‍ വയലാര്‍ അവാര്‍ഡും ലഭിച്ചിരിക്കുന്നു.ആരാച്ചാര്‍ നോവല്‍ ഒരു ഭാവനാ സൃഷ്ടിയായിരുന്നു എങ്കില്‍, ഭാവനയല്ലാത്ത ജീവിതമാണ് നിതാരി കൊലപാതക പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരേന്ദര്‍ കോലിയുടെത്.യാദൃച്ഛികമാവാം നോവലിലെ പല സംഭവവികാസങ്ങളും ഇന്ന് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നു. പേച്ച് ബ്ലോഗിലെ തൂക്ക് കയറുകള്‍ വേദനിപ്പിക്കുന്നത് എന്ന ലേഖനം ഇതിനെ കൂടുതല്‍  ശരിവെക്കുന്നു.

ചില ബ്ലോഗുകളില്‍ കഥകള്‍ വിസ്മയം തീര്‍ക്കും.കഥയെഴുത്തില്‍ എന്നും വ്യത്യസ്ഥമായ ശൈലി പരീക്ഷിക്കുന്ന ബ്ലോഗാണ് അനീഷ്‌ കാത്തിയുടെ നെഞ്ചകം. രൂപാന്തരം എന്ന  കഥ, സമകാലിക സംഭവങ്ങളെ കൂട്ടിയിണക്കി വായിക്കാവുന്ന കഥാ പ്രമേയമാണ്. കഥാകാരന്‍ മണി മിനു ഈ കഥയെ കുറിച്ച് ബ്ലോഗില്‍ പരമര്‍ശിച്ച അഭിപ്രായം ."അനീഷില്‍ ഒരു എഴുത്തുകാരന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ പന്തയം വെക്കുന്നു!!.-ഈ വാക്കുകള്‍ വരികളും കടമെടുക്കുന്നു.

മിഡില്‍ ഈസ്റ്റില്‍ ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന വാക്കാണ്‌ സുന്നി-ഷിയാ സംഘര്‍ഷം.ഒരു മത വിഭാഗത്തിലെ ഇരു വിഭാഗങ്ങളുടെയും തര്‍ക്കങ്ങള്‍ക്ക്  നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്താണ്  സുന്നി-ഷിയാ സംഘര്‍ഷങ്ങള്‍?. പ്രവാചകനുശേഷം ഇസ്ലാം മതം എങ്ങിനെ വിവിധ വിഭാഗങ്ങളായി ചേരിതിരിഞ്ഞു? - ആബിദ് അലി പടന്നയുടെ വഴിവിളക്കില്‍ വന്ന ഈ ലേഖനം  ഷിയാ-സുന്നി തര്‍ക്കത്തിന്റെ കാര്യ കാരണങ്ങള്‍ തിരയുക മാത്രമല്ല ചെയ്യുന്നത്. ചരിത്രത്തിന്റെ ഏടുകളിലേക്കുള്ള ഒരു നിക്ഷപക്ഷ അന്വേഷണവും, ചില ധാരണകളെ തിരുത്തലും കൂടിയാണ്. ഗവേഷണ സ്വഭാവത്തോടെയും സൂക്ഷ്മതയോടെയും തയ്യാറാക്കിയ ലേഖനം.

പ്രകൃതിയിലെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നായ വടക്കേ അമേരിക്കയിലെ അരിസോണയിലെ ഗ്രാൻഡ്‌കാന്യൻ നാഷണൽ പാർക്കും അവിടുത്തെ വിഷ്ണു ക്ഷേത്രവുമാണ്  ലാലന്‍സ് ബ്ലോഗിലെ ഇത്തവണത്തെ യാത്രാ കാഴ്ചകള്‍. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം  അല്‍പ്പം വിവരണവും കൂടി വന്നിരുന്നു എങ്കില്‍ ഈ പോസ്റ്റ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു.യാത്രാ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍, വായനക്കാര്‍ക്ക് കാഴ്ച്ചകളെ പരിചയപെടുത്തുക വഴി ചില അറിവുകള്‍ കൂടിയാണ് പകര്‍ന്നു നല്‍കുന്നത്.

ചായക്കട ബ്ലോഗില്‍ ഗോപകുമാര്‍ എഴുതിയ അഞ്ചു ദിവസങ്ങള്‍ ഒരു നഷ്ട പ്രണയത്തിന്റെ കഥ പറയുന്നു.കഥാ പ്രമേയത്തില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനാവില്ല എങ്കിലും ആദ്യാവസാനം വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ തക്ക അവതരണ ശൈലിയും, കഥയില്‍ക്കൂടി നല്‍കിയ സന്ദേശവും കൊണ്ട്, ഈ കഥ വായനക്കാരെ തൃപ്തിപ്പെടുത്തും.

 ഒരു കുഞ്ഞു കഥ പരിചയപ്പെടാം. ഈ പോക്കുവെയില്‍ ബ്ലോഗില്‍ അസീസ്‌ ഈസ എഴുതിയ തമ്പാട്ടി,അധികം വലിച്ചു നീട്ടാതെ ഒതുക്കിപ്പറഞ്ഞ ഒന്നാണ്.അങ്ങിങ്ങായി ചില അക്ഷരത്തെറ്റുകള്‍ ഒഴിച്ചാല്‍ വായന മുഷിയാതെ മുന്നോട്ടുപോകാവുന്ന കഥാ ശൈലിയും പ്രമേയവും കൊണ്ട് ഈ കഥ ശ്രദ്ധിക്കപ്പെടുന്നു.

ചില കഥകള്‍ വായിക്കുമ്പോള്‍ അനുഭവം എന്ന് നാം തറപ്പിച്ചു പറഞ്ഞുപോവും.പ്രത്യേകിച്ചും സമകാലിക വിഷയത്തില്‍ നിന്നും ഒരു കഥ വികസിപ്പിച്ചെടുക്കുമ്പോള്‍.വെട്ടത്താന്‍ ബ്ലോഗില്‍ എഴുതിയ അനുവിന്റെ അമ്മ എന്ന കഥ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രചനയാണ്.വാര്‍ദ്ധക്യത്തിന്റെയും ഒറ്റപ്പെടലിന്റെയും  ദയനീയ ഭാവം വരച്ചു കാട്ടുന്ന ഒരു നല്ല കഥ.

ലളിതമായ വരികളില്‍ കൂടി ശക്തമായ ആശയം വായനക്കാരിലേക്ക് പകര്‍ത്തുന്നബ്ലോഗാണ് പോയട്രീ, ബ്ലോഗില്‍ അധികമാരും വായനക്കെത്തുന്നില്ല എങ്കിലും മുഖപുസ്തകത്തില്‍ ഇദ്ദേഹത്തിന്‍റെ രചനകള്‍ക്ക് നല്ല വായനക്കാരുണ്ട്. ഫെസ്ബുക്കിലെ  തിരഞ്ഞടുത്ത രചനകള്‍  സുനീര്‍ അലി അരിപ്ര ബ്ലോഗ്‌ വായനക്കാര്‍ക്കും കൂടി പങ്കുവെക്കുന്നു.ലളിത കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് നല്ലൊരു വായന സമ്മാനിക്കുന്നു ഈ ബ്ലോഗ്‌.

ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളെ കുറിച്ച് നാം സ്ഥിരമായി കേള്‍ക്കുന്നു. ഓഫ് ലൈനില്‍ തകര്‍ന്ന ഒരു കൂട്ടുകാരിയുടെ ജീവിതാനുഭവം ഓണ്‍ലൈനിലെ കൂട്ടുകാരനുമായി പങ്കുവെക്കുന്നതാണ് അക്കാകുക്ക ബ്ലോഗിലെ "ഫെയ്ക്ക് പറഞ്ഞ കഥ".കഥകളെയും ഭാവനയെയും പിറകോട്ടു തള്ളുന്ന ജീവിതാനുഭവങ്ങള്‍. ഒട്ടും വലിച്ചു നീട്ടാതെ വായനക്കാരന്‍റെ ഹൃദയത്തിലേക്ക് ചില ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ട്  ഈ  ലഘു   കുറിപ്പ് അവാസാനിപ്പിക്കുന്നു. ഒറ്റവായനയില്‍ അവസാനിക്കുന്ന മനസ്സിനെ നൊമ്പരപ്പെടുത്തുന്ന  അനുഭവക്കുറിപ്പ്‌.

റഫീക്ക് പന്നിയങ്കരയുടെ സഹയാത്രികരുടെ ശ്രദ്ധയ്ക്ക്, ഒരു വെറും കഥയായി മാത്രം വായിച്ചു തള്ളാന്‍ കഴിയില്ല. ചിലപ്പോഴെല്ലാം നിര്‍ഭാഗ്യം കൊണ്ട് നാം അറിയാതെ അപരാധികളായി പോവുന്നു.ഇന്നത്തെ ലോകത്ത് സ്വന്തം നാമങ്ങള്‍ പോലും ചിലപ്പോള്‍ നമുക്ക് സമ്മാനിക്കുന്നത് നീണ്ട കാരാഗ്രഹവാസമായിരിക്കും.ഒരു യാത്രയില്‍  ട്രയിനില്‍വെച്ചുണ്ടാവുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.ആദ്യാവസാനം വരെ  ആകാംക്ഷയോടെ വായിച്ചു പോകാവുന്ന കഥ.

ഇനി നമുക്ക് സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ ? സംശയിക്കേണ്ട, അങ്ങിനെയും ഒരു സ്ഥലമുണ്ട്. പക്ഷെ ഈ സ്ഥലം അന്വേഷിച്ചുപോയാല്‍ നാം എത്തുന്നത്  നരകത്തിലേക്കായിരിക്കും എന്ന് മാത്രം.എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം തീര്‍ത്ത് മറ്റൊരു ഭോപാല്‍ ദുരന്ത ഭൂമിയാക്കിയ കേരള കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന സ്വര്‍ഗ്ഗയിലേക്ക് കെ എം ഇര്‍ഷാദ് നടത്തിയ,സ്വര്‍ഗത്തിലേക്കൊരു യാത്ര മറ്റ് യാത്രാകാഴ്ച്ചകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.

സ്വര്‍ഗ്ഗയിലെ അസ്വസ്ഥമാക്കുന്ന കാഴ്ചകളില്‍ നിന്നും മരണത്തിന്റെ ദ്വീപിലേക്കാണ് ഷരീഫ് കെ.വി വായനക്കാരെ കൊണ്ട് പോവുന്നത്. അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌ സമൂഹത്തിലെ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ സത്യങ്ങളിലേക്കുള്ള  ഒരു അന്വഷണമാണ് ഈ യാത്ര. അക്ഷരതെറ്റുകളും ,ചിത്രങ്ങളുടെ അഭാവവും ഒരു ചെറിയ പോരായ്മയായി കാണാമെങ്കിലും വ്യത്യസ്ഥതകള്‍ തേടിയുള്ള യാത്രാനുഭവങ്ങളാണ് "മുടിയനായ പുത്രനില്‍" അധികവും.

പ്രവാസജീവിതത്തിലെ അനുഭവങ്ങള്‍ കഥകളായും കഥകളായും കുറിപ്പുകളായും പലരും എഴുതാറുണ്ട്. എഴുത്ത് ബ്ലോഗില്‍ അലി പുതുപൊന്നാനി എഴുതിയ തീവിഴുങ്ങി പക്ഷികള്‍. ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇഹലോകം വെടിഞ്ഞ സഹ പ്രവര്‍ത്തകരുടെ ഓര്‍മ്മകളിലൂടെ കടന്നു പോവുന്നു. രചനാശൈലി കൊള്ളാമെങ്കിലും അക്ഷരങ്ങളുടെ അമിത വലിപ്പം വായനാസുഖം കുറക്കുന്നു.

ഈ അടുത്തു ബ്ലോഗില്‍ ഹരിശ്രീ കുറിച്ച ചില ബ്ലോഗുകളെ പരിചയപ്പെടാം.വായനക്കാരുടെ പ്രോത്സാഹനം ഇവര്‍ക്കുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

 റയീസ് മുഹമ്മദ്‌ - കിനാവിന്റെ കൂട്ടുകാരന്‍ ബ്ലോഗ്‌  ( കഥയും കവിതയും,അനുഭവകുറിപ്പുമായി നിലവാരമുള്ള എഴുത്തും ശൈലിയും.
ശിഹാബുദ്ധീന്‍ ,ബ്ലോഗ്‌ :ഷൈന്‍  ഹബ് ,, കഥകളില്‍ പലതും എഴുതി പരിചയിച്ചവരോട് കിടപിടിക്കുന്നത്.
 ഗീതാ ഓമനകുട്ടന്‍.ബ്ലോഗ്‌ :രേവതി - ബാല്യകാല  ഓര്‍മ്മകളിലൂടെ ആദ്യ പോസ്റ്റില്‍ തന്നെ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റി. ലളിതമായ ശൈലിയിലൂടെ ഒതുക്കി പറയുന്ന ജീവിതാനുഭവങ്ങള്‍ ).

കഴിഞ്ഞമാസം ശ്രദ്ധയില്‍പെട്ട ഏതാനും ബ്ലോഗുകളിലൂടെയുള്ള ഒരു വായനയാണ് ഇവിടെ പരാമര്‍ശിച്ചത്.നല്ല വായനയുടെയും കൂടുതല്‍ എഴുത്തുകാരുടെയും ഉദയമാവട്ടെ പുതുവര്‍ഷത്തില്‍.എല്ലാ വായനക്കാര്‍ക്കും വരികളുടെ പുതുത്സരാശംള്‍!!.
 ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

Friday, October 3, 2014

ഈ ലോകത്തെ മായാവികൾ !

ഗൂഗിള്‍ ചിത്രം 

ഓൺലൈൻ എഴുത്തിന്റെ ലോകത്ത് ഏതു നിമിഷവും നാം ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്.  എഴുത്തിന്റെ മാസ്മരികപ്രഭയിൽ തിളങ്ങിനിന്ന ഒരു സൂര്യതേജസ്സ് വെറും 'ഫെയ്ക്ക് ഐഡി' ആയിരുന്നു എന്ന് അറിഞ്ഞാൽപ്പോലും ഞെട്ടിത്തരിച്ചുപോവരുത്. അത്രക്ക് സർവ്വസാധാരണമാണ് ഓൺലൈൻ എഴുത്തിലെ അന്തഃർനാടകങ്ങൾ . ഇവിടെ ഫെയ്ക്കുകൾ 'മൈഡിയർ കുട്ടിച്ചാത്തന്മാരാകുന്നു'. അത് പല രൂപത്തിലും,ഭാവത്തിലും വരാം. കുട്ടിച്ചാത്തനും കടന്ന് ചിലപ്പോൾ അത് 'ഞാൻ ഗന്ധർവ്വനിലെ'  നിധീഷ് ഭരദ്വാജ് പോലുമാവും. ചിത്രശലഭമാവാനും, മേഘമാലകളാവാനും, പാവയാവാനും, പറവയാവാനും, മാനാകാനും, മനുഷ്യനാവാനും,  ചുണ്ടിന്റെ മുത്തമാവാനും,നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത
ഗഗനചാരികളായി അവർ മാറും. 'ബൂ' മുഖത്തെ പൂക്കളും, തേനും നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപികളായ വർണ്ണശലഭങ്ങളായി അവ എങ്ങും പാറി നടക്കുന്നു.  ഇടക്ക് ചിലരൊക്കെ 'നയം വ്യക്തമാക്കാറുണ്ട്'. ഇത്രയുംകാലം, 'ഇന്നേടത്ത് ഇന്നവൻ ' ആയി അറിയപ്പെട്ടത് ഈ ഞാനായിരുന്നു എന്നങ്ങ് തുറന്നടിക്കും!. അത്കേട്ട് 'ചിലരൊക്കെ' ഒന്നു നടുങ്ങും. നടുക്കം ചിലപ്പോൾ ബോധക്ഷയമായി മാറും. അപ്പോഴും അറിയപ്പെടാത്ത എത്രയോ നിധീഷ് ഭരദ്വാജുമാർ സൈബർ വിഹായസ്സിൽ പാറി നടക്കുന്നുണ്ടാവും.ഇതാ ഇവിടെ വരെ ഒന്നു പോയിവന്ന് വരികൾക്കിടയിൽ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും പ്രതീകമാണ് മഹാബലിയുടെ ജീവിത സന്ദേശം . ജാതി- മത വേര്‍തിരിവില്ലാതെയുള്ള  മലയാളിയുടെ ഏറ്റവും മഹത്തായ ആഘോഷങ്ങളില്‍ ഒന്നാണ് ഓണം . ഗിരീഷിന്‍റെ  " തെരുവ് കോമാളി "   എന്ന കവിതയുടെ ആശയം പുത്തന്‍ തലമുറയുടെ മാവേലിയോടുള്ള കാഴ്ചപ്പാടിനെ ലളിതമായ വരികളിലൂടെ തുറന്നു കാട്ടുന്നതാണ് .ഓണവുമായി ബന്ധപെട്ട് വായിച്ച കവിതകളില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒന്ന് .

സാഹിത്യത്തിൽ തൃശ്ശൂർ സാഹിത്യം എന്നൊരു പുതിയ ശാഖയുണ്ടോ എന്ന് തോന്നുന്ന വിധത്തിലാണ് ചില തൃശ്ശൂർ ബ്ളോഗെഴുത്തുകാരുടെ രചനകൾ. തൃശ്ശൂർ ഭാഷപോലെ ചടുലമായ ഹാസ്യവും, സൂത്രശാലികളായ കഥാപാത്രങ്ങളും , അവർ ഒപ്പിക്കുന്ന വേലത്തരങ്ങളും അതിമനോഹരമായ വാഗ്മയ ചിത്രങ്ങളായി ഈ എഴുത്തുകാർ വായനക്കു വെക്കുന്നു. മുൻ കാലങ്ങളിൽ സജീവമായിരുന്ന ചില തൃശ്ശൂർ ബ്ളോഗർമാർ തൽക്കാലത്തേക്ക് നിഷ്ക്രിയരായി അരങ്ങിൽ നിന്ന് മാറിനിൽക്കുമ്പോൾ ചിലർ ശ്രദ്ധേയമായ രചനകളിലൂടെ ആ പാരമ്പര്യം നില നിർത്തുന്നു.  സുധീർ ദാസിന്റെ ബ്ലോഗിലെ മാത്ത്വേട്ടന്റെ മഹച്ചരിതങ്ങൾ അത്തരമൊരു രചനയാണ്.


പ്രവാസലോകത്ത് നിന്നും വരുന്ന കഥകളും അനുഭവങ്ങളും എന്നും വേറിട്ടവായനയാണ് സമ്മാനിക്കുന്നത്. ജീവിതത്തോട് ഇത്രയുമടുത്ത് ഇഴുകിച്ചേര്‍ന്ന് പറയുന്ന കഥകള്‍ ഒരു പക്ഷേ പ്രവാസികളോളം പറയാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് തോന്നാറുണ്ട്.ആട് ജീവിതവും, മരുഭൂമിയുടെ ആത്മകഥയുമൊക്കെ വായനക്കാര്‍ ഇത്രക്ക് നെഞ്ചിലേറ്റാന്‍ കാരണവും ഇതൊക്കെയാവാം.ഒരു അന്വേഷണ കഥ പോലെ ആദ്യാവസാനം ശ്വാസം പിടിച്ചു വായിച്ച് പോകാവുന്ന അനുഭവക്കുറിപ്പാണ് നജീം കൊച്ചുകലുങ്ക്  എഴുതിയ "ഹവ്വാമ്മയെന്ന ദുരൂഹ പെണ്ണുടല്‍"    -  ചെറിയ അശ്രദ്ധമൂലം പ്രവാസികള്‍ക്ക്  സംഭവിക്കാവുന്ന  വലിയ പിഴവിനെക്കുറിച്ച് ഈ അനുഭവകുറിപ്പ് നമ്മോടുണര്‍ത്തുന്നു

സ്നേഹിതന്‍ ബ്ലോഗില്‍ .അഷ്‌റഫ്‌ മലയില്‍ എഴുതിയ ' "എട്ടാം പ്രണയം" ഒരു ട്രയിന്‍ യാത്രയിലുണ്ടാകുന്ന ആകസ്മികമായ സൗഹൃദത്തിന്‍റെ കഥപറയുന്നു. ഈ കഥ ശക്തമായ  പ്രമേയംകൊണ്ടോ, ശൈലികൊണ്ടോ ഒന്നുമല്ല ശ്രദ്ധിക്കപ്പെടുന്നത് . മറിച്ച്., ഒരു ചെറിയ ത്രെഡില്‍ നിന്നും വികസിപ്പിച്ചിടുത്ത് അടുക്കും ചിട്ടയോടുമുള്ള അവതരണവും,  അപ്രതീക്ഷിത പര്യവസാനവും കൊണ്ട് കൂടിയാണ്. നല്ല സന്ദേശം ഉള്‍ക്കൊണ്ട ഈ കുഞ്ഞുകഥ ഇനിയും വായിക്കാത്തവർക്കായി  പരിചയപെടുത്തുന്നു.

സതീഷ്‌ മാക്കോത്തിന്റെ   എന്‍റെ കുറിപ്പുകള്‍ ബ്ലോഗിലെഴുതിയ   ബസ് സ്സ്റ്റോപ്പിലെ യുവതി നല്ലൊരു വായനാനുഭവമാണ്. കഥ എന്നലേബലില്‍ വായിക്കുമ്പോഴും പല സ്ഥലങ്ങളിലും ഇതൊരു അനുഭവകുറിപ്പിലേക്ക് വഴിമാറുന്നു, സ്ഥിരം യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന യുവതിയെ തേടിയുള്ള നായകന്‍റെ സഞ്ചാരമാണ് ഉളളടക്കം.കഥാപ്രമേയം ശൈലി എന്നിവയിലൊക്കെ വ്യത്യസ്തതയുണ്ട് ഈ കഥക്ക്. എങ്കിലും ഒന്നൂകൂടെ ഹോം വര്‍ക്ക് ചെയ്തിരുന്നു എങ്കില്‍ ഈ കഥ കൂടുതല്‍ ആകർഷണീയമാകുമായിരുന്നു എന്ന് തോന്നുന്നു.

കുട്ടപ്പചരിതത്തില്‍ ജിമ്മി ജോണിന്റെ  ഇത്തവണത്തെ യാത്ര യു എ ഇ യിലെ ജബൽ അൽ ജൈസിലെ മലമുകളിലേക്കാണ്. യാത്രയുടെ  ആവേശം ചിത്രങ്ങളിലും വരികളിലും പകര്‍ത്തിയ  വിവരണം. ചിത്രങ്ങള്‍ക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍, ഇതൊക്കെ ഈ വിവരണത്തെ മികച്ചതാക്കുന്നു.

നീര്‍മിഴിപ്പൂക്കളിലെ ശ്രീ യുടെ കലാലയ സ്മരണകള്‍ -കലാലയ ജീവിതത്തിലെ നനവുള്ള ഓര്‍മ്മകളെ ഉണര്‍ത്തുന്ന മനോഹരമായ കുറിപ്പാണ്. എന്നും ഓര്‍ക്കാന്‍ ചില മുഹൂര്‍ത്തങ്ങളുമായി വിടപറയുന്ന കലാലയം എത്രകാലം കഴിഞ്ഞാലും മറവിയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോവുന്നില്ല.  അനുഭവത്തിനൊപ്പം പാരഡിഗാനവും കൂടിയായപ്പോള്‍ വേറിട്ടൊരു കുറിപ്പായി മാറുന്നു ഈ ഓര്‍മ്മകള്‍.

ലളിതമായ വരികള്‍കൊണ്ട് കവിതകള്‍ രചിക്കുന്ന ബ്ലോഗറാണ് അമ്പിളിമേനോന്‍. 'അക്ഷരപകര്‍ച്ചകള്‍ ' ബ്ലോഗിലെ പല കവിതകളും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെടുകയും പലതിനും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട് .പിന്‍ നടത്തം  ഒരു പ്രവാസിയുടെ മടക്കയാത്രയുടെ ഗൃഹാതുരത നിറഞ്ഞ ചിന്തകളില്‍ നിന്നുമുതിര്‍ന്ന വരികളാണ്. കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് നിരാശനല്‍കാത്ത ബ്ലോഗ്‌.

ചില ജീവിതങ്ങള്‍ കഥകളെ വെല്ലുന്നവയായിരിക്കും.പലതും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അത്ര തീവ്രവും വേദനിപ്പിക്കുന്നതും,  മനസ്സിനെ നോവിക്കുന്ന ഒരു ജീവിതാനുഭവമാണ് റസ്‌ലാ സാഹിര്‍ വയല്‍പൂവ് ബ്ലോഗില്‍ കൂടി പങ്കുവെക്കുന്നത്.ജീവിതത്തില്‍ ഒരാള്‍ക്കും ഇങ്ങിനെയൊരു വിധി ഉണ്ടാവാതിരിക്കട്ടെ! ഒരു കണ്ണ്നീര്‍ തുള്ളി   വായനക്കാരിലും കണ്ണീര്‍ പൊടിയുന്ന രീതിയിലുള്ള ഹൃദയസ്പര്‍ശിയായ അവതരണമാണ്.

അതിഭാവുകത്വമില്ലാതെ മനോഹരമായി എഴുതിയ ഒരു കഥ ഖരാക്ഷരങ്ങൾ എന്ന ബ്ളോഗിൽ വായിക്കാം. ഏറെ പരിചിതമായ കഥാതന്തു. എങ്കിലും ഭാഷയുടെ ലാളിത്യവും, ഏകാഗ്രതയും നല്ലൊരു വായന തരുന്നു.

ഒഴിവുദിനങ്ങൾ പലരും പല രീതിയിലാണ് ആഘോഷിക്കുക. ഒഴിവു ദിനത്തിൽ ജീവിതപങ്കാളിയുമൊത്ത് ബൈക്കിൽ ചുരവും, കാടും താണ്ടി കർണാടകയിലെ ഗ്രാമാന്തരങ്ങളും, നഗരങ്ങളും ആസ്വാദിച്ചുള്ള  യാത്ര ആരെയും മോഹിപ്പിക്കുന്നതാണ്.  യാത്രാവിവരണങ്ങളാൽ സമൃദ്ധമായ അനിലിന്റെ ബ്ളോഗിലൂടെ മൈസൂര്‍ സോമനാഥ ക്ഷേത്രത്തിലേക്ക് നമുക്കും ഒന്നു പോയിവരാം

ബ്ലോഗില്‍ ഈയിടെ കാണപ്പെടുന്ന പുതിയ പ്രവണതയാണ് ഗസ്റ്റ് എഴുത്ത് .Eലോകത്തെ പല എഴുത്തുകാര്‍ ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോമില്‍ എഴുതുമ്പോള്‍  പരസ്പരം അറിയാനും എഴുത്തിനെ വിലയിരുത്തുവാനും ഇത്തരം സംരംഭങ്ങള്‍ കൊണ്ട് സഹായിക്കും.ഇത്തരത്തില്‍ നിരവധി ബ്ലോഗുകള്‍ മലയാളത്തിലുണ്ട്. ഫിലിപ്സ് ഡോട്ട് കോമും, ബ്ലോഗര്‍ ഏരിയല്‍ ഫിലിപ്പും സംയുക്തമായി ഇതിനവസരമൊരുക്കുന്നു. വിശദ വിവരങ്ങള്‍ ഇവിടെ ലഭിക്കും. ബ്ലോഗ്‌ എഴുത്ത് മന്ദീഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ നവപ്രതിഭകളുടെ രചനകള്‍  അനേകരിലേക്ക് എത്തിക്കാനുള്ള ഈ ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും.

അകാലത്തില്‍ പൊലിഞ്ഞുപോയ കെ വി അനൂപിനെ അനുസ്മരിക്കുകയാണ് രാമു  നോങ്ങല്ലൂര്‍ രേഖകളില്‍.അനൂപുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നത് കൊണ്ടാവാം ലേഖകന്‍ അദ്ദേഹത്തെ ആഴത്തില്‍ പരിചയപ്പെടുത്തുന്നു ഈ അനുസ്മരണ കുറിപ്പില്‍.എഴുത്തുകാരന്‍ എന്നതിലുപരി നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന കെവി അനൂപിന് വരികള്‍ക്കിടയിലിന്‍റെയും യാത്രാമൊഴി.

നമ്മോടൊപ്പമുണ്ടായിരുന്ന മനോരാജ് മികച്ച കഥാകൃത്തും,  മികച്ച ബ്ളോഗറുമായിരുന്നു. മലയാളത്തിലെ ബ്ളോഗെഴുത്തുമായി ബന്ധമുള്ളവർക്ക് മനോരാജിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രക്ക് സുപരിചിതനായ മനോയുടെ വേർപാട് ഒരു നടുക്കത്തോടെയാണ് ബൂലോകം ശ്രവിച്ചത്.  കഴിഞ്ഞ വാരത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിയ ഈ ബ്ളോഗ് അവലോകനം മനോയുടെ വേർപാട്മൂലം ഞങ്ങൾ മാറ്റിവെക്കുകയായിരുന്നു. അതിനു പകരം ശ്രീമതി റോസിലി  ജോയ് നടത്തിയ അനുസ്മരണം പ്രസിദ്ധീകരിച്ചത് ഓർക്കുമല്ലോ   . പ്രിയങ്കരനായ ആ കൂട്ടുകാരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ ലക്കം വരികൾക്കിടയിലെ വായന അവസാനിപ്പിക്കുകയാണ് ....

പോയ നാളുകളിൽ എഴുതപ്പെട്ട ഏതാനും മലയാളം ബ്ളോഗുകളെ പരിചയപ്പെടുത്താൻ  ഒരു ശ്രമം നടത്തുക മാത്രമാണ് വരികൾക്കിടയിലൂടെ ചെയ്തത്. മുൻലക്കങ്ങളിൽ പരാമർശിച്ച ചില ബ്ളോഗുകളിൽ വളരെ നല്ല പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും അവ ഉൾക്കൊള്ളിക്കാതെ താരതമ്യേന പുതിയ ബ്ളോഗുകൾ പരിചയപ്പെടുത്താനാണ് ഈ ലക്കത്തിൽ ശ്രമിച്ചത്. ഇവിടെ പരാമർശിക്കപ്പെടാത്ത നല്ല ബ്ളോഗ് രചനകൾ ഇനിയുമുണ്ടാവാം. കമൻറ് ബോക്സിൽ അത്തരം ബ്ളോഗുകളെ ലിങ്ക് സഹിതം  കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍  വായനക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ് .

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

.

Saturday, September 27, 2014

ഓര്‍മ്മകളുടെ ബാന്‍ഡ് വിഡ്ത്തില്‍ അമരനായി മനോരാജ്


2009 ലാണ് ഞാന്‍ ബ്ലോഗെഴുത്ത് ആരംഭിക്കുന്നത്. മറ്റു ബ്ലോഗര്‍മാരില്‍  നിന്നും വ്യത്യസ്തയായി എഴുത്ത് ലോകത്ത് തീരെ പരിചയമില്ലാത്ത ഒരു ശിശുവായാണ് ഞാന്‍ ബ്ലോഗുലകത്തിലേക്ക് പിച്ചവെച്ചത്. ആദ്യകാലം മുതല്‍ക്കെ തന്നെ എന്നെ നന്നായി പ്രോത്സാഹിപ്പിച്ച ബ്ലോഗര്‍മാരില്‍ ഒരാളായിരുന്നു തേജസ്‌ എന്ന ബ്ലോഗിന്റെ ഉടമ, ഞാന്‍ മനോ എന്ന് വിളിച്ചിരുന്ന മനോരാജ്.  ഫേസ്‌ബുക്കില്‍ വരുന്നതിനു മുമ്പേ എനിക്ക് ബ്ലോഗുലകത്തില്‍ ഉണ്ടായിരുന്ന ആ നല്ല സുഹൃത്താണ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നത്. ഈ പോസ്റ്റ് എഴുതുമ്പോഴും എനിക്ക് അദ്ദേഹത്തെ കണ്ണീരോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ആദ്യകാല എഴുത്തുകാരി എന്ന പരിഗണനവെച്ചു അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും  പിന്നീട് എഴുത്തില്‍ കുറേശ്ശെ തെളിഞ്ഞു വന്നപ്പോള്‍ തെറ്റ്കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുവാനും മനോരാജ് മടിച്ചിരുന്നില്ല. എന്റെ റോസാപ്പൂക്കള്‍ ബ്ലോഗില്‍ ആറോ ഏഴോ പോസ്റ്റുകളായപ്പോഴാണ് റോസാപ്പൂക്കളെ പരിചയപ്പെടുത്തി ഒരു പോസ്റ്റ് മനോരാജ് സ്വന്തം ബ്ലോഗില്‍ ഇടുന്നത്. എനിക്ക് എഴുത്തില്‍ വലിയൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു  ആ പരിചയപ്പെടുത്തല്‍.
.

മനോരാജ് ഞെരമ്പുകള്‍ ക്ഷയിക്കുന്ന രോഗത്തിനടിമയാണെന്ന് ഞാന്‍ അറിയുന്നത് രണ്ടു വര്‍ഷം മുമ്പ്‌ ഈസ്റ്റ് കോസ്റ്റ് നടത്തിയ ഓണ്‍ ലൈന്‍ ചെറുകഥാ മത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനവും മനോരാജിനു മൂന്നാം സമ്മാനവും ലഭിച്ചപ്പോഴാണ്. എറണാകുളത്ത് വെച്ചായിരുന്നു സമ്മാന ദാനം. സമ്മാനദാനച്ചടങ്ങില്‍ വെച്ച് കാണാമല്ലോ എന്ന് പറഞ്ഞു ഞാന്‍ സന്തോഷപൂര്‍വ്വം ഫോണ്‍ ചെയ്തപ്പോഴാണ് മനോരാജ് രോഗവിവരം പറയുന്നത്. നടക്കാന്‍ പ്രയാസമാണ് ഇടക്ക് വീണുപോകും എന്നൊക്കെ. എങ്കിലും ഞാന്‍ നിര്‍ബന്ധിച്ചു. ആരെയെങ്കിലും കൂട്ടി വരൂ, എന്റെ ഭർത്താവും അവിടെ വരും... ഒന്ന് പിടിച്ചാല്‍ മതിയല്ലോ... സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാം... എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ പ്രയാസം  എന്ന് പറഞ്ഞു അദ്ദേഹം അതില്‍ നിന്നൊഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് രോഗവിവരമെല്ലാം എന്നോട് ഫോണിലൂടെ സംസാരിക്കുമായിരുന്നു. എറണാകുളത്ത് ഒരു കമ്പനിയില്‍ അപ്പോഴും മനോരാജ് ജോലിക്ക് പോകുന്നുണ്ടായിരുന്നു. ബസ്സില്‍ കയറാനും ഇറങ്ങാനും സഹായിക്കാന്‍ സന്മനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ. ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങാന്‍ പ്ലാനുണ്ട്. എനിക്ക് ഇരുന്നുകൊണ്ടു ജോലി ചെയ്യാമല്ലോ അതിന്റെ എഡിറ്ററായി കൂടാമോ എന്ന് എന്നോടൊരിക്കല്‍ ചോദിച്ചു. ഞാന്‍ സന്തോഷപൂര്‍വ്വം  സമ്മതിക്കുകയും  ചെയ്തതാണ്.എറണാകുളത്ത്‌ നിന്നും ഇറങ്ങുന്ന വാചികം എന്ന മാസികയുടെ എഡിറ്ററായും കുറച്ചുനാള്‍ അദ്ദേഹം ജോലി ചെയ്തു.പിന്നീടാണ് ഒരു സുഹൃത്തുമായി ചേര്‍ന്ന് കൃതി ബുക്സിന്റെ പ്രാസാധനം തുടങ്ങിയത്

പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ് കണ്ണിന് കാഴ്ച കുറഞ്ഞു. കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായിരുന്നു കാരണം. കണ്ണിന് കാഴ്ച കുറഞ്ഞതോടെ മനോരാജ് ഓണ്‍ ലൈന്‍ ലോകത്ത് നിന്നും സാവധാനം പിന്‍വാങ്ങി. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കായി ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതം. വിളിക്കുമ്പോള്‍ മിക്കവാറും കണ്ണാശുപത്രി അല്ലെങ്കില്‍ തിരുവനന്തപുറത്ത് ചികില്‍സയില്‍ . ഒടുവില്‍ എന്റെ വിളി ശല്യമാകരുതല്ലോ എന്ന്  വിചാരിച്ചു ഞാന്‍ വിളികള്‍ കുറച്ചു.

ഒന്നര മാസം മുമ്പ്  മുംബൈയില്‍ നിന്നും ഞാന്‍ തൂത്തുക്കുടിയിലേക്കു സ്ഥലം മാറിയപ്പോള്‍ മനോരാജിനെ വീണ്ടും ബന്ധപെട്ടു.  പുതിയ ഇടത്തേക്ക് പോകുകയാണ് പുതിയ നമ്പര്‍ കിട്ടുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു. വല്ലാതെ നിരാശനായിരുന്നു അപ്പോള്‍. രോഗത്തിനു മുന്നില്‍ അടിയറവു പറഞ്ഞ പരാജിതന്റെ തളര്‍ച്ച  മനോയുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു. പക്ഷെ കണ്ണിന്റെ പ്രശ്നം ശരിയായി വരുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരു മാസം മുമ്പ് അദ്ദേഹത്തിനെ എറണാകുളത്തുള്ള ബ്ലോഗര്‍ സുഹൃത്ത് നിരക്ഷരന്‍  വീട്ടില്‍ പോയി  സന്ദര്‍ശിക്കുകയുണ്ടായി. രോഗം കണ്ടു പിടിച്ചു... വയറ്റിൽ ടി ബി യാണ്....  തുടര്‍ചികില്‍സയിലാണ്... എന്നൊക്കെ കേട്ടപ്പോള്‍  അദ്ദേഹം രക്ഷപെടും എന്നൊരു പ്രത്യാശയാണ്  തോന്നിയത്.

വെറും മുപ്പത്തിയഞ്ചു  വയസ്സിലാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന്‍ ലോകത്ത് നിന്നും വിടപറഞ്ഞത്. ഉദിച്ചുയരും മുമ്പേ മറഞ്ഞ തേജസ്‌. തുടര്‍ന്നു  ജീവിച്ചിരുന്നെങ്കില്‍ എവിടെയൊക്കെയോ എത്തുമായിരുന്നു മനോരാജ്. അദ്ദേഹത്തെ തേടി ധാരാളം പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഒടുവില്‍  കേരള കൌമുദി ചെറുകഥാ മത്സരത്തില്‍ ലഭിച്ച സമ്മാനം അദ്ദേഹത്തെ അച്ചടി മാധ്യമത്തിലും ശ്രദ്ധേയനാക്കി. മനോരാജ് ഈ ഭൂമിയില്‍ നിന്നും മറഞ്ഞ സെപ്തംബര്‍26  ബൂലോകത്തിന്റെ കറുത്ത ദിനമാണ്. ഭാവിയില്‍ ബൂലോകം എത്രകണ്ടു വളര്‍ന്നാലും ആദ്യകാല ബ്ലോഗര്‍മാരില്‍ ശ്രദ്ധേയനായ തേജസ്‌ എന്ന ബ്ലോഗിന്റെ ഉടമയായ,നല്ലൊരു വായനക്കാരന്‍ കൂടിയായ മനോരാജ് എന്ന ബ്ലോഗര്‍ ബൂലോകത്തിന് മറക്കനാവാത്തവനായി തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. നമ്മുടെ മിക്ക സുഹൃത്തുക്കളും ഇപ്പോഴും മനോയുടെ ആകസ്മിക വിയോഗം ഉള്‍കൊള്ളാനാവാതെ  പകച്ചു നില്‍ക്കുകകയാണ് അടങ്ങാത്ത കണ്ണീരുമായി. അവര്‍ക്കും, അദ്ദേഹത്തിന്റെ് പ്രിയ പത്നി ട്വിന്‍ഷക്കും, മകന്‍ തേജസിനും ദുഃഖം സഹിക്കാനുള്ള ശക്തി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ...തനി നാടന്‍ വൈപ്പിൻ ഭാഷയില്‍ സരസമായി സംസാരിക്കുന്ന പ്രിയ കൂട്ടുകാരന്‍ ഇനി ഇല്ലല്ലോ എന്ന ദു:ഖത്തോടെ പ്രിയ മനോയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ എന്റെയും കണ്ണീര്‍ പൂക്കള്‍


റോസിലി ജോയ്‌
ബ്ലോഗ്‌ : റോസാപ്പൂക്കള്‍

Friday, August 8, 2014

ഇവിടെ ഇങ്ങിനെയൊക്കെയുണ്ട് ഭായ് !.


ച്ചടികളില്‍ നിന്നും  ഇ-ലോകത്തേക്ക് വരുമ്പോള്‍ ഒരു എഴുത്തുകാരന് സാമ്പത്തികം എന്ന ഘടകം മാറ്റിവെച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷവും ആത്മസംതൃപ്തിയും നല്‍കുന്ന ഒന്നുണ്ട്, എഴുതിയത് വായനക്ക് വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ അതിലെ പ്രതികരണം ചൂടോടെ വായനക്കാരില്‍ നിന്നും ലഭിക്കുന്നു എന്നതാണത്. തന്റെ കഥ , കവിത , ലേഖനം ഇതൊക്കെ വായനക്കാര്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കീറി മുറിക്കലിനും   വിധേയമാക്കുക വഴി ഒരു സ്വയം തിരുത്തലിനും ആത്മപരിശോധനക്കും  വഴിവെക്കുകയും സൃഷ്ടികളെ കൂടുതല്‍ മികവുറ്റതാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നല്ല കഥകള്‍ ബ്ലോഗില്‍ വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ എക്കാലവും സജീവമായി നടക്കാറുണ്ട്.

