ബ്ലോഗ് എഴുതാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. ബ്ലോഗിനെ ഗൌരവമായി കാണുകയും, സൃഷ്ടികള്‍ കൂടുതല്‍ പേര്‍ വായിക്കുകയും തന്നിലുറങ്ങികിടക്കുന്ന സര്‍ഗ്ഗചേതനയെ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ഇ-എഴുത്തുകാരും. എഴുത്തിനെ കൂടുതല്‍ മികവുറ്റതാക്കണം എന്ന ആഗ്രഹം കൊണ്ടാണ് അതൊരു തുറന്ന ചര്‍ച്ചക്ക് വിധേയമാക്കാന്‍ കമന്റ് ബോക്സ് തുറന്നുവെക്കുന്നത്. ക്രിയാത്മകമായ അഭിപ്രായവും, വിമര്‍ശനവും തീര്‍ച്ചയായും എഴുത്തിന്‍റെ ഗ്രാഫ് ഉയര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ,ബ്ലോഗിനെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ രചനയിലെ പോസിറ്റീവും, നെഗറ്റീവും ചൂണ്ടികാണിക്കുമ്പോള്‍ ചിലരെങ്കിലും അതിനെ ശരിയായ അര്‍ത്ഥത്തിലെടുക്കാതെ അഭിപ്രായം പറയുന്നവര്‍ക്ക് നേരെ തിരിയുന്നത് ആരോഗ്യകരമായ പ്രവണതയായി കാണാന്‍ കഴിയില്ല.
നര്‍മ്മത്തിന് വേണ്ടി നര്‍മ്മമെഴുതാതെ സ്വാഭാവിക നര്‍മ്മം കൊണ്ട് വായനക്കാരെ കയ്യിലെടുക്കുക എന്നത് ഒരു ചെറിയകാര്യമല്ല. മലയാള ബ്ലോഗിന്‍റെ പ്രതാപകാലത്ത് അത്തരം ധാരാളം രചനകള്‍ ബ്ലോഗുകളില്‍ വന്നിരുന്നു. അതിനെല്ലാം ധാരാളം വായനക്കാരുമുണ്ടായിരുന്നു, എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വ്യാപകമായതോടെ നര്‍മ്മമായാലും, കഥയായാലും പൂര്‍ണ്ണതയെത്താതെ അവയെല്ലാം വാളില്‍ പുറം തള്ളുന്നു. ജീവിതം പറഞ്ഞു തന്നത് എന്ന ബ്ലോഗില്‍ പ്രദീപ് നന്ദനം എഴുതിയ "കാട്ടാളനും വേട്ടക്കാരനും" ആദ്യാവസാനം വരെ ചിരിയുടെ രസച്ചരട് വിട്ടുപോവാതെ പറഞ്ഞു പോവുന്ന ബാല്യകാല അനുഭവമാണ്.
വ്യതസ്തമായ ഒരു ബ്ലോഗ് പരിചയപ്പെടുത്തുന്നു . കാഴ്ചയുള്ളവരുടെ ലോകത്ത് കാഴ്ചയില്ലാതെ ശബ്ദത്തെ സ്നേഹിച്ച റഷീദിന്‍റെ മറക്കാത്തപാട്ടുകള്‍ എന്ന ബ്ലോഗാണിത്. അനുഗ്രഹീത ശബ്ദം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന റഷീദ് ആലപിച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ കൂട്ടുകാരുടെ സഹായത്തോടെ ഈ ബ്ലോഗില്‍ കൂടി ഇനി മുതല്‍ കേള്‍ക്കാവുന്നതാണ്.
തിരിച്ചറിവ് എന്ന കഥ മുനീര്‍ ഇബ്രാഹിമിന്‍റെ തരികിടബ്ലോഗില്‍ നിന്നാണ്. കഥയേക്കാള്‍ അനുഭവകുറിപ്പായി തോന്നിയ ഈ കഥ കൈകാര്യം ചെയ്യുന്നത് പ്രവാസത്തിലെ നേര്‍കാഴ്ച്ചകളാണ്. അക്ഷരതെറ്റുകളും വാക്കുകള്‍ വേറിട്ട് എഴുതിയതും കഥയുടെ വായനാസുഖം കുറക്കുന്നുണ്ട് എങ്കിലും ഈ കഥയില്‍ കൂടി കഥാകാരന്‍ നല്‍കുന്ന സന്ദേശം സാധാരണ കഥകളില്‍നിന്നും അല്‍പ്പം വേറിട്ട് നില്‍ക്കുന്നു.
മഴ, പ്രണയം, കണ്ണുനീര്‍ ഇവയെ കുറിച്ചല്ലാതെ സ്ത്രീകള്‍ക്ക് ഒന്നും പറയാനില്ലേ എന്നൊരിക്കല്‍ ഒരു ചര്‍ച്ചയില്‍ അഭിപ്രായം കണ്ടിരുന്നു, ഈ കഥ അതിനുള്ള ഒരു ചെറിയ മറുപടിയാണ് എന്ന് പറയാം.അധികമാരും കൈകാര്യം ചെയ്യാത്ത ഒരു വിഷയമെടുത്തു ഈ കഥ ശ്രദ്ധേയമാക്കുകയാണ് പത്മശ്രീ നായര്‍ സ്വവര്‍ഗ്ഗനിര്‍വേദത്തിലൂടെ.ലെസ്ബിയന്‍സിന്‍റെ കഥപറയുന്ന ഇതിലെ അവസാനഭാഗം കഥയ്ക്ക് മങ്ങലേല്‍പ്പിച്ചു എങ്കിലും കഴിഞ്ഞവാരം സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ഒരു ചര്‍ച്ചക്ക് ഈ കഥ വഴിവെച്ചു.
ജയ്സല്‍മേടിലെക്കുള്ള യാത്രാവിവരണമാണ് മായാകാഴ്ച്ചകള്‍ ബ്ലോഗിലെ സ്വര്‍ണ്ണക്കാഴ്ചകള്‍. കൊട്ടാരങ്ങളുടെ നാടായ രാജസ്ഥാനിലെ ജയ്സ്ല്‍മേടിലെ മണല്‍കൂനകളില്‍ തീര്‍ത്ത ഈ സ്വര്‍ണ്ണകൊട്ടാരങ്ങളിലേക്ക് വായനക്കാരേ കൂട്ടികൊണ്ട്പോവുന്നതിനോടൊപ്പം അതിന്‍റെ ചരിത്രപശ്ചാത്തലവും, ശാപഭൂമി എന്നറിയപ്പെടുന്ന കുല്‍ധാരയെകുറിച്ചുള്ള ഐതിഹ്യവുമൊക്കെയായി ഈ യാത്രാവിവരണം വേറിട്ട് നില്‍ക്കുന്നു.
സലിം എടക്കുനി എഴുതിയ മരണത്തിന്‍റെ മാലാഖ എന്ന ചെറുകഥ അവതരണ ശൈലികൊണ്ടും കഥാ പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. മരണമെന്ന സത്യത്തെ നിസ്സംഗമായി നോക്കികാണുന്ന ഖാദര്‍ എന്ന കഥാപാത്രത്തെ കഥാവസാനവും മനസ്സില്‍ തങ്ങിനിര്‍ത്തുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു എന്ന് പറയാം.
മൂന്നാറിന്‍റെ സൌന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഇങ്ങിനെയൊരു യാത്രപോവണം എന്ന് ഈ വിവരണം വായിക്കുമ്പോള്‍ തോന്നിപ്പോവും. പത്ത് മൈല്‍ ദൂരം കാല്‍ നടയായി മൂന്നാറിനെ ആസ്വദിച്ച വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ദേശാടകന്‍ ബ്ലോഗില്‍. വിവരണത്തെക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ സംസാരിക്കുന്ന ഒരു യാത്രാവിവരണവും അനുഭവകുറിപ്പും.
ആസ്സാമിലെ കാസിരംഗയിലേക്ക് നടത്തിയ യാത്രയാണ് ഒരു സ്വപ്നാടകന്‍റെ ദര്‍ശനങ്ങളിലെ "ബ്രഹ്മപുത്രയുടെ തീരത്ത്" . മനോഹരമായ ഒരു യാത്രാവിവരണം നല്‍കിയ കുറിപ്പ് പക്ഷെ അധികമാരും കണ്ടില്ല എന്ന് തോന്നുന്നു.ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ഈ ബ്ലോഗില്‍ വന്ന ഈ യാത്രാവിശേഷം യാത്രാപ്രേമികള്‍ക്ക് ഇഷ്ടമാവും.
കാശ് കൊടുത്തു കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാന്‍ മടി കാണിക്കാത്ത മലയാളി ചക്കയോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിനെ കുറിച്ചാണ് തച്ചനാട്ടുകര ഗ്രാമത്തില്‍ ശിവപ്രസാദിന്‍റെ ലേഖനം. ചക്കയുടെ ഗുണവശങ്ങളെക്കുറിച്ച് മാത്രമല്ല ചക്കകൊണ്ടുള്ള വിവിധ പലഹാരങ്ങളെയും പാചക വിധിയെയും കുറിച്ച് പ്രതിപാദിക്കുന്നു ഇവിടെ.
ലളിതമായി വായിച്ചു പോയ കഥയാണ് സ്വര്‍ണ്ണമയി ബ്ലോഗിലെ തിരിവ് എന്ന കഥ. മിനിക്കഥയുടെ ചട്ടകൂടില്‍ ഒതുങ്ങിനിന്ന് ഒഴുക്കോടെ വായിച്ചു പോവാന്‍ ഈ കഥയ്ക്ക് കഴിയുന്നു. ഹൃദയസ്പര്‍ശിയായ ഒന്ന് എന്ന് ഈ കഥയെ വിലയിരുത്താന്‍ കഴിയില്ല എങ്കിലും ഈ ബ്ലോഗിലെ മറ്റു
കഥകളില്‍ നിന്നും മികച്ചു നില്‍ക്കുന്നു എന്ന് പറയാം . അധികമാരും എത്തിപെടാത്ത ഈ ബ്ലോഗിലേക്ക് വായനക്കാരുടെ ശ്രദ്ധയും പ്രോത്സാഹനവും ക്ഷണിക്കുകയാണ്.
മലയാളം ബ്ളോഗെഴുത്ത് രംഗത്ത് വലിയ മാന്ദ്യം അനുഭവപ്പെട്ട രണ്ട് ആഴ്ചകളാണ് കടന്നു പോയത്. ബ്ളോഗെഴുത്തിനെ മറ്റ് സോഷ്യൽ മീഡിയകൾ നിഷ്പ്രഭമാക്കുകയാണോ എന്ന തോന്നലുളവാക്കുന്ന രീതിയിൽ ഫെയിസ് ബുക്ക് പോലുള്ള മീഡിയകളിൽ മലയാളഭാഷ സജീവമായിരുന്നു. ബ്ളോഗെഴുത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന പലരും , ബ്ളോഗുകൾ വിട്ട് മറ്റ് മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്ന രീതി അവലംബിക്കുന്നതാണ് ഈയ്യിടെയായി കാണുന്നത്. മലയാളം ബ്ളോഗെഴുത്ത് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇതിനിടയിലും സജീവമായി നിന്ന ബ്ളോഗുകളെ അഭിനന്ദിക്കുന്നു. അവയിൽനിന്ന് തിരഞ്ഞെടുത്ത ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ അവതരിപ്പിച്ചത്. ഞങ്ങളുടെ ശ്രദ്ധയിൽ പെടാതെപോയ നല്ല രചനകൾ ഇനിയും ഉണ്ടാവാം. അത്തരം രചനകളെക്കുറിച്ചറിയുന്ന മാന്യവായനക്കാർ അവയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും, ലിങ്കുകളും കമന്റ് കോളത്തിൽ നൽകി ഈ ലേഖനം പൂർണമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com
ഫേസ്‌ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
ഫേസ്‌ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil