Saturday, January 25, 2014

"ഞാ​ൻ, എന്‍റെ ബ്ലോഗ്‌..."

കനപ്പെട്ട പോസ്റ്റുകള്‍ അധികമില്ലാതെ കടന്നുപോയ ദിനങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ ബ്ലോഗുകളില്‍. എങ്കിലും ഇ-ലോകത്തുനിന്നും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗര്‍മാരുടെ കഥകളും കവിതകളും പുസ്തകരൂപത്തില്‍ ഇറങ്ങി എന്നത്. ഇ-വായന ഇല്ലാത്തവര്‍ക്ക്ബ്ലോഗര്‍മാരുടെ എഴുത്തിന്റെ സാന്നിധ്യം അറിയാനും അവരുടെ എഴുത്തിനെ വിലയിരുത്താനും ഇത്തരം ശ്രമങ്ങളാല്‍ സാധ്യമാവും. ബ്ലോഗുകളില്‍ക്കൂടി എഴുതിത്തെളിഞ്ഞവര്‍ അച്ചടിയിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുമ്പോള്‍ ഇ-എഴുത്തിനെ രണ്ടാംകിട എഴുത്തായി കാണുന്നവര്‍ക്കുള്ള നല്ലൊരു മറുപടി കൂടിയാവുകയാണ് ഇത്തരം സംരംഭങ്ങള്‍. ബ്ലോഗര്‍മാര്‍ക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങള്‍.

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം 2014 ജനുവരി 19 ന്  തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്നു. ശ്രീ.മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍) ആയിരുന്നു അധ്യക്ഷന്‍. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ശ്രീ. ടി ആര്‍ ചന്ദ്രദത്ത് എച്ച്മുക്കുട്ടിയുടെ 'അമ്മീമ്മക്കക്കഥകള്‍', ശ്രീ. വി.ആര്‍.സന്തോഷിനു നല്‍കി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുഞ്ഞൂസിന്റെ 'നീര്‍മിഴിപ്പൂക്കള്‍' (കഥകള്‍)  ശ്രീ രാജു റാഫേല്‍, ശ്രീമതി സബീന പൈലിക്ക് നല്‍കിയും റെയ്നി ഡ്രീംസിന്റെ 'അഗ്നിച്ചിറകുകള്‍' (കഥകള്‍) ശ്രീ മണിലാല്‍, ശ്രീമതി പ്രസന്ന ആര്യനു നല്‍കിയും പ്രകാശിപ്പിച്ചു. ബ്ലോഗേഴ്സിന്റെ കഥാസമാഹാരമായ ' ഭാവാന്തരങ്ങ'ളുടെ പ്രകാശനം നടത്തിയത് ശ്രീ. ശിവന്‍ കരാഞ്ചിറയാണ്. ശ്രീ ലിജു സേവ്യര്‍ പുസ്തകം ഏറ്റുവാങ്ങി. ശ്രീ കുഴൂര്‍ വിത്സണ്‍ 'ചിരുകകള്‍ ചിലയ്ക്കുമ്പോള്‍' എന്ന കവിതാസമാഹാരം കലാവല്ലഭനു നല്‍കി പ്രകാശനം പൂര്‍ത്തിയാക്കി. എഴുത്തുകാരുടെ മറുപടിപ്രസംഗത്തിനു ശേഷം ശ്രീ. ഫൈസല്‍ പകല്‍ക്കുറി, ശ്രീ. വിജയകുമാര്‍ ടി.ജി. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുഴൂര്‍ വിത്സണ്‍ കവിത ചൊല്ലി ചടങ്ങിന് മാറ്റുകൂട്ടി. മൂന്നു പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്ത റഫീക്കിന് വിഡ്ഢിമാന്‍ ഉപഹാരം നല്‍കി. കുഞ്ഞൂസ് സ്വാഗതവും ലീല എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു. നൂറിലേറെ ബ്ലോഗര്‍മാരുടെ സാന്നിധ്യം ചടങ്ങില്‍ ഉണ്ടായിരുന്നു. (കടപ്പാട് - സീയെല്ലെസ്). എച്ച്മുക്കുട്ടിയുടെ 'അമ്മീമ്മക്കക്കഥകള്‍'ക്ക്   ശ്രീ. ചന്തു നായര്‍ എഴുതിയ അവതാരികയും  ശിവകാമിയുടെ പുസ്തക പരിചയപ്പെടുത്തലും  ഈ പുസ്തകത്തെക്കുറിച്ചറിയാന്‍ കൂടുതല്‍ സഹായകമാവും.

പോയ വാരത്തില്‍ പുതിയ ബ്ലോഗ്‌ പോസ്റ്റുകളുടെ സാന്നിധ്യം കുറവായിരുന്നു എങ്കിലും വായനയില്‍ തങ്ങിനില്‍ക്കുന്ന ഏതാനും പോസ്റ്റുകള്‍ ഇവിടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു.

ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ നന്നായി നിരീക്ഷണം നടത്തുമ്പോള്‍ അതൊരുപക്ഷേ നല്ലൊരു കഥയിലേക്ക് വഴികാട്ടിയായേക്കാം. ചില കഥകള്‍ മനസ്സില്‍ വായനയ്ക്കുശേഷവും  തങ്ങിനില്‍ക്കുന്നതും ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ട് കഥ മെനയുമ്പോഴാണ്‌. അന്നാ തുലാവര്‍ഷ സന്ധ്യയില്‍ എന്ന ബ്ലോഗിലെ അയാള്‍ എന്ന കഥ ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നുമാണ് എന്ന് കഥാകാരന്‍ വിഷ്ണുലാല്‍ പറയുന്നു. സാഹചര്യം കൊണ്ട് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന തടവുപുള്ളിയുടെ തുറന്നുപറച്ചിലാണ് കഥാപ്രമേയം. അധികം വലിച്ചുനീട്ടാതെ ഒതുക്കത്തോടെ പറഞ്ഞപ്പോള്‍ അതൊരു വായനാസുഖമുള്ള കഥയായിമാറുന്നു.

