Saturday, January 24, 2015

പുതുവർഷമെഴുതാൻ തുടങ്ങുന്ന മലയാളം...

ഓർക്കാനും,ഓമനിക്കാനും, മറക്കാനും പലതും അവശേഷിപ്പിച്ച് ഒരുവർഷം കൂടി കടന്നുപോയി. സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്തില്‍ ബ്ലോഗെഴുത്തിന് ക്ഷീണം സംഭവിക്കുന്നു എന്നത് കഴിഞ്ഞ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ ബ്ളോഗെഴുത്ത് പിറകോട്ടുപോയോ?എങ്കില്‍ എന്തായിരിക്കും അതിനുള്ള കാരണം -  ഈ വിഷയത്തിൽ മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പിൽ ഒരു ചർച്ച സംഘടിപ്പിക്കുകയുണ്ടായി.   ബ്ളോഗെഴുത്തിനെ ഗൗരവമായി കാണുന്ന പലരും  പ്രതികരിച്ചത് അവരുടെ വാക്കുകളിൽ  വരികൾക്കിടയിൽ ഇവിടെ വായനക്ക് വെക്കുകയാണ്.

നാമൂസ് പെരുവള്ളൂർ: ( :നാമൂസിന്റെ തൌദാരം പഴയപോലെ അത്ര വായന ഇപ്പോ (ബ്ലോഗിൽ) ഇല്ല. എങ്കിലും അപൂർവ്വമായി ചിലത്‌ വായിക്കുന്നുണ്ട്‌. അതിൽ കഥകളും കവിതകളും ഉൾപ്പെടും. അങ്ങനെ വായിച്ചവയിൽ പെട്ടെന്നോർമ്മയിലേക്ക്‌ വന്ന ഈ വർഷത്തെ നല്ല കഥകൾ ചുവടെ  ചേർക്കുന്നു. ധനലക്ഷ്മിച്ചേച്ചിയുടെ എൽ 2 സെക്ഷൻ /പ്രദീപ്‌ കുമാർ മാഷിന്റെ രാധാകൃഷ്ണൻ തെയ്യം / റാംജിയുടെ ഒട്ടകം/ മനോജ്‌ ഡോക്ടർ'ടെ വീനസ്‌ ഫ്ലൈ ട്രാപ്‌/ എച്ച്മുക്കുട്ടിയുടെ ആനന്ദദാനത്തിന്റെ ഇളവുകോലുകൾ/ ശേയത്തയുടെ അരിമ്പാറകൾ പൂക്കുന്ന മുഖം/സിയാഫിന്റെ പന്തലാസ/നസീമ നസീറിന്റെ ഹണ്ട്‌ ആന്റ്‌ ഫിഫ്‌.... ഇവ ഓരോന്നും വ്യത്യസ്തങ്ങളായ കാരണങ്ങളാൽ എനിക്കിഷ്ടപ്പെട്ട വായനകളാണ്‌.  
  
Mariyam Fazal: (ഹോം മേക്കേഴ്സ് വേള്‍ഡ് ) ബ്ലോഗില്‍ സജീവമാകണമെന്ന് അതിയായ ആഗ്രഹമുണ്ട്.ഒരു കാലത്ത് ബൂലോകം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. സ്നേഹം നിറഞ്ഞ ഒരുപാട് നല്ല സൌഹൃദങ്ങൾ ബ്ലോഗ്‌ സമ്മാനിച്ചു.ലോകം മുഴുവൻ കൂട്ടുകാരുണ്ടായി..അതൊക്കെ ബ്ലോഗിങ്ങ് നല്കിയ സുകൃതങ്ങളാണ്.

Chandu Nair: (ആരഭി) വളരെ വേദനയുണ്ട്. വിഷമവും.ബ്ലോഗുകളിൽ വായനക്കാർ കുറവാണ്. ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളുടെ മലവെള്ളപ്പാച്ചിലിൽ പലബ്ലോഗുകളിലും പലർക്കും എത്താൻ കഴിയുന്നില്ല . ചിലർമാത്രം വന്ന് പോകുന്നു. ഞാൻ ചില ബ്ലോഗുകൾ (പലരുടേയും) ഫെയ്സ് ബുക്കിൽ ഷെയർ ചെയ്യാറുണ്ട്. അവിടെയും ആളുകൾ എത്തുന്നില്ല. നമുക്ക് ഇത് പുനരുദ്ധരിക്കണ്ടേ?കുറേ നല്ല ബ്ലോഗുകൾ വായിക്കാൻ പറ്റി.ഈ അടുത്ത കാലത്ത് വായിച്ച നല്ലൊരു കഥ ഞാൻ ഷെയർ ചെയ്തിരുന്നു. അത് വായിച്ച് കമന്റിട്ടവർ 13 പേർ മാത്രം!!.

Muralee Mukundan:(ബിലാത്തിപട്ടണം)  വായനയും , എഴുത്തും മലയാളത്തിൽ ഇപ്പോൾ കൂടിയിട്ടേ ഉള്ളൂ... അവയെല്ലാം സൈബർ മാധ്യമങ്ങളിലൂടെയാണെന്ന് മാത്രം ...! പിന്നെ ലണ്ടനിലുള്ള ഒരു മലയാള കൂട്ടായ്മ ‘ഓൺ-ലൈൻ വായനയെ / എഴുത്തിനെ കുറിച്ച് കഴിഞ്ഞ മാസം ഒരു ചർച്ച  സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം യു.കെയിലുള്ളവരും , പോയവരുമായ മലയാളം സൈബർ ലോകത്തുള്ളവരെയെല്ലാം അന്ന് ഞങ്ങൾ തിരഞ്ഞ് നോക്കുകയും ചെയ്തു.അതിൽ ഒട്ടുമിക്കവരും ഇന്നും  സജീവമായിത്തന്നെ  അവരവരുടെ ഗൂഗിൾ പ്ലസ് , ഫേസ് ബുക്ക് , ട്വിറ്റർ മുതൽ അനേകം ഇടങ്ങളിൽ ഇടപഴകി കൊണ്ടിരിക്കുന്നവരാണ്.

Abid Areacode: (മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍..)
 2006 മുതൽ ബൂലോകത്തുള്ള ഒരു വ്യക്തിയാണ് ഞാൻ.ഔദ്യോഗിക തിരക്കുകൾ കാരണം കൂടുതൽ പോസ്റ്റുകൾ വായിക്കാൻ സമയം കിട്ടാറില്ല എങ്കിലും ഇന്നും ബ്ലോഗ് സജീവമായി തുടരുന്നു.ബ്ലോഗർമാർ പലരും ഫേസ്ബുക്കിൽ ആറാടാൻ തുടങ്ങിയതോടെ ബ്ലോഗിങ്ങിൽ നിന്നും അപ്രത്യക്ഷരായി.ഞാൻ ഫേസ്ബുക്കിൽ സജീവമല്ലാത്തതിനാൽ ബ്ലോഗിംഗ് തുടരുന്നു!!! പണ്ടത്തെ അപേക്ഷിച്ച് വായനക്കാർ കൂടി എങ്കിലും കമന്റ് ചെയ്യാൻ മടിയന്മാരാണ് ഇന്നുള്ളവർ. ഫേസ്ബുക്കിൽ ഒരു ലൈക്ക് അടിച്ച് സിംഗ്‌ൾ ക്ലിക്കിൽ സംഗതി കഴിയും എന്നതിനാൽ ബൂലോകത്തെ നീളൻ പോസ്റ്റുകൾ വായിച്ച് സമയം കളയാനോ കമന്റ് ചെയ്യാനോ പലരും തയ്യാറാകുന്നില്ല എന്നതാണ് ബൂലോകം വരണ്ട് തുടങ്ങാൻ കാരണം. ആഴ്ചയിൽ ഒരു പോസ്റ്റ് എങ്കിലും ഇട്ട് സ്വന്തം ബ്ലോഗുകൾ സജീവമാക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാൽ ബൂലോകം വീണ്ടും സജീവമാകും എന്നാണ് എന്റെ അഭിപ്രായം.