ഉദാഹരണമായി ഒന്ന് രണ്ടു കഥകള്‍ പരിചയപ്പെടുത്താം , പട്ടേപ്പാടം റാംജിയുടെ കരുതലുകള്‍
കരുതലുകള്‍ നഷ്ടപ്പെടുത്താതെ..കഥയേക്കാള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത് വായനക്കാരുടെ വിവിധങ്ങളായ  അഭിപ്രായങ്ങളിലൂടെയാണ് , ഒരു പക്ഷേ കഥാകാരനേകുറിച്ചും ഈ ബ്ലോഗില്‍ വരുന്ന കഥകളുടെ നിലവാരത്തെകുറിച്ചുമുള്ള വായനക്കാരുടെ ഉയര്‍ന്ന പ്രതീക്ഷയാവാം ഇത്തരമൊരു ആരോഗ്യകരമായ "തര്‍ക്കത്തിന് " വഴിവെക്കുന്നത്. പുതുതായി കഥാലോകത്തേക്ക് കടന്നുവരുന്നവര്‍ക്ക്   ഇത്തരം അഭിപ്രായങ്ങളില്‍ നിന്നും കഥപറച്ചിലിനെക്കുറിച്ച്  കൂടുതല്‍ പഠിക്കാന്‍ സാധിക്കട്ടെ !..


വൈവിധ്യമായ അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥയായിരുന്നു തൌദാരം ബ്ലോഗില്‍ നാമൂസ് എഴുതിയ ഗ്രന്ഥപ്പശു എന്നകഥ. സമകാലിക സംഭവങ്ങളെ അല്ലങ്കില്‍ സമീപഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു വിഷയം പ്രമേയമാക്കിയ ഈ കഥ വായനക്കാര്‍
സ്വീകരിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.കഥയെ കുറിച്ചു ആവശ്യത്തിലധികം ചര്‍ച്ചകള്‍ തൌദാരത്തില്‍ തന്നെ  നടന്നത് കൊണ്ട്  കൂടുതല്‍ പരാമര്‍ശിക്കുന്നില്ല.

അച്ചടികഥകളേക്കാള്‍ ഒരു പടി കൂടി മുന്നില്‍ നില്‍ക്കുന്ന കഥകളാണ് E ലോകത്ത് വരുന്നത് എന്നതിന്  ഈ കഥയെ  ഉദാഹരിക്കാം. സവ്യ സാചി ബ്ലോഗിലെ ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കി അവതരിപ്പിച്ച ഒന്നാണ്. ഇതേ വിഷയം അടിസ്ഥാനമാക്കി ധാരാളം കഥകള്‍ ബ്ലോഗുകളില്‍ വന്നിട്ടുണ്ട് എങ്കിലും നല്ല കയ്യടക്കംകൊണ്ടും അവതരണ ഭംഗികൊണ്ടും വിഷയത്തില്‍ നിന്നും തെന്നിമാറാതെ പറഞ്ഞവസാനിപ്പിക്കുന്നു ഈ കഥ.

ബട്ടര്‍ഫ്ലൈ എഫക്റ്റ് ബ്ലോഗില്‍ റിയാസ് റഫീക്ക് എഴുതിയ ഹാജിയാലി  മസ്ജിദിലെ മഗരിബ് ഒരുകഥയല്ല ഒരു വായനാനുഭവമാണ് എന്ന്  പറഞ്ഞാല്‍
അതിശയോക്തിയാവില്ല. ഇരുത്തം വന്ന ഒരു കഥാകാരനെ  അറിയാന്‍ ഒരിക്കലെങ്കിലും ഈ കഥ വായിക്കണം എന്ന്  ഞങ്ങള്‍ പറയുന്നു. കഥ പറയാന്‍ ഉപയോഗിച്ച ശൈലി,അവതരണ മികവ്, ശക്തമായ ഒരു കഥാപ്രമേയം അങ്ങിനെ എണ്ണിപറയാന്‍ ഒട്ടനവധി ഘടകങ്ങള്‍ ഈ കഥക്കുണ്ട്. ആദ്യവാസാനം ആകാംക്ഷ നിലനിര്‍ത്തിയ യാഥാര്‍ഥ്യവും ഫിക്ഷനും ഇഴകിച്ചേര്‍ന്ന ഒരു നല്ല കഥ ഇനിയും  വായിക്കാത്തവര്‍ക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.

മറക്കാതിരിക്കാനായ് ബ്ലോഗില്‍ വന്ന മഴവില്ല് വിരിയുന്ന നാട്, എന്ന യാത്രാ വിവരണത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ  വിസ്മയ കാഴ്ച്ചകളെ  പരിചയപ്പെടുത്തുന്നു. ആദ്യ ഭാഗത്തില്‍ നിന്നും ഏറെ മികവ് നില നിര്‍ത്തിയ രണ്ടാം ഭാഗം കൂടുതല്‍ ആകര്‍ഷമാക്കുന്നതില്‍ ചിത്രങ്ങള്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടത് തന്നെ.

മുംബയ് നഗരത്തിലേക്കും, അതിന്റെ ചരിത്രത്തിലേക്കും പി.കെ അജേഷ് നമ്പ്യാർ നടത്തിയ ബൈക്ക് യാത്ര ആരേയും ആവേശം കൊള്ളിക്കും. മികച്ച ഫോട്ടോഗ്രാഫുകളുടെ അകമ്പടിയോടെ തയ്യാറാക്കിയ ,മുംബൈ ചരിത്രത്തിന്‍റെ അവശേഷിപ്പുകളിലേക്ക് ഒരു ഏകാന്ത ബൈക്ക് യാത്ര . എന്ന പോസ്റ്റ് നല്ലൊരു വായനാനുഭവമാണ്.

"വിശ്വസിക്കാനാവുന്നില്ല ഇത്രയും നല്ല ഒഴുക്കോടെ ഞാൻ വായിച്ചതു കാശു കൊടുത്തു വാങ്ങിയ
മുഖ്യ ധാര മാധ്യമങ്ങളിലയിരുന്നു.അതിലും മനോഹരമായവ ബ്ലോഗുകളില്‍  ഉണ്ടെന്നതിനു തെളിവാണ് ഈ സൃഷ്ടി . ലേഖകനും ഈ വഴിയില്‍ എന്നെ എത്തിച്ചവര്‍ക്കും നന്ദി.മലയാളത്തിലെ ക്ലാസ്സിക് കൃതികളോടെല്ലാം കിടപിടിക്കുന്നൊരു സൃഷ്ടി തന്നെയാണിത്".  മനോജ്‌ വെങ്ങാലയുടെ കാര്‍പെന്‍റര്‍ എന്ന കഥയെ കുറിച്ച്  ഒരു വായനക്കാരന്‍റെ വിലയിരുത്താലാണ് മുകളില്‍. ഇതിനുമപ്പുറം ഈ മികച്ച കഥയേക്കുറിച്ച്  എന്ത് പറയാന്‍?. ഈ അടുത്ത് ബ്ലോഗില്‍ വായിച്ച മറ്റൊരു ശ്രദ്ധേയമായ കഥ.

ബ്ലോഗ്‌ എന്ന് കേള്‍ക്കുമ്പോള്‍ മിക്കവരുടെയും മനസ്സില്‍ പതിയുന്ന ചില നാമങ്ങളുണ്ട്. .കൊടകരപുരാണം ഒരു  പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാ എന്നറിയാം. നീണ്ട ഇടവേളക്കു ശേഷം കൊടകരപുരാണം വീണ്ടും വായനാലോകത്തേക്ക് തിരികെ വന്നിരിക്കുന്നു.ടി വി മാഹാത്മ്യം എന്ന ഓര്‍മ്മക്കുറിപ്പുമായാണ് വിശാലമനസ്കന്‍ . കൊടകരപുരാണത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുന്നത് .
സുധീര്‍ദാസ് എഴുതിയ ഒരു മുറിച്ചുണ്ടും പാതിയടഞ്ഞ ഹൃദയവും കഴിഞ്ഞ മാസം ശ്രദ്ധിക്കപെട്ട മറ്റൊരുകഥയായിരുന്നു.ഒരു വാര്‍ത്താ മാധ്യമത്തില്‍  ജോലി ചെയ്യുന്ന മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥന്‍റെ മന:സംഘര്‍ഷങ്ങളെ പ്രമേയമാക്കി അവതരിപ്പിച്ചിരിക്കുന്ന കഥ, ചെറുകഥ എന്ന ലേബലില്‍ നിന്നും അകന്നു പോയി എങ്കിലും വായനയെ മുഷിപ്പിക്കാതെ പറഞ്ഞവസാനിപ്പിക്കാന്‍ സാധിച്ച ഒന്നാണ്. ഈ അടുത്തുകേട്ട ചില സമകാലിക സംഭവങ്ങളുമായി കഥ സംവദിക്കുന്നു എന്നതും ഈ കഥയെ ശ്രദ്ധേയമാക്കുന്നു.