സംഗീതിന്റെ സിനിമായാനം എന്ന ബ്ലോഗിൽ വന്ന മലയാളസിനിമ 2013 ഒരുതിരിഞ്ഞുനോട്ടം എന്ന ലേഖനം പ്രത്യേകം ശ്രദ്ധേയമാണ്. രണ്ടായിരത്തി പതിമൂന്നിൽ ഇറങ്ങിയ മലയാളസിനിമകളെ ഈ ലേഖനത്തിൽ സംഗീത് വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. ഒരു ലേഖനം വായനക്കാർക്ക് വിട്ടുതരുന്നതിനുമുമ്പായി അത് പരമാവധി മികവുറ്റതാക്കാൻ എഴുത്തുകാരൻ പുലർത്തേണ്ട ആത്മസമർപ്പണത്തിന്റെ നല്ല ഉദാഹരണമാണ് ഈ ലേഖനം. ബ്ലോഗെഴുതുന്നവർ പുലർത്തേണ്ട നല്ല മാതൃകകൾ ഇത്തരം ലേഖനങ്ങളാണ്. 'പാപ്പിലിയോ ബുദ്ധ' പോലുള്ള ചില സിനിമകളെ ഈ ലേഖനത്തിൽ ചർച്ച ചെയ്യാതിരുന്നത് ചെറിയൊരു ന്യൂനതയായി പറയാനാവും. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ വായിക്കേണ്ട ഒരു ലേഖനം.  

ഒരു ബ്ലോഗ് പോസ്റ്റിൽ പുലർത്തേണ്ട വസ്തുനിഷ്ഠമായ സമീപനത്തിന്റേയും, പഠനത്തിന്റേയും ഉദാഹരണമായി മറ്റൊരു ബ്ലോഗ് കൂടി പരിചയപ്പെടുത്തുന്നു. റോബിയുടെ ലോക സിനിമയുടെവർത്തമാനം എന്ന ബ്ലോഗ് വായിക്കാതിരിക്കുന്നത് ഒരു നഷ്ടം തന്നെയാണ്. 

"ഇവനെ ഒന്ന് ശ്രദ്ധിച്ചോളൂ. എ കെ 47 തോറ്റുപോകും. ഒരു കവിയുടെ വളര്‍ച്ചയ്ക്കായിരിയ്ക്കാം നാം സാക്ഷ്യം വഹിക്കുന്നത്." മലയാളം ബ്ലോഗുകളെ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അജിത് കുമാറിന്റേതാണ് ഈ വാക്കുകൾ. തിരിവുകളിൽ ഒരുറെയിൽവേ ട്രാക്ക് എന്ന ബ്ലോഗിലെ കവിതകൾ വായിക്കുമ്പോൾ വാക്കിന്റെ വക്കുകളിൽ ചോര കിനിയുന്നതും അക്ഷരം അഗ്നിയായി മാറുന്നതും നാമറിയും. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ എഴുതുന്ന നിദർശ് രാജ് മലയാളകവിതയിലെ പുതിയ വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. കൗമാരക്കാരനായ ഈ കവി സ്വയം വിശേഷിപ്പിക്കുന്നത് നോക്കുക - "2001 ജനുവരി 4നു എടപ്പാൾ ആസ്പത്രിയിൽ ഒരു നവയുഗത്തിനു തുടക്കം കുറിച്ചുകൊണ്ട് ജനനം. (എന്റേതുമാത്രമായ ഒരു യുഗം. അതെന്നവസാനിക്ക്വോ എന്തോ?)13 വയസ്സിനുമുൻപേ ബ്ലോഗ്ഗിങ്ങ് തുടങ്ങിയ ആദ്യ മനുഷ്യൻ ഞാനാണെന്നാണെന്റെ വിശ്വാസം. (ഇനി വേറെയാരെങ്കിലുമാണെങ്കിലോ? നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ ആരാണ്ട് പറഞ്ഞിട്ട്ള്ളേ?) കവിതയെഴുത്ത് എന്ന ദുശ്ശീലത്തിന് പതിനൊന്നാം വയസ്സുമുതൽ അടിപ്പെട്ടു. ഇപ്പോൾ ആതവനാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം തരത്തിൽ പയറ്റുന്നു." തിരിവുകളിൽ ഒരു റെയിൽവേ ട്രാക്കിലേക്ക് ഒരു സന്ദർശനം വെറുതെയാവില്ല.

ബ്ലോഗ്‌ എഴുതുന്നവര്‍ക്കും പുതുതായി ബ്ലോഗിലേക്ക് വരുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഏരിയല്‍ ഫിലിപ്പിന്റെ ബ്ലോഗ്‌ എഴുത്തുകാർ അവശ്യം പാലിക്കേണ്ടഅറിഞ്ഞിരിക്കേണ്ട ചില നിബന്ധനകൾ: അഥവാ ബ്ലോഗെഴുത്തിലെ പത്തു കൽപ്പനകൾ  എന്ന കുറിപ്പ്. ബ്ലോഗിലെ സജീവ സാന്നിദ്ധ്യമായ ഏരിയല്‍ ഫിലിപ്പ്, ബ്ലോഗിംഗിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന ഒരു ബ്ലോഗറാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രമകരമായതും  ഏറെ വിജ്ഞാനം നല്‍കുന്നതുമായ ഈ ലേഖനം അദേഹത്തിന്‍റെ ബ്ലോഗിലെ മികച്ച കുറിപ്പുകളില്‍ ഒന്നായി കണക്കാക്കാം.