Siyaf Abdulkhadir: (ആമിയുടെ ചിത്ര പുസ്തകം ..) വായനക്കാര്‍ പണ്ടത്തെപ്പോലെ ഇപ്പൊഴും ശുഷ്കമായി തുടരുന്ന ബ്ലോഗ് ആണ് എന്റേത്. ഒരു അമ്പതു കമന്‍റ് ഒക്കെ ആയാല്‍ ഉല്‍സവം ആയിരുന്നു പണ്ട്.ഇപ്പോള്‍ അത് ഇരുപത് ആയി കുറഞ്ഞു. എങ്കിലും ഫേസ്ബുക്കിലും ബ്ലോഗിലും തുടരുന്നു ,എന്തു കൊണ്ടെന്നാല്‍ എഴുതാനറിയാം എന്നെനിക്ക് ബോധ്യം തന്നത് ബ്ലോഗും ഫേസ്ബുക്കുമാണ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കാതെ പോകുന്ന രചനകള്‍ ഇപ്പൊഴും പത്തു പേര്‍ എങ്കില്‍ പത്തു പേര്‍ വായിക്കപ്പെടാന്‍ ഏക ആശ്രയം ബ്ലോഗ് തന്നെ.



Rosili Joy:(റോസാപ്പൂക്കള്‍)  2 013 മുതല്‍ ബ്ലോഗ്‌ വായനക്കാര്‍ കുറഞ്ഞു എന്ന് തന്നെ പറയാം. ഇക്കൊല്ലവും സ്ഥിതിക്ക് വലിയ മാറ്റമില്ല. ബ്ലോഗു വായന കുറച്ചു ആളുകള്‍ മറ്റു സോഷ്യല്‍ മീഡിയകളിലേക്ക് പോയാതാണോ എന്തോ...? 2012 ല്‍ കിട്ടിയിരുന്നതില്‍ പകുതി കമന്റുകളെ ഇപ്പോള്‍ കിട്ടുന്നുള്ളൂ. പക്ഷെ സന്ദര്‍ശകര്‍ ഉണ്ട്.ഫോണ്‍ നെറ്റുപയോഗം വ്യാപകമായതോടെ നീളം കൂടിയ ബ്ലോഗുകള്‍ക്ക്‌ വായിച്ചു കമന്റിടാന്‍ മടിയായോ.അതും അറിയില്ല. പക്ഷെ ഇപ്പോഴും ആദ്യ കാലത്തെ പോലെ ബ്ലോഗില്‍ സജീവമായവരുണ്ട്, സൌഹൃദങ്ങള്‍ കൈവിടാതെ സൂക്ഷിക്കുന്നും ഉണ്ട്. കഴിഞ്ഞ കൊല്ലത്തെ ബൂലോകത്തിന്റെ നഷ്ടമായിരുന്നു മനോരാജ് പോയത്. അതൊരു വിടവായി എന്നും കിടക്കുക തന്നെ ചെയ്യും.കഴിഞ്ഞ കൊല്ലം ചില നല്ല ബ്ലോഗര്‍മാരെ പരിചയപ്പെടാന്‍ സാധിച്ചു. റിയാസ്‌ റഫീക്ക്‌, സുധീര്‍ ദാസ്‌, ശിഹാബ്‌ പാവം വായനക്കാരന്‍ തുടങ്ങിയവര്‍. ഇതില്‍ ശിഹാബ്‌ ഒരു സ്കൂള്‍ കുട്ടിയെന്നത് എന്നെ അതിശയിപ്പിക്കുന്നു.


Sudheer Das:  (സുധീര്‍ദാസ്‌). രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായ ഒരു ആക്‌സിഡന്റിനുശേഷം, മനസ്സും കൂടി തളര്‍ന്നിരിക്കുന്ന സമയത്താണ് ബ്ലോഗ് എന്ന തലത്തെക്കുറിച്ച് ഓണ്‍ലൈനില്‍ വായിക്കുവാനിടവന്നതും ബ്ലോഗിലേക്ക് വന്നതും.ബ്ലോഗ് വായന കുറയുന്നുവെന്നു തോന്നുന്നുവെങ്കില്‍, അതിനര്‍ത്ഥം രചനകളുടെ നിലവാരം കുറഞ്ഞു എന്നു തന്നെയാണ്. നൂറിലും ഇരുന്നൂറിലും അധികം ഫോളോവേഴ്‌സ് ഉള്ള ചില ബ്ലോഗുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സങ്കടം തോന്നും. പുതിയ പോസ്റ്റിട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും കമന്റുകള്‍ ഒന്നോ രണ്ടോ മാത്രം. പുതുമുഖങ്ങളായ റിയാസ് റഫീക്കിന്റേയും മറ്റും ബ്ലോഗില്‍ കമന്റുകളുടെ പ്രളയവും. ആരെയാണ് പഴിക്കുക. അതിനുത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. വായനക്കാരെ സംതൃപ്തിപ്പെടുത്തുവാന്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ തന്നെ ബ്ലോഗിനെ ഹൈലൈറ്റ് ചെയ്യുകയും പ്രൊമോട്ടു ചെയ്യുകയും ചെയ്യും എന്നാണ് എന്റെ വിശ്വാസവും അനുഭവവും. ബ്ലോഗ് സുഹൃത്തുക്കളോട് എനിക്കു പറയുവാനുള്ളത് ഇത്രമാത്രമാണ്. ബ്ലോഗ് എഴുതുന്നത് ഇന്നേയ്ക്കു വേണ്ടിയല്ല, ഭാവിയിലേക്കാണ് എന്നുകരുതി എഴുതുക. തെറ്റുണ്ടെങ്കില്‍ തിരുത്തുവാനും മികവു കൂട്ടുവാനും ശ്രമിച്ചുകൊണ്ടേയിരിക്കണം. മികവുറ്റ രചനകളിലൂടെ ബ്ലോഗ് ലൈവായി നിലനിര്‍ത്തുക. 

Mubeen Hussain:(ദേശാന്തര കാഴ്ചകള്‍) കഴിയുന്നത്‌ പോലെ ബ്ലോഗുകള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്.ഫേസ്ബുക്ക് പോസ്റ്റുകളെക്കാള്‍ കൂടുതല്‍ ബ്ലോഗ് തന്നെയാണ് വായിക്കുന്നത്. എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് മനസ്സിലുള്ളത് കുറിച്ചിടുന്നു. ചിലര്‍ അലസമായി , എന്നാല്‍ ചിലര്‍ വളരെ ആത്മാര്‍ത്ഥമായി തന്നെ എഴുതാറുണ്ട്....

Aarsha Abhilash: (മറക്കാതിരിക്കാനായി മാത്രം ). ബ്ലോഗ്‌ഇന്നും എന്നും കൂടെത്തന്നെ. നാട്ടിലെ വെക്കേഷന്‍ വായനയെ ബാധിച്ചുന്നു പറയാന്‍ പറ്റില്ല, പക്ഷേ മൊബൈലില്‍ നിന്ന് ആയതോണ്ട് കമന്റ്സ്ഇടല്‍ ഇല്ല. ഇനിയൊക്കെ തിരികെ പോയിട്ട്. പുതുവര്‍ഷം ബ്ലോഗുലകത്തിനും പുതുമയാര്‍ന്ന വര്ഷംആകട്ടെ എന്ന്ആഗ്രഹിക്കുന്നു.

Nazeema Nazeer:(തുമ്പി) 2014 ലെ ബ്ലോഗ് ലോകം എന്നെ സംബന്ധിച്ച് നിരാശയുടേതായിരുന്നു. ജീവിത സാഹചര്യങ്ങളിലെ ചില മാറ്റങ്ങള്‍ മൂലം എഴുത്തില്‍നിന്നും ഞാനേറെ ഇഷ്ടപ്പെടുന്ന വായനയില്‍ നിന്നും പിന്തിരിയേണ്ടി വന്ന വര്‍ഷം. എന്റെ ഇഷ്ടപ്പെട്ട പല ബ്ലോഗുകളും സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. 2015 ല്‍ ഞാന്‍ എല്ലാ സാഹചര്യങ്ങളും തിരിച്ചുപിടിക്കുമെന്നാശിക്കുന്നു. ആരൊക്കെ വാള് ചുഴറ്റി വന്നാലും നാമ്മുടെ ബ്ലോഗ്, അക്ഷരങ്ങള്‍കൊണ്ട് പരിച തീര്‍ക്കുക തന്നെ ചെയ്യും.


Joselet Mamprayil Joseph: (*പുഞ്ചപ്പാടം) അത്രമേല്‍ മനസില്‍ താത്പര്യം ഉണരുമ്പോള്‍ മാത്രം എഴുതുക. എന്തെങ്കിലുമൊക്കെ വായിക്കുക എന്ന രീതിയിലേക്ക്മാറ്റപെട്ട വര്‍ഷമാണ്‌2014. ബ്ലോഗിനെ പുനരുദ്ധരിക്കാന്‍ ഓടി നടന്നു വായിക്കുന്നു എന്നൊന്നും ഇല്ല. അങ്ങനെ വായിച്ചാലും അവിടെ എന്തെങ്കിലും വ്യത്യാസം സംഭവിക്കും എന്നെനിക്ക് തോന്നുന്നില്ല. സംതൃപ്തി തരുന്നത് എന്തോ അത് ചെയ്യുക. എങ്കിലും പുസ്തകങ്ങള്‍ വായിക്കാന്‍ മറക്കാറില്ല. 

Refee Muhammed:(Current Affa!rs:).ഈ ഒരു വിഷയത്തിന്മേല്‍ ചര്‍ച്ച തുടങ്ങിയത് അഭിനന്ദനമര്‍ഹിക്കുന്നു. ഞാനൊരു ബ്ലോഗറോ എഴുത്തുകാരനോ അല്ല. വായിക്കാനുള്ള കൊതികൊണ്ടാണ് ഒരു ബ്ലോഗ്‌ തുടങ്ങിയത്. വായിക്കാനും വായിച്ചതിനു കീഴെ അഭിപ്രായം പറയാനും ഇഷ്ടമാണ്. ഫൈസലിന്‍റെ എഴുത്തും സിയാഫിന്റെ കഥകളും പ്രദീപ്‌ കുമാറിന്റെ ചിന്തകളും മുരളീമുകുന്ദന്റെ അനുഭവങ്ങളും ആരിഫ്സൈനിന്റെ ആനുകാലികങ്ങളും നാമൂസിന്റെ തൌദാരവും കണ്ണൂരാന്റെ ഹാസ്യവും പിന്നെ അനേകം എഴുത്തുകാരുടെ രചനകളും കാണാനും വായിക്കാനും ആസ്വദിക്കാനും നിമിത്തമായത് ബൂലോകമാണ്. നന്ദി. 'ഈ' വായനാ ലോകത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചതില്‍ ദൈവത്തെ സ്തുതിക്കുന്നു.


Pradeep Nandanam:(ജീവിതം പറഞ്ഞു തന്നത് ) ബ്ലോഗ്‌ എഴുത്തിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ പലരും എഴുത്തിനെ വേണ്ടത്ര ഗൗരവമായാണോ സമീപിക്കുന്നതെന്ന് സംശയിക്കാറുണ്ട്. എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ഒരുമിച്ചു വരുന്ന ഭാരിച്ച ഉത്തരവാദിത്വം പുസ്തകരചനയിലില്ല, ബ്ലോഗെഴുത്തിലതുണ്ട്. പലരും ഒരൊറ്റയെഴുത്തെഴുതി വായനക്കാരന്റെ മുമ്പിലേയ്ക്ക് ഒരേറാണ്. വാക്കുകളിലെ അക്ഷരത്തെറ്റുകൾ പോലും ശ്രദ്ധിക്കാതെ. വായനക്കാരന്റെ ചുമതലയാണ് ആ അക്ഷരത്തെറ്റുകളിലൂടെ നീന്തി നീന്തി ആ സൃഷ്ടിയുടെ അങ്ങേക്കര പറ്റാൻ. അപ്പോഴേയ്ക്കും വായനക്കാരൻ ക്ഷീണിച്ചു കഴിഞ്ഞിരിക്കും.ഞാനെഴുതുന്നതെല്ലാം കുറഞ്ഞത്‌ ഒരാഴ്ച ഡ്രാഫ്റ്റ് ആയി കിടക്കാറുണ്ട്. പലവട്ടം വായിച്ചു തിരുത്തി മനസ്സിലിട്ടുരുട്ടി ഒരു സംഭ്രമത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പിന്നെപ്പോഴെങ്കിലും ഒരു അക്ഷരത്തെറ്റു കണ്ടാൽ ഒരു തരം നാണക്കേടാണ്.ഭാഷയോടുള്ള ബഹുമാനത്തിൽ നിന്നും സ്വയം തോന്നുന്ന ഒരു നാണക്കേട്. ഈ വർഷം ധാരാളം ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലവയൊക്കെ മനസ്സിനെ തട്ടിയുണർത്തിയിട്ടുമുണ്ട്. വളരെ ഗൗരവത്തോടെ എഴുത്തിനെ സമീപിക്കുന്ന ഒരുപറ്റം ബ്ലോഗ്‌ എഴുത്തുകാരെ പരിചയപ്പെടാൻ കഴിഞ്ഞു എന്നതാണ് ഈ വർഷം കനിഞ്ഞു തന്ന സുകൃതം. അക്കൂട്ടത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്ത വിരലിലെണ്ണാവുന്ന കുറച്ചു പേരും വരും. എഴുതേണ്ടത് എഴുതിയേ തീരൂ. പക്ഷെ എഴുതാൻ വേണ്ടി എഴുതാതിരിക്കുക. എഴുതണമെന്നു മാനസികസമ്മർദ്ദം ഉണ്ടാകുന്നതുവരെ എഴുതാതിരിക്കുക.


Mini Pc:  (ഉള്‍പ്രേരകങ്ങള്‍)മാസം കുറഞ്ഞത് ഒരു രചനയെങ്കിലും ബ്ലോഗില്‍ പോസ്റ്റു ചെയ്യുന്ന ആള്‍ എന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത് ,മനസ്സിന്‍റെ ചോദനകളെ അടക്കിനിര്‍ത്താതെ അലസരാവാതെ എഴുതാന്‍ ശ്രമിയ്ക്കുക.എഴുതിയത് ബ്ലോഗിലിടുക, കഴിയുന്നത്ര ബ്ലോഗുകള്‍ സന്ദര്‍ശിക്കുക .പരസ്പരം എഴുത്തില്‍ അത്താണികളാവുക ,എല്ലാവര്‍ക്കും ഉള്‍പ്രേരകങ്ങളാവാന്‍ മനസ്സുണ്ടാവുക എന്നതാണ്.ബ്ലോഗെഴുത്തുകള്‍ക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ല ഇനി തട്ടുകയുമില്ല.