ഒരു കഥ ജനിക്കുന്നത് എങ്ങിനെ? ചിലപ്പോള്‍  കഥയുടെ ആശയം മനസ്സിലേക്ക് കടന്നുവരുന്നത് തികച്ചും അവിചാരിതമാവാം. ഇവിടെയിതാ ഒരു കുഞ്ഞുകഥ. ഈ കഥയുടെ ട്വിസ്റ്റ്‌ എന്ത് എന്ന് ചോദിച്ചാല്‍ കഥയില്‍ ഇല്ലാതെപോയ ട്വിസ്റ്റ്‌ തന്നെ!!.കഥാവസാനം വായനക്കാര്‍ക്ക് ഇഷ്ടമുള്ള
ട്വിസ്റ്റ്‌ കൊണ്ട് വരാം അല്ലെങ്കില്‍ നിര്‍ത്തിയിടത്തു നിന്ന് വീണ്ടും തുടരാം,അങ്ങിനെയൊക്കെയുള്ള ഒരു പാട് സാധ്യതകളെ ബാക്കിവെച്ച് കൊണ്ടാണ് കഥാകാരന്‍ ഈ കഥയവസാനിപ്പിക്കുന്നത്. ജിഗിഷ് എഴുതിയ ഒരു ബസ്സ്‌ യാത്ര വായിച്ചു നോക്കൂ.


വില്ലേജ് മാന്‍ ബ്ലോഗിലെ ഒരു അധ്യാപന പരീക്ഷണത്തിന്‍റെ കഥ ഒരു ഹാസ്യ സിനിമ കാണുന്നത് പോലെയുള്ള  ഫീലില്‍ വായിച്ചു പോകാവുന്ന അനുഭവകഥയാണ്. നാട്ടിന്‍ പുറത്തെ പഴയ പാരലല്‍ കോളേജിലെ രസകരമായ സംഭവങ്ങളെ ഒട്ടും മുഷിയാതെ അവതരിപ്പിച്ചിരിക്കുന്നു ഇതില്‍, അക്ഷര വലിപ്പം ഇവിടെയും വായനക്ക്  ആകര്‍ഷണം കുറക്കുന്നു എങ്കിലും അതൊന്നും ഈ കുറിപ്പിന്റെ മാറ്റ് കുറക്കുന്നില്ല.

ലളിതമായ വരികള്‍ കൊണ്ടും ശക്തമായ പ്രമേയത്താലും ആശയം കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു എന്‍റെ കവിതാലോകം ബ്ലോഗ്‌ . ഏറ്റവും അവസാനമായി എഴുതിയ കവിത ഇര ഇവിടെ വായിക്കാം.

അടുത്തിടെ വായിച്ച പഴമക്കാരന്‍ ബ്ലോഗിലെ ഈ ചെറിയ ലേഖനം തീര്‍ച്ചയായും ഒരു ചിന്തക്ക് വകനല്‍കുന്നു. ഈ അടുത്ത് വന്ന  ഷറപ്പോവ വിവാദവുമായി  നമ്മള്‍ ഇന്ത്യാക്കാര്‍ നടത്തിയ അതിരുവിട്ട ചില അഭിപ്രായപ്രകടനങ്ങളിലേക്ക് ലേഖകന്‍ വിരല്‍ ചൂണ്ടുന്നു. സച്ചിനെ അറിയാത്തവര്‍ ഇന്ത്യയില്‍ തന്നെയുള്ളപ്പോള്‍ അയല്‍ രാഷ്ട്രങ്ങളിലുള്ളവര്‍ അറിയിണമെന്ന ന്യായക്കേടിനെ ചോദ്യം ചെയ്യുന്നു ഇവിടെ.

അഭിപ്രായസ്വാതന്ത്രത്തിന്‍റെ പേരും പറഞ്ഞു സോഷ്യല്‍ മീഡിയകളില്‍  വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങളെ നിരീക്ഷിക്കാന്‍ പലരും കാണും, ഈ അടുത്ത് ഒരു ബ്ലോഗര്‍ക്കുണ്ടായ അനുഭവം പറയേണ്ടതില്ലല്ലോ, ഏരിയല്‍ ഫിലിപ്പിന്‍റെ ബ്ലോഗിലെ അയാള്‍ ചൂടനാണ്‌ എന്ന മിനിക്കഥ പറയുന്നതും ഇതേ ആശയം തന്നെയാണ്‌. നല്ല  സന്തേശം നല്‍കുന്ന ഒരു കുഞ്ഞുകഥ.

വരികള്‍ക്കിടയില്‍  ഒരിടവേളക്ക് ശേഷം വീണ്ടും വരികയാണ്.കഴിഞ്ഞ വാരങ്ങളില്‍ മലയാളം ബ്ലോഗുകളും ഉണര്‍വിന്റെ പാതയിലാണ്. വായനക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗുകളുമായി വരികള്‍ വീണ്ടും വരും.വായനക്കാരുടെ പ്രോത്സാഹനവും അഭിപ്രായവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

Monday, May 26, 2014

അഭിപ്രായങ്ങൾ പുഷ്പവൃഷ്ടിയല്ല..കരിങ്കല്ലുകൊണ്ടുള്ള ഏറും !!.


ബ്ലോഗ്‌ എഴുതാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. ബ്ലോഗിനെ ഗൌരവമായി കാണുകയും, സൃഷ്ടികള്‍ കൂടുതല്‍ പേര്‍ വായിക്കുകയും തന്നിലുറങ്ങികിടക്കുന്ന സര്‍ഗ്ഗചേതനയെ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ഇ-എഴുത്തുകാരും. എഴുത്തിനെ കൂടുതല്‍ മികവുറ്റതാക്കണം എന്ന ആഗ്രഹം കൊണ്ടാണ് അതൊരു തുറന്ന ചര്‍ച്ചക്ക്  വിധേയമാക്കാന്‍  കമന്റ് ബോക്സ് തുറന്നുവെക്കുന്നത്. ക്രിയാത്മകമായ അഭിപ്രായവും, വിമര്‍ശനവും തീര്‍ച്ചയായും എഴുത്തിന്‍റെ ഗ്രാഫ് ഉയര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ,ബ്ലോഗിനെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ രചനയിലെ പോസിറ്റീവും, നെഗറ്റീവും ചൂണ്ടികാണിക്കുമ്പോള്‍ ചിലരെങ്കിലും അതിനെ ശരിയായ  അര്‍ത്ഥത്തിലെടുക്കാതെ അഭിപ്രായം പറയുന്നവര്‍ക്ക് നേരെ തിരിയുന്നത് ആരോഗ്യകരമായ പ്രവണതയായി കാണാന്‍ കഴിയില്ല.

നര്‍മ്മത്തിന് വേണ്ടി നര്‍മ്മമെഴുതാതെ സ്വാഭാവിക നര്‍മ്മം കൊണ്ട് വായനക്കാരെ കയ്യിലെടുക്കുക എന്നത് ഒരു ചെറിയകാര്യമല്ല. മലയാള ബ്ലോഗിന്‍റെ പ്രതാപകാലത്ത് അത്തരം ധാരാളം രചനകള്‍ ബ്ലോഗുകളില്‍ വന്നിരുന്നു. അതിനെല്ലാം ധാരാളം വായനക്കാരുമുണ്ടായിരുന്നു, എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വ്യാപകമായതോടെ നര്‍മ്മമായാലും, കഥയായാലും പൂര്‍ണ്ണതയെത്താതെ അവയെല്ലാം വാളില്‍ പുറം തള്ളുന്നു. ജീവിതം പറഞ്ഞു തന്നത് എന്ന ബ്ലോഗില്‍ പ്രദീപ്‌ നന്ദനം എഴുതിയ "കാട്ടാളനും വേട്ടക്കാരനും" ആദ്യാവസാനം വരെ ചിരിയുടെ രസച്ചരട് വിട്ടുപോവാതെ പറഞ്ഞു പോവുന്ന ബാല്യകാല അനുഭവമാണ്.