ടൂറിസം മാപ്പില്‍ സ്ഥാനം നേടാതെ കിടക്കുന്ന ഒരു പാട് സ്ഥലങ്ങളുണ്ട്. അഗ്നിപര്‍വ്വത സ്ഫോടനം മൂലമുണ്ടായ ഗര്‍ത്തമാണ് സൌദി അറേബ്യയിലെ വഹ്ബ ക്രേറ്റര്‍. ടൂറിസം പ്രൊമോഷനില്‍ അധികം ശ്രദ്ധ ചെലുത്താത്തതിനാലാവാം മരുഭൂമിയിലെ ഈ മഹാത്ഭുതം അധികമാരും ശ്രദ്ധിക്കാതെ പോയത്. അവിടേക്ക് ജിദ്ധയിലെ ബ്ലോഗര്‍മാര്‍ നടത്തിയ യാത്ര, വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര സാധാരണ യാത്രാവിവരണങ്ങളില്‍ നിന്നും ഏറെ വേറിട്ടുനില്‍ക്കുന്നു. ഒരു വേള, ജീവിതത്തിനും മരണത്തിനുമിടയ്ക്ക് പൊരുതേണ്ടി വന്ന യാത്രികരില്‍ ഒരാളായ ശിഹാബിന്റെ അനുഭവം നെഞ്ചിടിപ്പോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. പതിവുള്ള  ആനുകാലികവിഷയങ്ങളില്‍ നിന്നും മാറി  വള്ളിക്കുന്ന് ബ്ലോഗിലെ വേറിട്ടൊരു വായനാനുഭവം.  

"മറ്റ്‌ മീനുകളെപ്പോലെയല്ല
പൊരിക്കുമ്പോഴാണ്‌
മത്തിയുടെ ആത്മാവ്‌ പറന്നുപോകുക."  

പൊരിച്ച മത്തി ഇഷ്ടമല്ലാത്തവര്‍ ചുരുങ്ങും. അതുപോലെയാണ് മുഹമ്മദ്‌ ഷാഫിയുടെ ദര്‍പ്പണത്തിലെ കവിതകളും. 'ക്രിസ്പി' എന്ന് പറഞ്ഞാല്‍ അര്‍ത്ഥം മതിയാവാത്തവര്‍ക്ക് നല്ല മലയാളത്തില്‍ 'കരുമുരാ' എന്ന് പറയാം. കവിത വായിച്ചാല്‍ മനസ്സിലാവില്ല എന്ന് തല ചൊറിഞ്ഞുകൊണ്ട് ആരും ഇവിടെ നിന്ന് തിരികെവരുമെന്ന് തോന്നുന്നില്ല. അത്രത്തോളം ലളിതവും, യാഥാര്‍ത്ഥ്യവുമായി ഉള്‍ച്ചേര്‍ന്നുനില്‍ക്കുന്നതുമായ വരികളാണ് ഈ ബ്ലോഗിലെ കവിതകളില്‍. നല്ലവനായ അയല്‍ക്കാരാ എന്ന കവിതയും പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു.

ബാലമനസ്സുകളിലേക്ക് നല്ല സന്ദേശങ്ങൾ എത്തിക്കുന്നതും, അവരെ സമൂഹത്തിന് ഉതകുന്ന നല്ല വ്യക്തികളായി വാർത്തെടുക്കാൻ കഴിയുന്നതും, അതോടൊപ്പം കുട്ടികൾക്ക് വായിക്കാൻ താൽപ്പര്യം തോന്നുന്ന ലളിതമായ ഭാഷയിൽ എഴുതിയതും ആയിരിക്കണം കുട്ടികൾക്കുള്ള സർഗ്ഗസൃഷ്ടികൾ. ബാലമനസ്സുകളെ അറിഞ്ഞെഴുതിയ വർഷിണി വിനോദിനിയുടെ ഇത്തിരിക്കുട്ടിത്തരങ്ങളിലെ സമയം എന്ന ബാലകഥ ഏറെ മികച്ചുനിൽക്കുന്നു. മലയാളത്തിന്റെ ബാലസാഹിത്യശാഖയിൽ മുതൽക്കൂട്ടാവേണ്ടവ തന്നെയാണ് ഈ ബ്ലോഗിലെ രചനകള്‍.

വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ വാക്കുകളില്‍ വരച്ചിടാന്‍ സമര്‍ത്ഥയാണ് റീമ അജോയ്. ആലിപ്പഴങ്ങളിലെ കവിതകള്‍ക്ക്‌ ഭാവാന്തരങ്ങള്‍ ഏറെയാണ് പലപ്പോഴും. ചേര്‍ന്നിരിക്കലുകള്‍ എന്നാല്‍ എത്രത്തോളം ഇഴചേരലാണെന്ന് നാമറിയുന്നത് അതിലൊരു നല്ല ഭാഗം അടര്‍ന്നുവീഴുമ്പോഴാണ്. ഏകാന്തതയുടെ അര്‍ത്ഥം നൊമ്പരം എന്നത് മാത്രമാണെന്നും അത് അത്രമേല്‍ ഭീകരവും ദുസ്സഹവുമാണെന്നും നിസ്സംഗതയുടെ മേലാവരണത്തിനടിയില്‍ തിളയ്ക്കുന്ന ആത്മാക്കള്‍ നാം തന്നെയാവുന്നതുവരെ തിരിച്ചറിയില്ല പലപ്പോഴും നാം. ഈ നൊമ്പരം പകരുന്ന കവിതയാണ് ഇന്നലെയും ഇന്നും.

ശില്പവുമായി ശില്പിക്ക് തോന്നുന്ന ആത്മബന്ധം പല കഥകള്‍ക്കും വിഷയമായിട്ടുള്ളതാണ്. അതിന്റെ ചുവടുപിടിച്ചുതന്നെയാണ് എങ്കിലും രണ്ടാം പകുതിയില്‍ വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് ഡാനിഷ് കെ. ഡാനിയലിന്റെ DKD എന്ന ബ്ലോഗിലെ ശില്‍പ്പി എന്ന കഥ. ബൈബിളിന്റെ പശ്ചാത്തലവുമായി ചേര്‍ത്തിണക്കിയപ്പോള്‍ കഥയ്ക്ക് വ്യത്യസ്തമായ മാനങ്ങള്‍ കൈവരുന്നു. കൈവിട്ടുപോകുന്ന മനസ്സിന്റെ ഭാവങ്ങള്‍ ചിത്രീകരിക്കുന്നതിലും കഥാകൃത്ത്‌ വിജയിച്ചിട്ടുണ്ട്.

ആറുവര്‍ഷങ്ങള്‍ക്കിടയില്‍ പബ്ലിഷ് ചെയ്ത അനേകം നല്ല പോസ്റ്റുകള്‍ നിറഞ്ഞ ബ്ലോഗാണ് റാം മോഹന്‍ പാലിയത്തിന്റെ സ്വയംബ്ലോഗം. വിഷയം എന്തുമാവട്ടെ, റീഡബിലിറ്റി എന്നൊരു സംഭവം ഉണ്ടാവണമല്ലോ, അക്കാര്യത്തില്‍ നിരാശപ്പെടേണ്ടിവരില്ല ഈ ബ്ലോഗില്‍ എത്തിയാല്‍. ഈ എഴുത്തുകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍, പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നതത്രേ. ചില പുഞ്ചിരികളും പൊട്ടിച്ചിരികളും മാത്രമല്ല, തേങ്ങലുകളും ലേഖനങ്ങളും കുറിപ്പുകളും അനുഭവങ്ങളും, ഒരേസമയം രസകരവും ഇന്‍ഫര്‍മേറ്റീവുമായ എല്ലാം വായനയ്ക്ക് വയ്ക്കപ്പെടുന്നുണ്ട് ഇവിടെ.

എകാന്തതയും ബലഹീനതയും ചേര്‍ന്ന് നിലത്തേയ്ക്ക് പിടിച്ചുവലിച്ചിടുന്ന വാര്‍ധക്യവും, കരുതാനും കാത്തിരിക്കാനും ആരുമില്ലാതെ പോകുമ്പോള്‍ നൊമ്പരപ്പെടുന്ന അമ്മമനസ്സുകളും... ആശയത്തില്‍ വലിയ പുതുമയൊന്നും ഇല്ലെങ്കിലും തരക്കേടില്ലാത്ത അവതരണം കൊണ്ട് വിരസമാവാത്ത വായന സമ്മാനിക്കുന്നു, പ്രസന്ന ആര്യന്റെ മറുനാടന്‍ പ്രയാണിലെ താമരപ്പൂക്കളുടെ വീട്. "ഇടയിലേക്ക് കടന്നു വരാന്‍ ആരുമില്ലാത്തപ്പോള്‍ ഉരുകിയൊലിക്കാനുളളതേ ഒരമ്മയ്ക്കും മകനുമിടയില്‍ ഉണ്ടാവുള്ളു". കഥയുടെ ആ ഭാഗത്ത്‌ എത്തുമ്പോള്‍ ഈ പ്രസ്താവന എത്ര വാസ്തവമാണെന്ന് ചിന്തിച്ചുപോകും. കഥാനായികയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ കൂടിയാവാം ആ അമ്മമനസ്സിനോട് തോന്നുന്ന സഹഭാവത്തിനു കാരണം. ശരാശരി നിലവാരം എപ്പോഴും പുലര്‍ത്തുന്ന കഥകളാണ് ഈ ബ്ലോഗിലുള്ളത്.

കഥകളും കവിതകളും മാത്രമായി ബ്ലോഗിനെ ഒതുക്കാതെ വിജ്ഞാനപ്രദമായ മേഖലകളിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന ബ്ലോഗാണ് അക്ഷരശാസ്ത്രം. സംസ്കൃതഭാഷയെക്കുറിച്ച് അറിവ് നല്‍കുന്നതോടൊപ്പം ഭാഷാസ്നേഹികള്‍ക്കും ഈ ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ ബ്ലോഗ്‌ നല്ലൊരു വഴികാട്ടിയാവും.

സൈബർ സ്പേസിൽ എഴുതുന്നവർ പലരും സമാഹാരങ്ങൾ ഇറക്കാൻ അച്ചടിമാധ്യമങ്ങളെ ആശ്രയിക്കുന്നതുകാണാം. എന്നാൽ സൈബർസ്പേസിൽത്തന്നെ ഉന്നതനിലവാരം പുലർത്തുന്ന കവിതകളുടെ ഒരു സമാഹാരം ഇറങ്ങിയത് നല്ല ഒരു മാതൃകയാണ്. കവിതകളുടെ e-പുസ്തകം എന്ന കാവ്യസമാഹാരത്തിലെ കവിതകളിലേക്ക് ഞങ്ങൾ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ബ്ലോഗുകളിൽ മികച്ച കവിതകൾ എഴുതുന്ന പല കവികളും ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നത് പൊറുക്കാവുന്ന ഒരു ന്യൂനതയാണെങ്കിലും, ഈ സമാഹാരം നല്ല കവികളിലേയ്ക്കുള്ള നല്ലൊരു വഴികാട്ടിയാണ്.

ഞാന്‍, എന്‍റെ ബ്ലോഗ്‌, എനിക്ക് ഇഷ്ടമുള്ളത് എഴുതും വേണമെങ്കില്‍ വായിച്ചാല്‍ മതി, എന്ന രീതിയില്‍ എഴുത്തിനെ സമീപിക്കുന്നവരുടെ എണ്ണം അല്പമെങ്കിലും കുറഞ്ഞുവരുന്നുണ്ട് എന്നത്‌ ആശ്വാസം പകരുന്ന ഒന്നാണ്. പലരും  വായിക്കുന്നത് വായനയോടുള്ള താല്പര്യം കൊണ്ട് മറ്റുപലതിനുമുള്ള സമയം മാറ്റിവെച്ചിട്ടാവും. നല്ലൊരു കഥ എഴുതി അക്ഷരത്തെറ്റുകള്‍ ധാരാളമായി വരുത്തിവച്ചാല്‍ തീര്‍ച്ചയായും വായനക്കാര്‍ക്ക് അവിടേയ്ക്കുള്ള തുടര്‍വരവ് മുഷിച്ചിലുണ്ടാക്കും. ഏറ്റവും ചുരുങ്ങിയത് ബ്ലോഗിന് കൊടുക്കുന്ന തലക്കെട്ടിലെങ്കിലും അക്ഷരത്തെറ്റുകള്‍ വരാതിരിക്കട്ടെ.

ഏവര്‍ക്കും നല്ലൊരു വായനാവാരം ആശംസിക്കുന്നു.  

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

Saturday, January 11, 2014

പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍...


എഴുത്തുകാരന്‍ എഴുതുന്നെങ്കിലും ഒരു രചനയുടെ ഭാവി നിര്‍ണ്ണയിക്കുന്നത് വായനക്കാരാണ്. ഒരര്‍ത്ഥത്തില്‍ എഴുത്തുകാരനാണോ വായനക്കാരനാണോ കൂടുതല്‍ പ്രാധാന്യം എന്ന സംശയം തന്നെ വന്നുപോകാം. ഒരാളും വായിക്കാനില്ലാതെ മഹത്തായി എഴുതിയിട്ടെന്തു കാര്യമാണുള്ളത്മാര്‍ക്കറ്റിംഗ് ഒരു ഘടകം മാത്രമാണ്. എന്നാല്‍  പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലികള്‍ ഫ്ലൈറ്റ്‌ പിടിച്ചും വരും എന്നല്ലേ. അതുപോലെ തിളക്കമുള്ള രചനകള്‍ക്ക് എന്നും വായനക്കാരുണ്ടായിട്ടുണ്ട്. എന്നാല്‍ ബഷീറിനെ വായിക്കുന്ന എല്ലാവരും ആനന്ദിനെ വായിക്കണമെന്നില്ല. ആനന്ദിന്റെ ആരാധകര്‍ വികെഎന്നിനെ ഇഷ്ടപ്പെടണമെന്നുമില്ല. ബൂലോകത്തും ചിലതരം വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നവരുണ്ട്. അവര്‍ക്കൊക്കെ അവരുടേതായ നിശ്ചിതവായനക്കാരുമുണ്ട്. വൈവിധ്യമാര്‍ന്ന വിഷയങ്ങളും ശൈലിയും സ്വായത്തമാക്കാന്‍ കഴിയുന്നവര്‍ക്ക്‌ എന്നും വായനക്കാര്‍ ഉണ്ടായിട്ടുണ്ട്. പൊതുവില്‍ നര്‍മ്മം കൈകാര്യം ചെയ്യുന്നവര്‍ക്കാണ് ഡിമാന്‍ഡ് കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞ വാരങ്ങള്‍ ബ്ലോഗ്‌ പോസ്റ്റുകളിലൂടെ സഞ്ചരിച്ചതിനിടയില്‍ കണ്ടെത്തിയ തിളക്കമുള്ള ഏതാനും പോസ്റ്റുകള്‍ പരിചയപ്പെടുത്തുകയാണ് 'വരികള്‍ക്കിടയില്‍'.

കഥയുടെ കിന്നരിത്തലപ്പാവുകള്‍


കഥകളെഴുതുമ്പോള്‍ ചിലര്‍ തീരെ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളുണ്ട്.  തുടക്കവും തുടര്‍ച്ചയും തമ്മിലുള്ള പൊരുത്തക്കേട് ചില കഥകളിൽ കാണാം. ഹൈന്ദവസാഹചര്യത്തില്‍ അമ്മയും മുത്തശ്ശിയുമായി കഥ തുടങ്ങും, കുറച്ചുകഴിയുമ്പോള്‍ കഥാപാത്രം 'പടച്ചോനേ...' എന്ന് വിളിക്കുന്നു, മുത്തശ്ശിയുടെ ചെറുമോന് ചിലപ്പോള്‍ മറ്റൊരു ജാതിയിലെ പേരും. അത് പാടില്ലേ, മിശ്രവിവാഹം എന്തുകൊണ്ട് ആയിക്കൂടാ എന്നൊക്കെ വാദിക്കാന്‍ വേണ്ടി ചോദിക്കാം എന്ന് മാത്രം. പക്ഷെ വായനയില്‍ കല്ലുകടിയായി തോന്നും ഇങ്ങനെ ചിലത്.

വളരെ കുറച്ചു കഥകള്‍ മാത്രമാണ് ഉള്ളതെങ്കിലും പ്രമേയങ്ങളുടെ പുതുമ കൊണ്ടും അവതരണഭംഗി കൊണ്ടും വേറിട്ടുനില്‍ക്കുന്നു അനശ്വരയുടെ കണ്ണാടി എന്ന ബ്ലോഗ്‌. ഏറെ കാലത്തിനുശേഷം ഈ ബ്ലോഗില്‍ വന്ന മഴ പെയ്യുന്നെതെങ്ങിനെ?? എന്ന കഥ ആശയഭംഗിയില്‍ മികച്ചത് തന്നെ. എന്നാല്‍ വായനയില്‍ വളരെവേഗം തീര്‍ന്നുപോയതുപോലെ തോന്നി അത്. കഥാകാരി എഴുത്തില്‍നിന്ന് കുറച്ചുകാലം വിട്ടുനിന്നതുകൊണ്ടാണോ എന്നറിയില്ല. ഒരുപക്ഷേ വ്യത്യസ്തങ്ങളായ രണ്ടുകഥകളായി എഴുതാമായിരുന്ന തീമുകൾ ഉള്‍ക്കൊണ്ടിട്ടുണ്ട് ഈ കഥയില്‍ .

സോഷ്യല്‍മീഡിയയിലെ ഫെമിനിസ്റ്റ്‌ പൊള്ളത്തരങ്ങള്‍ പലരും പല
രീതിയിലും പറഞ്ഞിട്ടുണ്ടെങ്കിലും നല്ലൊരു കഥയായി ഒഴുക്കോടെ വായിക്കാന്‍ കഴിയുന്നുണ്ട് ഇലഞ്ഞിപ്പൂക്കളുടെ ഇലഞ്ഞിമരത്തണലിലെ  ഫെമിനിസ്റ്റ്‌ ബീവ്യാത്തയില്‍ . ആവശ്യത്തിലേറെ പൊലിപ്പിച്ചുകാണിക്കപ്പെടുമ്പോള്‍ "പുരുഷനെന്നാല്‍ ഇതൊക്കെയാണെന്ന് വായിച്ചു മനസ്സിലാക്കി പുരുഷവിദ്വേഷികളാവുന്ന പെണ്‍കുട്ടികളും പുരുഷനെക്കുറിച്ച് സ്ത്രീകൾ ഇങ്ങിനെയേ മനസ്സിലാക്കൂവെന്ന് കരുതി സ്ത്രീവിദ്വേഷികളാവുന്ന ആണ്‍കുട്ടികളും" അടങ്ങുന്ന പുതിയ തലമുറയെപ്പറ്റിയുള്ള ആശങ്ക ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഒപ്പം ഹൃദ്യമായ ഒരു ഓര്‍മ്മക്കുറിപ്പ്‌പോലെ ശക്തമായ ഒരു പെണ്‍കഥ പറഞ്ഞുപോകുന്നുമുണ്ട് ഇവിടെ. ഫേസ്‌ബുക്കില്‍ ശ്രദ്ധിക്കപ്പെടാന്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഒന്ന് ഫെമിനിസം ആണെന്ന ഇന്നിന്റെ ഒരു സത്യവും ആക്ഷേപഹാസ്യരൂപേണ കഥാകാരി പറയുമ്പോള്‍ 'ശെടാ... അത് ശരിയാണല്ലോ' എന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോകും വായനക്കാര്‍ .


മനുഷ്യനും മൃഗവും തമ്മിലുള്ള പാരസ്പര്യം അതീവലളിതമായി എന്നാൽ ഹൃദയത്തിൽ സ്പർശിക്കുന്ന വിധത്തിൽ പറഞ്ഞ ഒരു നല്ല അനുഭവവിവരണമാണ് നളിനകുമാരിയുടെ നളിനദളങ്ങളിലെ ഇവൻഎന്റെ പ്രിയ ബ്രൂണോ. മൃഗങ്ങളുമായുള്ള മാനസികബന്ധത്തെപ്പറ്റിയെഴുതിയാല്‍ വായിക്കാന്‍ പൊതുവില്‍ താല്പര്യം കാണിക്കാറില്ല പലരും. എന്നാല്‍ വിവരണഭംഗി കൊണ്ട് ഈ കുറിപ്പ്‌ ശ്രദ്ധേയമാവുന്നു.

കുറഞ്ഞ വരികള്‍മതി ചിലപ്പോള്‍ കൂടുതല്‍ ചിന്ത നല്‍കാന്‍ .
നർമത്തിൽ പൊതിഞ്ഞ അത്തരത്തിലുള്ള ഒരു മിനിക്കഥയാണ് വിഷ്ണു ഹരിദാസ് എഴുതിയ കാറും കൂട്ടുകാരനും കല്യാണവും. ചിരിക്കൊപ്പം ചില ചിന്തകൾകൂടി ഈ കഥ സമ്മാനിക്കുന്നു. 




ഒരു പുഞ്ചിരിയോ നൊമ്പരമോ അവശേഷിപ്പിക്കാന്‍ പ്രാപ്തമായ കഥകളാണ് മിക്കപ്പോഴും നല്ല കഥ എന്ന ഗണത്തില്‍ പെടുക. അങ്ങനെയെങ്കില്‍, നല്ല കഥ എന്ന് നിസ്സംശയം പറയാന്‍ കഴിയും, ഫയലുകൾക്കിടയിൽ വിതുമ്പുന്ന മനുഷ്യദുഃഖങ്ങൾ വായിക്കാനറിയാത്ത ബ്യൂറോക്രസിയുടെ മുഖം ലളിതമായ ഭാഷയിൽ പകർത്തിയ ധനലക്ഷ്മി പി.വിയുടെ മധുരനെല്ലി ബ്ലോഗിലെ എൽ 2 സെക്ഷൻ എന്ന കഥ. പകുതിയോളം എത്തുമ്പോള്‍ത്തന്നെ ക്ലൈമാക്സ് ഊഹിക്കാന്‍ കഴിയുമെങ്കിലും അവതരണമികവും ഉചിതമായ വാക്കുകളുടെ കോര്‍ത്തിണക്കലും ഈ കഥയെ വേറിട്ടുനിര്‍ത്തുന്നു.

കവിതയിലും കഥയില്ലായ്മകളോ??


അര്‍ത്ഥത്തിനു വേണ്ടി ഈണം മറക്കുന്ന കവിതകളെ ഗദ്യകവിതകളുടെ ഇനത്തില്‍പ്പെടുത്തിയും നമുക്ക് ആസ്വദിക്കാന്‍ കഴിയും. എന്നാല്‍ ഈണത്തിനുവേണ്ടി അര്‍ത്ഥത്തെ ബലി കഴിക്കുന്നത്‌ സഹിക്കാന്‍ പറ്റില്ല. ഉദാഹരണമായി ഈ വരികള്‍ നോക്കൂ,

ചോരയാണെന്‍കുടില്‍
നനഞ്ഞു കുതിരയാണെന്നമ്മ
പാറ്റയാണെന്‍ ചേട്ടത്തി
അപ്പം തേങ്ങയാണെന്നച്ഛന്‍

(ഒരു റിയാലിറ്റി ഷോയില്‍ കേട്ടത്)

ഇങ്ങനെ എഴുതുന്നവരെ കല്ലെറിഞ്ഞോടിക്കാനല്ല, ചുറ്റിക എടുത്ത്‌ തലയ്ക്കടിച്ചുകൊല്ലാന്‍ തോന്നിയാലും അത്ഭുതമില്ല!!!. . ബ്ലോഗില്‍ കവികളുടെ എണ്ണം കൂടുതലുമാണ്. ഒരാശയകണം മതി കവിതയെഴുതാന്‍ എന്നതുകൊണ്ടാവണം ഇത്. അതിന് വൃത്തം പോയിട്ട് ഈണമോ താളമോ പോലും വേണമെന്നുമില്ലല്ലോ.

സാധാരണയായി കണ്ടുവരുന്ന കാവ്യഭാഷയിൽ നിന്നും, സംവേദന

മാതൃകകളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ എഴുത്താണ് അനുരാജിന്റെ ഇരുൾ നിലാവിലെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. മലയാള കവിതയിൽ ആധുനികതയുടെ പ്രഭവകാലത്ത് കാവ്യഭാഷയിലും, പ്രമേയത്തിലും പുതുമകൾ തേടിയ എൻ.വി കൃഷ്ണവാര്യരുടെ കൊച്ചുതൊമ്മൻ പോലുള്ള കവിതകളെ ഓർമ്മപ്പെടുത്തുന്നു ഇവിടെയുള്ള കാവ്യഭാഷ. എം.എൻ പാലൂരിന്റേയും ചെമ്മനം ചാക്കോയുടേയുമൊക്കെ കാവ്യവഴികളിലൂടെ സൈബർ കാലത്ത് ഒരു കവി നടന്നടുക്കുന്നു എന്ന് ഈ കവിതകളെപ്പറ്റി പറയാനാവും. ഈ ബ്ലോഗിലെ  കവിതയായ വീടുപണിക്കൊരു പണി എന്ന കവിത ഏകദേശം ഒരു വർഷം മുമ്പെഴുതിയ 'ഞാൻ വീടു പൊളിച്ചു പണിയണമോ' എന്ന കവിതയുടെ തുടർച്ചയായി വായിക്കാവുന്നതാണ്.
                                         
ഗോപൻ കുമാറിന്റെ ആത്മദളങ്ങൾ എന്ന ബ്ലോഗിൽ വന്ന ഭാവസാന്ദ്രമായ കവിതയാണ് അവിചാരിതം. എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിക്കുന്ന നിയതിയുടെ നിയോഗങ്ങളെക്കുറിച്ച് ഈ കവിത വായനക്കാരെ ഓർമ്മപ്പെടുത്തുന്നു.

ഉറുമ്പ് ഒരു കഥാപാത്രമായി എത്തുന്നതും എത്താത്തതുമായ
കവിതകളുടെ ശേഖരമാണ് ചോണനുറുമ്പിന്റെ ഉറുമ്പിന്റെ ലോകം. വൃത്തവും ഈണവും ഇല്ലെങ്കിലും ആസ്വാദ്യമാണ് ഗദ്യകവിതയുടെ ലോകം എന്നതിന് നല്ലൊരു തെളിവാണ് ഈ ബ്ലോഗിലെ കവിതകള്‍ . 


തന്റെ ചുറ്റുവട്ടത്തും,കണ്ണുകള്‍ എത്തുന്നിടത്തുമെല്ലാം എഴുത്തിന് വിഷയം കണ്ടെത്തും പ്രഗല്‍ഭരായ എഴുത്തുകാര്‍ .ഡോ. മനോജ്‌ കുമാറിന്റെ വെള്ളനാടന്‍ ഡയറിയിലെ പാറാവുകാരന്‍ എന്ന കവിത എഴുത്തിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. ബൂലോകം.കോം എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ എഴുത്തുകാര്‍ക്കായി പ്രഖ്യാപിക്കുന്ന അവാര്‍ഡ്‌ ഇത്തവണ നേടിയതും ഡോ. മനോജ്‌ തന്നെയാണ്. 'വരികള്‍ക്കിടയില്‍' ആശംസകള്‍ നേരുന്നു.


ലേഖനം, യാത്രാവിവരണം

ഏറെ നാളുകൾക്കുശേഷം  വേണുഗോപാലിന്റെ തുഞ്ചാണിയിൽ വന്ന പുതിയ പോസ്റ്റാണ് ചേമ്പിലക്കുടയും തെക്കൻകാറ്റും... സ്കൂൾ വിദ്യാഭ്യാസകാലത്തിലേക്കും ഗുരുനാഥന്മാരിലേക്കും ഓർമ്മകളിലൂടെ മടക്കയാത്ര നടത്തുന്ന ഈ രചന, ഒരു ദേശത്തിന്റെ പെരുമയായി മാറിയ പെരിങ്ങോട് ഹൈസ്കൂളിനും അവിടെ മാതൃകാപരമായ ജീവിതം നയിച്ച ഗുരുനാഥന്മാർക്കുമുള്ള എഴുത്തുകാരന്റെ പ്രണാമസമർപ്പണമാണ്.

ചരിത്രപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ബ്ലോഗുകൾ കുറവാണ്.
ചരിത്രലേഖനങ്ങൾ വായിക്കാൻ വായനക്കാരും കുറവാണ്. പൊതുവെ ചരിത്രത്തിന് മാർക്കറ്റ് കുറവാണെന്നറിഞ്ഞിട്ടും ശ്രീക്കുട്ടൻ തന്റെ ബ്ലോഗായ അമ്പട പുളുസുവിൽ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് എഴുതാനാരംഭിച്ച ലേഖനത്തിന് വായനക്കാരുണ്ട്. ഫ്രീ തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നടന്ന ഒരു ചർച്ച ക്രോഡീകരിച്ച് സച്ചിൻ കെ.എസ് തയ്യാറാക്കിയ പി.ഡി.എഫ് നോട്ടുകളും, മറ്റ് റഫറൻസുകളും അവലംബമാക്കി എഴുതുന്ന ചരിത്രലേഖനം ശ്രദ്ധേയമാണ്.

കൃത്രിമമായി നിര്‍മ്മിച്ചെടുത്ത വിനോദസഞ്ചാരസ്ഥലങ്ങളെക്കാള്‍
മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുക പ്രകൃതിയൊരുക്കുന്ന കാഴ്ചകളായിരിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയിലേക്കാണ് മുല്ല വായനക്കാരെ കൊണ്ടുപോകുന്നത്. സൈറിംഗ്സ് എന്ന ബ്ലോഗിലെ അതിശയക്കാറ്റ് എന്ന യാത്രാവിവരണം പ്രകൃതിരമണീയത കൊണ്ട് അനുഗ്രഹീതമായ തെങ്കാശിയുടെ മടിത്തട്ടിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.
 
രണ്ടായിരത്തി നാല് ഡിസംബറിൽ ഒരുപാട് നാശം വിതച്ച

സുനാമിക്ക് തൊട്ടുമുന്‍പ്‌ ആ സ്ഥലത്ത് പോയ സാജൻ വി എസ് അനുഭവങ്ങൾ പങ്കുവെക്കുന്നു കാഴ്ചക്കാരന്‍ എന്ന ബ്ലോഗിലെ ഓര്‍മ്മകളില്‍ ഒരു സുനാമി ദിനം എന്ന പോസ്റ്റിലൂടെ. പൊതുവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗ്‌ വിഷയവൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്.

തെങ്കാശിയുടെ മനോഹരക്കാഴ്ചകളില്‍ നിന്നും അജേഷ് നമ്പ്യാര്‍

വായനക്കാരെ ക്ഷണിക്കുന്നത് ഹിമാലയ സാനുക്കളിലേക്കാണ്. യാത്ര ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാവും ഹിമാലയ ദര്‍ശനം. അത്തരം യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു റഫറന്‍സ് പോലെ വായിക്കാവുന്ന വിവരണമാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്ലോഗിലെ ഹിമവാന്റെ സ്വര്‍ഗ്ഗഭൂമിയിലേക്ക് എന്ന വിവരണം. ആരെയും ആശ്രയിക്കാതെ ആര്‍ക്കും ഹിമാലയത്തിലേക്ക് ഒരു യാത്ര നടത്താം എന്ന് തെളിയിച്ച അജേഷിന്റെ സാഹസിക യാത്രാവിവരണം ശ്രദ്ധിക്കപ്പെടെണ്ടതാണ്.

ചാലിയാര്‍ ബ്ലോഗില്‍ ഇടവേളക്ക് ശേഷം വന്ന യാത്രാകുറിപ്പ്

ആയിരുന്നു ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര. ഗള്‍ഫ് എന്ന ആഡംബരത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പുതപ്പ് മൂടി പുറംമോടിയില്‍ കിടക്കുമ്പോഴും മണലാരണ്യത്തിന്റെ വേറിട്ടൊരു മുഖം കാണിക്കുകയാണ് അക്ബര്‍ അലി ഈ യാത്രാകുറിപ്പില്‍ . സൌദി അറേബ്യയുടെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഒരുള്‍ഗ്രാമത്തിലേക്ക് ഒരവധിക്കാലത്ത് നടത്തിയ യാത്രാനുഭവം, അവതരണരീതി കൊണ്ടും ഭാഷാശൈലി കൊണ്ടും ഏറെ മികച്ചു നില്‍ക്കുന്നു.  ഈ വിവരണം ഈ ലക്കം മഴവില്ല് ഓണ്‍ലൈന്‍ മാസികയിലും വന്നിട്ടുണ്ട്.

സഹൃദയരായ വായനക്കാരുടെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ മൂലമാവാം, തികച്ചും ആശ്വാസകരം എന്ന് പറയാവുന്ന ഒരു കാര്യം ബൂലോകത്ത് സംഭവിച്ചിട്ടുള്ളത് അക്ഷരത്തെറ്റുകള്‍ കഴിയുന്നത്ര തിരുത്തപ്പെടുന്നുണ്ട് എന്നതാണ്. അശ്രദ്ധ കൊണ്ട് വന്നുചേരുന്ന തെറ്റുകള്‍ ധാരാളമായി കാണുന്നില്ല എന്നതിനാല്‍ വായന കൂടുതല്‍ സുഖകരമാവുന്നുണ്ട്. നല്ല വായന കൂടുതലായി സംഭവിക്കുമ്പോള്‍ എഴുത്തില്‍ വരാവുന്ന തെറ്റുകള്‍ താനേ കുറയുകയും ചെയ്യും. ഫേസ്‌ബുക്കിലെ കൂട്ടായ്മയായ നല്ല മലയാളം എന്ന ഗ്രൂപ്പ്‌ സാധാരണ എഴുത്തില്‍ കണ്ടുവരാനിടയുള്ള  തെറ്റുകള്‍ തിരുത്തിനല്‍കാന്‍ കഴിവുള്ള വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ  സ്വന്തം രചനകള്‍ വായനയ്ക്കും വിലയിരുത്തലിനും  സമര്‍പ്പിക്കുന്ന ഈ നല്ല പ്രവണത വരുംനാളുകളില്‍ കൂടുതല്‍ ഭംഗിയായി തുടര്‍ന്നുപോകാന്‍ നമുക്ക് കഴിയട്ടെ. 

നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്ന ബ്ലോഗര്‍ പുണ്യാളന്റെ ഓര്‍മ്മകളുടെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
  
  തയ്യാറാക്കിയത്  -  സോ ണി പ്രദീപ്‌ കുമാര്‍ , ഫൈസല്‍ ബാബു