Girija Navaneeth: (ദക്ഷിണായനം ) 2010 മുതൽ ബ്ലോഗ്‌ എഴുത്തിൽ സജീവമാണെങ്കിലും ബ്ലോഗ്‌ ഗ്രൂപുകളിൽ ഈയിടെയാണ് അംഗമായി തുടങ്ങിയത്.ബ്ലോഗ്‌ സുഹൃത്തുക്കൾ വളരെ കുറവാണ്. സമയ പരിമിതി മൂലം അന്നന്ന് ഇറങ്ങുന്ന എല്ലാ പോസ്റ്റുകളും വായിക്കാൻ ഒരിക്കലും കഴിയാറില്ല. നല്ല കവിതകളും കഥകളും ഹാസ്യ കൃതികളും സാമൂഹ്യ പ്രതിബദ്ധതയുള്ള ലേഖനങ്ങളും എല്ലാം സമയം കിട്ടുന്നതനുസരിച്ച് വായിക്കാൻ ശ്രമിക്കാറുണ്ട്.മനസ്സിൽ വരുന്നതെന്തും ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യാമെന്നത്‌, ബ്ലൊഗെഴുത്തിനു പരമ്പരാഗത എഴുത്തിനെക്കാൾ നിലവാരം കുറവാണ് എന്ന ആരോപണത്തിന് ശക്തി കൂട്ടാൻ കാരണമാകുന്നുണ്ട്. അത് നമ്മൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. മനസ്സിലിട്ടു പാകപ്പെടുത്തി ഏറ്റവും തൃപ്തികരമായ അവസ്ഥയിൽ മാത്രമേ ഓരോ എഴുത്തും വെളിച്ചം കാണിക്കാവൂ എന്നാണു എന്റെ തോന്നൽ. എന്നും ഒരു പോസ്റ്റ്‌ എന്ന രീതിയിൽ എഴുതണമെന്നു വാശി പിടിച്ചാൽ അത് ബ്ലോഗിന് നന്മ ചെയ്യില്ല. ബ്ലോഗ്‌ എന്നത് നമ്മളെ പോലെ എഴുതാൻ ആഗ്രഹമുള്ളവരും , എന്നാൽ വൻകിട പ്രസാധകരുടെ അയലത്ത് പോലും നിൽക്കാൻ അനുവാദമില്ലാത്തവരും ആയവർക്കുള്ള അഭയ സ്ഥാനമാണ്. അതിന്റെ നിലവാരം അതുപയോഗിക്കുന്നവരുടെ കയ്യിൽ തന്നെയാണ്. മലയാളം എന്ന ഭാഷയെ പുതു തലമുറയ്ക്ക് തീർത്തും അന്യമാകാതിരിക്കാൻ ഈ ബ്ലോഗെഴുത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല.അതിന്റെ പവിത്രത സൂക്ഷിക്കാൻ ഉള്ള ലിഖിത നിയമങ്ങൾ ഒന്നും തന്നെ ഇല്ലായിരിക്കാം. പക്ഷെ ബ്ലോഗ്‌ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും അഭിപ്രായം പറയുന്നവരുടെയും ഉള്ളിൽ ഒരു അലിഖിത നിയമ രേഖ ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. 



Bhraanthan Amjath: (അമാവാസി). സമകാലിക അറിവില്ലായ്മ മാത്രമാണ് ബ്ലോഗിന്‍റെ ശാപം .! അതിനു വല്ലപ്പോഴും പുറത്തിറങ്ങി മറ്റുള്ളവരെ വായിക്കണം. 99 % പേര്‍ക്കും സമകാലിക എഴുത്ത്മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ല. 'എനിക്കുണ്ടായിരുന്ന' അമാവസിയെന്ന ബ്ലോഗില്‍ 'കറുപ്പഴകി' എന്ന കഥപോസ്റ്റും വരെ ഞാനും ഈഗണത്തില്‍ ആയിരുന്നു. അവിടെയാണ് മണിച്ചേട്ടന്‍ എന്നെ ഗുണദോഷിച്ചു അഭിപ്രായിച്ചത്. ആദ്യം എനിക്കും തോന്നിചില്ലറ ഈര്‍ഷ്യ. ( പ്രളയം കാത്തിരിക്കുന്നവന്റെ അഹന്ത) സ്വന്തം പൊട്ടത്തരങ്ങളുടെ തിരിച്ചറിവ്. എഴുത്ത് അന്ന് നിര്‍ത്തി. ഇനി തുടരണമെങ്കില്‍ എന്റെതായി എനിക്കുവേണ്ടിയുള്ളതായ ഒരുവാതില്‍ ഉണ്ട്. അത്കണ്ടുപിടിക്കണം.. ആവഴിയിലൂടെ മാത്രമേ അംജത് എന്ന 'എഴുത്തുകാരന്' പുറത്തു കടക്കാന്‍ പറ്റൂ... മറ്റു വാതിലുകള്‍ എനിക്ക് മുന്‍പുള്ളവരുടെ വെറുംകോപ്പിയാകാന്‍ മാത്രമേ എന്നെ സഹായിക്കൂ.


Jefu Jailaf: (ചേരുന്നിടം..) പുസ്തകങ്ങൾ വായിച്ചിരുന്ന സമയത്ത് തന്നെ എന്തെങ്കിലുമൊക്കെ എഴുതണം എന്ന ആഗ്രഹത്തിലാണ് ബ്ലോഗ്‌ തുടങ്ങിയത്. മറ്റുള്ളവരുടെ ബ്ലോഗുകൾ വായിച്ചു തുടങ്ങിയപ്പോൾ; മുഖ്യധാരയിൽ ഉള്ളവർ മാത്രമല്ല ചുറ്റും ഉള്ളവരിലും നല്ല എഴുത്തുകൾ കാണാൻ തുടങ്ങിയത്. വലിച്ചു വാരി എഴുതുക എന്ന പൂതി അതോടെ അവസാനിപ്പിച്ചു. എന്തെങ്കിലും എഴുതിയാൽ പോര "എന്ത് എഴുതണം" എന്ന നിശ്ചയം ഉണ്ടായിരിക്കൽ ആദ്യ ഘട്ടം. എന്ത് എഴുതുന്നു എന്ന് മാത്രം പോര "എങ്ങനെ എഴുതുന്നു" എന്നത് സൃഷ്ടിയുടെ നിലവാരം. ഇത് രണ്ടിലും ഒതുങ്ങിയാൽ പോര, ഒരു വരിയാണെങ്കിലും അതിൽ എഴുത്തുകാരന്റെ കയ്യൊപ്പ് വേണം എന്നത് മറ്റൊരു തിരിച്ചറിവ്. അങ്ങനെയുള്ള പല പുതിയ അറിവുകൾ, അതിനു സഹായിക്കുന്നത് വായനയോടുള്ള സമീപനം തന്നെയായിരിക്കും എന്നതടക്കം ഉപദേശങ്ങളും നിർദ്ദേശങ്ങളും ലഭിച്ചത് ബ്ലോഗിലൂടെ പരിചയപ്പെട്ടവരിൽ നിന്നും തന്നെ. ബ്ലോഗിലെ എഴുത്തുകൾ കുറയുന്നത് എഴുത്തുകാരന്റെ പിന്നോട്ടടി എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല. വായനകളും ചർച്ചകളുമായി രംഗം സജീവമായി നില്‍ക്കുന്നുണ്ട്.വായിക്കാൻ പ്രേരണ കൂടി ബ്ലോഗുകൾ നല്‍കു ന്നതുകൊണ്ട് എഴുത്തിൽ അല്ലെങ്കിലും വായനയിൽ ഓരോരുത്തരും ജീവിക്കുന്നുണ്ടാകും, വളരുന്നുണ്ടാകും 

Imthiyaz TK: .(ആചാര്യന്‍) . ബ്ലോഗ്‌ രംഗം മാന്ദ്യത്തില്‍ ആകാന്‍ പ്രധാനകാരണം ടെക്നോളജിയുടെ വളര്‍ച്ച തന്നെ ആണ്..2010ല്‍ ബ്ലോഗേഴ്സ് ഗ്രൂപ്പിന് രൂപം കൊടുക്കുമ്പോള്‍ വളരെയേറെ ബ്ലോഗ്‌ എഴുത്തുകാര്‍ സജീവമായിതന്നെ ഉണ്ടായിരുന്നു. അന്ന് ബെര്‍ളി ,വള്ളിക്കുന്ന് , റാംജിഏട്ടന്‍ മുതലായവര്‍  ആഴ്ചയില്‍ ഒരു പോസ്റ്റ്‌ എങ്കിലും എഴുതുമായിരുന്നു ..അന്ന് ഇന്നത്തെപോലെ സ്മാര്‍ട്ട്‌ ഫോണുകളും അതിലൂടെ ഉള്ള ഓണ്‍ലൈന്‍ ബന്ധങ്ങളും ചുരുക്കമായിരുന്നു.ലാപ്പില്‍ പിസിയില്‍ ഒക്കെ കയറിയാല്‍ ഫെസ്ബൂക്കും ബ്ലോഗും വായനയും തന്നെ ആയിരുന്നു മിക്കവാറും..ഇന്ന് എല്ലാവരും തിരക്കുള്ളവരായി  മാറി ..ഫോണിലൂടെ ഫേസ്ബുക്കില്‍ കാണുന്ന പോസ്റ്റുകള്‍ വായിക്കാനും കമന്റാനും ലൈക്കാനും എളുപ്പമാണ്..വാട്സാപ്പിലൂടെ എത്രയോ പോസ്റ്റുകള്‍ മെസ്സെജായി വരുന്നു..അത് കൊണ്ട് തന്നെ ബ്ലോഗ്‌ വായനയും കമന്റുകളും കുറഞ്ഞു. എഴുത്തുകാരും എഴുത്തുകള്‍ കുറച്ചു..എന്റെതന്നെ അനുഭവത്തില്‍ ദിവസവുംആദ്യം ഫെസ്ബുക്കും ഗ്രൂപ്പും തുറന്നു വെച്ചിരുന്നതില്‍നിന്നും ഇപ്പോള്‍ ഫോണിലെ നോട്ടിഫിക്കേഷനില്‍ ഇഷ്ട്ടപ്പെട്ട ആളുകളുടെ ടെ പോസ്റ്റ് കാണുമ്പോള്‍ മാത്രമാണ് ബ്ലോഗ്‌ നോക്കുന്നത് തന്നെ...ബ്ലോഗില്‍ അമ്പതോ നൂറോ പേര്‍കാണുന്നപോസ്റ്റുകള്‍ നമ്മുടെവാളില്‍ ആയിരങ്ങളാണ് കാണുന്നത് ,അത് ബ്ലോഗ്‌എഴുത്തിനെ കുറച്ചു വരാന്‍ പ്രേരിപ്പിക്കും.

Ashraf S Vemballur:("വെമ്പുവിന്റെ വമ്പത്തരങ്ങള്‍ ") ഒരുപാട് എഴുതാന്‍ മോഹം ഉണ്ട് പക്ഷെ സമയം ഒട്ടും കിട്ടാറില്ല , പിന്നെ കമ്പനിയില്‍ ജോലി സമയം മാത്രമാണ് നെറ്റ് ഉപയോഗം. കാരണം ഒരു മണികൂര്‍ ചെയ്യേണ്ട ജോലിയെ ദിവസവും ഉണ്ടാവൂ അതിനാല്‍ മറ്റു സമയം ബ്ലോഗ്‌ എഴുതിയും ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചെയ്തും പോവുന്നു. ബ്ലോഗില്‍ വായനക്കാര്‍ ഇനിയും കൂടണം എല്ലാരും എല്ലാരേയും പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാലേ ബ്ലോഗില്‍ നിലനില്‍പ്പുള്ളൂ 


Sa Jan: (കാഴ്ചക്കാരന്‍ ) ഞാന്‍ ബ്ലോഗ്‌ ലോകത്തേക്ക് കടന്നുവന്നത് 2013 ലാണ്, അതുകൊണ്ടുതന്നെ അതിനുമുന്പുള്ള ബ്ലോഗ്‌ലോകത്തെ പറ്റി ധാരണയില്ല.എങ്കിലും 2013 ല്‍ നിന്നും 2014 ലേക്ക് എത്തുമ്പോള്‍ബ്ലോഗ്‌ ലോകത്ത് സജീവത കുറഞ്ഞുവെന്നു തോന്നുന്നു.ബ്ലോഗ്‌ലോകത്ത് സജീവമായവരും കൂടുതല്‍ ഫേസ്ബുക്കിലേക്ക് നീങ്ങി.ബ്ലോഗ്‌ പോസ്റ്റുകള്‍ തന്നെ പലരും അതെ പോലെഫേസ്ബുക്ക് സ്റ്റാറ്റസ് ആയും ഇടുന്നു. കൂടുതല്‍ പ്രതികരണം അവിടെ കിട്ടുകയും ചെയ്യുന്നു.പിന്നെചിലര്‍ ബ്ലോഗിനെ അവരുടെ എഴുത്തുകളെ എല്ലാം സംഭരിച്ചു വെക്കുവാന്‍വേണ്ടിബ്ലോഗിനെകാണുന്നു.ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടുന്നു എന്നലല്തെ അവിടെ വരുന്നപ്രതികരണങ്ങള്‍ അവര്‍ നോക്കുന്നേയില്ല. എങ്ങനെ സജീവത കുറഞ്ഞു എന്ന് പറഞ്ഞാലും നിരവധി ഗൌരവമായ ചര്‍ച്ചകളും നല്ല രചനകളും ബ്ലോഗ്‌ ലോകത്ത് ഉണ്ടാകുന്നു എന്നത് ശുഭസൂചകംതന്നെയാണ്.
 
Rasheed Thozhiyoor:  .(ചിന്താക്രാന്തന്‍)സത്യത്തില്‍ ഈ ബ്ലോഗ്‌ വായനക്കാര്‍ ആരാണ് ബ്ലോഗ്‌ വായനക്കാര്‍ ബ്ലോഗെഴുത്തുകാര്‍ ആണെന്നാണ്‌എന്‍റെ പക്ഷം ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി വായന കാലഹരണപ്പെട്ടൂ എന്ന് വെറുതെ പറയുന്നതാണോ?. അങ്ങിനെ പറയുന്നതിലും സത്യമില്ലേ വായന കുറയുവാന്‍ ഉണ്ടായ കാരണങ്ങള്‍ പലതാണ് ഈ ദൃശ്യ മാധ്യമങ്ങള്‍പിറവിയെടുക്കുന്നതിനു മുന്പുവരെ മലയാളിയുടെ ആസ്വാദനം വായനയും റേഡിയോ ശ്രവിക്കലും ആയിരുന്നു ഇപ്പോള്‍ ഈ മുഖപുസ്തകം നോക്കുവാന്‍ തന്നെ ജനങ്ങള്‍ക്ക്‌ സമയം തികയുന്നില്ല  ബ്ലോഗ്‌ പിറവിയെടുത്തതില്‍ പിന്നെ വായനക്കാരെക്കാളും കൂടുതല്‍ എഴുത്തുക്കാര്‍ പിറവിയെടുത്തു എന്നതാണ് സത്യം വായിക്കുന്നവര്‍ വായിക്കട്ടെ എഴുതുന്നവര്‍ എഴുതട്ടെ!!.


Padmashree Nair:   (പത്മതീര്‍ത്ഥം)ഞാന്‍ ബ്ലോഗ്‌ രംഗത്തേക്ക് കടന്നു വന്നത് 2013 ന്‍റെ മധ്യത്തില്‍ആണ്. ബ്ലോഗ്‌ ഗ്രൂപ്പിലൂടെ ഒരുപാട് നല്ല ബ്ലോഗ് എഴുത്തുകാരെ വായിക്കാന്‍ കഴിഞ്ഞു.. അന്ന് ഉണ്ടായിരുന്ന പല എഴുത്തുകാരും ഇപ്പോള്‍ സജീവമല്ല എന്നിരിക്കിലും അന്നും ഇന്നും സജീവമായി പ്രമുഖരായ ഒരുപിടി നല്ല ബ്ലോഗ്ഗര്‍മാര്‍ ഈരംഗത്ത്‌ ഉള്ളത് അഭിനന്ദനാര്‍ഹം തന്നെ.. സമയക്കുറവു ഒരു പ്രധാന വിഷയം ആണെങ്കിലും വായനശാല എന്ന ആപ്ലിക്കേഷന്‍ സാദ്ധ്യമായതോടെ പുതിയ പോസ്റ്റുകള്‍ മൊബൈലിലൂടെ വായിക്കാന്‍ കഴിയുന്നത്‌ വായന തടസ്സപ്പെടാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. 

 മാറിക്കൊണ്ടിരിക്കുക എന്ന പ്രക്രിയ മാത്രമാണ് സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്നു. എഴുത്തിന്റേയും വായനയുടേയും മാധ്യമങ്ങൾക്കും ഈ പ്രകൃതിനിയമം ബാധകമാണ്. ഗുഹാചിത്രങ്ങളിലുടെ സർഗവാസനകൾ പ്രകടിപ്പിച്ച മാനവസംസ്കൃതി വളർന്ന് പാപ്പിറസ് ഇലകളിലും, പനയോലയിലും എഴുത്തും വായനയും കണ്ടെത്തി. മനുഷ്യൻ അവിടെയും നിന്നില്ല. ചലനാത്മകമായ മാനവ സംസ്കൃതി പാപ്പിറസ് ഇലകളെ പേപ്പറിലേക്ക്  മാറ്റിയെഴുതി. കടലാസുകളുടെ സംസ്കാരവും മാറാതിരിക്കുന്നതെങ്ങിനെ. കടലാസിൽ കുറിക്കുകയും വായിക്കുകയും ചെയ്ത അക്ഷരപ്പകിട്ടുകൾ  സൈബർ സ്പേസിലേക്ക് പകർന്നാടാൻ തുടങ്ങിയിരിക്കുന്നു. ഏതൊരു മാറ്റത്തിന്റേയും ആരംഭനാളുകളിൽ കാണാറുള്ള അഭിപ്രായ വ്യത്യാസങ്ങളും, തടസ്സങ്ങളും പുതിയ മാധ്യമ രംഗത്തും ഉണ്ട്. എങ്കിലും കടലാസ് , സൈബർ മാധ്യമങ്ങൾക്ക് പൂർണ്ണമായി വഴി മാറുന്ന കാലം അധികം വിദൂരമല്ല. 

പുത്തൻ കാലത്തിന്റെ ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയിൽ ബ്ളോഗെഴുത്ത് കൂടുതൽ സജീവമാകുകതന്നെ ചെയ്യും. മലയാള ഭാഷയിലെ ബ്ളോഗെഴുത്തിനും പുതുവർഷം പുത്തൻ ഉണർവ്വുകൾ സമ്മാനിക്കുകതന്നെ ചെയ്യും. പുതിയ മാധ്യമത്തിലൂടെ ബ്ളോഗെഴുതുമ്പോൾ മലയാളമെന്ന ഈ കൊച്ചുഭാഷക്കും അത് മുതൽക്കൂട്ടാവുന്നു എന്ന വസ്തുത മനസ്സിൽ വെച്ചുകൊണ്ട് ഈ മേഖലയിൽ സജീവമാകുമാകാൻ നമുക്ക് പരിശ്രമിക്കാം....

ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ https://www.facebook.com/varikalkkidayil

23 comments:

  1. ഇതൊക്കെ എപ്പോ നടന്നു..??

    ReplyDelete
  2. എല്ലാരുടെയും അഭിപ്രായങ്ങള്‍ ഒരേ കുടക്കീഴില്‍ ...നല്ല സംരഭം അഭിനന്ദങ്ങള്‍ !

    ReplyDelete
  3. നല്ല ചര്‍ച്ച
    ആശംസകള്‍

    ReplyDelete
  4. ബ്ലോഗിംങ്ങ് എന്ന കല സൌഹൃദക്കൂട്ടായ്മയുടെ വിജയമാണ് :) അഭിവാദ്യങ്ങള്‍

    ReplyDelete
  5. AkbarJanuary 24, 2015 at 11:01 AM
    ഇതൊക്കെ എപ്പോ നടന്നു..??

    :P

    ചർച്ചകൾ ഒക്കെ ഇഷ്ടം പോലെ നടക്കുന്നുണ്ട്‌.. എഴുത്തും... വായനയും നടക്കുന്നില്ലാന്ന് (ബ്ലോഗിൽ) മാത്രം...
    ഒരു മാറ്റത്തിനു ഈ ചർച്ച ഉപകരിക്കട്ടെ ന്ന് ആശംസിക്കുന്നു..

    ReplyDelete
  6. എന്റമ്മോ എന്റെ ഈ കമെന്റ് എങ്ങാനും എന്റെ മാനേജെര്‍ കണ്ടാല്‍ എന്റെ ബ്ലോഗ്‌ എഴുത്തും ഫേസ് ബുക്ക്‌ എഴുത്തും എല്ലാം നിന്നുപോവും :) .

    നല്ല ചര്‍ച്ചയായിരുന്നു .ഫേസ് ബുക്കിന്റെ അത്ര കണ്ടു വായനയും അഭിപ്രായവും കുറവായതിനാല്‍ ആണ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനെകാള്‍ കൂടുതല്‍ ആളുകള്‍ ഫേസ് ബൂകില് പോസ്റ്റ് ചെയ്യുന്നത് . ഫേസ് ബൂകിലെ പോലെ ഇവിടെയും കൊടുക്കല്‍ വാങ്ങല്‍ എന്ന നിലയില വായന നടക്കുന്നത് ,അത് ഒഴിവാക്കി എല്ലാര്‍ക്കും എല്ലാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമത്വം കൊണ്ട് വരാം :)

    ReplyDelete
  7. നാളെയുടെ ദിനങ്ങള്‍ വയനയുടെയും എഴുത്തുകളുടെയും ആകട്ടെ...

    ReplyDelete
  8. സോഷ്യൽ മീഡിയയുടെ അതിപ്രസരം ബ്ലോ പ്രസ്ഥാനത്തെ വല്ലാതെ തളർത്തിയിരിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഗൗരവമായ വായനക്ക്‌ ആർക്കും സമയമില്ലാതെ ആയിരിക്കുന്നു. ഇങ്ങനെ പോയാൽ മതിയോ നമുക്ക്‌?

    ഈ മാന്ദ്യത്തിലും എന്റെ ബ്ലോഗുകളിൽ സ്ഥിരമായി വന്ന് അഭിപ്രായം പറയുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്ക്‌ നന്ദിയും അറിയിക്കട്ടെ.

    ReplyDelete
  9. പ്രശംസനീയമായ ഉദ്ധ്യമം .ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുവാന്‍ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ അനിവാര്യമാണ് ..ചില പ്രശസ്തരായ മുഖപുസ്തക എഴുത്തുക്കാര്‍ പറയുകയുണ്ടായി നിങ്ങള്‍ എന്താണ് ബ്ലോഗില്‍ മാത്രം എഴുതുന്നത്‌ നിങ്ങള്‍ മുഖപുസ്തകത്തില്‍ എഴുതൂ നിങ്ങളുടെ എഴുത്തുകള്‍ വായിക്കുവാന്‍ ബ്ലോഗ്‌ വായനക്കാരെക്കാളും പത്തിരട്ടിയോളം പേര്‍ ഉണ്ടാവുമെന്ന് .മുഖപുസ്തകത്തില്‍ എഴുതിയാല്‍ വായനക്കാര്‍ കൂടുതല്‍ ഉണ്ടാകും എന്നത് തന്നെയാണ് വാസ്തവം .ബ്ലോഗുകളില്‍ വായനക്കാര്‍ എത്തുന്നില്ല എന്നത് വാസ്തവം തന്നെയാണ് .ബ്ലോഗില്‍ എഴുതുന്നത്‌ വായനക്കാരിലേക്ക് എത്തുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .ഗ്രൂപ്പുകളില്‍ ബ്ലോഗ്‌ ലിങ്ക് പങ്കുവെക്കുമ്പോള്‍ കണ്ടു ക്കൊണ്ട് വായനക്കാര്‍ എത്തിയാല്‍ ആയി അതാണ്‌ അവസ്ഥകള്‍ .ആശംസകള്‍

    ReplyDelete
  10. 2015 ബ്ലോഗുലകത്തിന് നല്ലൊരു പുതുവര്‍ഷം ആകട്ടെയെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു :)
    സന്തോഷം ഈ ചിന്തകള്‍ക്ക്

    ReplyDelete
  11. ഒക്കെ വീണ്ടും ഒന്ന് ഉഷാറാക്കണം. ഈ ഉദ്യമം പ്രശംസനീയം.

    ReplyDelete
  12. ഗ്രൂപ്പിലെ നല്ലൊരു ചര്‍ച്ചയായിരുന്നു ഇത്. അഭിപ്രായങ്ങള്‍ എല്ലാം ചേര്‍ന്നൊരു പോസ്റ്റ്‌... നന്നായി. നല്ല എഴുത്തുകളും വായനകളും ഉണ്ടാവട്ടെ... ആശംസകള്‍ :)

    ReplyDelete
  13. ചർച്ച ഒക്കെ നന്നായി...ഫലം ബൂലോകത്തോ പരലോകത്തോ എന്ന് കൂടി നാം തന്നെ പരിശോധിക്കണം.ഇതിന് നേതൃത്വം നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.

    ReplyDelete
  14. ചര്ച്ച നന്നായി.

    ReplyDelete
  15. ബ്ലോഗ്‌ വായിക്കപ്പെടുന്നതു മൊബൈലിലാണ് എന്നതാണ് വിത്യാസം..
    പിന്നെ ബ്ലോഗിനേക്കാള്‍ മെച്ചം എഫ്ബിയാണെന്നു കരുതപ്പെട്ടു.
    എന്തൊക്കെ പറഞ്ഞാലും ബ്ലോഗും ബ്ലോഗറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് ഈ പോസ്റ്റും വ്യക്തമാക്കുന്നു.

    ReplyDelete
  16. തിരക്കിനിടയിൽ മുങ്ങിപ്പൊങ്ങി നടന്നതിനാൽ വരികൾക്കിടയിൽ ഈ ലക്കം കാണാൻ വൈകി
    ബ്ലോഗിലെ മന്ദതയെപ്പറ്റി വാതോരാതെ പറഞ്ഞു നടന്ന ഒരാളായിരുന്നു ഞാൻ പലരും അത് കണ്ടില്ല
    കേട്ടില്ല എന്ന ഒരു പ്രതീതി തോന്നിതുടങ്ങിയതിനാൽ പിന്നെ അതെപ്പറ്റി പ്രസംഗിക്കുന്നതിൽ വലിയ
    കാര്യം ഇല്ലാ എന്നും തോന്നിത്തുടങ്ങി അതിനാൽ ഫേസ് ബുക്കിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും അല്പ്പം
    അകലം പാലിച്ചു. അതിനാൽ തന്നെ ഗ്രൂപ്പിൽ നടന്ന ഈ ചർച്ച ശ്രദ്ധയിൽ പ്പെടാതെയും പോയി.
    എന്തായാലും ഈ ബ്ലോഗ്‌ മന്ദതയെപ്പറ്റി സൂചിപ്പിക്കുന്നതുപോലും പലർക്കും അലർജ്ജി പോലെ
    അനുഭവപ്പെട്ടു, തന്മൂലം ആ പ്രഭാഷണം ഞാൻ അവിടെ അവസാനിപ്പിച്ചു. ഇപ്പോൾ അതെപ്പറ്റി
    ഒരു സജീവ പോസ്റ്റ്‌ വരികൾക്കിടയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഫേസ് ബുക്കിൽ
    അഭിപ്രായം വിതറുന്ന പലരും ഇവിടെയും വിട്ടു നിൽക്കുന്നതുപോലെ തോന്നുന്നു, കാരണം കമന്റു
    ബോക്സിലെ ദാരിദ്ര്യം തന്നെ. കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയകളിൽ വിളമ്പുന്നതിന്റ് ഒരംശം
    ബ്ലോഗിൽ കാട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്തായാലും ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയവർ
    ഒരു നല്ല പങ്കും ഇപ്പോഴത്തെ ബ്ലോഗ്‌ മന്ദതയിൽ ആകുലരാണന്നു തന്നെ തോന്നുന്നു, ഈ മന്ദതയെപ്പറ്റി സൂചിപ്പിച്ചിടത്തെല്ലാം
    ഞാൻ പറഞ്ഞ ഒരു കാര്യം വീണ്ടും എഴുതട്ടെ, സോഷ്യൽ മീഡിയയുടെ അതിപ്രസരം തന്നെ ഈ മന്ദതക്കു പ്രധാന കാരണം
    ഇതിനർത്ഥം സോഷ്യൽ മീഡിയ വിട്ടു ബ്ലോഗിൽ ഒതുങ്ങിക്കൂടണം എന്നല്ല മറിച്ചു സോഷ്യൽ മീഡിയയിലെ നമ്മുടെ സമയത്തിന് ഒരു പരിധി നിർണ്ണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത് . തന്നെയുമല്ല സോഷ്യൽ മീഡിയകളിൽ നാം കുരക്കുന്ന നമ്മുടെ കുറിപ്പുകൾ
    കാലക്രമേണ മുങ്ങി ത്താഴോട്ടു പോകും പിന്നെ അതിനെ ഏതു വലിയ മുങ്ങൽ വിദഗ്ദൻ വന്നു തപ്പിയാലും കിട്ടിയെന്നു വരില്ല!
    മറിച്ചു അത്തരം കുറിപ്പുകൾ ബ്ലോഗിലാക്കിയാൽ കുറേക്കാലം നഷ്ടമാകാതെ അത് വായനക്കാരിൽ എത്തും എന്നതിൽ രണ്ടു തർക്കം വേണ്ട!
    1913 ൽ ഞാൻ ഇതേപ്പറ്റി എഴുതിയ ഒരു കുറിപ്പിന്റെ ലിങ്ക് താഴെ ചേർക്കുന്നു അത് ഇതോടൊപ്പം ചേർത്തു വായിക്കുക, ഇവിടുള്ള പലരും അത് കണ്ടിരിക്കും എന്നു തോന്നുന്നു, എങ്കിലും ഒന്ന് കൂടി നോക്കുന്നതും ഒരു ഓർമ്മപ്പെടുത്തൽ നടത്തുന്നതും ഇതോടുള്ള ബന്ധത്തിൽ അനുയോജ്യമായിരിക്കും എന്ന് കരുതുന്നു. ബ്ലോഗ്‌ മാന്ദ്യമോ? ചില ചിന്തകൾ
    ഈ ചർച്ച ബ്ലോഗിലൂടെ സജീവമാക്കാൻ വരികൾക്കിടയിൽ നടത്തിയ ഈ പരിശ്രമത്തിനു നന്ദി നമസ്കാരം
    ആശംസകൾ

    PS: ഈ കുറിപ്പിനെപ്പറ്റിയുള്ള നോട്ടിഫിക്കേഷൻ കിട്ടിയില്ല ഗൂഗിൾ പ്ലസ്സിലും കണ്ടില്ല
    Philip Ariel, Secunderabad

    ReplyDelete
    Replies
    1. മുകളിലെ എന്റ് കമന്റിനൊരു അടിക്കുറിപ്പ്
      സോഷ്യൽ മീഡിയകളിൽ നാം കുരക്കുന്ന എന്നു കുറിച്ചത് കൈപ്പിഴയാണ് കേട്ടോ ദയവായി നാം കുറിക്കുന്ന എന്ന് തിരുത്തിവായിക്കുക
      ആശംസകൾ

      Delete
  17. "ബ്ലോഗെഴുത്തിനു ക്ഷീണം സംഭവിച്ചോ "? ഞാൻ എഴുതി തുടങ്ങിയിട്ടേയുള്ളൂ.അതിലുപരി കൂടുതൽ ബ്ലോഗർമാരെ അല്ലെങ്കിൽ എഴുത്തുകാരെ ഈ എഴുത്തിലൂടെ അറിയാനും അവരുടെ കഥകളും,കവിതകളും,ലേഖനങ്ങളും,ഓർമ്മകളും,യാത്രാവിവരണങ്ങളും, തമാശകഥകളും എല്ലാം വായിക്കാൻ കഴിയുന്നത്‌ ഒരുപാടു സന്തോഷമാണ് നല്കുന്നത്. ഒരുപാട് പോസ്റ്റുകൾ വായിക്കാൻ പറ്റിയിട്ടില്ല, എങ്കിലും കുറെയെല്ലാം വായിക്കുകയും, വായിക്കുന്നതിനൊക്കെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തുവരുന്നു . കാരണം അഭിപ്രായങ്ങൾ കേൾക്കുമ്പോളാണ് നമുക്ക് ഇനിയും എഴുതുവാനുള്ള ഒരു ഊർജ്ജം ഉണ്ടാകുന്നത്. അത് നല്ലതായാലും, തെറ്റുകൾ ഉണ്ടായാലും തുറന്നു പറഞ്ഞ്‌ അഭിപ്രായം രേഖപ്പെടുത്തുമ്പോളാണ് നമ്മുടെ മനസ്സിൽ കൂടുതൽ എഴുതണം, വായിക്കണം ഇങ്ങനെയുള്ള ചിന്തകൾ വരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനാൽ പ്രിയ ബ്ലോഗർമാരെ നിങ്ങൾ എഴുതൂ മറ്റുള്ളവരുടെ എഴുത്തുകൾ വായിക്കൂ അങ്ങനെ ഈ ബ്ലോഗുലോകത്തെ മന്ദത അവസാനിപ്പിച്ച് സജീവമാക്കൂ. നിങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് വരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ഈ പുതുവർഷത്തിൽ നിങ്ങളുടെ നല്ല നല്ല കവിതകളും, കഥകളും, ലേഖനങ്ങളും ഒക്കെ മടികൂടാതെ എഴുതൂ. എല്ലാ കൂട്ടുകാർക്കും എന്റെ ആശംസകൾ .

    സ്നേഹത്തോടെ ഗീതഓമനക്കുട്ടൻ

    ReplyDelete
  18. വായനക്കാർ ആരും വന്നില്ലെങ്കിലും പ്രതികരണങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും പോസ്റ്റുകൾ ആദ്യം ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ തന്നെയാണ് ഇപ്പോഴും ഇഷ്ടം. പിന്നീട് അതിന്റെ കോപ്പിയും ലിങ്കും FB യിലും paste ചെയ്യാറുണ്ട്, ബ്ലോഗിലേയ്ക്ക്‌ എത്താനുള്ള ഒരു വഴികാട്ടിയാകട്ടെ എന്ന ഉദ്ദേശത്തോടെ മാത്രം.
    ബ്ലോഗുകളും ബ്ലോഗെഴുത്തും വളരെയധികം ഇഷ്ടപ്പെടുന്നു. fb യിൽ പ്രതികരണങ്ങൾ കിട്ടുന്നതിനേക്കാൾ ഇരട്ടി സന്തോഷം ബ്ലോഗിൽ പ്രതികരണങ്ങൾ എത്തുമ്പോൾ തന്നെയാണ്.
    ഉയർന്ന നിലവാരം പുലർത്തുന്ന ബ്ലോഗുകൾ ഇനിയും ധാരാളം ഉണ്ടാകട്ടെ. അങ്ങിനെ മുഖ്യധാരാ സാഹിത്യം ബ്ലോഗ്‌ സാഹിത്യം എന്ന അതിർവരമ്പ് മാഞ്ഞു പോകട്ടെ. എല്ലാവർക്കും നമകൾ നേരുന്നു.

    ReplyDelete

  19. ഇപ്പോൾ ‘ഫേസ് ബുക്കി‘ന് അടിച്ച് മലർത്തിയാണ്
    ഇവിടെയൊക്കെ ഇപ്പോൾ ‘വാട്ട്സാപ്പി‘ന്റെ മുന്നേറ്റം , അതായത്
    ഇത്തരം സോഷ്യൽ സൈറ്റുകളൊക്കെ ദ്രുതഗതിയിൽ മാറി മറഞ്ഞു കൊണ്ടിരിക്കും ...

    എന്നാൽ മാറ്റമില്ലാതെ സൈബർ ലോകത്ത് കാലാകാലത്തോളം
    നിലനിൽക്കുവാൻ പോകുന്നത് ബ്ലൊഗ് മീഡിയയാണ്.. ഇന്ന് ഓൺ-ലൈൻ
    രംഗത്ത് ഏറ്റവും അധികം പ്ലാറ്റ് ഫോമുകളുള്ള ഇടമാണ് ബ്ലോഗ്ഗ് , അവയിലെ പോസ്റ്റുകളെല്ലാം
    കാലത്തെ അതിജീവിക്കുമെന്നർത്ഥം ...!

    ReplyDelete
  20. വായിച്ചു.
    എല്ലാവരും ഒരേ ആശയത്തിൽ...

    ഫേസ്ബുക്കിൽ ചെയ്യുന്ന ഒരു സ്റ്റാറ്റസിനു കിട്ടുന്ന നൂറു കമന്റിനേക്കാളും നൂറു മടങ്ങ്‌ വിലയുള്ളതാണു ബ്ലോഗിൽ വരുന്ന ഓരോ കമന്റും...

    ലൈവായി നിൽക്കുന്ന എല്ലാ ബ്ലോഗുകളിലും ആളനക്കമുണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ!!

    എന്റെ ഓരോ പോസ്റ്റിലും നൂറുകണക്കിനു പേർ വന്ന് പോകുന്നതായി കാണിക്കുന്നുണ്ട്‌...ഇതിനേക്കുറിച്ച്‌ വലിയ പിടിയില്ലാത്തതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ല.

    സമയം കിട്ടുമ്പോളൊക്കെ ബ്ലോഗ്‌ വായിക്കാനും, വായിച്ച എല്ലാ പോസ്റ്റിലും കമന്റ്‌ ഇടുകയും ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ മാറ്റം വന്നേനേ!!!ഗൗരവമുള്ള വായനയും,എഴുത്തും ആഗ്രഹിക്കുന്നവർ,
    മാത്രമാണു ബ്ലോഗിൽ ശ്രദ്ധിക്കുന്നത്‌...


    എന്റെ ബ്ലോഗിൽ ആളു കയറുന്നില്ല എന്ന് പറയുന്ന സീനിയർ ആയ എത്ര ബ്ലോഗേഴ്സ്‌ പുതിയ ആൾക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌??അങ്ങനെ ഉള്ളവർ വളരെ കുറച്ച്‌ മാത്രം.---കണ്ണൂരാൻ,ഫൈസൽ ബാബുച്ചേട്ടൻ,സതീശ്‌ മാക്കൊത്ത്‌,എച്ച്മുച്ചേച്ചി,റാംജിയേട്ടൻ,അരീക്കോടൻ സർ,സി വി തങ്കപ്പൻ സർ,വീകേ, അജിത്ത്‌ ചേട്ടൻ,മുരളിമുകുന്ദൻ ചേട്ടൻ ,മുബി,മിനി പി സി,റോസാപ്പൂക്കൾ---ഇത്രയും ആൾക്കാരെ മാത്രമേ സ്ഥിരമായി കമന്റ്‌ ബോക്സുകളിൽ കാണാറുള്ളൂ.ഇവരെല്ലാവരും എന്റെ ബ്ലോഗിൽ വരുന്നവരുമല്ല..

    ജോലിത്തിരക്ക്‌ കാരണം ഒഴിഞ്ഞുനിൽക്കുന്നു എന്ന മുടന്തൻ ന്യായം പല വേദികളിലും ഉന്നയിച്ച്‌ കാണാം.2013,2014വർഷങ്ങളിലാണോ എല്ലാ ബ്ലോഗർമ്മാർക്കും ജൊലിതിരക്ക്‌ കൂടിയത്‌?എങ്കിൽ അതൊരു ആഗോളപ്രതിഭാസമാണെന്ന് കരുതി സമാധാനിക്കുകയേ തരമുള്ളൂ...
    അഗ്രിഗറ്ററുകളിൽ പുതിയവരെ സ്വീകരിക്കുന്നുമില്ല...
    കമന്റ്‌ കുറയും എന്ന ഭയത്താലും,മടി കാരണവും,എഴുതാനുള്ളതൊക്കെ തീർന്നു എന്ന ചിന്തയാലുള്ള ബ്ലോക്ക്‌ കാരണവും ആണെന്ന് തോന്നുന്നു മിക്കവരും നിശബ്ദരായിരിക്കുന്നത്‌.

    ReplyDelete
  21. പുതിയ ഒരാളെന്ന നിലക്ക് മുകളിൽ കൊടുത്ത അതേ അഭിപ്രായമാണെനിക്കും.
    ആ പറഞ്ഞതില്‍ ഒന്നു രണ്ടു പേരൊഴിച്ച് ബാക്കിയെല്ലാവരും ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുമുണ്ട്.
    അവരൊക്കെ തരുന്ന പ്രോത്സാഹനം കൊണ്ടാണ് ഞങ്ങളെപ്പോലുള്ളവരൊക്കെ ചെറിയ രീതിയിലെങ്കിലും വളര്‍ന്ന് വരുന്നത്.!!

    ReplyDelete