വ്യതസ്തമായ ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തുന്നു . കാഴ്ചയുള്ളവരുടെ ലോകത്ത് കാഴ്ചയില്ലാതെ ശബ്ദത്തെ സ്നേഹിച്ച റഷീദിന്‍റെ മറക്കാത്തപാട്ടുകള്‍ എന്ന ബ്ലോഗാണിത്. അനുഗ്രഹീത ശബ്ദം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന റഷീദ് ആലപിച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ കൂട്ടുകാരുടെ സഹായത്തോടെ ഈ ബ്ലോഗില്‍ കൂടി ഇനി മുതല്‍ കേള്‍ക്കാവുന്നതാണ്.
തിരിച്ചറിവ് എന്ന കഥ മുനീര്‍ ഇബ്രാഹിമിന്‍റെ തരികിടബ്ലോഗില്‍ നിന്നാണ്. കഥയേക്കാള്‍ അനുഭവകുറിപ്പായി തോന്നിയ ഈ കഥ കൈകാര്യം ചെയ്യുന്നത് പ്രവാസത്തിലെ നേര്‍കാഴ്ച്ചകളാണ്. അക്ഷരതെറ്റുകളും വാക്കുകള്‍ വേറിട്ട്‌ എഴുതിയതും കഥയുടെ വായനാസുഖം കുറക്കുന്നുണ്ട്  എങ്കിലും ഈ കഥയില്‍ കൂടി കഥാകാരന്‍ നല്‍കുന്ന സന്ദേശം സാധാരണ കഥകളില്‍നിന്നും അല്‍പ്പം വേറിട്ട്‌ നില്‍ക്കുന്നു.

മഴ, പ്രണയം, കണ്ണുനീര്‍ ഇവയെ കുറിച്ചല്ലാതെ സ്ത്രീകള്‍ക്ക് ഒന്നും പറയാനില്ലേ എന്നൊരിക്കല്‍ ഒരു ചര്‍ച്ചയില്‍ അഭിപ്രായം കണ്ടിരുന്നു, ഈ കഥ അതിനുള്ള  ഒരു ചെറിയ മറുപടിയാണ് എന്ന് പറയാം.അധികമാരും കൈകാര്യം ചെയ്യാത്ത ഒരു വിഷയമെടുത്തു ഈ കഥ ശ്രദ്ധേയമാക്കുകയാണ്  പത്മശ്രീ നായര്‍ സ്വവര്‍ഗ്ഗനിര്‍വേദത്തിലൂടെ.ലെസ്ബിയന്‍സിന്‍റെ കഥപറയുന്ന ഇതിലെ  അവസാനഭാഗം കഥയ്ക്ക് മങ്ങലേല്‍പ്പിച്ചു എങ്കിലും കഴിഞ്ഞവാരം സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ഒരു ചര്‍ച്ചക്ക് ഈ കഥ വഴിവെച്ചു.

ജയ്സല്‍മേടിലെക്കുള്ള  യാത്രാവിവരണമാണ് മായാകാഴ്ച്ചകള്‍ ബ്ലോഗിലെ സ്വര്‍ണ്ണക്കാഴ്ചകള്‍. കൊട്ടാരങ്ങളുടെ നാടായ രാജസ്ഥാനിലെ ജയ്സ്ല്‍മേടിലെ  മണല്‍കൂനകളില്‍ തീര്‍ത്ത ഈ സ്വര്‍ണ്ണകൊട്ടാരങ്ങളിലേക്ക് വായനക്കാരേ കൂട്ടികൊണ്ട്പോവുന്നതിനോടൊപ്പം അതിന്‍റെ ചരിത്രപശ്ചാത്തലവും, ശാപഭൂമി എന്നറിയപ്പെടുന്ന കുല്‍ധാരയെകുറിച്ചുള്ള ഐതിഹ്യവുമൊക്കെയായി  ഈ യാത്രാവിവരണം വേറിട്ട്‌ നില്‍ക്കുന്നു.

സലിം എടക്കുനി എഴുതിയ മരണത്തിന്‍റെ മാലാഖ എന്ന ചെറുകഥ അവതരണ ശൈലികൊണ്ടും കഥാ പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. മരണമെന്ന സത്യത്തെ നിസ്സംഗമായി നോക്കികാണുന്ന ഖാദര്‍  എന്ന കഥാപാത്രത്തെ  കഥാവസാനവും മനസ്സില്‍ തങ്ങിനിര്‍ത്തുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു  എന്ന് പറയാം.

മൂന്നാറിന്‍റെ സൌന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഇങ്ങിനെയൊരു യാത്രപോവണം എന്ന് ഈ വിവരണം വായിക്കുമ്പോള്‍ തോന്നിപ്പോവും. പത്ത് മൈല്‍ ദൂരം കാല്‍ നടയായി മൂന്നാറിനെ ആസ്വദിച്ച വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്  ദേശാടകന്‍ ബ്ലോഗില്‍. വിവരണത്തെക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ സംസാരിക്കുന്ന ഒരു യാത്രാവിവരണവും അനുഭവകുറിപ്പും.



ആസ്സാമിലെ കാസിരംഗയിലേക്ക് നടത്തിയ യാത്രയാണ് ഒരു സ്വപ്നാടകന്‍റെ ദര്‍ശനങ്ങളിലെ "ബ്രഹ്മപുത്രയുടെ തീരത്ത്" . മനോഹരമായ ഒരു യാത്രാവിവരണം നല്‍കിയ കുറിപ്പ് പക്ഷെ അധികമാരും  കണ്ടില്ല എന്ന് തോന്നുന്നു.ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ഈ ബ്ലോഗില്‍ വന്ന ഈ യാത്രാവിശേഷം യാത്രാപ്രേമികള്‍ക്ക്  ഇഷ്ടമാവും.

കാശ് കൊടുത്തു കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാന്‍ മടി കാണിക്കാത്ത മലയാളി ചക്കയോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിനെ കുറിച്ചാണ് തച്ചനാട്ടുകര ഗ്രാമത്തില്‍ ശിവപ്രസാദിന്‍റെ ലേഖനം. ചക്കയുടെ ഗുണവശങ്ങളെക്കുറിച്ച് മാത്രമല്ല ചക്കകൊണ്ടുള്ള വിവിധ പലഹാരങ്ങളെയും പാചക വിധിയെയും കുറിച്ച് പ്രതിപാദിക്കുന്നു ഇവിടെ.

ലളിതമായി വായിച്ചു പോയ കഥയാണ് സ്വര്‍ണ്ണമയി ബ്ലോഗിലെ തിരിവ് എന്ന കഥ. മിനിക്കഥയുടെ ചട്ടകൂടില്‍ ഒതുങ്ങിനിന്ന് ഒഴുക്കോടെ വായിച്ചു പോവാന്‍ ഈ കഥയ്ക്ക് കഴിയുന്നു. ഹൃദയസ്പര്‍ശിയായ ഒന്ന് എന്ന് ഈ കഥയെ വിലയിരുത്താന്‍ കഴിയില്ല എങ്കിലും ഈ ബ്ലോഗിലെ മറ്റു
കഥകളില്‍ നിന്നും മികച്ചു നില്‍ക്കുന്നു എന്ന് പറയാം . അധികമാരും എത്തിപെടാത്ത ഈ ബ്ലോഗിലേക്ക് വായനക്കാരുടെ ശ്രദ്ധയും പ്രോത്സാഹനവും ക്ഷണിക്കുകയാണ്.

മലയാളം ബ്ളോഗെഴുത്ത് രംഗത്ത് വലിയ മാന്ദ്യം അനുഭവപ്പെട്ട രണ്ട് ആഴ്ചകളാണ് കടന്നു പോയത്. ബ്ളോഗെഴുത്തിനെ മറ്റ് സോഷ്യൽ മീഡിയകൾ നിഷ്പ്രഭമാക്കുകയാണോ എന്ന തോന്നലുളവാക്കുന്ന രീതിയിൽ ഫെയിസ് ബുക്ക് പോലുള്ള മീഡിയകളിൽ മലയാളഭാഷ സജീവമായിരുന്നു. ബ്ളോഗെഴുത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന പലരും , ബ്ളോഗുകൾ വിട്ട് മറ്റ് മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്ന രീതി അവലംബിക്കുന്നതാണ് ഈയ്യിടെയായി കാണുന്നത്.  മലയാളം ബ്ളോഗെഴുത്ത് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇതിനിടയിലും  സജീവമായി നിന്ന ബ്ളോഗുകളെ അഭിനന്ദിക്കുന്നു. അവയിൽനിന്ന് തിരഞ്ഞെടുത്ത ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ അവതരിപ്പിച്ചത്. ഞങ്ങളുടെ ശ്രദ്ധയിൽ പെടാതെപോയ നല്ല രചനകൾ ഇനിയും ഉണ്ടാവാം. അത്തരം രചനകളെക്കുറിച്ചറിയുന്ന മാന്യവായനക്കാർ അവയെക്കുറിച്ചുള്ള  നിരീക്ഷണങ്ങളും, ലിങ്കുകളും കമന്റ് കോളത്തിൽ നൽകി ഈ ലേഖനം പൂർണമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil